Posted by: absolutevoid | നവംബര്‍ 26, 2008

ആദ്യ ട്രിപ്പിൾ എഞ്ചിൻ വെബ്‌ ബ്രൗസറുമായി ലൂണാസ്കേപ്പ്‌

ഒന്നിലേറെ വെബ്‌ ബ്രൗസറുകൾ ഉപയോഗിക്കാറുണ്ടോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കുവേണ്ടിയുള്ളതാണ്‌ ലൂണാസ്കേപ്പ്‌. വിവിധ ബ്രൗസറുകളിൽ ഉപയോഗിക്കപ്പെടുന്ന മൂന്ന്‌ പ്രമുഖ റെൻഡറിങ്‌ എഞ്ചിനുകളും ഒരേ സമയം അടങ്ങിയതാണ്‌ ലൂണാസ്കേപ്പ്‌ 5 ജനസിസ്‌,  മൊസില്ല ഫയർഫോക്സിന്റെ ഗെക്കോ, ഇന്റർനെറ്റ്‌ എക്സ്പ്ലോററിന്റെ ട്രൈഡന്റ്‌, ആപ്പിൾ സഫാരിയിലും ഗൂഗിൾ ക്രോമിലും ഉപയോഗിക്കുന്ന വെബ്കിറ്റ്‌ എന്നീ റെൻഡറിങ്‌ എഞ്ചീനുകൾ അടങ്ങിയ ഈ പുതിയ അപ്ഡേറ്റിന്റെ ആൽഫ വേർഷനാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്‌.
3engineജപ്പാനിലെ ടോക്യോ ആസ്ഥാനമായ വെബ്‌ സോഫ്റ്റ്‌വെയർ കമ്പനിയാണ്‌ ലൂണാസ്കേപ്പ്‌.  2001ലാണ്‌ ലൂണാസ്കേപ്പിന്റെ ആദ്യ വേർഷൻ പുറത്തിറങ്ങുന്നത്‌. എന്നാൽ ഇതേ വരെ ജാപ്പനീസ്‌ ഭാഷയിൽ മാത്രമായിരുന്നു, ബ്രൗസർ ലഭ്യമായിരുന്നത്‌. ഇംഗ്ലീഷ്‌ ഭാഷയിൽ ലഭ്യമായ ലൂണാസ്കേപ്പ്‌ 5 ജനസിസ്‌ ആൽഫ, വിൻഡോസിൽ മാത്രം പ്രവർത്തിക്കുന്ന ബ്രൗസറാണ്‌.
വെബ്‌ മാനകങ്ങൾക്ക്‌ അനുസൃതമായ സാങ്കേതിക നിലവാരം പുലർത്താത്ത വെബ്‌ സൈറ്റുകളുടെ എണ്ണപ്പെരുക്കത്താലും അവ പ്രദർശിപ്പിക്കാൻ എല്ലാ ബ്രൗസറുകൾക്കും കഴിയാത്തതിനാലും വിവിധ വെബ്‌ ബ്രൗസറുകൾ മാറി മാറി ഉപയോഗിക്കുന്നത്‌ ഇന്റർനെറ്റ്‌ സ്ഥിരമായി സർഫ്‌ ചെയ്യുന്നവരുടെ ശീലമാണ്‌. റെൻഡറിങ്‌ എഞ്ചിനിലെ വ്യത്യാസം മൂലം വെബ്‌ സൈറ്റുകളിലെ ഫങ്ഷനുകളും ആപ്ലിക്കേഷനുകളും ഓരോ ബ്രൗസറിലും പ്രവർത്തിക്കുന്നതും വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഓരോ വെബ്‌ പേജും ഡിസൈൻ ചെയ്യപ്പെടുന്നത്‌ പ്രാഥമികമായും ഏതെങ്കിലും ഒരു ബ്രൗസറിൽ ഏറ്റവും നന്നായി പ്രദർശിപ്പിക്കപ്പെടാൻ വേണ്ടിയാവണം.
ചില വെബ്‌ സൈറ്റുകൾ ഫയർഫോക്സിനും ഐസ്‌വീസലിനും വേണ്ടി ഒരുക്കപ്പെടുമ്പോൾ മറ്റുചിലവ സഫാരിക്കും ക്രോമിനും വേണ്ടിയും ഇനിയും ചിലത്‌ ഓപ്പറയ്ക്ക്‌ വേണ്ടിയും ചിലത്‌ ഇന്റർനെറ്റ്‌ എക്സ്പ്ലോററിനു വേണ്ടിയും ആയിരിക്കും ഒരുക്കപ്പെടുക. ഈ സൈറ്റുകൾ അക്സസ്‌ ചെയ്യുന്ന സാധാരണ ഉപയോക്താവിനാകട്ടെ, ഇതേക്കുറിച്ച്‌ വ്യക്തമായ ധാരണ കാണുകയുമില്ല. ഓരോ ബ്രൗസറിലും സൈറ്റ്‌ തുറന്നുകാണുക എന്നത്‌ വലിയ മെനക്കേടുമാകും.
അങ്ങനെയെങ്കിൽ ലോകത്തിലെ പ്രമുഖ ബ്രൗസറുകളുടെയെല്ലാം റെൻഡറിങ്‌ എഞ്ചിൻ ഒരുമിച്ച്‌ ഒരു ബ്രൗസറിൽ എത്തുകയും പേജിന്റെ സ്വഭാവമനുസരിച്ച്‌ ഏതു റെൻഡറിങ്‌ എഞ്ചിൻ ഉപയോഗിക്കണമെന്ന്‌ ബ്രൗസർ സ്വയം തീരുമാനിക്കുകയും ചെയ്താൽ എങ്ങനെയിരിക്കും? അതാണ്‌ ലൂണാസ്കേപ്പ്‌ ചെയ്യുന്നത്‌. ഡീഫോൾട്ട്‌ റെൻഡറിങ്‌ എഞ്ചിൻ ഏതുവേണമെന്ന്‌ നിശ്ചയിക്കാനും ആവശ്യമെങ്കിൽ ഒരു പേജ്‌ പ്രദർശിപ്പിക്കാൻ ഉപയോഗിച്ച റെൻഡറിങ്‌ എഞ്ചിൻ ഉപയോക്താവിന്‌ തന്നെ മാറ്റാനും ലൂണാസ്കേപ്പ്‌ അവസരം നൽകുന്നു.

വെബ്‌ ബ്രൗസറിന്റെ ലോകത്തെ പുതിയ സാധ്യതകളെ എന്നും തുറന്ന മനസ്സോടെയാണ്‌ ലൂണാസ്കേപ്പ്‌ സ്വീകരിച്ചിട്ടുള്ളതെന്ന്‌ കമ്പനി പറയുന്നു. സേർച്ച്‌ ബാർ ഉള്ളടക്കം ചെയ്ത ആദ്യ വെബ്‌ ബ്രൗസർ ലൂണാസ്കേപ്പ്‌ ആയിരുന്നു. കസ്റ്റമൈസ്‌ ചെയ്യാവുന്ന സ്കിൻ സിസ്റ്റവും ആദ്യം അവതരിപ്പിച്ചത്‌ അവർ തന്നെ. ട്രിപ്പിൾ എഞ്ചിൻ ആണ്‌ ഒടുവിലത്തെ കൂട്ടിച്ചേർപ്പ്‌.
ലോകത്തെ ഏറ്റവും വേഗതയേറിയ ജാവാ സ്ക്രിപ്റ്റ്സ്‌ എക്സിക്യൂഷനിലൂടെ ഇതര ബ്രൗസറുകളെ അപേക്ഷിച്ച്‌  മൂന്നിരട്ടി വേഗത കൈവരിക്കാനായതായും കമ്പനി അവകാശപ്പെടുന്നു. ഫയർഫോക്സിന്റെ ഹൃദയമെന്ന്‌ പറയാവുന്ന ഗെക്കോയുടെ ഏറ്റവും പുതിയ വേർഷനാണ്‌ ലൂണാസ്കേപ്പിലുള്ളത്‌. ഗെക്കോ റെൻഡറിങ്‌ എഞ്ചിനിൽ വരുത്തിയ ചില്ലറ മെച്ചപ്പെടുത്തലുകളിലൂടെയാണ്‌ ലോകത്തിലെ വേഗതയേറിയ ജാവാ സ്ക്രിപ്റ്റ്‌ എക്സിക്യൂഷൻ സാധ്യമാക്കിയത്‌.
ജനകീയമായ ഐഇ ടൂൾബാറുകളും ആഡ്‌ ഓണുകളും ലൂണാസ്കേപ്പിന്റെ സ്വന്തം ആഡ്‌ ഓണുകളും ലൂണാസ്കേപ്പിൽ പ്രവർത്തിക്കും.  ഫയർഫോക്സ്‌ എക്സ്റ്റൻഷനുകളും അധികം കാലതാമസം കൂടാതെ പുതിയ ബ്രൗസറിൽ പ്രവർത്തനക്ഷമമാകും എന്നാണ്‌ കമ്പനി പറയുന്നത്‌. മറ്റു ബ്രൗസറുകളിൽ ആഡ്‌ ഓണുകൾ ഇൻസ്റ്റോൾ ചെയ്താൽ മാത്രം ലഭ്യമാകുന്ന ഫങ്ഷനുകൾ ലൂണാസ്കേപ്പിലെ സ്റ്റാൻടേർഡ്‌ ഫങ്ഷനുകളാവും.
ആന്റി ക്രാഷ്‌ ടെക്നോളജിയാണ്‌ ബ്രൗസറിന്റെ മറ്റൊരു പ്രത്യേകത. ഒരു പേജിലെ പ്രശ്നം മൂലം വിൻഡോയിലെ മുഴുവൻ ടാബുകളും അടഞ്ഞുപോകാൻ ലൂണാസ്കേപ്പ്‌ അനുവദിക്കില്ല. പകരം പ്രശ്നമുള്ള ടാബ്‌ മാത്രമായി അടയ്ക്കും. എന്തുകൊണ്ടാണ്‌ അത്‌ ക്രാഷ്‌ ചെയ്തതെന്ന വിവരവും ബ്രൗസർ പ്രദർശിപ്പിക്കും.
ടൂൾബാറുകളോ കീബോർഡോ ഉപയോഗിക്കാതെ തന്നെ മൗസ്‌ ക്ലിക്ക്‌ & ഡ്രാഗ്‌ ചെയ്ത്‌ പേജ്‌ ഫോർവേഡ്‌, ബാക്‌വേഡ്‌, ക്ലോസ്‌, റിഫ്രഷ്‌ എന്നീ ആജ്ഞകൾ എക്സിക്യൂട്ട്‌ ചെയ്യാനാവും.
ലൂണാസ്കേപ്പ്‌ ടാബ്‌ ബ്രൗസിങ്‌ എനേബിൾ ചെയ്തിട്ടുണ്ട്‌. ഒരേ സമയം 100 ടാബുകൾ വരെ ഇതിൽ തുറക്കാനാവുമെന്നാണ്‌ അധികൃതർ പറയുന്നത്‌.
ബ്രൗസർ ഉപയോഗിക്കുന്ന സമയത്ത്‌ ഇടവിട്ടിടവിട്ട്‌ ആർഎസ്‌എസ്‌ ഫീഡുകൾ ന്യൂസ്‌ അപ്ഡേറ്റ്‌ നൽകിക്കൊണ്ടിരിക്കും. ഏതാനും തവണ മൗസ്‌ അമർത്തുന്നതിലൂടെ പുതിയ ഫീഡുകൾ സബ്സ്ക്രൈബ്‌ ചെയ്യാനും കഴിയും. ബ്രൗസർ മിനിമൈസ്‌ ചെയ്തിടുമ്പോൾ പോലും പോപ്‌ അപ്‌ മെനുവായി ന്യൂസ്‌ ഹെഡ്ലൈനുകൾ പ്രദർശിപ്പിക്കും. പോഡ്കാസ്റ്റുകളും ലൂണാസ്കേപ്പ്‌ ഉപയോഗിച്ച്‌ സബ്സ്ക്രൈബ്‌ ചെയ്യാം.
വെബ്മെയിലിലോ ബ്ലോഗിലോ എഴുതിയ വരികൾ അബന്ധവശാൽ തെറ്റായ ബട്ടൺ അമർത്തിയതുമൂലമോ കണക്ഷൻ തകരാറുമൂലമോ നഷ്ടമായി പോയാലും ലൂണാസ്കേപ്പ്‌ ഓട്ടോ-സേവർ ഓർമ്മയിൽ നിന്ന്‌ എൻട്രി വീണ്ടെടുത്തുതരും.
ഫിഷിങ്‌, വൈറസ്‌, സ്പൈവെയർ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കാൻ വെബ്ബിൽ നിന്ന്‌ എന്തെങ്കിലും ഡൗൺലോഡ്‌ ചെയ്യുമ്പോൾ ജാവ, ആക്ടീവ്‌എക്സ്‌ സ്ക്രിപ്റ്റുകൾ പ്രവർത്തനരഹിതമാക്കാനും ഈ ബ്രൗസറിന്‌ സാധിക്കും. സേർച്ച്‌ ബാറിൽ നിന്ന്‌ ഇഷ്ടമുള്ള സേർച്ച്‌ എഞ്ചിൻ ഡ്രോപ്‌ ഡൗൺ മെനു ഉപയോഗിച്ച്‌ തിരഞ്ഞെടുത്ത്‌ ഉപയോഗിക്കാനുമാവും.
ലൂണാസ്കേപ്പിന്റെ ജാപ്പനീസ്‌ വേർഷൻ 2004ന്‌ ശേഷം ഒരുകോടി പ്രാവശ്യം ഡൗൺലോഡ്‌ ചെയ്യപ്പെട്ടതായി കമ്പനി അവകാശപ്പെടുന്നു. ആഗോള ബ്രൗസർ വിപണിയുടെ 5% കയ്യടക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ വർഷം ജൂണിൽ സാൻ ജോസിൽ പുതിയ സബ്സിഡിയറി കമ്പനി, ലൂണാസ്കേപ്പ്‌ ആരംഭിച്ചത്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: