Posted by: absolutevoid | ജൂണ്‍ 5, 2011

മീഗോയുടെ ഭാവി

മൊബൈല്‍ ചിപ്പ് രംഗത്തു് ഇന്റലിനു് ഇതുവരെ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ചിപ്പുകള്‍ മാത്രം കൊണ്ടു് അത്രയും വലിയ ഒരു കമ്പനിക്കു് ഇനിയങ്ങോട്ട് സര്‍വൈവ് ചെയ്യാനുമാവില്ല. അതിനാല്‍ മൊബൈല്‍ ലാന്‍ഡ്സ്കേപ്പില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു് അവര്‍ നേരത്തെ moblin വികസിപ്പിക്കാന്‍ കൂടിയതു്. നോക്കിയ ആകട്ടെ, maemo എന്ന ലിനക്സ് അധിഷ്ഠിത ഒഎസിനു് qt യില്‍ UI development നടത്തിത്തുടങ്ങിയിരുന്നു. ഈ രണ്ടു പ്രോജക്ടുകളെയും കൂട്ടിയോജിപ്പിച്ചാണു് meego വന്നതു്. ഒരു full featured palmtop OS എന്നതുമാത്രമായിരുന്നില്ല ഇതിന്റെ ലക്ഷ്യം. മൊബൈലിനപ്പുറം ഇലക്ട്രോണിക്സിലെ വിവിധ മേഖലകളിലേക്കു് – ടെലിവിഷന്‍, കാര്‍, ജിപിഎസ്, വാഷിങ് മെഷീന്‍ തുടങ്ങി എന്തിലും – ഉപയോഗിക്കാന്‍ സാധിക്കുംവിധത്തിലുള്ള ഒരു സംവിധാനമായിരുന്നു വികസിപ്പിച്ചുകൊണ്ടിരുന്നതു്.

ടച്ച് സ്ക്രീന്‍ സംവിധാനവുമായി ഐഒഎസും പിന്നാലെ ഓപ്പണ്‍ ഹാന്‍ഡ്സെറ്റ് അലയന്‍സിന്റെ ആന്‍ഡ്രോയിഡും വരികയും നോക്കിയയുടെ S60 ടച്ച് സ്ക്രീന്‍ നല്‍കാതിരിക്കയും symbian ഓപ്പണ്‍സോഴ്സ് ആക്കാന്‍ വളരെ വൈകുകയും ചെയ്തതോടെ ഹൈ എന്‍ഡ് സെല്‍ഫോണ്‍ മാര്‍ക്കറ്റില്‍ അത്യാവശ്യമായ മൊബൈല്‍ ഇന്നവേഷന്‍ അപ്പാടെ ഐഫോണിലേക്കും ആന്‍ഡ്രോയിഡിലേക്കുമായി ചുരുങ്ങി. ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് രംഗത്തു് അതിനോടകം വളരെ സ്ട്രോങ് ബേസ് ഉണ്ടായിരുന്നതുകൊണ്ട് റിസര്‍ച്ച് ഇന്‍ മോഷനു് (ബ്ലാക്ക്ബെറിയുടെ നിര്‍മ്മാതാക്കള്‍) ഇതു് പറയത്തക്ക പ്രശ്നമുണ്ടാക്കിയില്ലെങ്കിലും നോക്കിയയുടെ അവസ്ഥ അതായിരുന്നില്ല. ഫിന്നിഷ് കമ്പനിയില്‍ പണം മുടക്കിയിരുന്ന വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ സിഇഒയുടെ ചോരയ്ക്കായി ദാഹിച്ചു. ഈ സാഹചര്യത്തിലാണു് നോക്കിയയുടെ തലപ്പത്തു് അഴിച്ചുപണി നടക്കുന്നതു്. 2010 സെപ്തംബറില്‍ Olli-Pekka Kallasvuo നോക്കിയയുടെ സിഇഒ സ്ഥാനത്തുനിന്നു് രാജിവച്ചു. ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനു് ഡയറക്ടര്‍ ബോര്‍ഡില്‍ കൂടുതല്‍ സ്വാധീനം ഉണ്ടായിരുന്നതിനാല്‍ പകരം വന്നതു് മൈക്രോസോഫ്റ്റിന്റെ ഓഫീസ് പ്രോഡക്ട് ചുമതലയുണ്ടായിരുന്ന ബിസിനസ് ഹെഡ് stephen elop ആയിരുന്നു. ൧.൪ മില്യന്‍ വാര്‍ഷിക ശമ്പളത്തിനുപുറമേ ആറ് മില്യന്‍ ഡോളര്‍ സൈനിങ് ബോണസ് നല്‍കിയാണു് എലൂപ്പിനെ നോക്കിയ പൊക്കിയതു്. നോക്കിയയുടെ നടുവൊടിക്കാന്‍ പോന്ന നിയമനം. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ നോക്കിയയുടെ മൊബൈല്‍ ഓപ്പറേഷന്‍സ് തലവന്‍ Anssi Vanjokiയും രാജിസമര്‍പ്പിച്ചു.

സ്റ്റീഫന്‍ എലൂപ്പിന്റെ കരിയര്‍ ഗ്രാഫ് അടുത്തുനിന്നു് പരിശോധിക്കേണ്ടതുണ്ടു്. വെബ് ഡലവപ്പ്മെന്റ് രംഗത്തു് ഇന്നവേഷന്‍ കൊണ്ടുവന്ന കമ്പനിയാണു് മാക്രോമീഡിയ. മാക്രോമീഡിയയുടെ ഡ്രീംവീവര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു് ഒരുകാലത്തു് ലോകത്തെ മികച്ച ഡൈനാമിക്‍ വെബ്സൈറ്റുകള്‍ പോലുമിറങ്ങിയിരുന്നതു്. അന്നു് മൈക്രോസോഫ്റ്റിന്റെ ഫ്രണ്ട്പേജ് എന്ന പന്ന പ്രോഡക്ടിനെയാണു് ഡ്രീംവീവര്‍ മലര്‍ത്തിയടിച്ചതു്. ഇന്റര്‍നെറ്റില്‍ വീഡിയോ നല്‍കാന്‍ പരക്കെ ഉപയോഗിക്കുന്ന ഫ്ളാഷ് മാക്രോമീഡിയയുടെ സംഭാവനയാണു്. ഇത്തരം മികച്ച പ്രോഡക്ട് ലൈന്‍ ഉണ്ടായിരുന്ന കമ്പനിയുടെ തലപ്പത്തിരുന്നു് അഡോബിയുമായി വിലപേശി മാക്രോമീഡിയയെ അഡോബിയുടെ കുടക്കീഴിലാക്കിയ വ്യക്തിയാണു് എലൂപ്. അതിനുശേഷം ആറുമാസത്തോളം അഡോബിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കോര്‍പ്പറേറ്റ് ലോകത്തു് M&As പലരുടെയും ഉറക്കം കെടുത്തുമെങ്കിലും അതില്‍ ബ്രോക്കറേജ് ചെയ്യുന്നയാള്‍ അതിലൂടെ വന്‍തോക്കായി മാറും (ഏഷ്യാനെറ്റ് മാധവനെക്കുറിച്ചു് ഇതേപോലെയൊരു കഥയുണ്ടല്ലോ). grapevine അനുസരിച്ചു്, എലൂപ്പിനു് നോക്കിയയില്‍ നിന്നു കിട്ടുന്ന വരുമാനത്തേക്കാളേറെ, മൈക്രോസോഫ്റ്റ് ഷെയറുകളില്‍ നിന്നും ലഭിക്കുന്നുണ്ടു്.  ബില്‍ ഗേറ്റ്സിന്റെ മെലിന്‍ഡ ഫൌണ്ടേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മൈക്രോസോഫ്റ്റ് ഷെയര്‍ ഉള്ള (ഏകദേശം 7%) വ്യക്തികളില്‍ ഒരാളാണു് എലൂപ് എന്നാണു് പറയപ്പെടുന്നതു്. എന്തായാലും ഒരു കമ്പനിയെ മറ്റൊന്നിന്റെ കാല്‍ക്കല്‍വച്ചു് ചുരുട്ടിക്കൊടുക്കുന്ന പരിപാടിക്കു് മിടുക്കനാണു് എലൂപ്. ഈ usp ആകാം, നോക്കിയയിലെ ആദ്യ non-finnish CEO ആകാന്‍ എലൂപ്പിനെ സഹായിച്ചിരിക്കുക.

സ്റ്റീഫന്‍ എലൂപ് ചാര്‍ജ് ഏറ്റെടുത്തു് കഷ്ടി ഒരുമാസം പിന്നിട്ടപ്പോള്‍ തന്നെ നോക്കിയയുടെ മീഗോ ഡിവൈസസ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായിരുന്ന Ari Jaaksi  കമ്പനിവിട്ടു. മീഗോയുടെ ഭാവി സംബന്ധിച്ച ഒരു സൂചനയായിരുന്നു, ഈ രാജി എന്നു കരുതാം. പ്രതീക്ഷിച്ച വേഗതയില്‍ മീഗോ ഡവലപ്മെന്റ് മുന്നേറിയില്ല. മുങ്ങിക്കൊണ്ടിരുന്ന കമ്പനിയെ സംബന്ധിച്ചു് മീഗോയുടെ പുറത്തു് ഇന്‍വെസ്റ്റ് ചെയ്യുന്ന പണം worth ആണോ എന്ന സംശയം ജനിച്ചിരിക്കണം. നോക്കിയയുടെ paid developers കൂടാതെ ഒട്ടേറെ വോളന്റിയര്‍ ഡവലപ്പേഴ്സും മീഗോയ്ക്കു് കോഡ് സംഭാവന ചെയ്യാന്‍ തയ്യാറായിയെങ്കിലും അതു് തങ്ങളുടെ indirect revenue ആണെന്നു് അംഗീകരിക്കാന്‍ നോക്കിയയ്ക്കു കഴിഞ്ഞില്ല. 2010 അവസാനം പുറത്തിറങ്ങുമെന്നു് പ്രതീക്ഷിച്ചിരുന്ന നോക്കിയയുടെ ആദ്യ മീഗോ ഫോണ്‍ പുറത്തിറങ്ങിയതേയില്ല. നേരത്തെ മെയ്മോയിലുള്ള N900 വാങ്ങിയ ചിലര്‍ മാത്രം, വെബ്ബിലൂടെ അതിനെ മീഗോ ആക്കി മാറ്റിയതല്ലാതെ മീഗോ ഒഎസ് ഉപയോഗിക്കുന്ന ഒരു സ്മാര്‍ട് ഫോണ്‍ പോലും ഔദ്യോഗികമായി കമ്പനി പുറത്തിറക്കിയില്ല. എന്നാല്‍ അതേസമയം തന്നെ കെഡിഇ സമ്മിറ്റിലും മറ്റും മീഗോ ഉയര്‍ത്തിയ പ്രതീക്ഷകള്‍ വാനോളമായിരുന്നു (read The future of KDE).

2011 ജനുവരിയില്‍ നോക്കിയയുടെ ജര്‍മ്മന്‍ പ്ലാന്റ് അടച്ചുപൂട്ടുന്നു എന്നു് കമ്പനി പ്രഖ്യാപിച്ചത് തീര്‍ത്തും അവിശ്വസനീയമായാണു് തൊഴിലാളികള്‍ സ്വീകരിച്ചതു്. ഫെബ്രുവരി ആയപ്പോഴേക്കും കളിമാറി. നോക്കിയയെ ബേണിങ് പ്ലാറ്റ്ഫോമായി വിശേഷിപ്പിക്കുന്ന ഒരു മെമ്മോ എലൂപ്പിന്റേതായി ജീവനക്കാര്‍ക്കു ലഭിച്ചു. ചില പ്രമുഖ ടെക്‍ സൈറ്റുകള്‍ അതിന്റെ ഉള്ളടക്കം പ്രസിദ്ധീകരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ എലൂപ് മൈക്രോസോഫ്റ്റുമായി നോക്കിയ കൂട്ടുചേരുകയാണെന്നു് പ്രഖ്യാപിച്ചു. തങ്ങളുടെ സിംബിയനെ ഉപേക്ഷിച്ചു്, മിഡ് എന്‍ഡ് സ്മാര്‍ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായി നോക്കിയ വിന്‍ഡോസ് മൊബൈലിനെ സ്വീകരിച്ചു. സ്മാര്‍ട് ഫോണ്‍ വിപണിയിലെ വെറും toy OS ആയ, പഴയ വിന്‍ഡോസ് ഡെസ്ക്ടോപ്പ് വേര്‍ഷനുകളിലെ blue screen of deathനെ ഓര്‍മ്മിപ്പിക്കുന്ന നിലയില്‍ എപ്പോഴും ക്രാഷ് ആവുന്ന വിന്‍ഡോസ് മൊബൈലിനെ ഉപേക്ഷിച്ചു് HTC അടക്കമുള്ള OEMs വലിയ തോതില്‍ തന്നെ ആന്‍ഡ്രോയിഡിലേക്കും മറ്റും ചുവടുമാറ്റുന്നതിനിടയിലായിരുന്

നു, നോക്കിയയുടെ ഈ അപഹാസ്യമായ പ്രഖ്യാപനം. മീഗോയെ ഹൈഎന്‍ഡ് സ്മാര്‍ട് ഫോണുകള്‍ക്കു് മാത്രമായ മാറ്റിവയ്ക്കുകയായിരുന്നു, നോക്കിയ. ഇതോടെ മൈക്രോസോഫ്റ്റ് ഷെയര്‍ വാല്യൂ കുതിച്ചുകയറുകയും നോക്കിയയുടെ ഓഹരിമൂല്യം 14%ത്തോളം കൂപ്പുകുത്തുകയും ചെയ്തു. ഇതിലൂടെ ആര്‍ക്കാണു് ലാഭം എന്നു പറയേണ്ടതില്ലല്ലോ.

എലൂപ്പിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചു് നോക്കിയയുടെ പ്രധാന പ്ലാന്റില്‍ നിന്നു് ആയിരത്തോളം തൊഴിലാളികള്‍ walk out നടത്തി (ഇതും കാണുക). ധാരാളം ബ്ലോഗുകള്‍ ഈ വിഷയം ഡിസ്കസ് ചെയ്തെങ്കിലും ഏറെ ശ്രദ്ധയാകര്‍ഷിച്ചതു് നോക്കിയയില്‍ മുമ്പു ഡിസൈനര്‍ ആയിരുന്ന ആദം ഗ്രീന്‍ഫീല്‍ഡിന്റെ ബ്ലോഗ് പോസ്റ്റാണു്. (ഡീലിന്റെ വേറൊരു വശം അറിയാന്‍ ഇതും വായിക്കാം.)

ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ രസാവഹമാണു്. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കൈപൊള്ളിയ നോക്കിയ ഉടനെ തന്നെ ഒരു ടാബ്‌ലെറ്റ് പുറത്തിറക്കാനുള്ള ആലോചനയിലാണു്. അതില്‍ ഏതാവണം ഓഎസ് എന്നു ചര്‍ച്ച ചെയ്യുകയാണത്രേ! ഏഴായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാന്‍ ഇതിനിടെ നോക്കിയ തീരുമാനിച്ചുകഴിഞ്ഞു. അതിനിടയില്‍ നോക്കിയ ശരിക്കും ഒരു മീഗോ ഡിവൈസ് പുറത്തിറക്കുന്നു എന്നും വാര്‍ത്ത വന്നു. അതിനി എന്താവുമോ എന്തോ?

നോക്കിയ മീഗോയെ കൊന്നില്ല, അതിപ്പോഴും ജീവനോടെയുണ്ടെന്നു് മൈക്രോസോഫ്റ്റ് – നോക്കിയ ഡീലിന്റെ കാലത്തു് മീഗോയുടെ ഫോറത്തില്‍ ഒരാള്‍ എഴുതി. അയാളുടെ നാവു് പൊന്നായിരിക്കട്ടെ. ഇന്റലും പ്രമുഖ ചൈനീസ് പോര്‍ട്ടലായ ടെന്‍സെന്റും ചേര്‍ന്നു് മീഗോ ഡവലപ്മെന്റിനു വേണ്ടി ഒരു ഇന്നവേഷന്‍ സെന്റര്‍ തുടങ്ങുകയാണു്. കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതു്, LG, ZTE, china mobile തുടങ്ങിയ കമ്പനികള്‍ മീഗോയുടെ ഹാന്‍ഡ്സെറ്റ് വേര്‍ഷന്‍ ഇറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണു്. റോയിട്ടേഴ്സ് ആണു് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റല്‍ കൈവിട്ടെങ്കിലും മീഗോയെ അങ്ങനെയങ്ങ് ചാവാന്‍ വിടില്ലെന്നു് വ്യാവസായിക ലോകം തീര്‍ച്ചപ്പെടുത്തിയെന്നു തോന്നുന്നു. മീഗോയെക്കുറിച്ചു മനസ്സിലാക്കാന്‍ ഈ പോസ്റ്റും വായിക്കാം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: