Posted by: absolutevoid | ഫെബ്രുവരി 17, 2009

വെബ്‌ 2.0 തരംഗത്തിൽ ഇന്ത്യൻ രാഷ്ട്രീയവും

യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ഒബാമയുടെ വിജയത്തിന്‌ സഹായിച്ച ഘടകങ്ങളിലൊന്ന്‌ ഇന്ററാക്ടീവ്‌ വെബ്ബിന്റെ ഉപയോഗമായിരുന്നു. വെബ്‌ 2.0 എന്നറിയപ്പെടുന്ന ഈ സോഷ്യൽ വെബ്ബിനെ കൈപ്പിടിയിലൊതുക്കിയാൽ ഉപരിമധ്യവർഗ്ഗത്തെയും അഭിപ്രായ രൂപീകരണം നടത്താൻ കെൽപ്പുള്ളവരെയും സ്വാധീനിക്കാം എന്ന്‌ ഇന്ത്യൻ രാഷ്ട്രീയക്കാർക്കും തോന്നിത്തുടങ്ങിയതിൽ അത്ഭുതമുണ്ടോ? ബച്ചൻ മുതൽ മമ്മൂട്ടി വരെയുള്ള സിനിമക്കാർ സുലേഖ മുതൽ ബ്ലോഗർ വരെയുള്ള പ്ലാറ്റ്ഫോമുകളിൽ സ്വന്തം ബ്ലോഗുകളുമായി പ്രത്യക്ഷപ്പെടുമ്പോൾ രാഷ്ട്രീയക്കാർ മാത്രം അതിൽ നിന്ന്‌ വിട്ടുനിന്നാലെങ്ങനെ? 

മലയാളം ബൂലോഗത്ത്‌ അടുത്തകാലത്തായി ഇതിന്റെ അനുരണനങ്ങൾ വളരെ ശക്തമാണ്‌. പ്രധാനമായും സിപിഐ(എം)നെയും സംഘപരിവാർ സംഘടനകളെയും പിന്തുണയ്ക്കുന്ന നിരവധി ബ്ലോഗുകളും സോഷ്യൽ നെറ്റ്‌വർക്കുകളുമാണ്‌ മലയാളത്തിൽ ഉള്ളത്‌. കോൺഗ്രസിനും പ്രാതിനിധ്യമുണ്ടെന്ന്‌ മാത്രം. 

മലയാളം ബ്ലോഗോസ്ഫിയറല്ലല്ലോ, ഇന്ത്യൻ രാഷ്ട്രീയ ഭൂമിക.  അവിടെ ഇടപെടണമെങ്കിൽ ദേശീയ നേതാക്കന്മാർ തന്നെ വേണം. സിപിഎം അടക്കമുള്ള പാർട്ടികൾ പാർട്ടി കമ്മ്യൂണിക്കേകൾ റിലീസ്‌ ചെയ്യാൻ കാലങ്ങളായി വെബ്സൈറ്റ്‌ ഉപയോഗിക്കുന്നുണ്ടെങ്കിലും മാസ്‌ ക്യാമ്പെയ്നിങ്ങിനും സപ്പോർട്ടർ മൊബിലൈസേഷനും വെബ്‌ ഉപയോഗിച്ചിരുന്നില്ല. യൂസർ ജനറേറ്റഡ്‌ കണ്ടന്റിന്‌ സ്ഥാനമില്ലാത്ത ഒന്നാം തലമുറ വെബ്ബിലാണ്‌ ഇപ്പോഴും സിപിഎം ദേശീയ നേതൃത്വത്തിന്റെ കളി. 

എന്നാൽ ഇന്ററാക്ടീവ്‌ സോഷ്യൽ വെബ്ബിനെ ആദ്യമായി ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങുന്നത്‌ ബിജെപിയാണ്‌. എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എൽകെ അദ്വാനിയുടെയും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി അദ്ധ്യക്ഷൻ വികെ മൽഹോത്രയുടെയും ബ്ലോഗുകൾ ഇന്ത്യൻ സൈബർ സ്പേസിനെ ഇളക്കിമറിക്കുന്നു. 

ഗൂഗിൾ ആഡ്സെൻസ്‌ എനേബിൾ ചെയ്തിട്ടുള്ള സൈറ്റുകളിൽ ഇന്ത്യൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വരുന്ന വാർത്തകൾ ഉള്ള പേജുകളിലെല്ലാം ഗൂഗിളിന്റെ കോൺടസ്റ്റ്‌ സെൻസിറ്റീവ്‌ ആഡ്‌ സർവീസ്‌ അദ്വാനിയുടെ ബ്ലോഗ്‌ പരസ്യം പ്രദർശിപ്പിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയവുമായും ഭരണവുമായും തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട പോസ്റ്റുകളിലും ബിജെപി എന്ന പ്രയോഗമുള്ള പോസ്റ്റുകളിലും, അത്‌ ബിജെപിയെ വിമർശിക്കുന്ന പോസ്റ്റാണെങ്കിൽ കൂടിയും,  ആ സൈറ്റുടമയ്ക്ക്‌ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഗൂഗിൾ ആഡ്‌ സെൻസ്‌ ഉള്ള പക്ഷം അദ്വാനിയുടെ ബ്ലോഗിന്റെ പരസ്യം വന്നിരിക്കും എന്നതാണ്‌ അവസ്ഥ. പ്രമുഖ പത്രങ്ങളുടെ വെബ്‌ സൈറ്റുകളിലടക്കം ഈ പരസ്യങ്ങൾ പറന്നുകളിക്കുകയാണ്‌. ജിമെയ്‌ല്‌ എടുത്താൽ അവിടെയും ഇടതുവശത്ത്‌ അദ്വാനിയുടെ ബ്ലോഗിലേക്കുള്ള ലിങ്ക്‌ പ്രത്യക്ഷപ്പെടുന്നു. 

പ്രമുഖ വിദേശ മാധ്യമ സൈറ്റുകളടക്കം ഇന്ത്യയിലെ ഇന്റർനെറ്റ്‌ ഉപയോക്താക്കൾ സാധാരണ സന്ദർശിക്കുന്ന ഏകദേശം 2,000 വെബ്സൈറ്റുകളിൽ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി അവരുടെ 81-കാരനായ നേതാവ്‌ ലാൽ കൃഷ്ണ അദ്വാനിയുടെ സന്ദേശങ്ങൾ പരസ്യം ചെയ്യുകയാണ്‌.  ‘Advani for PM’ എന്ന പരസ്യപ്പലക പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്ത വിദേശ സൈറ്റുകളിൽ പാകിസ്ഥാനിലെ ‘ദ ഡോൺ’ ദിനപത്രത്തിന്റെ സൈറ്റും പെടും. യുഎസിലെ വാഷിങ്ടൺ പോസ്റ്റ്‌, ന്യൂ യോർക്ക്‌ ടൈംസ്‌, യുകെയിലെ ഗാർഡിയൻ ഓൺലൈൻ തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ്‌ പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളിലും ബിജെപിയുടെ പരസ്യം നിറയുകയാണ്‌. ദ ഡോൺ കൂടാതെ പാകിസ്ഥാനി ദിനപത്രമായ ദ നേഷന്റെ ഓൺലൈൻ എഡിഷനിലും പാക്ട്രിബ്യൂൺ എന്ന പ്രമുഖ വെബ്സൈറ്റിലും ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. 

ഇന്ത്യയിൽ നിന്ന്‌ ഏറ്റവും കൂടുതൽ ആക്സസ്‌ ചെയ്യപ്പെടുന്ന വിദേശ മാധ്യമ സൈറ്റുകളെ കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്സ്‌ പരിശോധിച്ചാണ്‌ ഈ സൈറ്റുകൾ തിരഞ്ഞെടുത്തതെന്ന്‌ ബിജെപിയുടെ ഐടി കാര്യങ്ങൾക്കുള്ള ദേശീയ കൺവീനർ പ്രൊദ്യുത്‌ ബോറ പറയുന്നു.  ഇതിലെ രസകരമായ വസ്തുത, ഈ സൈറ്റുകളിൽ ഇന്ത്യയിൽ നിന്ന്‌ ലോഗിൻ ചെയ്യുന്നവർക്ക്‌ മാത്രമേ ഈ പരസ്യങ്ങൾ ദൃശ്യമാവുകയുള്ളൂ എന്നതാണ്‌. ഐപി അഡ്രസ്‌ ട്രാക്ക്‌ ചെയ്ത്‌ പരസ്യം പ്രദർശിപ്പിക്കുന്ന ടാർഗെറ്റ്‌ സെല്ലിങ്‌ ടെക്നിക്‌ ആണ്‌ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്‌. എൻ ആർ ഐകളെയല്ല, ഇന്ത്യയിലെ വോട്ടർമാരെ തന്നെയാണ്‌ ബിജെപി ലക്ഷ്യമാക്കുന്നത്‌ എന്നർത്ഥം.  

എന്നാൽ ഓൺലൈൻ പരസ്യങ്ങൾക്കായി ബിജെപി ചെലവഴിക്കുന്ന തുകയെക്കുറിച്ച്‌ വെളിപ്പെടുത്താൻ ബോറ തയ്യാറായില്ല. ഇതിനായി കണ്ടുവച്ച സൈറ്റുകളിൽ 99%-വും ഇന്ത്യൻ സൈറ്റുകളാണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. 

സ്വാമി രംഗനാഥാനന്ദയുടെ പാദങ്ങളിൽ, ഗുജറാത്ത്‌ വൈബ്രന്റ്‌ ആയതെങ്ങനെ, നവീൻ ചൗളയെ മാറ്റണമെന്ന സിഇസി നിർദ്ദേശം എന്തുകൊണ്ട്‌ അംഗീകരിക്കണം തുടങ്ങി ഒരുപിടി പോസ്റ്റുകൾ അദ്വാനിയുടേതായി ബ്ലോഗിൽ നൽകിയിട്ടുണ്ടെങ്കിലും പരസ്യങ്ങളിൽ മുൻതൂക്കം നൽകിയിരിക്കുന്നത്‌ ‘അണ്ടർസ്റ്റാൻഡിങ്‌ ജനുവിൻ സെക്കുലറിസം’ എന്ന പോസ്റ്റിനാണ്‌. അമിത്‌ മെഹ്‌റ എന്ന ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ അടങ്ങിയ ഒരു കോഫിടേബിൾ ബുക്കിന്‌ ആമുഖമായി മാർക്‌ ടുള്ളി എന്ന ബിബിസി കറസ്പോണ്ടന്റ്‌ എഴുതിയ വരികളിൽ നിന്നാണ്‌ ഈ പോസ്റ്റ്‌ തുടങ്ങുന്നത്‌. മനോഹരമായ പോസ്റ്റെന്ന്‌ പറഞ്ഞേ തീരു. എന്നാൽ ഈ മനോഹാരിത തീരുന്നത്‌ മതേതരത്വത്തെ കുറിച്ച്‌ അദ്വാനിയുടേതായി നാം മനസ്സിലാക്കിയ വീക്ഷണത്തെ ഇന്ത്യൻ പൊതുമനസാക്ഷിക്ക്‌ അനുസൃതമായി തിരുത്തിയെഴുതിയിരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌. അതോടെ രഥയാത്രയുടെ ചരിത്രവും ബാബറി മസ്ജിദിന്റെ വർത്തമാനവും അൽപ്പസമയത്തേയ്ക്കെങ്കിലും മറക്കാൻ ഇന്ത്യൻ മധ്യവർഗ്ഗം തയ്യാറാവുമെന്നും മധുരമനോഹരവും സർവ്വമതാശ്ലേഷിയുമായ ഇന്ത്യൻ മതേതരത്വം പടിഞ്ഞാറൻ  മതനിരാസത്തിന്‌ വിരുദ്ധമാണെന്ന ഗാന്ധിയൻ തത്വചിന്തയുടെ പ്രയോക്താവാണ്‌ താനെന്ന്‌ ജനം വിശ്വസിക്കുമെന്നും അദ്വാനി കരുതുന്നുണ്ടാവണം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ നിർണ്ണായകമായി സ്വാധീനിച്ച, ഇപ്പോഴും സ്വാധീനിക്കുന്ന സ്യൂഡോ സെക്കുലറിസം (കപട മതേതരത്വം) എന്ന പ്രയോഗം നടത്തിയ നേതാവിൽ നിന്ന്‌ ഇങ്ങനെ തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്‌? 

അങ്ങനെ തികച്ചും ഇന്ത്യയുടെ ഭാവിക്ക്‌ ചേർന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ്‌ ലാൽ കൃഷ്ണ അദ്വാനി എന്ന ബോധം ഇന്ത്യൻ ഇന്റർനെറ്റ്‌ ഉപയോക്താക്കളിൽ പാകാൻ http://blog.lkadvani.in/  എന്ന ഈ ബ്ലോഗും ഇതിലെ പോസ്റ്റുകളും ഇടയാക്കുന്നു. ബ്ലോഗിൽ കമന്റ്‌ ചെയ്യാൻ അനുമതിയുള്ളതിനാൽ യൂസർ പാർട്ടിസിപ്പേഷൻ നന്നായി നടക്കുന്നു. ഇത്‌ മുമ്പെങ്ങുമില്ലാത്തവണ്ണം ഇന്ത്യൻ ഡിജിറ്റൽ ഹാവ്സിനെ രാഷ്ട്രീയ പ്രക്രിയയുമായി അടുപ്പിക്കുന്നു. 

എന്നാൽ അദ്വാനിയുടെ പ്രചാരണം ബ്ലോഗിലൊതുങ്ങുന്നു എന്ന്‌ ധരിക്കേണ്ടതില്ല. http://lkadvani.in/ എന്ന പ്രധാന സൈറ്റിന്‌ ഇംഗ്ലീഷ്‌, ഹിന്ദി വേർഷനുകളുണ്ട്‌. കൂടാതെ ബ്ലോഗുകളിൽ പ്രദർശിപ്പിക്കാൻ ‘ബ്ലോഗേഴ്സ്‌ ഫോർ അദ്വാനി’ എന്ന ബട്ടൺ, ചർച്ചകൾ തുടങ്ങിവയ്ക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമായി ഓൺലൈൻ ഫോറം, അപ്ഡേറ്റുകൾ ലഭിക്കാനായി ഫീഡ്‌ സബ്സ്ക്രിപ്ഷൻ, രാജ്യത്ത്‌ പല ഭാഗങ്ങളിലുമായി ‘ഫ്രണ്ട്സ്‌ ഓഫ്‌ ബിജെപി മീറ്റ്‌’, ക്യാമ്പെയ്ൻ ട്രെയ്‌ല്‌ സംബന്ധിച്ച വിവരങ്ങൾ, യൂടൂബ്‌ ചാനൽ, ഓർക്കുട്ട്‌, ഫേസ്ബുക്ക്‌ എന്നീ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഔദ്യോഗിക സപ്പോർട്ട്‌ ഗ്രൂപ്പുകൾ, ട്വിറ്റർ, ഐഡന്റിക്ക പോലെയുള്ള മൈക്രോ ബ്ലോഗിങ്‌ പ്ലാറ്റ്ഫോമുകളിൽ അനൗദ്യോഗികമായ പ്രചാരണങ്ങൾ എന്നിങ്ങനെ ഓൺലൈൻ സമൂഹത്തെ കഴിയുന്നത്ര ഇന്ററാക്ടീവ്‌ രീതികളിലൂടെ കയ്യിലെടുക്കുകയാണ്‌ അദ്വാനിയും ബിജെപിയും.  

ഇതിനേക്കാളേറെ പ്രധാനം, കാവിവൽക്കരണം എന്ന അജണ്ട മാറ്റിവച്ച്‌ സാമ്പത്തിക പ്രതിസന്ധിയാണ്‌ അദ്വാനി പ്രചാരണ മുദ്രാവാക്യമായി ഉയർത്തിക്കാട്ടുന്നത്‌ എന്നതാണ്‌. സാമ്പത്തിക പ്രതിസന്ധി മൂലം വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായവർക്ക്‌ അങ്ങനെയൊന്നില്ലെന്ന്‌ കണ്ണടയ്ക്കുന്ന സർക്കാരിനെതിരെ എഴുതാൻ സൈറ്റിൽ ഇടവും നൽകിയിരിക്കുന്നു. തൊഴിലില്ലായ്മ കാട്ടുതീപോലെ പടരുകയാണെന്ന്‌ സൈറ്റിൽ നൽകിയിരിക്കുന്ന പരസ്യം ഉദ്ഘോഷിക്കുന്നു. കർഷകർക്ക്‌ ബിജെപി നൽകുന്ന പത്തിന വാഗ്ദാനങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നു. പ്രധാന വിഷയങ്ങളിൽ അദ്വാനി നടത്തിയ പ്രസംഗങ്ങളുടെ പത്ര റിപ്പോർട്ടുകളും സൈറ്റിൽ നിന്ന്‌ ലഭിക്കും.

Advertisements

Responses

  1. “കാവിവൽക്കരണം എന്ന അജണ്ട മാറ്റിവച്ച്‌ സാമ്പത്തിക പ്രതിസന്ധിയാണ്‌ അദ്വാനി പ്രചാരണ മുദ്രാവാക്യമായി ഉയർത്തിക്കാട്ടുന്നത്‌ എന്നതാണ്‌. സാമ്പത്തിക പ്രതിസന്ധി മൂലം വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായവർക്ക്‌ അങ്ങനെയൊന്നില്ലെന്ന്‌ കണ്ണടയ്ക്കുന്ന സർക്കാരിനെതിരെ എഴുതാൻ സൈറ്റിൽ ഇടവും നൽകിയിരിക്കുന്നു. തൊഴിലില്ലായ്മ കാട്ടുതീപോലെ പടരുകയാണെന്ന്‌ സൈറ്റിൽ നൽകിയിരിക്കുന്ന പരസ്യം ഉദ്ഘോഷിക്കുന്നു. കർഷകർക്ക്‌ ബിജെപി നൽകുന്ന പത്തിന വാഗ്ദാനങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നു.”

    വയസ്സുകാലത്തെ ‘ഒബാമകളി’ :))

  2. ന്നാ പിന്നെ വയസ്സുകാലത്ത് രാഹുല്‍ കളിക്കാം ,അല്ലെങ്കില്‍ കാരാട്ടു കളിക്കാം, അതുമല്ലെംകില്‍ അമേരിക്കയില്‍ പോയി ഇന്ത്യാക്കാരന്‍ കളിക്കാം, അതും പറ്റില്ലെങ്കില്‍ കപട മതേതര ഇടതു കളിക്കാം. അണ്‍നനു ചത്തോശം അകൂല്ലോ..

  3. ennal sakhavu parayooooooooo .. bjp kalikkunnathu suedo secularism alleyooooo?maathi..koo…..$$$$%#$%#$%$%^#thi enna njanja punja naayam parayaruthu….


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: