Posted by: absolutevoid | മാര്‍ച്ച് 23, 2009

ഉബുണ്ടുവിലൂടെ ഫ്രഞ്ച്‌ പൊലീസ്‌ ലാഭിച്ചതു് കോടികള്‍

ഫ്രാൻസിലെ ദേശീയ പൊലീസ്‌ സേന 2004 മുതൽ ഓപ്പൺ സോഴ്സ്‌ സ്വീകരിക്കുകയും സ്ഥാപനത്തിന്റെ വർക്സ്റ്റേഷനുകളിൽ ഒരു ഭാഗം ഉബുണ്ടു ലിനക്സിലേക്ക്‌ മാറ്റുകയും ചെയ്തതിലൂടെ 50 മില്യൻ യൂറോ (343 കോടി രൂപ) എങ്കിലും ലാഭിച്ചതായി റിപ്പോർട്ടുകൾ. 2015-ഓടെ അവരുടെ 90,000 വർക്സ്റ്റേഷനുകളിലും ഈ ഗ്നൂ/ലിനക്സ്‌ വിതരണം ആക്കാനാണ്‌ പദ്ധതി. 

ഡെസ്ക്ടോപ്പ്‌ സോഫ്റ്റ്‌വെയർ ഇൻഫ്രാസ്ട്രക്ചർ മൈക്രോസോഫ്റ്റ്‌ വിൻഡോസിൽ നിന്ന്‌ ഉബുണ്ടു ലിനക്സ്‌ വിതരണത്തിലേക്ക്‌ മാറ്റുക വഴി തങ്ങൾ കോടികൾ ലാഭമുണ്ടാക്കിയതായി ഫ്രാൻസിലെ ദേശീയ പൊലീസ്‌ സേനയായ ജെൻഡാർമെറീ നേഷനെലീ അവകാശപ്പെടുന്നു. 

സേനയിലുടനീളം ഉപയോഗത്തിലിരുന്നിരുന്ന മൈക്രോസോഫ്റ്റ്‌ ഓഫീസിന്‌ പകരം ഓപ്പൺ ഓഫീസ്‌ വിന്യസിച്ചതിലൂടെ 2005ലാണ്‌ ജെൻഡാർമെറി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കുള്ള പരിണാമം ആരംഭിച്ചത്‌. സാങ്കേതിക മേന്മ മാത്രമല്ല, മൈക്രോസോഫ്റ്റ്‌ ഓഫീസിന്റെ ലൈസൻസിന്‌ വേണ്ടിവരുന്ന ഭീമമായ ചെലവും ഇതിന്‌ പ്രേരകമായി. സാങ്കേതിക കാരണങ്ങളാൽ സേന പിന്നീട്‌ ഫയർഫോക്സും തണ്ടർബേഡും അടക്കം ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകങ്ങളും ഘട്ടംഘട്ടമായി സ്വീകരിച്ചു.

2006ലെ വിൻഡോസ്‌ വിസ്റ്റയുടെ ലോഞ്ച്‌ ആണ്‌ മൈക്രോസോഫ്റ്റിന്‌ ഏറ്റവും വലിയ അടിയായത്‌. വിസ്റ്റയുടെ സാങ്കേതികപ്പിഴവുകൾ പൊലീസ്‌ സേനയെ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ കാര്യത്തിലും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതോടെ പല ഘട്ടങ്ങളായി വിൻഡോസിൽ നിന്ന്‌ പൂർണ്ണമായും പുറത്തുകടക്കാനും പകരം ഉബുണ്ടുവിലേക്ക്‌ പരിവർത്തനം ചെയ്യാനും തീരുമാനിക്കുകയായിരുന്നു. 

മൈക്രോസോഫ്റ്റ്‌ എക്സ്പിയിൽ നിന്ന്‌ വിസ്റ്റയിലേക്ക്‌ മാറുന്നത്‌ സേനയ്ക്ക്‌ പറയത്തക്ക മെച്ചങ്ങളൊന്നും നൽകില്ലെന്ന്‌ അവർ വിലയിരുത്തി. തന്നെയുമല്ല, അതിന്‌ ഉപയോക്താക്കളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ്‌ പറഞ്ഞു. അതേ സമയം എക്സ്പിയിൽ നിന്നു ഉബുണ്ടുവിലേക്കുള്ള മാറ്റം തീർത്തും സുഗമമായിരുന്നു. 

ഇതിനോടകം, സേന ഉപയോഗിക്കുന്ന 5,000 വർക്സ്റ്റേഷനുകളിൽ ഉബുണ്ടുവാണ്‌ ഒഎസ്‌. ഈ പൈലറ്റ്‌ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ ഈ വർഷം അവസാനത്തോടെ 15,000 വർക്സ്റ്റേഷനുകൾ കൂടി ഉബുണ്ടുവിലേക്ക്‌ മാറ്റാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. 2015-ഓടെ സ്ഥാപനം പൂർണ്ണമായും ലിനക്സ്‌ വിതരണത്തിലേക്ക്‌ മാറ്റാനാണ്‌ ആലോചിക്കുന്നത്‌. 90,000 വർക്സ്റ്റേഷനുകളിൽ അപ്പോഴേക്കും ഉബുണ്ടുവാകും റൺ ചെയ്യുക. 

യൂറോപ്യൻ കമ്മിഷന്റെ ഓപ്പൺ സോഴ്സ്‌ ഒബ്സർവേറ്ററി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ജെൻഡാർമെറി ലഫ്റ്റൻന്റ്‌ കേണൽ ക്സേവ്യർ ഗൂയ്മാർഡ്‌ നടത്തിയ ഒരു പ്രസന്റേഷന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അതിൽ അദ്ദേഹം അവകാശപ്പെടുന്നത്‌, തങ്ങളുടെ ശേഷിയിൽ യാതൊരു കുറവും വരുത്താതെ തന്നെ വാർഷിക ഐടി ബജറ്റ്‌ 70% കുറയ്ക്കാൻ ജെൻഡാർമെറിക്ക്‌ കഴിഞ്ഞതായാണ്‌. 

മൈഗ്രേഷൻ സ്ട്രാറ്റജിയുടെ ഫലമായി 2004 മുതൽ ലൈസൻസിങ്‌, മെയിന്റനൻസ്‌ കോസ്റ്റ്‌ എന്നീ ഇനങ്ങളിൽ ജെൻഡാർമെറിക്ക്‌ 50 മില്യൻ യൂറോ (343 കോടി രൂപ) ലാഭിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറയുന്നു. സേന വിൻഡോസ്‌ വിസ്റ്റ സ്വീകരിച്ചിരുന്നെങ്കിൽ അഭിമുഖീകരിക്കേണ്ടി വരുമായിരുന്ന വെല്ലുവിളികളുമായി താരതമ്യം ചെയ്യുമ്പോൾ എക്സ്പിയിൽ നിന്ന്‌ ഉബുണ്ടുവിലേക്കുള്ള മാറ്റം വളരെ കുറച്ച്‌ പ്രശ്നങ്ങൾ മാത്രമേ ഉണർത്തിയുള്ളൂ എന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. “ഇരു ഒഎസുകളും തമ്മിലുള്ള രണ്ട്‌ പ്രധാന വ്യത്യാസങ്ങൾ ഐക്കണുകളും ഗെയിമുകളുമാണ്‌. ഗെയിയുമകൾ ഞങ്ങളുടെ മുൻഗണനയല്ല,” ഗൂയ്മാർഡ്‌ പറയുന്നു. 

തുറന്ന മാനകങ്ങൾക്കുള്ള (ഓപ്പൺ സ്റ്റാൻഡേർഡ്സ്‌) പിന്തുണ ജെൻഡാർമെറിയുടെ ഐടി നയത്തിന്റെ കാതലായ ഭാഗമാണ്‌. മാനകാധിഷ്ഠിത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ വെൻഡറെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന്‌ തന്നെയല്ല, സർക്കാരിന്റെ ഇതര നെറ്റ്‌വർക്കുകളുമായി ഇന്റർഓപ്പറേറ്റ്‌ ചെയ്യാനും ഇതുമൂലം അനായാസം കഴിയും. തുറന്ന മാനകങ്ങൾ കൂടുതൽ ഫലപ്രദമായി സ്വീകരിക്കുകയും കൈകാര്യ ചെയ്യുകയും ചെയ്യുന്നത്‌ സ്വതന്ത്ര സോഫ്റ്റ്‌വെയർ വിതരണങ്ങളാണെന്നത്‌ സുവിദിതമാണ്‌. ലിനക്സ്‌ ആവട്ടെ, റിമോട്ട്‌ മെയിന്റനൻസ്‌ ടാസ്കുകൾ ഏറെക്കുറെ ലളിതമാക്കിയിട്ടുമുണ്ട്‌. 

ഫ്രാൻസിലെ മറ്റ്‌ പല സർക്കാർ ഏജൻസികളും ഗ്നൂ/ലിനക്സ്‌ അഡോപ്റ്റ്‌ ചെയ്തു കഴിഞ്ഞു. ഫ്രഞ്ച്‌ നാഷണൽ അസംബ്ലി 1,000 വർക്സ്റ്റേഷനുകളിൽ ഉബുണ്ടുവാണ്‌ റൺ ചെയ്യുന്നത്‌. കാർഷിക മന്ത്രാലയം മാൻഡ്രിവ ലിനക്സ്‌ ഉപയോഗിക്കുന്നു. 

ഫ്രഞ്ച്‌ ദേശീയ പൊലീസ്‌ സേനയുടെ ഉബുണ്ടുവിലേക്കുള്ള മൈഗ്രേഷന്റെ വിജയം ഐടിയിലെ എമേർജിങ്‌ ട്രെൻഡുകളുടെ പ്രതിഫലനമാണ്‌. കമ്മ്യൂണിറ്റി-ഡ്രിവൺ വിതരണങ്ങളുടെ വർധിക്കുന്ന സ്വാധീനമാണ്‌ അവയിലൊന്ന്‌. അത്തരം വിതരണങ്ങൾ അഡോപ്റ്റ്‌ ചെയ്യുന്ന സ്ഥാപനങ്ങൾ ഇന്റേണലായി തന്നെ അവയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുമുണ്ട്‌. വാർഷിക കൊമേഴ്സ്യൽ സപ്പോർട്ട്‌ കോൺട്രാക്ടുകളുള്ള റെഡ്‌ ഹാറ്റ്‌ പോലത്തെ പരമ്പരാഗത എന്റർപ്രൈസ്‌ ലിനക്സ്‌ വിതരണങ്ങളെക്കാൾ മെയിന്റനൻസ്‌ ചെലവുകുറവാണെന്നത്‌ കമ്മ്യൂണിറ്റി – ഡ്രിവൺ ഡിസ്ട്രോകൾക്ക്‌ മുൻഗണന ലഭിക്കാൻ ഇടയാക്കുന്നതായി അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. 

ഓപ്പൺ സോഴ്സ്‌ സോഫ്റ്റ്‌വെയർ സ്വീകരിക്കുന്നതിലൂടെ സർക്കാരുകൾക്ക്‌ ലഭിക്കാവുന്ന പ്രസക്തമായ കോസ്റ്റ്‌ സേവിങ്സിനെ കുറിച്ചും ജെൻഡാർമെറീ മൈഗ്രേഷൻ തെളിവ്‌ തരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ബജറ്റിൽ സമ്മർദ്ദങ്ങളുയർത്തവെ ഐടി കോസ്റ്റ്‌ വെട്ടിച്ചുരുക്കാനുള്ള മാർഗ്ഗങ്ങളിലൊന്നായി ഗവൺമെന്റുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കൂടുതലായി കണ്ടെന്ന്‌ വരാം. കാനഡയും യുകെയും ഈ ദിശയിലുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Advertisements

Responses

  1. http://linuxbaby.wordpress.com/ this is my blog please check and write your openions

  2. നല്ല വാര്‍ത്ത


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: