Posted by: absolutevoid | ജനുവരി 2, 2009

നെറ്റ്ബുക്കുകളുടെ വര്‍ഷം, സ്മാര്‍ട് ഫോണുകളുടേയും

വികസനത്തെ കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. എന്നിരിക്കിലും മനുഷ്യകേന്ദ്രീകൃതമായ വികസന സങ്കല്‍പ്പമാണ് പൊതുവില്‍ അംഗീകൃതം. പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തോത് ഉയര്‍ത്തുന്ന മുന്നേറ്റങ്ങളെ വികസനമായി ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്നു. ആധുനികകാലത്തെ ഉച്ചനീചത്വമായ ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കുന്ന ഓരോ കണ്ടത്തലുകളും അതുകൊണ്ടുതന്ന പ്രാധാന്യര്‍ഹിക്കുന്നു. 2008ല്‍ സാങ്കേതികവിദ്യാ മേഖലയില്‍ ഉണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണ്, പോയ വര്‍ഷത്തിന്റെ നഷ്ടങ്ങള്‍ എന്തൊക്കെയാണ്, ഇക്കാലയളവിലെ പ്രധാന സംഭവവികാസങ്ങള്‍ ഏതൊക്കെയാണ് എന്നൊരു കണക്കെടുപ്പിനാണ് ശ്രമിക്കുന്നത്. ഒരു വര്‍ഷത്തെ മുഴുവന്‍ കാര്യങ്ങളും ഒരു ചെറുലേഖനത്തില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ എത്ര ശ്രമിച്ചാലും പലതും ഒഴിവാക്കേണ്ടിവരും. അങ്ങനെ ഒഴിവാക്കാന്‍ കഴിയാത്തവ അടുക്കിപ്പറയുവാനാണ് ഉദ്ദേശിക്കുന്നതു്. 

 

നെറ്റ്ബുക്കുകള്‍

 

2008 തീര്‍ച്ചയായും നെറ്റ്ബുക്കിന്റെ വര്‍ഷമായിരുന്നു. വിലയേറിയ നോട്ട്ബുക്കുകള്‍ താങ്ങാനുള്ള ശേഷി എല്ലാവര്‍ക്കും ഇല്ലന്നും ലാപ്ടോപ്പ് ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും കണക്ടിവിറ്റി ടൂളായി മാത്രമാണ് അതിനെ കാണുന്നതെന്നും ഉള്ള കാഴ്ചപ്പാടില്‍ നിന്ന് ജന്മമെടുത്ത ഒരു സ്ട്രിപ്ഡൌണ്‍ വേര്‍ഷനായിരുന്നു, നെറ്റ്ബുക്ക്. വലിയ പരസ്യകോലാഹലങ്ങളില്ലാതെ വന്ന അസൂസിന്റെ ഈ പിസിയാണ് നെറ്റ്ബുക്ക് തരംഗത്തെ കെട്ടഴിച്ചുവിട്ടത്. തുടര്‍ന്ന് പ്രധാനപ്പെട്ട കമ്പ്യൂട്ടര്‍ ഉത്പാദകരെല്ലാം നെറ്റ്ബുക്ക് ഉത്പാദനവും ആരംഭിച്ചു. 

 

ലാപ്ടോപ്പിനെ അപേക്ഷിച്ച് വലിപ്പവും ശേഷിയും കുറഞ്ഞ നെറ്റ്ബുക്കുകള്‍ ഫ്ളാഷ് മെമ്മറിയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനും കുറച്ച് പ്രോഗ്രാമുകള്‍ മാത്രം ഉപയോഗിക്കാനും ഡിസൈന്‍ ചെയ്യപ്പെട്ടവയാണ് നെറ്റ്ബുക്കുകള്‍. 

ലാപ്ടോപ്പുകളുടെ വില താങ്ങാനാവാത്ത വികസ്വര രാഷ്ട്രങ്ങളിലും അവികസിത രാഷ്ട്രങ്ങളിലും ഉള്ള വിദ്യാര്‍ത്ഥികളും മറ്റുമാകും നെറ്റ്ബുക്കുകള്‍ കൂടുതലായി ഉപയോഗിക്കുക എന്നതായിരുന്നു കമ്പനികളുടെ കണക്കുകൂട്ടലെങ്കിലും ഫലത്തില്‍ സംഭവിച്ചത് മറിച്ചാണ്. യൂറോപ്പിലാണ് നെറ്റ്ബുക്കുകളുടെ വിപണി പച്ചപിടിച്ചത്. മിക്കവാറും ഒരു ഹോം പിസിയും ഒരു ലാപ്ടോപ്പും കൈവശമുള്ളവരുടെ മൂന്നാമത്തെ കമ്പ്യൂട്ടറായി നെറ്റ്ബുക്ക് മാറി. തന്നയുമല്ല, അതിന്റെ വലിപ്പം കുറഞ്ഞ കീബോര്‍ഡ് ഒരുമണിക്കൂറില്‍ കൂടുതല്‍ സമയം നെറ്റ്ബുക്ക് ഉപയോഗിക്കുന്നത് ദുഷ്കരവുമാക്കി. 

 

വണ്‍ ലാപ്ടോപ്പ് പെര്‍ ചൈല്‍ഡ് (ഒഎല്‍പിസി) പ്രോജക്ടിന് വേണ്ടി ഷുഗര്‍ ലാബ്സിന്റെ ഗ്നൂ/ലിനക്സ് അധിഷ്ഠിത യൂസര്‍ ഇന്റര്‍ഫെയ്സുമായി തയ്യാറായ എക്സ്ഒ ലാപ്ടോപ്പുകളാണ് നെറ്റ്ബുക്ക് എന്ന ആശയത്തെ പ്രിയപ്പെട്ടതാക്കിയത്. ഒഎല്‍പിസി ലാപ്ടോപ്പുകള്‍ പിന്നീട് മൈക്രോസോഫ്റ്റ് സ്പോണ്‍സര്‍ ചെയ്തതോടെ ലാപ്ടോപ്പില്‍ ഷുഗര്‍ ഒഎസിന് പകരം വിന്‍ഡോസ് സ്ഥാനംപിടിച്ചു. അതേ സമയം ഷുഗര്‍ പ്രോജക്ട് കൂടുതല്‍ മെച്ചപ്പെടുകയും സ്വതന്ത്ര അസ്തിത്വം സ്ഥാപിക്കുകയും ചെയ്തു. ദരിദ്ര രാഷ്ട്രങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി നല്‍കുന്നവയാണ് അങ്ങേയറ്റം ഫ്ളെക്സിബിളായ എക്സ്ഒ ലാപ്ടോപ്പുകള്‍. വിദ്യാര്‍ത്ഥികളല്ലാതെ ആര്‍ക്കെങ്കിലും എക്സ്ഒ ലാപ്ടോപ്പ് വേണമെന്നുണ്ടങ്കില്‍ രണ്ട് ലാപ്ടോപ്പിന്റെ പണം അടച്ച് ഒരെണ്ണം സ്വന്തമാക്കാനും ഒരെണ്ണം ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്കായി സ്പോണ്‍സര്‍ ചെയ്യാനും ഒഎല്‍പിസി അനുവദിക്കുന്നു. 

 

സ്മാര്‍ട് ഫോണുകള്‍

 

മൊബൈല്‍ ഫോണ്‍ സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായ വര്‍ഷമാണ് കടന്നുപോയത്. വിവിധ കമ്പനികളുടെ വളരെ വിലകുറഞ്ഞ ഹാന്‍ഡ്സെറ്റുകള്‍ വിപണിയിലെത്തി. എന്നാല്‍ അതിനൊപ്പം തന്ന ഹൈഎന്‍ഡ് മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെ എണ്ണവും വര്‍ധിച്ചു. പാംഹെല്‍ഡ് ഡിവൈസ് ആയി – മിനി കമ്പ്യൂട്ടറായി – പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകള്‍ ധാരാളമായി പുറത്തിറങ്ങി. 2009ല്‍ പുതിയ ഇനം സ്മാര്‍ട് ഫോണുകളുടെ പ്രളയമാകാനുള്ള സാധ്യതയും തെളിയുന്നുണ്ട്. 

 

സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഐഫോണ്‍ 3ജി, ഗൂഗിളിന്റെ ജി1 ആന്‍ഡ്രോയിഡ്, റിസേര്‍ച്ച് ഇന്‍ മോഷന്റെ ബ്ളാക്ക്ബെറി സ്റോം, നോക്കിയയുടെ ട്യൂബ് (5800 ക്സ്പ്രസ് മ്യൂസിക്), സാംസങ്ങിന്റെ ഒംനിയ, സോണി എറിക്സണ്‍ന്റെ എക്സ്പീരിയ തുടങ്ങി ഒട്ടേറെ ഫോണുകളാണ് ഇറങ്ങിയത്.  ഗൂഗിള്‍ നേതൃത്വം നല്‍കുന്ന ഓപ്പണ്‍ ഹാന്‍ഡ്സെറ്റ് അലയന്‍സിന്റെ ഓപ്പണ്‍സോഴ്സ് മൊബൈല്‍ പ്ളാറ്റ്ഫോമായ ആന്‍ഡ്രോയിഡ് കഴിഞ്ഞ വര്‍ഷത്തെ പ്രധാന സംഭവമാണ്. ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകളുമായി കൂടുതല്‍ കമ്പനികള്‍ പിന്നാലെ വരുന്നു. പ്രധാനപ്പെട്ട മൊബൈല്‍ പ്ളാറ്റ്ഫോമുകളില്‍ ഒന്നായ സിംബിയനെ പൂര്‍ണ്ണമായും നോക്കിയ സ്വന്തമാക്കിയതാണ് മറ്റൊരു സംഭവം. 2010-ഓടെ സിംബിയന്‍ ഓപ്പണ്‍സോഴ്സ് ആക്കാനുള്ള നീക്കവുമായി നോക്കിയ മുന്നറുകയാണ്. സ്മാര്‍ട്ഫോണ്‍ വിപണിയിലെ ആദ്യപഥികനായിരുന്ന പാം വില്‍പ്പനയില്‍ താഴേക്ക് പോവുകയും തുടര്‍ന്ന് പുതിയ ഒഎസ് പുറത്തിറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മൊബിലിനക്സ് പ്ളാറ്റ്ഫോമില്‍ എത്തിയ മോട്ടറോളയുടെ ഹാന്‍ഡ്സെറ്റുകള്‍ പലതും ഫങ്ഷനാലിറ്റിയില്‍ മികച്ചുനിന്നെങ്കിലും വിപണിയില്‍ പരാജയം രുചിച്ചു.  മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ സ്മാര്‍ട്ഫോണുകളില്‍ നിന്ന് പിന്തള്ളപ്പെടുന്ന കാഴ്ചയ്ക്കും 2008 സാക്ഷ്യം വഹിച്ചു. 

 

മൊബൈല്‍ ബ്രൌസറുകളുടെ കാര്യത്തിലും കനത്ത മത്സരമാണ് 2008 കണ്ടത്. ആപ്പിളിന്റെ സഫാരിയും ഓപ്പറയുടെ രണ്ട് മൊബൈല്‍ ബ്രൌസറുകളും മോസില്ലയുടെ ഫെന്നക്കും മൈക്രോസോഫ്റ്റിന്റെ ഐഇ മൊബൈലും, ആന്‍ഡ്രോയിഡിന്റെ ഇന്‍ബില്‍റ്റ് ബ്രൌസറും വിവിധ മേഖലകളില്‍ മികച്ചുനില്‍ക്കുന്നു. 

 

വെബ് 2.0

 

വെബ് 2.0 പ്രവര്‍ത്തകങ്ങളുടെ വളര്‍ച്ച പാരമ്യത്തിലെത്തിയ വര്‍ഷമാണ് 2008. ബ്രൌസറിന്റെ ശേഷി ഉപയോഗിച്ച് ഓഫ്‌ലൈനായും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകള്‍ ഒരുക്കാന്‍ ഡവലപ്പര്‍മാരെ സഹായിക്കുന്ന അഡോബി ഇന്റഗ്രേറ്റഡ് റണ്‍ടൈം (എയര്‍) രംഗത്ത് വന്നത് ഈ വര്‍ഷം ഒടുവിലാണ്. ഓപ്പണ്‍ സോഴ്സായി ലഭ്യമായ എയര്‍ ഉപയോഗിച്ച് എച്ച്ടിഎംഎല്‍, അജാക്സ്, ഫ്ളെക്സ്, ഫ്ളാഷ് വെബ് ഡവലപ്പ്മെന്റ് സ്കില്ലുകള്‍ കമ്പൈന്‍ ചെയ്യാനും പുതിയ ആപ്ളിക്കേഷനുകള്‍ വികസിപ്പിക്കാനും കഴിയുന്നു. എയറിനോട് മത്സരിക്കാന്‍ ഗൂഗിള്‍ ഗിയറും രംഗത്തെത്തിക്കഴിഞ്ഞു. രണ്ട് ആപ്ളിക്കേഷനുകളും വെബ് 2.0 ടൂള്‍സ് ഉപയോഗിച്ച് ശക്തമായ ഡെസ്ക്ടോപ്പ് ആപ്ളിക്കേഷനുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നവയാണ്. ഇന്റര്‍നെറ്റിന്റെയും ഹോംപിസിയുടെയും സൌകര്യങ്ങള്‍ ഒരേ സമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന പ്രവര്‍ത്തകങ്ങളാവും അവ. 

 

പ്രമുഖ സ്വതന്ത്ര ബ്ളോഗിങ് പ്ളാറ്റ്ഫോമായ വേര്‍ഡ്പ്രസും സ്വതന്ത്ര കണ്ടന്റ് മാനേജ്മെന്റ് സര്‍വീസായ ദ്രുപലും മെച്ചപ്പെട്ട വേര്‍ഷന്‍ റിലീസ് ചെയ്ത് വെബ്ബിന്റെ ശേഷിയുയര്‍ത്തി. മോസില്ലയുടെ ഫയര്‍ഫോക്സ് ബ്രൌസര്‍ വേര്‍ഷന്‍ 3 പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ഗൂഗിള്‍ ആദ്യ മള്‍ട്ടിപ്രോസസ് ബ്രൌസറായ ക്രോം പുറത്തിറക്കി. ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 8ന്റെ ബീറ്റ വേര്‍ഷന്‍ റിലീസ് ചെയ്തു. ജിമെയ്‌ലിനുള്ളില്‍ ഓഡിയോ/വീഡിയോ ചാറ്റുകള്‍ ലഭ്യമാക്കിയതും ഗ്നൂ ലിനക്സില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൌകര്യം മെച്ചപ്പെടുത്തിയ മിങ്കിളും 2008ന്റെ സംഭാവനകളാണ്. 

 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

 

ലോക രാഷ്ട്രീയത്തില്‍ വെബ് 2.0 നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതാണ് 2008ലെ എടുത്തുപറയാവുന്ന പ്രധാന സംഗതി. യുഎസ്എയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബരാക് ഒബാമയുടെ വിജയം സാധ്യമാക്കിയതില്‍ വെബ് 2.0നുള്ള പങ്ക് വലിയതാണ്. മൈക്രോ ബ്ളോഗിങ് പ്ളാറ്റ്ഫോമായ ട്വിറ്ററാണ് ഇതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്കും മൈസ്പേസും നേരത്തെ സൂചിപ്പിച്ച ദ്രുപല്‍ സിഎംഎസും ഒബാമയുടെ പ്രചാരണായുധങ്ങളില്‍ പ്രധാനമായിരുന്നു. വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബ് ആയിരുന്നു മറ്റൊരു പ്രധാന സഹായി. സജീവമായ ബ്ളോഗിങ്ങും ഒബാമ ക്യാമ്പെയ്ന്റെ മികവ് കൂട്ടി. ഫ്ളിക്കറില്‍ ക്യാമ്പെയ്ന്റെ ഫോട്ടോകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെട്ടു. വെബ് 2.0 ന്റെ സഹായത്തോടെ ലോകത്തെങ്ങുമുള്ള അമേരിക്കക്കാര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഒബാമ ക്യാമ്പെയ്ന് ധനസഹായം നല്‍കാന്‍ സാധിച്ചു. വന്‍കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ പണം വ്യക്തിഗത പിന്തുണക്കാരില്‍ നിന്ന് ഇലക്ട്രോണിക് മണി ട്രാന്‍സാക്ഷനിലൂടെ നേടിയാണ് യുഎസ് ചരിത്രത്തിലെ ഏറ്റവുമധികം ക്യാമ്പെയ്ന്‍ ഫണ്ട് ശേഖരിച്ച പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഒബാമ മാറിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ change.gov എന്ന വെബ്സൈറ്റ്  ഹോസ്റ്റ് ചെയ്ത് ഒബാമ തുടര്‍ക്യാമ്പെയ്നുകള്‍ക്ക് ഇടമൊരുക്കിക്കഴിഞ്ഞു. 

 

ട്വിറ്ററിന്റെ വളര്‍ച്ച

 

യുഎസ് തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഇന്ത്യയിലും ട്വിറ്റര്‍ പ്രധാനപ്പെട്ട ഐസിടി ഉപകരണമായി മാറുന്നത് മുംബയ് ഭീകരാക്രമണത്തോടെ ദൃശ്യമായി. ഒരുകാലത്ത് ഹാംറേഡിയോ ഓപ്പറേറ്റര്‍മാര്‍ ചെയ്തിരുന്ന കര്‍മ്മം 26/11ന് ഏറ്റെടുത്തത് ‘ട്വീറ്റേഴ്സ്’ ആയിരുന്നു. അവരുടെ ‘ട്വീറ്റു’കള്‍ ലോക മാധ്യമങ്ങള്‍ക്ക് വഴികാട്ടിയായി. ‘#mumbai’ എന്ന കീവേര്‍ഡില്‍ സന്ദേശങ്ങള്‍ പാഞ്ഞു. പലപ്പോഴും ദൃശ്യമാധ്യമങ്ങളുടെ വസ്തുനിഷ്ഠമല്ലാത്ത റിപ്പോര്‍ട്ടുകളെയും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള വാര്‍ത്തകളേയും നിമിഷങ്ങള്‍കൊണ്ട് പൊളിച്ചുകളയുന്നതില്‍ ട്വീറ്റുകള്‍ വഹിച്ച പങ്ക് വലിയതാണ്. ഒരുഘട്ടത്തില്‍ ബിബിസിയും റോയിട്ടേഴ്സും പോലും ട്വീറ്റുകളെ അടിസ്ഥാനമാക്കി മുംബയ് ഭീകരാക്രമണത്തിന്റെ അപ്ഡേറ്റുകള്‍ നല്‍കാന്‍ തയ്യാറായി. 

 

വലിയ നഷ്ടങ്ങള്‍

 

യുഎസ് സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ച വലിയ രണ്ട് നഷ്ടങ്ങളാണ് സമ്മാനിച്ചത്. ഏറെ പ്രതീക്ഷയുണര്‍ത്തിയ പാലിംപ്സെറ്റ്സ് പ്രോജക്ടിന്റെ ഭ്രൂണഹത്യയായിരുന്നു അതിലൊന്ന്. യാഹൂവിന്റെ ഐഡിയ ഇന്‍കുബേറ്ററായിരുന്ന ബ്രിക് ഹൌസിന്റെ അടച്ചുപൂട്ടലായിരുന്നു, മറ്റൊന്ന്. പാലിംപ്സെറ്റ്സ് കൂടാതെ ബീറ്റയില്‍ എത്തിയിരുന്ന ഗൂഗിള്‍ ലാബ്സ് പ്രോജക്ട് ആയിരുന്ന ലൈവ്‌ലിയും ഡിസംബര്‍ 31ന് അടച്ചുപൂട്ടപ്പെട്ടു. സെക്കന്‍ഡ് ലൈഫിന്റെ മാതൃകയില്‍ ത്രിമാന ഓണ്‍ലൈന്‍ ജീവിതങ്ങള്‍ക്ക് അവസരമൊരുക്കുന്ന അനിമേറ്റഡ് എന്‍വയണ്‍മെന്റായിരുന്നു, ലൈവ്‌ലി. ലൈവ്‌ലിയുടേത് വലിയ നഷ്ടമായി എണ്ണാനാവില്ലങ്കിലും പാലിംപ്സെറ്റ്സിന്റെ കാര്യം അങ്ങനെയല്ല. അതുയര്‍ത്തിയ വാഗ്ദാനം തന്നയാണ് നഷ്ടത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നത്. 

 

ഗൂഗിള്‍ റിസേര്‍ച്ച് ഡേറ്റാസെറ്റ്സ് എന്നുകൂടി പേരുണ്ടായിരുന്ന പാലിംപ്സെറ്റ്സ് പ്രോജക്ട് ലാബ്സില്‍ അനൌണ്‍സ് ചെയ്യപ്പെടുംമുമ്പാണ് അടച്ചുപൂട്ടുന്നത്. ഔദ്യോഗികമായി 2009 ജനുവരിയിലാവും അത് സംഭവിക്കുക എങ്കിലും ഫലത്തില്‍ 2008ല്‍ തുടങ്ങി 2008ല്‍ അവസാനിച്ച സ്വപ്നമായിരുന്നു അത്. ശാസ്ത്രീയ ഗവേഷണങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഭീമമായ ഡേറ്റകള്‍ സൂക്ഷിക്കുന്നതിനും സ്വതന്ത്രമായി വിതരണം ചെയ്യുന്നതിനും വേണ്ടി ഒരുക്കിയ സയന്റിഫിക് ഡേറ്റ സര്‍വീസായിരുന്നു, അത്. എന്നാല്‍ ഗൂഗിള്‍ സയന്റിഫിക് പ്രോജക്ടില്‍ നിന്ന് പിന്മാറുമ്പോള്‍ ആ കുറവ് നികത്താന്‍ ആമസോണിന്റെ പബ്ളിക് ഡേറ്റ സര്‍വ്വീസ് 2008ല്‍ തന്നെ പ്രവര്‍ത്തനപഥത്തിലെത്തിയെന്നതും ശ്രദ്ധേയമാണ്. 

 

ക്ളൌഡ് കമ്പ്യൂട്ടിങ്

 

ക്ളൌഡ് കമ്പ്യൂട്ടിങ് ആണ് 2008നെ ശ്രദ്ധാകേന്ദ്രമാക്കിയ മറ്റൊരു മികച്ച കുതിപ്പ്. ആപ്ളിക്കേഷനുകള്‍ വെബില്‍ റണ്‍ ചെയ്യുകയും ഡേറ്റ വെബ്ബില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനമെന്ന് വേണമെങ്കില്‍ ക്ളൌഡിനെ ചുരുക്കിപ്പറയാം. വെള്ളത്തെ ഉള്ളില്‍ വഹിക്കുന്ന മേഘങ്ങളെ പോലെ കമ്പ്യൂട്ടിങ്ങിന്റെ ശക്തി മുഴുവന്‍ ഹോം പിസികളില്‍ നിന്ന് ക്ളൌഡിലേക്ക് മാറുകയാണ്.  ആമസോണിന്റെ ഇലാസ്റിക് കമ്പ്യൂട്ടര്‍ ക്ളൌഡ് (ഇസി2), മൈക്രോസോഫ്റ്റിന്റെ ആഷ്വര്‍ സര്‍വീസസ് പ്ളാറ്റ്ഫോം, ഗൂഗിളിന്റെ ആപ്പ് എഞ്ചിന്‍, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളായ കാലിഫോര്‍ണിയ സര്‍വ്വകലാശാലയുടെ യൂക്കാലിപ്റ്റസ്, ഷിക്കാഗോ സര്‍വ്വകലാശാലയുടെ ഗ്ളോബസ് നിംബസ്, ഐബിഎമ്മിന്റെ റിസര്‍വോയര്‍, എനോമലിയുടെയും 10ജെന്നിന്റെയും ക്ളൌഡ് കമ്പ്യൂട്ടിങ് പ്രോജക്ടുകള്‍, സെയ്ല്‍സ്ഫോഴ്സ്.കോമിന്റെ ഫോഴ്സ്.കോം പ്ളാറ്റ്ഫോമും ആപ്പ്എക്സ്ചേഞ്ചും, യാഹൂ, എച്ച്പി, ഇന്റല്‍ എന്നിവ സംയുക്തമായി വികസിപ്പിക്കുന്ന ക്ളൌഡ് കമ്പ്യൂട്ടിങ് ടെസ്റ് ബെഡ്, ചെറിപാല്‍, സോന്‍ബു, ജിഒഎസ് എന്നിവരുടെ തിന്‍ ക്ളയന്റ് എന്‍വയണ്‍മെന്റുകള്‍, ഗോഗ്രിഡ്, സ്കൈടാപ് എന്നീ ഫുല്‍ സ്കെയില്‍ വെര്‍ച്വലൈസേഷനുകള്‍, സണ്‍ ഗ്രിഡിന്റെ ഗ്രിഡ് കമ്പ്യൂട്ടിങ്, റൈറ്റ് സ്കെയ്ലിന്റെ മാനേജ്മെന്റ്, സൊളാരിസ്, എഐഎക്സ്, റെഡ്ഹാറ്റ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റങ്ങള്‍, സിട്രിക്, വിഎംവെയര്‍, സണ്‍ എക്സ് വിഎം തുടങ്ങിയ പ്ളാറ്റ്ഫോമുകള്‍, എന്നിങ്ങനെ ക്ളൌഡ് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട പ്രോജക്ടുകളും കമ്പനികളും ഏറെയാണ്. അജാക്സ്, പൈത്തണ്‍, റൂബി ഓണ്‍ റെയ്ല്‍സ് തുടങ്ങിയ സ്ക്രിപ്റ്റിങ് ലാങ്വേജുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കാന്‍ ഇടയായ സംഭവവുമാണിത്. സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ് (സാസ്) മോഡലിന് വേണ്ടി ജിപിഎല്‍ വേര്‍ഷന്‍ 3ന്റെ വകഭേദമായ അഫെറോ ജനറല്‍ പബ്ളിക് ലൈസന്‍സ് ഫ്രീസോഫ്റ്റ്വെയര്‍ ഫൌണ്ടഷന്‍ പുറത്തിറക്കിയതും ഈ വര്‍ഷം തന്നെ. 

 

കെഡിഇ 4

 

സ്വതന്ത്ര ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസായ കെഡിഇ ഏറെ നാളുകള്‍ക്ക് ശേഷം പുതിയ വേര്‍ഷന്‍ പുറത്തിറക്കി. പ്രധാനമായും ഗ്നൂ/ലിനക്സ് സിസ്റങ്ങളില്‍ ഉപയോഗിക്കുന്ന കെഡിഇ ഗുയി വിന്‍ഡോസിലും പ്രവര്‍ത്തിക്കും. 

ഫ്ളാഷ് മെമ്മറി, ആറ്റം പ്രോസസര്‍

നെറ്റ്ബുക്കുകളില്‍ ഉപയോഗത്തിലിരിക്കുന്ന എസ്എസ്ഡികളും ഇന്റലിന്റെ ആറ്റം പ്രോസസറുകളും പുറത്തിറങ്ങിയത് 2008ലാണ്.

 

ഐടി നിയമഭേദഗതി

 

ഇന്ത്യന്‍ പാര്‍ലമെന്റ് 2006ല്‍ അവതരിപ്പിച്ച ഐടി നിയമ ഭേഗഗതി പാസായത് ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ്. പാര്‍ലമെന്റില്‍ ആന്തുലെയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നുള്ള ബഹളത്തിനിടയില്‍ ആരോരുമറിയാതെ ഒരു ചര്‍ച്ചയും കൂടാതെ നിര്‍ണ്ണായകമായ ഭേദഗതി നിയമമായി. യുഎസില്‍ ജൂലിയ അമേരോ എന്ന അധ്യാപികയ്ക്ക് കടന്നുപോകേണ്ടി വന്ന ദുരന്തപര്‍വ്വം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഓരോ കമ്പ്യൂട്ടര്‍ ഉപയോക്താവിനേയും കാത്തിരിക്കുന്നു എന്ന് ഭീതിയുണര്‍ത്തുന്ന നിയമഭേദഗതിയാണ് പാസായത്. കുറ്റം ചെയ്തുവെന്ന് തെളിയിക്കേണ്ട ബാധ്യത ഇതേ വരെ അന്വേഷണ ഏജന്‍സികള്‍ക്കായിരുന്നങ്കില്‍ ഈ നിയമഭേദഗതിയോടെ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിയാക്കപ്പെടുന്നയാളില്‍ വന്നുചേരുകയാണ്. വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ പോന്ന വ്യവസ്ഥകളടങ്ങിയതാണ് ഈ ഭേദഗതി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: