Posted by: absolutevoid | സെപ്റ്റംബര്‍ 18, 2008

ഇന്ധനമേതായാലും എഞ്ചിൻ ഒന്നുമതി

സ്പാര്‍ക് ഇഗ്നൈറ്റഡ് ആയ ഏതു് ഇന്ധനവും ഉപയോഗിക്കാവുന്ന യന്ത്രം

സ്പാര്‍ക് ഇഗ്നൈറ്റഡ് ആയ ഏതു് ഇന്ധനവും ഉപയോഗിക്കാവുന്ന യന്ത്രം

‘ഒമ്‌നിവോറസ്‌ എഞ്ചിന്‌’ ഇഷ്ടഭക്ഷണം എന്നൊന്നില്ല. പെട്രോളെങ്കിൽ നൂറുസമ്മതം. ഇനി എഥനോളോ ബൂട്ടനോളോ എന്തുമാകട്ടെ, സുസ്വാഗതം.

ഒമ്‌നിവോറസ്‌ എഞ്ചിന്റെ സൃഷ്ടാക്കളായ യുഎസ്‌ ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ എനർജിയുടെ ആർഗോൺ നാഷണൽ ലബോറട്ടറിയിലെ എഞ്ചിനീയർമാർ ശ്രമിക്കുന്നത്‌ സ്പാർക്ക്‌ ഇഗ്നൈറ്റഡ്‌ ആയ ഏതിനം ഇന്ധനത്തിലും പ്രവർത്തിക്കുന്ന എഞ്ചിൻ നിർമ്മിക്കാനാണ്‌. ഡീസൽ സ്പാർക്ക്‌ ഇഗ്നൈറ്റഡ്‌ ഇന്ധനമല്ലാത്തതിനാൽ അതുമാത്രം തത്കാലം ദഹിക്കില്ല.

പെട്രോളിൽ മാത്രമായോ അപൂർവ്വമായി പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതത്തിലോ മാത്രം പ്രവർത്തിക്കുന്ന സാധാരണ ഓട്ടോമൊബീൽ എഞ്ചിനുകളെ അപേക്ഷിച്ച്‌ പെട്രോൾ, എഥനോൾ, ബൂട്ടനോൾ എന്നിവയുടെ ഏതളവിലുള്ള മിശ്രിതത്തിലും ഏതെങ്കിലും ഒന്നിൽ മാത്രമായും മാറിമാറി പ്രവർത്തിക്കുന്ന എഞ്ചിനായാണ്‌ അവരുടെ ശ്രമം. ശാസ്ത്രലോകം വൻസാധ്യത കാണുന്ന ജൈവആൽക്കഹോൾ ആണ്‌ ബൂട്ടനോൾ.

ഒമ്‌നിവോറസ്‌ എഞ്ചിനിലെ സെൻസറുകൾ ഉള്ളിലുള്ള ഇന്ധനത്തിന്റെ മിശ്രിതം കണക്കാക്കി അതിന്‌ അനുഗുണമായി എഞ്ചിൻ കാലിബ്രേറ്റ്‌ ചെയ്യുകയും അതുവഴി ലഭ്യമായ ഇന്ധനം ഏറ്റവും കാര്യക്ഷമമായി കത്താൻ സഹായിക്കുകയും ചെയ്യും.

പെട്രോളിലും എഥനോളിലും ഓടാവുന്ന ഫോർഡ്‌ മോഡൽ ടി എന്ന കാറിന്‌ ശേഷം പല വാഹനനിർമ്മാതാക്കളും വിവിധ ഫ്ലെക്സിബിൾ ഫ്യൂവൽ വിയക്കിൾസ്‌ അഥവാ എഫ്‌എഫ്‌വികൾ അവതരിപ്പിച്ചിരുന്നു. പെട്രോൾ, എഥനോൾ എഞ്ചിനുകൾ സ്പാർക്ക്‌ പ്ലഗ്ഗിന്റെ സഹായത്തോടെ വായു-ഇന്ധന മിശ്രിതത്തെ തീപിടിപ്പിക്കുകയാണ്‌ ചെയ്യുക എന്നതിനാൽ രണ്ടുതരം ഇന്ധനവും ഉപയോഗിക്കാൻ എഞ്ചിനെ പ്രാപ്തമാക്കുന്നത്‌ വലിയ പ്രയാസമുള്ള കാര്യമല്ലെന്ന്‌ ആർഗോണിലെ എനർജി സിസ്റ്റംസ്‌ ഡിവിഷനിൽ മെക്കാനിക്കൽ എഞ്ചിനീർ ആയ തോമസ്‌ വാൾനർ പറയുന്നു.

“ഒരു എഞ്ചിൻ വിവിധ ഇന്ധനങ്ങളിൽ പ്രവർത്തിക്കുമെന്ന്‌ പറയുമ്പോഴും അതൊരിക്കലും ഇന്ധനമിശ്രിതത്തെ ആശ്രയിക്കാതെ പരമാവധി കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന്‌ പറയാനാവില്ല,” വാൾനർ പറഞ്ഞു. “അവിടെയാണ്‌ ഒമ്‌നിവോറസ്‌ എഞ്ചിന്റെ ഉപയോഗം വരുന്നത്‌.”

സാധാരണയായി എല്ലാ ഏകഇന്ധന എഞ്ചിനുകളും മിക്ക ഫ്ലെക്സി ഇന്ധന എഞ്ചിനുകളും പെട്രോളിൽ നന്നായി പ്രവർത്തിക്കാനായിരിക്കും സുസജ്ജമാക്കുക. ഓരോ കറക്കത്തിലും ഇഞ്ചക്ട്‌ ചെയ്യപ്പെടുന്ന ഇന്ധനത്തിന്റെ അളവ്‌, ഇന്ധനം ഉള്ളിലേക്ക്‌ നൽകാനെടുക്കുന്ന സമയം, സ്പാർകിന്റെ ടൈമിങ്‌ തുടങ്ങി പല വേര്യബിളുകളും ട്യൂൺ ചെയ്താണ്‌ എഞ്ചിനീർമാരും വാഹനനിർമ്മാതാക്കളും എഞ്ചിൻ കാലിബ്രേറ്റ്‌ ചെയ്യുക.
വെവ്വേറെ ഇന്ധനമിശ്രിതങ്ങൾക്ക്‌ വിവിധ ഒപ്റ്റിമം മൂല്യമാകും ഇത്തരം ഓരോ വേര്യബിളിനും ഉണ്ടാവുക. ഒമ്‌നിവോറസ്‌ എഞ്ചിൻ ഇല്ലാതെ കാറുകൾക്ക്‌ വിവിധ ഇന്ധന മിശ്രിതങ്ങളോട്‌ സ്വതന്ത്രമായി ഒത്തുചേരാനും ഇന്ധക്ഷമത പരമാവധിയാക്കാനും സാധിക്കില്ല.

“പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതത്തിലാണ്‌ വാഹനം ഓടിക്കുന്നതെങ്കിൽ അവ രണ്ടും ഏതേതളവിലാണ്‌ കലർത്തിയിരിക്കുന്നത്‌ എന്നു കണ്ടെത്തുക, അത്ര വിഷമകരമല്ല,” വാൾനർ പറയുന്നു. “എന്നാൽ അതിലേയ്ക്ക്‌ അൽപ്പം ബുട്ടനോൾ കൂടി ചേർത്താൽ ഇവമൂന്നുംകൂടി ഏറ്റവും കാര്യക്ഷമമായി കത്താനുള്ള മാർഗ്ഗം കണ്ടെത്തുക എന്നത്‌ വെല്ലുവിളിയാണ്‌.”

“ടാങ്കിനുള്ളിൽ എന്താണെന്ന്‌ അറിയുകയല്ല, ആത്യന്തികലക്ഷ്യം. അതുപയോഗിച്ച്‌, പിന്നീട്‌ വരുന്നതെന്തായാലും അതും ഉപയോഗിച്ച്‌ എഞ്ചിൻ എങ്ങനെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാം എന്നു കണ്ടെത്തുകയാണ്‌,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ എഞ്ചിന്‌ സ്പാർക്ക്‌ മൂലം ഇഗ്നൈറ്റ്‌ ചെയ്യാവുന്ന ഏതിനം ദ്രവീകൃത ഇന്ധനത്തിലും നന്നായി പ്രവർത്തിക്കാനാവും.”

ഇന്ധനടാങ്കിലെ ഉള്ളടക്കം പരിശോധിക്കുന്നതിന്‌ പകരം, ഒമ്നിവോറസ്‌ എഞ്ചിനിലെ വിവിധയിനം സെൻസറുകൾ എഞ്ചിനുള്ളിലെ ആന്തലിന്റെ (combustion) പ്രത്യേകതകൾ വിലയിരുത്തുകയും രാസഅടയാളവും (chemical signature) അയണീകരണവും (ionization) പരിശോധിച്ച്‌  എഞ്ചിൻ പരമാവധി കാര്യക്ഷമതയിലാണോ പ്രവർത്തിക്കുന്നത്‌ എന്ന്‌ കണ്ടെത്തുകയും ചെയ്യും. അല്ലാത്ത പക്ഷം എഞ്ചിൻ കൺട്രോളർ ഇഞ്ചക്ഷൻ സ്ട്രാറ്റജിയിലും സ്പാർക്ക്‌ ടൈമിങ്ങിലുമടക്കം ആവശ്യമായ മാറ്റങ്ങൾ വരുത്തി യന്ത്രത്തെ പരമാവധി കാര്യക്ഷമമാക്കും.

ലളിതവും മൂല്യവത്തുമാണ്‌ പുതിയ സമീപനം എന്നതിനാൽ ഒമ്‌നിവോറസ്‌ എഞ്ചിൻ വളരെ വേഗം വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനാവും. വിവിധ ഇന്ധനങ്ങളിൽ, പ്രത്യേകിച്ച്‌ ജൈവ ഇന്ധനങ്ങളിൽ വളരെ നന്നായി ഓടുന്ന ഒമ്‌നിവോറസ്‌ എഞ്ചിൻ പെട്രോളിയം ഇതര ഇന്ധനങ്ങളുപയോഗിക്കാൻ ജനങ്ങളെ ഫലത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

അമേരിക്കൻ ജനതയ്ക്ക്‌ വിദേശ എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാനും അതാതുസമയത്ത്‌ ലഭ്യമായ വിവിധയിനം ഇന്ധനങ്ങൾ ഉപയോഗിച്ച്‌ വാഹനം ഓടിക്കാനും ഇതുപകരിക്കും എന്നാണ്‌ ഒമ്‌നിവോറസ്‌ എഞ്ചിൻ പ്രോജക്ടിലെ പ്രധാന ഗവേഷകരിൽ ഒരാളായ സ്റ്റീവ്‌ മക്കോണെലിന്റെ അഭിപ്രായം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: