Posted by: absolutevoid | ഫെബ്രുവരി 16, 2009

ഇടക്കാല ബജറ്റ് ദീർഘകാലയളവിൽ നേട്ടം തന്നെ

സഭയുടെ കാലാവധി തീരാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കുകയും തിരഞ്ഞെടുപ്പിനെ നേരിടാൻ സർക്കാർ സജ്ജമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത സാമ്പത്തിക വർഷത്തിലെ സർക്കാരിന്റെ മുൻഗണനകൾ പരിപൂർണ്ണമായും തീരുമാനിക്കാൻ നിലവിലുള്ള സർക്കാരിന്‌ നിയമപ്രകാരം കഴിയില്ല. എന്നാൽ തെരഞ്ഞെടുപ്പിന്‌ ശേഷം പുതിയ ഗവൺമെന്റ്‌ നിലവിൽ വരുംവരെയുള്ള കാലത്തേക്ക്‌ ആവശ്യമായ ചെലവ്‌ വോട്ട്‌ ഓൺ അക്കൗണ്ടിലൂടെ സഭയുടെ അംഗീകാരത്തിന്‌ സമർപ്പിക്കേണ്ടതുണ്ട്‌. അടുത്ത നാലുമാസത്തേക്കുള്ള സർക്കാരിന്റെ ചെലവുകൾക്കുള്ള മുൻകൂർ അംഗീകാരമാണ്‌ അങ്ങനെ ഇടക്കാല ബജറ്റിലൂടെ ധനകാര്യമന്ത്രി പ്രണാബ്‌ മുഖർജി സഭയിൽ നിന്ന്‌ വാങ്ങുന്നത്‌.

തെരെഞ്ഞെടുപ്പ്‌ പൂർവ്വ ബജറ്റ്‌ എന്ന നിലയിൽ എല്ലാ മേഖലകളെയും തഴുകുന്നതാവും ഈ ഇടക്കാല ബജറ്റ്‌ എന്ന പ്രതീക്ഷയോടെയാണ്‌ വ്യവസായ ലോകം കാത്തിരുന്നത്‌. എന്നാൽ സർക്കാരാവട്ടെ, കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്‌ സോഷ്യൽ സെക്ടറിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുമാണ്‌. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം കെടുതിയനുഭവിക്കുന്ന വ്യാവസായിക ഇന്ത്യയുടെ വർത്തമാനങ്ങളേക്കാൾ രാഷ്ട്രത്തിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനാണ്‌ യുപിഎ മുൻതൂക്കം കൊടുക്കുന്നത്‌ എന്ന രാഷ്ട്രീയ പ്രസ്താവനയാണ്‌ ഇതിലൂടെ ധനകാര്യമന്ത്രി നടത്തുന്നത്‌. ഗുജറാത്ത്‌ മോഡൽ വികസനമല്ല ഇന്ത്യയുടെ ഭാവിക്ക്‌ അഭികാമ്യം എന്ന ഈ ഓർമ്മപ്പെടുത്തൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസന സങ്കൽപ്പത്തിന്‌ എതിരെയുള്ള വെല്ലുവിളി കൂടിയാണ്‌. ഒപ്പം മുംബൈ ഭീകരാക്രമണം ഉണർത്തിയ ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സുരക്ഷാ ഭീതിയെ തൃപ്തിപ്പെടുത്താൻ പ്രതിരോധ മേഖലയ്ക്ക്‌ നീക്കിവച്ച ബജറ്റ്‌ വിഹിതത്തിൽ മുൻ വർഷത്തേക്കാൾ 35% വർധനയാണ്‌ വരുത്തിയിരിക്കുന്നത്‌. ദേശീയതാവികാരം രാഷ്ട്രീയ ആയുധമാക്കുന്നതിൽ നിന്ന്‌ പ്രതിപക്ഷത്തെ തടയുക എന്ന ലക്ഷ്യമാണ്‌ ഇതിലൂടെ നേടാൻ ശ്രമിക്കുന്നത്‌.

സാങ്കേതികവിദ്യാ മേഖലയിൽ പ്രത്യേകിച്ച്‌ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി സെക്ടറിൽ പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല എന്ന വിലയിരുത്തലാണ്‌ പൊതുവെ വ്യവസായ ലോകത്തിനുള്ളത്‌. പ്രധാനമായും രണ്ട്‌ പ്രതീക്ഷകളായിരുന്നു ഈ മേഖല മുന്നോട്ടുവച്ചിരുന്നത്‌. ടെക്നോളജി പാർക്കുകൾക്കും 100% കയറ്റുമതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കും നൽകിയിരുന്ന നികുതിയിളവ്‌ 2010 മാർച്ചിൽ അവസാനിക്കാനിരിക്കെ ഇത്‌ കൂടുതൽ കാലത്തേക്ക്‌ നീട്ടുമെന്ന പ്രതീക്ഷയായിരുന്ന ഐടി കമ്പനികൾ വച്ചുപുലർത്തിയിരുന്നത്‌. യുഎസിലെ ബാങ്ക്‌ തകർച്ചകൾ ഇന്ത്യൻ ബിപിഒ മേഖലയ്ക്ക്‌ പ്രത്യേകിച്ചും, ഐടി മേഖലയ്ക്ക്‌ പൊതുവിലും ക്ഷീണമുണ്ടാക്കിയ പശ്ചാത്തലത്തിൽ ഈ പ്രതീക്ഷയ്ക്ക്‌ കാരണമുണ്ടായിരുന്നു. എന്നാൽ ഒരുവശത്ത്‌ സബ്സിഡികളും മറ്റും കുറയുമ്പോൾ തന്നെ ഗ്രാമീണമേഖലയ്ക്ക്‌ നീക്കിവയ്ക്കുന്ന ബജറ്റ്‌ വിഹിതം ഗണ്യമായി വർധിക്കുന്നതിലൂടെ സർക്കാരിന്റെ ചെലവ്‌ ഉയരുകയും വരവ്‌ വർധിക്കാതിരിക്കുകയും ചെയ്യുന്നത്‌ ആശാസ്യമല്ല എന്ന വിലയിരുത്തൽ മൂലം ഇത്തരമൊരു നീക്കത്തിന്‌ സർക്കാർ മുതിർന്നില്ല.

വൻകിട ഐടി കമ്പനികൾ സെസ്‌ നിയമപ്രകാരം പ്രത്യേക സാമ്പത്തിക മേഖലകളിൽ ആരംഭിച്ച ഐടി യൂണിറ്റുകൾക്ക്‌ 100% നികുതിയിളവ്‌ (ടാക്സ്‌ ഹോളിഡേ) ലഭിക്കുമെന്ന പ്രതീക്ഷയും വെള്ളത്തിലായി. ഈ യൂണിറ്റുകൾ നിലവിൽ ഇത്രയും ഇളവ്‌ അനുഭവിക്കുന്നില്ല.

എന്നാൽ ഇത്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌ മാത്രമായിരുന്നതിനാൽ ഇടക്കാല ബജറ്റിൽ നിന്ന്‌ അധികമൊന്നും പ്രതീക്ഷിക്കാതെ ഇരുന്നവരും കുറവല്ല. അവർ എടുത്തുപറയുന്നത്‌ രണ്ട്‌ നേട്ടങ്ങളെയാണ്‌. ഉന്നതവിദ്യാഭ്യാസത്തിന്‌ നൽകിയിരിക്കുന്ന ഊന്നലാണ്‌ അവയിൽ ആദ്യത്തേത്‌. ഐടി വ്യവസായം ഉന്നതവിദ്യാഭ്യാസത്തെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഇത്‌ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന അഭിപ്രായം ശക്തമാണ്‌. കൂടാതെ നഗരാസൂത്രണത്തിന്‌ (അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ്‌) നൽകുന്ന നീക്കിയിരുപ്പ്‌ തുക ഇരട്ടിച്ചിട്ടുണ്ട്‌. ഇതും ഐടി വ്യവസായത്തിന്‌ ഗുണകരമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

യുപിഎ സർക്കാരിന്റെ കഴിഞ്ഞ നാല്‌ വർഷത്തെ പ്രവർത്തനത്തിന്റെ സ്വയം വിലയിരുത്തലായിരുന്നു ധനകാര്യമന്ത്രിയുടെ ബജറ്റ്‌ പ്രസംഗം. പുതിയ വകയിരുത്തലുകളേക്കാൾ സർക്കാരിന്റെ പ്രോഗ്രസ്‌ കാർഡ്‌ എന്ന നിലയിൽ തന്നെയാണ്‌ ഇതിന്‌ സ്ഥാനം. സാങ്കേതിക വിദ്യാ മേഖലയ്ക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതര മേഖലകൾക്കും ലഭിച്ച നേട്ടങ്ങളെയും തുടങ്ങിവച്ച പദ്ധതികളെയും പ്രസംഗത്തിൽ എടുത്തുപറയുന്നു. കാർഷിക മേഖലയിൽ നടപ്പാക്കിയ ‘പ്രോജക്ട്‌ ആരോ’ എന്ന പദ്ധതിയെക്കുറിച്ചാണ്‌ ഇതിൽ ആദ്യ പരാമർശം. എൻആർഇജിഎസ്‌ പോലെയുള്ള സാമൂഹ്യ മേഖലയിലെ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിനും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ സേവനങ്ങളെ തപാൽ ഓഫീസുകളിലൂടെ സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതിലും ഈ പദ്ധതിയുടെ പങ്കിനെ ധനകാര്യമന്ത്രി ശ്ലാഘിക്കുന്നു.

യുപിഎ സർക്കാരിന്‌ കീഴിൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ബജറ്റ്‌ പ്രസംഗം എണ്ണിപ്പറയുന്നു. സെക്കണ്ടറിതല വിദ്യാഭ്യാസം സാർവ്വജനീനമാക്കാൻ 2008-09ൽ തുടങ്ങിവച്ച കേന്ദ്രാവിഷ്കൃത പദ്ധതിയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ്‌ വിദ്യാഭ്യാസ രംഗത്തെ അവതരിപ്പിക്കുന്നത്‌ തന്നെ. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ഉന്നതവിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പ്‌ ഒൻപതുമടങ്ങ്‌ (900%) വർധിച്ചതായി മുഖർജി പറയുന്നു. ഓർഡിനൻസിലൂടെ 15 പുതിയ കേന്ദ്ര സർവ്വകലാശാലകൾക്ക്‌ അനുമതി നൽകി. ഇതിനുപുറമേ 2008-09ൽ ആറ്‌ പുതിയ ഐഐടികൾ ബീഹാർ, ആന്ധ്ര പ്രദേശ്‌, രാജസ്ഥാൻ, ഒറീസ, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ചതായും 2009-10ൽ മധ്യപ്രദേശ്‌, ഹിമാചൽ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽ രണ്ട്‌ ഐഐടികൾ കൂടി നിലവിൽ വരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ സയൻസ്‌ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ച്‌ ഭോപ്പാലിലും തിരുവനന്തപുരത്തും പ്രവർത്തനക്ഷമമായി. വിജയവാഡയിലും ഭോപ്പാലിലും പ്ലാനിങ്‌ ആൻഡ്‌ ആർക്കിടെക്ചറിൽ രണ്ട്‌ പുതിയ സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു. പതിനൊന്നാം പദ്ധതിയിൽ പ്രഖ്യാപിച്ചിരുന്ന ആറ്‌ പുതിയ ഐഐഎമ്മുകളിൽ നാലെണ്ണത്തിൽ 2009-10ൽ ക്ലാസ്സുകൾ ആരംഭിക്കും. ഹരിയാന, രാജസ്ഥാൻ, ഝാർക്കണ്ട്‌, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളിൽ അനുവദിച്ച മാനേജ്മെന്റ്‌ ഇൻസ്റ്റിട്യൂട്ടുകളാണ്‌ ഉടൻ പ്രവർത്തനം തുടങ്ങുക.

വിദ്യാഭ്യാസ വായ്പാ പദ്ധതിയിൽ വരുത്തിയ ഭേദഗതിയിലൂടെ ഗുണഭോക്താക്കളുടെ എണ്ണം 3.19 ലക്ഷത്തിൽ നിന്ന്‌ 14.09 ലക്ഷമായി ഉയർന്നു. വിദ്യാഭ്യാസ വായ്പയായി നൽകിയിരിക്കുന്ന തുക 2004 മാർച്ച്‌ 31ലെ 4500 കോടിയിൽ നിന്ന്‌ സെപ്തംബർ 30, 2008ൽ 24,260 കോടി രൂപയായി വർധിച്ചു. 500 ഐടിഐകൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തി. ആയിരം കോടി രൂപയുടെ കോർപ്പസ്‌ ഫണ്ട്‌ സഹിതം 2008 ജൂലായിൽ നാഷണൽ സ്കിൽ ഡവലപ്മെന്റ്‌ കോർപ്പറേഷൻ സ്ഥാപിച്ചു.

സാമൂഹ്യമേഖലയിലെ പദ്ധതികളിലും വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളെ പരിഗണിച്ചിട്ടുണ്ട്‌. ശുചീകരണ തൊഴിലാളികളുടെ കുട്ടികൾക്ക്‌ നൽകിവരുന്ന പ്രീ-മെട്രിക്‌ സ്കോളർഷിപ്പിന്റെ വ്യാപ്തി വർധിച്ചതായും സ്കോളർഷിപ്പ്‌ നിരക്കുകൾ 2008-09ൽ ഇരട്ടിച്ചതായും മുഖർജി പറഞ്ഞു. വാർഷിക അഡ്‌-ഹോക്‌ ഗ്രാന്റ്‌ മുൻവർഷത്തെ അപേക്ഷിച്ച്‌ 50% വർധിച്ചു. ഗ്രാമീണ സ്ത്രീകൾക്ക്‌ തൊഴിലും ഉപജീവനവും ഉറപ്പാക്കാനായി പ്രിയദർശിനി പ്രോജക്ട്‌ എന്ന പുതിയ പദ്ധതി ആരംഭിക്കും. ബീഹാറിലെ മധുബനി, സീതാമാർഹി, യുപിയിലെ ശ്രാവഷ്ഠി, ബറേചി, റായ്‌ ബറേലി, സുൽത്താൻപൂർ എന്നീ ജില്ലകളിലാവും പൈലറ്റ്‌ പ്രോജക്ട്‌ നടപ്പാക്കുക. ഐടിഐകളിലും വനിത ഐടിഐകളും സ്ത്രീകൾക്കായുള്ള ദേശീയ / പ്രാദേശിക ഐടിഐകളിലും 18നും 40 വയസ്സിനുമിടയിൽ പ്രായമുള്ള വിധവകൾക്ക്‌ പ്രവേശനത്തിന്‌ മുൻഗണന നൽകും. അവരുടെ പരിശീലനത്തിനുള്ള ചെലവ്‌ സർക്കാർ വഹിക്കുന്നതോടൊപ്പം 500 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും അനുവദിക്കും.

ഭരണനവീകരണ നടപടികളിലേക്കും ബജറ്റ്‌ പ്രസംഗം കടക്കുന്നു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും നടപ്പാക്കിയ വിവരാവകാശ നിയമം പൊതുസേവകർക്ക്‌ വർധിച്ച ഉത്തരവാദിത്വം ഉറപ്പാക്കുന്നു. ആറാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കിയതിലൂടെ ഡിഫൻസ്‌ ഫോഴ്സസും പാരാമിലിറ്ററിയും അടക്കം 45 ലക്ഷം കേന്ദ്ര ഗവൺമെന്റ്‌ ജീവനക്കാർക്കും 38 ലക്ഷം പെൻഷൻകാർക്കും ഗുണമുണ്ടായതായും മുഖർജി എടുത്തുപറയുന്നു.

2008-09 വർഷത്തെ അപേക്ഷിച്ച്‌ 2009-10 വർഷത്തിലെ ബജറ്റ്‌ എസ്റ്റിമേറ്റിൽ ഗ്രാമവികസന വകുപ്പ്‌, ഉപരിതലഗതാഗതവും പെരുമ്പാതയും, റെയിൽവെ, ആഭ്യന്തരം, വ്യാവസായിക നയവും വികസനവും, വിവരസാങ്കേതികവിദ്യാ വകുപ്പ്‌ തുടങ്ങിയവയ്ക്ക്‌ നൽകിയിരിക്കുന്ന ബജറ്ററി സപ്പോർട്ട്‌ ഗണ്യമായി വർധിച്ചിട്ടുണ്ട്‌. ഗ്രാമീണ വികസനവും ഇൻഫ്രാസ്ട്രക്ചർ വികസനവുമാണ്‌ ഇതിലൂടെ ലക്ഷ്യമാക്കിയിരിക്കുന്നത്‌. ഇവയെല്ലാം പൊതുവിൽ ഐടി വ്യവസായത്തിന്‌ ഗുണകരമാണെന്ന്‌ കാണാം. ഇതുകൂടാതെ യുവജനക്ഷേമം, കായികം, സാംസ്കാരികം എന്നീ വകുപ്പുകൾക്ക്‌ നീക്കിവയ്ക്കുന്ന വിഹിതത്തിലും വർധനയുണ്ട്‌.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 2009-10ൽ 30,100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. 2008-09ൽ 3.51 ഭവനങ്ങളിലായി 138.76 കോടി തൊഴിൽ ദിനങ്ങൾ ഇതുപ്രകാരം സൃഷ്ടിക്കപ്പെട്ടിരുന്നു.

സാർവ്വത്രിക പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള സർവശിക്ഷാഅഭിയാൻ പദ്ധതി 98% ജനപഥങ്ങളിലും നടപ്പാക്കി. ഈ പദ്ധതിക്ക്‌ നീക്കിവയ്ക്കുന്ന തുകയിൽ 2003-04നെ അപേക്ഷിച്ച്‌ 2008-09ൽ 571% വർധനയാണ്‌ വന്നിട്ടുള്ളത്‌. 2009-10 വർഷത്തേക്ക്‌ 13,100 കോടിയാണ്‌ മാറ്റിവച്ചിട്ടുള്ളത്‌. ഇന്റഗ്രേറ്റഡ്‌ ചൈൽഡ്‌ ഡവലപ്പ്മെന്റ്‌ സ്കീമിന്‌ 6,705 കോടി രൂപയും സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 8,000 കോടി രൂപയും നീക്കിവച്ചു. ഐസിഡിഎസ്‌ പ്രകാരമുള്ള ശിശുക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്‌ ലോകാരോഗ്യസംഘടനയുടെ ശിശു വളർച്ചാ മാനകങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചു.

തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും ഗ്രാമീണവികസനം യാഥാർത്ഥ്യമാക്കാനും യത്നിക്കുന്ന ബജറ്റാണിത്‌. പൊതുവിൽ ഇന്ത്യൻ ജനതയുടെ ജീവിതനിലവാരത്തോത്‌ ഉയർത്താൻ ബജറ്റ്‌ കാരണമായേക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു. ഇത്‌ വ്യവസായ മേഖലയെ നേരിട്ട്‌ ശക്തിപ്പെടുത്തുന്നില്ലെങ്കിലും ജനതയുടെ വാങ്ങൽ ശേഷി ഗണ്യമായി ഉയർത്താനും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നൽകുന്നതിലൂടെ മെച്ചപ്പെട്ട തൊഴിൽസേനയെ സംഭാവന ചെയ്യാനും ഇടയാക്കും. ഇവ ആത്യന്തികമായി വ്യവസായ മേഖലയ്ക്ക്‌ ഗുണകരമാകുമെന്നതിൽ സംശയം വേണ്ട.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: