Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

യുഎസ്‌ പ്രതിരോധ വകുപ്പും സ്വതന്ത്ര സോഫ്റ്റ്‌വെയർ പുൽകുന്നു?

യുഎസിലെ വാർഷിക പ്രതിരോധ ബജറ്റ്‌ റീഓഥറൈസേഷൻ ബില്ലിന്റെ ചർച്ചയ്ക്കായി നൽകിയിരിക്കുന്ന കരടിൽ ഓപ്പൺസോഴ്സ്‌ സോഫ്റ്റ്‌വെയറുകളെ പരിഗണിക്കാൻ നിർദ്ദേശം. ഏരിയൽ വിയക്കിൾ ടെക്നോളജി, വെറ്ററൻ ഹെൽത്ത്‌ സിസ്റ്റംസ്‌ തുടങ്ങിയവയുടെ പ്രോക്യൂര്‍മന്റ്‌ സ്ട്രാറ്റജിയിലാണ്‌ ഓപ്പൺസോഴ്സ്‌ സോഫ്റ്റ്‌വെയർ (ഒഎസ്‌എസ്‌) ഉപയോഗിക്കുന്നതിന്റെ സാധ്യത പരിഗണിക്കണമെന്ന്‌ പറയുന്നത്‌. ബിൽ പാസാകുന്ന പക്ഷം ഇതാദ്യമായാവും ഒഎസ്‌എസിനുള്ള മുൻഗണന  ‘നാഷണൽ ഡിഫൻസ്‌ ഓഥറൈസേഷൻ ആക്ട്‌’ പരസ്യമായി പ്രഖ്യാപിക്കുന്നത്‌.

കഴിഞ്ഞ ഏതാനുംവർഷങ്ങളായി ധാരാളം പൊതുമേഖലാ സംരംഭങ്ങളിൽ ഒഎസ്‌എസിനോട്‌ പ്രിയമേറുകയാണ്‌. വികസിച്ചുവരുന്ന ഓപ്പൺ ടെക്നോളജികൾ ഉപയോഗിച്ച്‌ തങ്ങളുടെ ഐടി ചെലവ്‌ കുറയ്ക്കാനും ടെക്നോളജിക്കൽ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കാനുമുള്ള ശ്രമങ്ങളിലാണ്‌ വിവിധ ദേശരാഷ്ട്രങ്ങൾ. മെച്ചപ്പെട്ട ഇന്റർ ഓപ്പറേറ്റബിളിറ്റി, ഏതെങ്കിലും ഒരു വെന്‍ഡറോടുള്ള ആശ്രിതത്വത്തിൽ നിന്ന്‌ മോചനം, മത്സരക്ഷമമായ പ്രൈസിങ്‌, അധികവഴക്കം തുടങ്ങിയ മെച്ചങ്ങളാണ്‌ ഇതിൽ പ്രധാനം.

സൈനികകാര്യങ്ങളിൽ ഒഎസ്‌എസിന്റെ വിന്യാസം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അനുഭവിച്ചറിയാവുന്ന തന്ത്രപരമായ മുൻതൂക്കം ഇതിലൂടെ സൈന്യത്തിന്‌ നേടാനാവും. 2006ൽ യുഎസ്‌ ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ ഡിഫൻസിന്റെ ഓപ്പൺ ടെക്നോളജി ഡവലപ്‌മന്റ്‌ റോഡ്മാപ്‌ എന്ന നയരേഖ തയ്യാറാക്കിയ ഡെപ്യൂട്ടി അണ്ടർസെക്രട്ടറി പേയ്റ്റൺ പറയുന്നത്‌ ആധുനിക യുദ്ധതന്ത്രം പരിപക്വമാക്കാൻ ഒഎസ്‌എസ്‌ സഹായിക്കുമെന്നാണ്‌. ജേണൽ ഓഫ്‌ മിലിറ്ററി ഇൻഫർമേഷൻ ടെക്നോളജിക്ക്‌ വേണ്ടി തയ്യാറാക്കിയ നയരേഖയിൽ പേയ്റ്റൺ പ്രോപ്രൈറ്ററി സോഫ്റ്റ്‌വെയർ വികസന മോഡലിനെ “തകർന്ന” ഭൂതകാലാചാരമെന്ന്‌ പരിഹസിച്ചിരുന്നു. യുഎസ്‌ മിലിറ്ററിയെ ആധുനികവത്കരിക്കാനുള്ള ശ്രമങ്ങളെ തടയുന്നതിൽ പ്രൊപ്രൈറ്ററി സാങ്കേതികവിദ്യകൾ പ്രധാന പങ്കാണ്‌ വഹിക്കുന്നതെന്നാണ്‌ അവരുടെ ആക്ഷേപം. ഒഎസ്‌എസ്‌ സ്വീകരിക്കുന്ന പക്ഷം വിവിധ ആപ്ലിക്കേഷനുകൾക്കായി ഒരേ കോഡ്‌ പങ്കുവയ്ക്കാനാവുമെന്നും ഓരോതവണയും ആദ്യംമുതൽ എല്ലാംകണ്ടെത്തേണ്ടിവരുന്ന മെനക്കേട്‌ ഒഴിവാക്കാമെന്നും അവർ പറയുന്നു.

“നിർഭാഗ്യവശാൽ ഇത്തരം സാങ്കേതിക പ്രതികരണാത്മകതയും  സുഗമമായും വേഗത്തിലും മാറാനുള്ള കഴിവും ഇന്ന്‌ ഇല്ലാതിരിക്കുന്നത്‌ പ്രതിരോധ വകുപ്പ്‌ ഉപയോഗിക്കുന്ന പ്രോപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ മൂലമാണ്‌. ശതകോടിക്കണക്കിന്‌ ഡോളർ ചെലവഴിച്ച്‌ നിർമ്മിച്ച സോഫ്റ്റ്‌വെയറിലെ ദശലക്ഷക്കണക്കിന്‌ കോഡ്‌ വരികളുടെ മേലെ പ്രതിരോധ വകുപ്പിന്‌ നാമമാത്ര അവകാശങ്ങളുണ്ടെങ്കിലും ഈ ‘ബ്ലാക്‌ ബോക്സു’കൾ അക്സസ്‌ ചെയ്യാനും തിരുത്താനും ഒറിജിനൽ വെന്‍ഡറിനല്ലാതെ മറ്റാർക്കുമാവില്ല. ഇൻഫർമേഷൻയുഗത്തിലെ യുദ്ധതന്ത്രത്തിൽ, നമ്മുടെ ശത്രുക്കളെക്കാൾ വേഗത്തിൽ പരിണമിക്കാൻ നമ്മളെ അനുവദിക്കുന്ന ബിസിനസ്‌ പ്രോസസുകളാണ്‌ ആവശ്യം. ഇവിടെ പ്രശ്നമെന്താണെന്ന്‌ വച്ചാൽ പ്രതിരോധ വകുപ്പിന്റെ സോഫ്റ്റ്‌വെയർ അക്വയർ ചെയ്തിരിക്കുന്നത്‌ കപ്പലുകളും ടാങ്കുകളും മറ്റ്‌ മെഷീനറികളും വാങ്ങാൻ ഉപയോഗിക്കുന്ന വ്യാവസായികയുഗത്തിലെ അതേ ബിസിനസ്‌ പ്രോസസുകൾ ഉപയോഗിച്ചാണെന്നതാണ്‌,” പേയ്റ്റൺ എഴുതുന്നു.

പേയ്റ്റണും മറ്റ്‌ ഒഎസ്‌എസ്‌ അഭിഭാഷകരും മുന്നോട്ടുവച്ച വാദങ്ങൾ കോൺഗ്രസ്‌ അംഗീകരിച്ചേക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഡിഫൻസ്‌ ബജറ്റ്‌ റീഓഥറൈസേഷൻ ബില്ലിന്റെ ലക്ഷ്യങ്ങളെ പരാമർശിച്ച്‌ കോൺഗ്രസിന്റെ ആംഡ്‌ സർവീസസ്‌ കമ്മിറ്റി അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ ഒഎസ്‌എസിന്റെ ഉപയോഗം സുരക്ഷിതത്വം വർധിപ്പിക്കുമെന്നും സൈന്യത്തിന്‌ പ്രോപ്രൈറ്ററി സോഫ്റ്റ്‌വെയർ വെന്‍ഡർമാരുമായി ഡീൽ ചെയ്യുമ്പോൾ കൂടുതൽ ലിവറേജ്‌ ലഭിക്കുമെന്നും പറയുന്നു.

“ഇൻട്രാ ഡിപ്പാർട്ട്‌മന്റ്‌ സോഫ്‌വെയർ വികസനത്തിന്‌ ഒഎസ്‌എസിനെ തുറന്ന മനസ്സോടെ ആശ്രയിക്കാനും ഒരു മാനകമായി നിലനിർത്താനും കമ്മറ്റി പ്രതിരോധവകുപ്പിനെ പ്രോത്സാഹിപ്പിക്കുന്നു,” റിപ്പോർട്ട്‌ പറയുന്നു. “പ്രോപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ ലഭ്യത കമ്മിറ്റി ശ്രദ്ധിക്കുകയും അവശ്യവും യോജ്യവുമെങ്കിൽ അതിന്റെ വികസനവും ഏറ്റെടുക്കലും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നിരിക്കിലും ഒഎസ്‌എസ്‌ സ്റ്റാൻഡേർഡിന്റെ വ്യാപകമായ വിന്യാസം കൂടുതൽ സുരക്ഷിതമായ സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിലേക്ക്‌ നയിക്കുക മാത്രമല്ല, പ്രോപ്രൈറ്ററി സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിൽ ഉള്ള അമിത ആശ്രിതത്വം മൂലമുളവാകുന്ന സാമ്പ്രദായിക കടമ്പകളെ തൃണവൽഗണിച്ച്‌ മത്സരക്ഷമമായ അന്തരീക്ഷം വളർത്താനും ഉപകരിക്കുമെന്ന്‌ കമ്മിറ്റി വിശ്വസിക്കുന്നു.”

ഒഎസ്‌എസിന്റെ സുരക്ഷിതത്വത്തെയും വിശ്വാസ്യതയേയും പ്രശംസിക്കുന്ന റിപ്പോർട്ടിൽ ഓപ്പൺ ഡവലപ്‌മന്റ്‌ മോഡൽ “വിവിധ പ്രോഗ്രാമർമാരുടെ പുനഃപരിശോധനയ്ക്കും ടെസ്റ്റിങ്ങിനും മെച്ചപ്പെടുത്തലിനുമായി പൊതുവിൽ ലഭ്യമാക്കുകവഴി സോഫ്റ്റ്‌വെയർ ഡവലപ്‌മന്റ്‌ നടപടികളിൽ കൂടുതൽ ചലനാത്മകതയും ഉറപ്പാക്കുന്ന”തായി എടുത്തുപറയുന്നു.

ആർമി ഫ്യൂച്ചർ കോമ്പാറ്റ്‌ സിസ്റ്റംസ്‌ പ്രോഗ്രാമിലും ലാൻഡ്‌ വാര്യർ പ്രോഗ്രാമിലും ലിനക്സ്‌ ഇതിനോടകം തന്നെ ഉപയോഗിക്കുന്നുണ്ട്‌. വ്യാപകമായി ഉപയോഗത്തിലുള്ള ഓപ്പൺ സോഴ്സ്‌ സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച്‌ ലിനക്സ്‌ അധിഷ്ഠിത കോമ്പാറ്റ്‌ ടെക്നോളജി വികസിപ്പിക്കുന്നത്‌ സ്വതന്ത്രസോഫ്റ്റ്‌വെയർ സമൂഹത്തെ കുറച്ചൊന്നുമല്ല, ആഹ്ലാദിപ്പിക്കുന്നത്‌. സെനറ്റും കോൺഗ്രസിന്റെ ഈ നീക്കത്തെ പിന്തുണച്ചാൽ കൂടുതൽ സൈനിക സാങ്കേതികവിദ്യകളിൽ ഓപ്പൺസോഴ്സ്‌ ഉപയോഗിക്കുന്നത്‌ ഭാവിയിൽ കാണാനായേക്കും.

Advertisements

Responses

  1. അമീഗ ഓ.എസ് ഒക്കെ വിസ്മൃതിയില്‍ ആയതു പോലെ ഒരു പക്ഷെ എല്ലാ പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും അസ്തമിക്കുന്ന കാലം അതിവിദൂരമൊന്നുമല്ല. (അങ്ങനെ തന്നെ ആയിരിക്കട്ടെ.)


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: