Posted by: absolutevoid | ജനുവരി 6, 2009

വാറ്റ്‌ ഇ-ഫയലിങ്‌ വിവാദത്തിലേക്ക്‌

കേരളത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും 2009 ജനുവരി 1 മുതൽ മൂല്യവർധിത നികുതിയുടെ ഇ-ഫയലിങ്‌ നിർബന്ധിതമാക്കി സർക്കാർ പുറത്തിറക്കിയ ഉത്തരവ്‌ വിവാദത്തിലേക്ക്‌. ഇ-ഫയലിങ്ങിന്‌ ആവശ്യമായ ഡോക്യുമെന്റേഷൻ പ്രോസീജിയറുകളാണ്‌ വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്‌.

ഇന്റർനെറ്റിലൂടെ സുഗമമായി ഇ-ഫയലിങ്‌ നടത്താനുള്ള മാർഗ്ഗമാണ്‌ സർക്കാർ ഒരുക്കിയിരിക്കുന്നത്‌. ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാത്ത വ്യാപാരികൾക്ക്‌ സൗജന്യമായി അക്ഷയ സെന്ററുകളിൽ നിന്നും ഇ-ഫയലിങ്‌ നടത്താനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്‌.

എന്നാൽ വെൻഡർ ലോക്കിങ്‌ ഉള്ള സിസ്റ്റമാണ്‌ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്‌ എന്നതാണ്‌ ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക്‌ വഴിവച്ചിരിക്കുന്നത്‌. മൈക്രോസോഫ്റ്റ്‌ ഓഫീസ്‌ പാക്കേജിനൊപ്പം വരുന്ന എക്സൽ സ്പ്രെഡ്ഷീറ്റ്‌ ഉപയോഗിച്ച്‌ മാത്രമേ ഇ-ഫയലിങ്‌ നടത്താൻ കഴിയൂ എന്നതാണ്‌ അവസ്ഥ. ​‍”SALES_PURCHASE_INVOICE.XLS” എന്ന ടെംപ്ലേറ്റ്‌ ഫയൽ http://keralataxes.in/ എന്ന സൈറ്റിൽ നിന്ന്‌ ഡൗൺലോഡ്‌ ചെയ്യുകയാണ്‌ ആദ്യം വേണ്ടത്‌. എക്സൽ ടെംപ്ലേറ്റിനൊപ്പമുള്ള മാക്രോ ഉപയോഗിച്ച്‌ ഡേറ്റ വാലിഡേറ്റ്‌ ചെയ്യണം. അതിനെ തുടർന്ന്‌ സിസ്റ്റത്തിലെ ​”C:\KVATS” എന്ന ഫോൾഡറിൽ ​sales.txt എന്ന ഒരു ടെക്സ്റ്റ്‌ ഫയൽ മാക്രോ സൃഷ്ടിക്കും. ഈ ഫയലാണ്‌ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌.

ഈ മാക്രോ എക്സൽ ഒഴികെ മറ്റൊരു സ്പ്രെഡ്ഷീറ്റ്‌ ആപ്ലിക്കേഷനിലും പ്രവർത്തിക്കില്ല. ഇതര സ്പ്രെഡ്ഷീറ്റ്‌ ആപ്ലിക്കേഷനുകൾക്ക്‌ ആവശ്യമായ മാക്രോകൾ സൈറ്റിൽ ലഭ്യവുമല്ല.

ഇന്ത്യയിൽ ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്ന സ്പ്രെഡ്ഷീറ്റ്‌ ആപ്ലിക്കേഷനായ ലോട്ടസ്‌ 123 ഉപയോഗിച്ചോ, സ്വതന്ത്ര സ്പ്രെഡ്‌ ഷീറ്റുകളായ ഓപ്പൺ ഓഫീസ്‌ കാൽക്‌ 3 ഉപയോഗിച്ചോ ഗ്നൂമെറിക്‌ ഉപയോഗിച്ചോ മികച്ച പ്രൊപ്രൈറ്ററി സ്പ്രെഡ്ഷീറ്റായ ക്വാട്രോ പ്രോ ഉപയോഗിച്ചോ ഒന്നും നികുതിവകുപ്പിന്‌ ആവശ്യമായ ഫോർമാറ്റിൽ ടെക്സ്റ്റ്‌ ഫയൽ തയ്യാറാക്കാൻ കഴിയില്ല എന്നിടത്താണ്‌ പ്രശ്നം. അതായത്‌ ഒരു പ്രത്യേക വെൻഡറിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സർക്കാർ തന്നെ വ്യാപാരികൾക്ക്‌ നിർദ്ദേശം കൊടുക്കുന്നതിന്‌ തുല്യമാണിത്‌. വിവിധ ടൂത്ത്‌ പേസ്റ്റുകൾ ലഭ്യമായ വിപണിയിൽ ഏതെങ്കിലും പ്രത്യേക കമ്പനിയുടെ മാത്രം ടൂത്ത്‌ പേസ്റ്റ്‌ ഉപയോഗിച്ചേ പല്ലൂ തേയ്ക്കാൻ പാടുള്ളൂ എന്ന നിഷ്കർശ പോലെ ഒന്ന്‌. അഥവാ, വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റിന്റെ കടലാസ്‌ ഉപയോഗിച്ച്‌ മാത്രമേ പത്രം അച്ചടിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം പോലെയാണിത്‌.

ഈ തീരുമാനത്തിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ ഔദ്യോഗിക നയത്തെ സംസ്ഥാന വാണിജ്യ നികുതിവകുപ്പ്‌ തള്ളിപ്പറയുകയാണെന്ന്‌ സ്വതന്ത്ര സോഫ്റ്റ്‌വെയർ സംഘങ്ങൾ പരാതിപ്പെടുന്നു. എന്നാൽ മേൽപ്പറഞ്ഞ സ്പ്രെഡ്ഷീറ്റ്‌ ആപ്ലിക്കേഷനുകളാകട്ടെ, പലതും വിൻഡോസിലും മാക്കിലും ഗ്നൂ/ലിനക്സിലും ഒരേപോലെ പ്രവർത്തിക്കുന്നവയുമാണ്‌. അപ്പോൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോക്താക്കളുടെ വിമർശനത്തേക്കാൾ ഗുരുതരമായ പ്രശ്നമാണ്‌ വെൻഡർ ലോക്കിങ്‌ എന്നു സാരം.

ഇവിടുത്തെ പ്രധാന പ്രശ്നം ഐഎസ്‌ഒ അംഗീകാരമുള്ള തുറന്ന മാനകം (ഓപ്പൺ സ്റ്റാൻഡേർഡ്‌) ഉപയോഗിക്കുന്നതിന്‌ പകരം പലവിധ ലിമിറ്റേഷനുകളുമുള്ള പ്രൊപ്രൈറ്ററി ഫോർമാറ്റ്‌ ഉപയോഗിക്കുന്നു എന്നതാണ്‌. കേന്ദ്ര സർക്കാരാകട്ടെ, ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഓപ്പൺ സ്റ്റാൻഡേർഡുകൾ ഉപയോഗിക്കണമെന്ന്‌ ആവശ്യപ്പെടുന്നുമുണ്ട്‌. ഓപ്പൺ സ്റ്റാൻഡേർഡ്‌ ഉപയോഗിക്കുന്ന പക്ഷം എക്സൽ അടക്കം ഏത്‌ സ്പ്രെഡ്ഷീറ്റ്‌ പാക്കേജ്‌ ഉപയോഗിച്ചും ഒരേ ഫോർമാറ്റിൽ ഡേറ്റ ജനറേറ്റ്‌ ചെയ്യാനാവും. അതേ സമയം എക്സൽ മാക്രോ ഉപയോഗിച്ചാൽ എക്സൽ ഇൻസ്റ്റോൾ ചെയ്യാതെ ഇതിന്‌ സാധിക്കുകയുമില്ല. മറ്റുവിധത്തിൽ ആവശ്യമില്ലെങ്കിലും മൈക്രോസോഫ്റ്റ്‌ ഓഫീസ്‌ ഇൻസ്റ്റോൾ ചെയ്യാൻ ഇത്‌ വ്യാപാരികളെ പ്രേരിപ്പിക്കും.

ഓഫീസ്‌ സ്യൂട്ടിന്റെ ലൈസൻസ്ഡ്‌ വേർഷന്‌ എഡിഷനനുസരിച്ച്‌ 149 ഡോളർ (7,282 രൂപ) മുതൽ 679.95 ഡോളർ (33,233 രൂപ) വരെയാണ്‌ വില. ചുരുക്കത്തിൽ വാറ്റ്‌ ഇ-ഫയലിങ്ങിനായി ഒന്നുകിൽ ഇത്രയും പണം മുടക്കി എക്സൽ ഇൻസ്റ്റോൾ ചെയ്യുകയോ അല്ലെങ്കിൽ നിയമവിരുദ്ധമായി പൈറേറ്റ്‌ ചെയ്യുകയോ വേണമെന്നാണ്‌ വാണിജ്യനികുതി വകുപ്പ്‌ വ്യാപാരികളോട്‌ പറയാതെ പറയുന്നത്‌. ചൈനയിൽ മൈക്രോസോഫ്റ്റ്‌ ഉത്പന്നങ്ങൾ അനധികൃതമായി പകർത്തിയ പതിനൊന്ന്‌ പേർക്ക്‌ സർക്കാർ ഒന്നര മുതൽ ആറര വർഷം വരെ തടവുശിക്ഷ വിധിച്ച വാർത്ത മൈക്രോസോഫ്റ്റ്‌ തന്നെ പുറത്തുവിട്ടതിന്‌ തൊട്ടുപിന്നാലെയാണ്‌ ഇതെന്നതും ശ്രദ്ധേയമാണ്‌.

സൗജന്യമായി ലഭ്യമായ e-TDS പ്രിപ്പറേഷൻ ആൻഡ്‌ വാലിഡേഷൻ യൂട്ടിലിറ്റി പോലെ KVAT റിട്ടേൺ വാലിഡേഷൻ ആൻഡ്‌ പ്രിപ്പറേഷൻ യൂട്ടിലിറ്റിയും വികസിപ്പിക്കണമെന്നും അടിയന്തിരമായി OOO Calc ഫയലിനുള്ള മാക്രോ റിലീസ്‌ ചെയ്യണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. വ്യാപാര മേഖലയെ മാന്ദ്യം ബാധിച്ചു തുടങ്ങുമ്പോൾ ഇത്തരം നടപടികൾ വ്യാപാരികൾക്ക്‌ സഹായകമാകുമെന്നും അവർ പറയുന്നു. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണവർ.


പ്രതികരണങ്ങള്‍

  1. engane poyalum kottu sarkarinu alle,kollam ketto

    • പ്രിയ അരവിന്ദ്,

      ഇതു് സര്‍ക്കാര്‍ മനഃപൂര്‍വ്വം ചെയ്തതാണെന്ന ധ്വനി ഈ പോസ്റ്റില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഖേദിക്കുന്നു. പക്ഷെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെറിയ പിഴവു പറ്റിയിട്ടുണ്ടു്. അതു് തിരുത്തണമെങ്കില്‍ ചൂണ്ടിക്കാണിച്ചല്ലേ പറ്റൂ?

      പിന്നെ ചിലര്‍ കരുതുംപോലെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഫണറ്റിസിസത്തിന്റെ പ്രശ്നമല്ലിതു്. ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡും ഫ്രീ സോഫ്റ്റ്‌വെയറും രണ്ടുകാര്യങ്ങളാണു്. അളവുകള്‍ സംബന്ധിച്ചു് നമുക്കു് ചില മാനകങ്ങളില്ലേ? അതേ പോലെ അംഗീകൃതമായ മാനകമാണു് ഉപയോഗിക്കുന്നതു് എങ്കില്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറോ ഫ്രീ സോഫ്റ്റ്‌വെയറോ യഥേഷ്ടം ഉപയോഗിച്ചു് ആവശ്യമായ ഡേറ്റ രേഖപ്പെടുത്താമല്ലോ.

  2. സെബിന്‍
    പോസ്റ്റ് വളരെ ഉപകാരപ്രദം.
    സര്‍ക്കാരിനു പിശകുപറ്റിയതാണെങ്കില്‍ എത്രയും പെട്ടെന്ന് തിരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കട്ടെ.
    ഈ അനുഭവം ഇത്തരത്തിലുള്ള മറ്റ് സംരഭങ്ങള്‍ക്ക് ഒരു പാഠവുമാകട്ടെ.

  3. നമുക്കു വിവാദം ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നാല്‍ മിത്തും യാഥര്ത്യവുമ് തമ്മില്‍ വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടാണ് താനും
    ഇവിടെ സംഭവിച്ചിരിക്കുന്നത് വളരെ ലളിതമായ ഒരു സംഗതിയാണ് . കേരളത്തിലെ വാറ്റ് രജിസ്ട്രേഷന്‍ ഉള്ള ഏതാണ്ട് ഒന്നര ലക്ഷം ആളുകള്‍ മാത്രം ഉപയോഗിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സംവിധാനമാണ്‌ ഇത് . ഇവരില്‍ തന്നെ 90% ആളുകള്‍ക്കും ഇത് സ്വന്തമായി ചെയ്യാനുള്ള സാങ്കേതിക ജ്ഞാനം ഉണ്ട് എന്ന് കരുതാനാവില്ല. അതിനാലാണ് സൗജന്യമായി അക്ഷയ കേന്ദ്രങ്ങളില്‍ നിന്നു ഫയല്‍ ചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തു കൊടുത്തിരിക്കുന്നത് . അക്ഷയ ഇത് സൗജന്യമായി ചെയ്തു നല്കുന്നു എന്നതിനാല്‍ കുത്തക സോഫ്റ്റ്‌വെയര്‍ പൈറേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു എന്ന വാദം നിലനില്‍ക്കില്ല .

    ഇനി വേണ്ടെര്‍ എന്തുകൊണ്ട് കുത്തക സോഫ്റ്റ്‌വെയര്‍ മാത്രം എന്ന വാദം. ലോട്ടസ് 123 യോ മറ്റ് ഫ്രീ പ്രോഡക്റ്റ് കളോ എത്ര മാത്രം ഈ ആവശ്യത്തിനു ഉപയോഗിക്കണം എന്നതിന്റെ പ്രസക്തിയാണ് . മൈക്രോ സോഫ്റ്റ് ഉല്പന്നത്തില് മാക്രോ എഴുതാന്‍ ഉള്ള എളുപ്പവും അതിന് ആവശ്യമായ സാങ്കേതിക പ്രവര്‍ത്തകരെയും എളുപ്പം ലഭിക്കും . മാത്രവുമല്ല ഈ ഒന്നര ലക്ഷം വ്യാപാരികളില്‍ ആരും തന്നെ ഈ പോസ്റ്റില്‍ ഉന്നയിച്ച ആരോപണങ്ങളെ പറ്റി വ്യാകുലരാണ് എന്ന് പറയാനും വയ്യ . അവര്‍ എല്ലാവരും തന്നെ ഇത് അക്ഷയില്‍ പോയി ചെയ്യാമല്ലോ എന്ന സമാധാനത്ത്തിലാണ് ഉള്ളത് . അപ്പോള്‍ അക്ഷയില്‍ ലഭ്യമായ സൌകര്യത്തില്‍ ഒരു സംവിധാനം ഉണ്ടാക്കി എത്രയും പെട്ടെന്ന് ഫയലിംഗ് നടത്താന്‍ ഒരു സംവിധാനം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത് എന്ന് കരുതാം

  4. കിരണ്‍,

    ലോട്ടസ് 123 ഫ്രീയല്ല. പ്രൊപ്രൈറ്ററിയാണു്. പ്രൊപ്രൈറ്ററി ആയി ലഭ്യമായ മികച്ച സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനുകളായ ലോട്ടസ് 123യിലും ക്വാട്രോപ്രോയിലും അടക്കം ഇതു് സാധ്യമാവണമെങ്കില്‍ ഓപ്പണ്‍ സ്റ്റാര്‍ഡേര്‍ഡ് പിന്തുടര്‍ന്നേ മതിയാകൂ. ഫ്രീ സോഫ്റ്റ്വെയറും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡും രണ്ടാണെന്നു് കിരണിനു് പറഞ്ഞുതരേണ്ടതില്ലല്ലോ.

    പിന്നെ ഇതിനെക്കുറിച്ചു് വ്യാപാരികള്‍ ബോധവാന്മാരല്ലെന്നു് കിരണ്‍ പറയുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്നം തന്നെ ഉയര്‍ന്നുവരില്ലായിരുന്നു. കെവാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട വ്യാപാരികളില്‍ ചിലര്‍ തന്നെയാണു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ ഈ പ്രശ്നം ഉയര്‍ത്തിയതും പകരം സംവിധാനം ആവശ്യപ്പെട്ടതും.

    അക്ഷയ കേന്ദ്രങ്ങളിലെല്ലാം എക്സല്‍ ഉണ്ടാവും എന്ന അനുമാനം കിരണിന്റെ പ്രതികരണത്തിലുണ്ടു്. അങ്ങനെയാണെങ്കില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നയത്തിനു് വിരുദ്ധമായ അംശം ഉണ്ടെന്നു് തന്നെയല്ലേ കരുതേണ്ടതു്?

    ഓപ്പണ്‍ ഓഫീസ് 2.4ല്‍ പ്രവര്‍ത്തിക്കുന്ന മാക്രോ സിക്‍സ്‌വെയര്‍ ടെക്നോളജീസ് സിഇഒ അനൂപ് ജോണ്‍ തയ്യാറാക്കി ഗ്നൂജിപിഎല്‍ ലൈസന്‍സ് പ്രകാരം സ്വതന്ത്രമായി ലഭ്യമാക്കിയിട്ടുണ്ടു്. നികുതിവകുപ്പു് വിമര്‍ശനങ്ങളോടു് മുഖംതിരിഞ്ഞുനിന്നപ്പോഴും അറിവിന്റെയും സാങ്കേതികവിദ്യയുടെയും സ്വാതന്ത്ര്യത്തിനു് വേണ്ടി വാദിക്കുന്നവര്‍ക്കു് തങ്ങളുടെ കഴിവുതെളിയിക്കാനുള്ള അവസരമായാണു് ഇതുമാറിയതു്. അനൂപിന്റെ സംഭാവനയെക്കുറിച്ചു് ഇവിടെ.


Leave a reply to aravind മറുപടി റദ്ദാക്കുക

വിഭാഗങ്ങള്‍