Posted by: absolutevoid | മാര്‍ച്ച് 20, 2009

പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക്‌ ‘കൂറുമാറ്റം’

സംഗതി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നറിയില്ല. ഏതായാലും ഇന്ത്യന്‍ പ്രധാനമന്ത്രികാര്യാലയം ഇതേ വരെ ഉപയോഗിച്ച്‌ പോന്ന പ്രൊപ്രൈറ്ററി മെയില്‍ ക്ലയന്റായ മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക്‌ എക്സ്പ്രസ്‌ ഉപേക്ഷിച്ച്‌ പൂര്‍ണ്ണമായും ഗ്നൂ ജിപിഎല്‍ ലൈസന്‍സിലെത്തുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്ക്വിരല്‍മെയ്‌ല്‌ (http://www.squirrelmail.org/) സ്വീകരിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുമയൊന്നുമല്ലെങ്കിലും ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ എന്നും ആവശ്യപ്പെടുന്നതുപോലെ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരിലൊന്നുമല്ല, ഈ ‘കൂറുമാറ്റം’. എഫ്‌എസ്‌എഫിന്റെ നിലപാടിന്‌ തീര്‍ത്തും ഭിന്നമായി കേവലം ഒരു ടെക്നോളജിക്കല്‍ ചോയിസ്‌ ആയിരുന്നു അത്‌. അതിന്‌ പ്രേരകമായതോ? മൂന്ന്‌ മാസത്തോളം പ്രധാനമന്ത്രിയുടെ ഓഫീസിനെ വലച്ച വൈറസ്‌ ബാധയും!

പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക്‌ അയയ്ക്കുന്ന ഇമെയ്‌ലുകള്‍ പലതും ലക്ഷ്യസ്ഥാനത്തെത്താതെ അപ്രത്യക്ഷമാവുകയും പലതിനും മറുപടി ലഭിക്കാതിരിക്കയും ചെയ്തതോടെയാണ്‌ മെയില്‍ ക്ലയന്റില്‍ കമ്പ്യൂട്ടര്‍ വൈറസ്‌ കടന്നുകൂടിയതായി തിരിച്ചറിയുന്നത്‌. അപ്പോഴേക്കും മൂന്നുമാസത്തോളം കടന്നുപോയിരുന്നു എന്നതാണ്‌ സങ്കടകരമായ വസ്തുത. ഫെബ്രുവരി 2008 മുതല്‍ ഏപ്രില്‍ 2008 വരെയായിരുന്ന വൈറസ്‌ പ്രധാനമന്ത്രിയുടെ ഇമെയ്‌ല്‌ സിസ്റ്റത്തെ കടപുഴക്കിയത്‌.

ജോലിയില്‍ നിന്ന്‌ വിരമിച്ച മുന്‍ എയര്‍ കോമഡോര്‍ ലോകേശ്‌ ബത്ര പ്രധാനമന്ത്രിക്ക്‌ അയച്ച ഇമെയ്‌ലും വൈറസ്‌ ആക്രമണത്തില്‍ നഷ്ടമായിരുന്നു. വിവരാവകാശ നിയമത്തിന്റെ ഹിന്ദി പരിഭാഷയിലെ തെറ്റുകളെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാതി. എന്നാല്‍ തന്റെ കത്തിന്‌ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ അദ്ദേഹം വിവരാവകാശ നിയമപ്രകാരം സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷനെ (സിഐസി) സമീപിച്ചു. സിഐസിയുടെ വാദം കേള്‍ക്കലില്‍ പ്രധാനമന്ത്രികാര്യാലയം തങ്ങളുടെ സാങ്കേതിക പിഴവ്‌ സമ്മതിച്ചുകൊണ്ട്‌ ഇങ്ങനെ അറിയിച്ചു: “അയച്ചതായി പറയപ്പെടുന്ന പല മെയ്‌ലുകളും ഔട്ട്ലുക്ക്‌ എക്സ്പ്രസില്‍ ലഭിച്ചില്ല. അതിനാല്‍ ഔട്ട്ലുക്ക്‌ എക്സ്പ്രസ്‌ (ഉപയോഗം) നിര്‍ത്തലാക്കി പകരം സ്ക്വിരല്‍മെയ്‌ല്‌ ഉപയോഗിക്കാന്‍ തുടങ്ങി.”

എച്ച്ടിഎംഎല്‍ 4.0 മാനകമനുസരിച്ച്‌ റെന്‍ഡര്‍ ചെയ്യുന്ന പിഎച്ച്പി പ്രോഗ്രാമാണ്‌ സ്ക്വിരല്‍മെയ്‌ല്‌. ഐഎംഎപി, എസ്‌എംടിപി എന്നീ മാനകങ്ങളേയും അത്‌ പിന്തുണയ്ക്കുന്നു. 1999 മുതല്‍ ഘട്ടംഘട്ടമായി വികസിച്ചുവന്ന സ്ക്വിരല്‍മെയ്‌ല്‌ പ്രോജക്ട്‌ ഗ്നൂ ജനറല്‍ പബ്ലിക്‌ ലൈസന്‍സ്‌ പ്രകാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്‌.

ഔട്ട്‌ലുക്കില്‍ നിന്ന്‌ ഓപ്പണ്‍സോഴ്സിലേക്കുള്ള മാറ്റം മൈക്രോസോഫ്റ്റിന്‌ കണ്ണുകടിയാവുമെങ്കിലും ഇവിടെ മറ്റൊരു ചോദ്യം അവശേഷിക്കുന്നു. പ്രധാനമന്ത്രി ശരിക്കും ഇമെയ്‌ല്‌ ഉപയോഗിക്കുന്നുണ്ടാവുമോ അതോ ഈ അക്കൗണ്ട്‌ വെറുതെ ഒരു കാട്ടിക്കൂട്ടാണോ എന്നതാണത്‌. അല്ലെങ്കില്‍ പിന്നെ ഇതുപോലെ ഒരു പ്രധാനപ്പെട്ട പ്രശ്നം ശ്രദ്ധയില്‍ പെടാന്‍ മൂന്നുമാസമെടുത്തതിന്‌ ന്യായീകരണമില്ലാതെയാവും.

വൈറസ്‌ ബാധ എത്രമാത്രം മാരകമായിരുന്നു എന്ന്‌ കണക്കുകൂട്ടിയിട്ടില്ല. സ്ക്വിരല്‍ മെയ്‌ലിന്റെ വെബ്സൈറ്റിലേക്ക്‌ പ്രവേശിച്ചാല്‍ അവര്‍ ‘Webmail for Nuts’ (വട്ടന്മാര്‍ക്കുള്ള വെബ്മെയ്‌ല്‌) എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നത്‌ കാണാം. ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയെ ലാക്കാക്കി എഴുതിയതല്ല, ഈ വരികള്‍ എന്ന്‌ എടുത്തുപറയട്ടെ!

ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഓപ്പണ്‍ സോഴ്സ്‌ സോഫ്റ്റ്‌വെയറാണ്‌ ഇതെങ്കിലും പ്രധാനമന്ത്രിക്ക്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തോട്‌ ഒരു മമതയുണ്ടെന്ന്‌ ഇതിലൂടെ കരുതാനാവുമോ? കാത്തിരുന്നു കാണാം.

Advertisements

Responses

  1. ശ്രദ്ധേയമായ കുറിപ്പ്
    നന്ദി
    രാഷ്ട്രീയ തീരുമാനം ഉണ്ടാവേണ്ടിയിരിക്കുന്നു കുത്തകകളെ കുത്തുപാളയെടുപ്പിക്കാൻ

  2. ഇത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്നേഹമല്ല

    നിവൃത്തികേട് കൊണ്ട് ചെയ്തതാകും


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: