Posted by: absolutevoid | ജനുവരി 19, 2009

നികുതിവകുപ്പിന്റെ പോരായ്മയ്ക്കു് സിക്‍സ്‌വെയറിന്റെ തിരുത്തു്

കേരള മൂല്യവർധിത നികുതിയുടെ ഇ-ഫയലിങ്ങിന്‌ മൈക്രോസോഫ്റ്റ്‌ എക്സൽ സ്പ്രെഡ്ഷീറ്റ്‌ മാത്രം ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത്‌ വെട്ടിലായ കേരള വാണിജ്യ നികുതിവകുപ്പിന്‌ ആശ്വാസമായി സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്‌ അംഗവും പ്രമുഖ ഹാർഡ്‌വെയർ ആൻഡ്‌ സോഫ്റ്റ്‌വെയർ സർവീസസ്‌ കമ്പനിയായ സിക്സ്‌വെയർ ടെക്നോളജീസ്‌ സിഇഒയുമായ ആനൂപ്‌ ജോണിന്റെ ഹായ്ക്ക്‌ എത്തി.

kvat റിട്ടേണ്‍ നടപ്പുവര്‍ഷം മുതല്‍ http://keralataxes.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം സമർപ്പിക്കാൻ നികുതിവകുപ്പ്‌ നിർദ്ദേശം നൽകിയിരുന്നു. പ്രത്യേകമായി ഫോർമാറ്റ്‌ ചെയ്ത ടെക്സ്റ്റ്‌ ഫയൽ ആയി വേണം റിട്ടേൺ സമർപ്പിക്കുവാൻ. ഏതെങ്കിലും ടെക്സ്റ്റ്‌ എഡിറ്റർ ഉപയോഗിച്ചാൽ ആവശ്യമായ ഫോർമാറ്റിൽ ടെക്സ്റ്റ്‌ ഫയൽ ലഭിക്കുമായിരുന്നില്ല. പകരം മൈക്രോസോഫ്റ്റ്‌ ഓഫിസിനൊപ്പം വരുന്ന സ്പ്രെഡ്ഷീറ്റ്‌ പാക്കേജായ എക്സൽ ഉപയോഗിച്ച്‌ ചാർട്ട്‌ തയ്യാറാക്കുകയും തുടർന്ന്‌ നികുതിവകുപ്പ്‌ വെബ്സൈറ്റിൽ സൗജന്യ ഡൗൺലോഡിനായി നൽകിയിരിക്കുന്ന എക്സൽ മാക്രോ ഇൻസ്റ്റാൾ ചെയ്ത്‌ പ്രവർത്തിപ്പിക്കുകയും ചെയ്താൽ മാത്രമേ നിശ്ചിത രീതിയിലുള്ള ടെക്സ്റ്റ്‌ ഫയൽ തയ്യാറാക്കാൻ ആവുമായിരുന്നുള്ളൂ.

ഇ-ഗവേണൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രൊപ്രൈറ്ററി ഫോർമാറ്റുകൾക്ക്‌ പകരം ഓപ്പൺ സ്റ്റാൻഡേർഡ്സ്‌ ഉപയോഗിക്കണമെന്ന കേന്ദ്ര നിർദ്ദേശവും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന നയവും ലംഘിച്ചാണ്‌ നികുതിവകുപ്പ്‌ ഇ-ഫയലിങ്ങിന്‌ വെൻഡർ ലോക്കിങ്‌ ഉള്ള സോഫ്റ്റ്‌വെയർ സൊല്യൂഷൻ ലഭ്യമാക്കിയത്‌. പ്രമുഖ സ്പ്രെഡ്ഷീറ്റ്‌ പാക്കേജുകളായ ക്വാട്രോപ്രോ, ലോട്ടസ്‌ 123, ഓപ്പൺഓഫീസ്‌ സ്പ്രെഡ്ഷീറ്റ്‌, ഗ്നൂമെറിക്‌ തുടങ്ങിയവയൊന്നും ഉപയോഗിച്ച്‌ നിശ്ചിത ഫോർമാറ്റിലുള്ള ടെക്സ്റ്റ്‌ ഫയൽ നിർമ്മിക്കാൻ ആവശ്യമായ മാക്രോകൾ വാണിജ്യനികുതി വകുപ്പ്‌ ലഭ്യമാക്കിയിരുന്നില്ല.

സ്വന്തമായി കമ്പ്യൂട്ടറും എക്സലും ഇല്ലാത്ത വ്യാപാരികൾക്ക്‌ അക്ഷയ സെന്ററുകളിൽ നിന്ന്‌ സൗജന്യമായി ഇ-ഫയലിങ്‌ നടത്താൻ സൗകര്യം ഒരുക്കിയിരുന്നെങ്കിലും അവിടെയും എക്സൽ തന്നെ ഉപയോഗിക്കണമായിരുന്നു. തുറന്ന മാനകങ്ങൾ ഉപയോഗിക്കുന്ന പക്ഷം ഏത്‌ സ്പ്രെഡ്ഷീറ്റ്‌ പാക്കേജ്‌ ഉപയോഗിച്ചും ഡേറ്റ മാനിപ്പുലേഷൻ സാധ്യമാകുമെന്നിരിക്കെ ഇങ്ങനെ ചെയ്തത്‌ മൈക്രോസോഫ്റ്റിനെ വഴിവിട്ട്‌ സഹായിക്കാനാണെന്നും ആരോപണമുയർന്നിരുന്നു. ഈ വിമർശനങ്ങളെ ഉൾക്കൊള്ളാനോ പകരം സംവിധാനങ്ങൾ ഏർപ്പെടുത്താനോ സർക്കാരോ വാണിജ്യനികുതിവകുപ്പോ തയ്യാറായില്ല.

എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഓപ്പൺ സ്റ്റാൻഡേർഡുകളും പ്രോത്സാഹിപ്പിക്കാൻ കാസർകോട്‌ നിന്ന്‌ തിരുവനന്തപുരം വരെ ‘ഫ്രീഡം വോക്ക്‌’ വരെ സംഘടിപ്പിച്ച അനൂപ്‌ ജോൺ നികുതിവകുപ്പിന്റെ ഈ നിസംഗതയ്ക്കെതിരെ പ്രതികരിച്ചത്‌, സ്വന്തമായി ഓപ്പൺഓഫീസ്‌ സ്പ്രെഡ്ഷീറ്റിൽ പ്രവർത്തിക്കുന്ന മാക്രോ നിർമ്മിച്ച്‌ ഗ്നൂ ജിപിഎൽ 3 ലൈസൻസ്‌ പ്രകാരം സ്വതന്ത്രവും സൗജന്യവുമായി ലഭ്യമാക്കിക്കൊണ്ടാണ്‌. ഓപ്പൺഓഫീസിൽ മാത്രമല്ല, കെസ്പ്രെഡ്‌ എന്ന കെഓഫീസ്‌ പാക്കേജിലും ഈ മാക്രോ ഉപയോഗിച്ച്‌ നിശ്ചിത ഫോർമാറ്റിലുള്ള ഡേറ്റ മാനിപ്പുലേഷൻ സാധ്യമാണ്‌. സിക്‍സ്‌വെയറിന്റെ വെബ്സൈറ്റില്‍ നിന്നു് മാക്രോ ഡൗൺലോഡ്‌ ചെയ്യാം.

വാണിജ്യനികുതിവകുപ്പ്‌ ഈ ഡോക്യുമെന്റിന്‌ സപ്പോർട്ട്‌ നൽകിത്തുടങ്ങുംവരെ, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സപ്പോർട്ട്‌ നൽകാൻ അനൂപ്‌ ജോൺ ഒരുക്കമാണ്‌. ഇതിനകം തന്നെ ചിലർ ഈ മാക്രോ പരീക്ഷിച്ച്‌ ചില കുഴപ്പങ്ങൾ കണ്ടെത്തുകയും അനൂപ്‌ പ്രതിവിധി നിർദ്ദേശിക്കുകയും ചെയ്തുകഴിഞ്ഞു. പൊതുപണം വ്യയം ചെയ്ത്‌ സർക്കാർ നടത്തുന്ന ജോലികളത്രയും ഐടി നയത്തിൽ പറയുംപ്രകാരം സ്വതന്ത്രമായിരിക്കണമെന്ന്‌ താൻ വിശ്വസിക്കുന്നതായും അതുകൊണ്ടുതന്നെ താൻ നിർമ്മിച്ച ഈ മാക്രോയും സ്വതന്ത്രമായി ലഭ്യമാക്കുന്നതായും അനൂപ്‌ പറയുന്നു.

ഓപ്പണ്‍ഓഫീസ് 2.4ലാണു് ഈ മാക്രോ പ്രവര്‍ത്തിക്കുക. ഗ്നൂ/ലിനക്സ് മെഷീനുകളില്‍ മാത്രമേ ടെസ്റ്റ് ചെയ്തിട്ടുള്ളൂ. ഓപ്പണ്‍ഓഫീസ് വേര്‍ഷന്‍ 3.0ല്‍ മാക്രോ പ്രവര്‍ത്തിക്കില്ല. (ഓപ്പണ്‍ഓഫീസിന്റെ പുതിയ വേര്‍ഷന്‍ ഇതേ വരെ പ്രമുഖ ലിനക്സ് വിതരണങ്ങളിലൊന്നും ഡീഫോള്‍ട്ടായി ലഭ്യമായിത്തുടങ്ങിയിട്ടില്ല.)

Advertisements

Responses

  1. ഓപ്പണ്‍ ഓഫീസ് 3.0ലേക്ക് കൂടി മേല്‍പ്പറഞ്ഞ മാക്രോ പോര്‍ട്ട് ചെയ്തതായി അനൂപ് ജോണ്‍ എസ്എംസി മെയ്ലിങ് ലിസ്റ്റിനെ അറിയിച്ചിട്ടുണ്ട്.

  2. കലക്കി. സിക്സ്‌വെയറിന് അഭിനന്ദനങ്ങള്‍.

  3. നന്നായി , ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരട്ടെ…
    സ്വാതന്ത്രമെന്നാല്‍ ഇതാണ്…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: