Posted by: absolutevoid | സെപ്റ്റംബര്‍ 17, 2008

ആഗോളതാപനം: സമുദ്രനിരപ്പ്‌ ക്രമാതീതമായി ഉയരില്ലെന്ന്‌ പഠനം

ആഗോളതാപനത്തിന്റെ ഫലമായി ഈ നൂറ്റാണ്ടിന്റെ ഒടുവിൽ സമുദ്രനിരപ്പ്‌ 20 അടിയോളം ഉയരുമെന്ന ചില ശാസ്ത്രഭീതികളെ തള്ളിക്കളയുന്ന പുതിയ പഠനം പുറത്തിറങ്ങി.  കടലിൽ ആറടിയിൽ കൂടുതൽ ജലനിരപ്പുയരുന്നത്‌ ഭൗതികമായി അസാധ്യമാണെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ കൊളറാഡോയിൽ നടന്ന പഠനം സൂചിപ്പിക്കുന്നു.

സർവ്വകലാശാലയിലെ ബൗൾഡേഴ്സ്‌ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ആർടിക്‌ ആൻഡ്‌ ആൽപൈൻ റിസേർച്ചിൽ ഫെലോയായ ടാഡ്‌ പ്ഫെഫറും സഹപ്രവർത്തകരുമാണ്‌ പഠനത്തിന്‌ പിന്നിൽ. സമുദ്രനിരപ്പുയർത്തുന്നതിൽ നേരിട്ട്‌ കാരണക്കാരായ ഗ്രീൻലാൻഡ്‌, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ നിന്നും  ചെറുകിട ഗ്ലേസിയറുകളും ഐസ്‌ക്യാപ്പുകളും അടക്കമുള്ളവയിൽ നിന്നും മഞ്ഞുരുകൽ മൂലം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്ന സമുദ്രജലത്തിന്റെ അളവ്‌ മൂന്ന്‌ വ്യത്യസ്ത രീതിയിൽ അവലോകനം ചെയ്ത ശേഷമാണ്‌ ഈ നിരീക്ഷണത്തിലെത്തിയത്‌. യാഥാസ്ഥിതിക രീതിയിലും എക്സ്ട്രീം ഗ്ലേസിയോളജിക്കൽ അസംപ്‌ഷൻസ്‌ അനുസരിച്ചും ഇവ രണ്ടിന്റെയും മധ്യപാതയിൽ നിന്നുമുള്ള കണക്കുകൂട്ടലുകളാണ്‌ നടന്നത്‌. സമുദ്രോഷ്മാവ്‌ വർധിക്കുന്നതുമൂലം ജലത്തിന്‌ ഉണ്ടാകാവുന്ന തെർമൽ എക്സ്പാൻഷൻ കൂടി കണക്കിലെടുത്ത്‌ ഏറ്റവും സാധ്യമായ സംഗതി 2100-ഓടെ സമുദ്രനിരപ്പ്‌ മൂന്നടി മുതൽ പരമാവധി ആറടി വരെ ഉയരാമെന്നതാണ്‌.
സയൻസ്‌ എന്ന ജേണലിന്റെ സെപ്തംബർ അഞ്ച്‌ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

യൂണിവേഴ്സിറ്റി ഓഫ്‌ മൊണ്ടാനോയിലെ ജോയൽ ഹാർപർ, സാൻഡിയാഗോയിലുള്ള യൂണിവേഴ്സിറ്റി ഓഫ്‌ കാലിഫോർണിയയുടെ സ്ക്രിപ്പ്സ്‌ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫിയിലെ ഷാദ്‌ ഒ’നീൽ എന്നിവരാണ്‌ ടാഡിന്റെ ഗവേഷണ പങ്കാളികൾ. യുഎസിലെ നാഷണൽ സയൻസ്‌ ഫെഡറേഷനും യൂണിവേഴ്സിറ്റി ഓഫ്‌ കൊളറാഡോ ഫാക്കൽറ്റി ഫെലോഷിപ്പുമാണ്‌ പഠനത്തിന്‌ ആവശ്യമായ ഫണ്ട്‌ ലഭ്യമാക്കിയത്‌.

“സമുദ്രനിരപ്പ്‌ 2100-ഓടെ വൻതോതിൽ ഉയരുന്നതിന്‌ ആവശ്യമായ ഗ്ലേസിയോളജിക്കൽ കണ്ടീഷനുകൾ പരിഗണിക്കുകയും രണ്ട്‌ മീറ്ററിനപ്പുറമുള്ള വർധന ഭൗതികമായി അസാധ്യമാണെന്ന്‌ കണ്ടെത്തുകയുമായിരുന്നു,”   ഗവേഷകസംഘം എഴുതുന്നു. “2100ഓടെ രണ്ട്‌ മീറ്ററിന്റെ സമുദ്രനിരപ്പിലെ വർധന സാധ്യമാണെങ്കിൽ തന്നെയും അതിനാവശ്യമായ സർവ്വഘടകങ്ങളുടെയും വേഗത അതിന്റെ പരമാവധി പരിധിയിലേക്ക്‌ ഉയരേണ്ടതുമുണ്ട്‌.”

“പഠനത്തിന്റെ രത്നച്ചുരുക്കം തീർത്തും ലളിതമാണ്‌. ഭൗതികസാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മുമ്പ്‌ പ്രവചിക്കപ്പെട്ട രീതിയിൽ വളരെ ഉയർന്ന നിലയിലുള്ള സമുദ്രനിരപ്പിലെ വർധനയ്ക്ക്‌ സാധ്യതയില്ല, കാരണം അത്ര വേഗത്തിൽ ഐസോ വെള്ളമോ സമുദ്രത്തിലെത്തിക്കാനാവില്ല,” പ്ഫെഫർ പറഞ്ഞു.

ഗ്രീൻലാൻഡിൽ നിന്ന്‌ മാത്രമുള്ള മഞ്ഞുരുകളിലൂടെ 2100ൽ സമുദ്രജലം രണ്ട്‌ മീറ്റർ ഉയരുമെന്ന്‌ സങ്കൽപ്പിച്ചാണ്‌ പഠനം തുടങ്ങിയത്‌ തന്നെ. സമുദ്രജലത്തിലേക്ക്‌ ഐസ്‌ വേഗത്തിലും അസ്ഥിരമായും നിർഗമിക്കുന്നത്‌ ഗ്രീൻലാൻഡിലെ സമുദ്രനിരപ്പിന്‌ താഴെ സ്ഥിതി ചെയ്യുന്ന ഗ്ലേസിയർ മെത്തകളിൽ നിന്നാണ്‌. ഇതിനാൽ ഗവേഷകസംഘം ഗ്രീൻലാൻഡിലും ചുറ്റുവട്ടത്തുമുള്ള ജലം പുറത്തേക്ക്‌ വിടുന്ന ഗ്ലേസിയർ ‘കവാടങ്ങൾ’ – ജലവും ഐസും നിർഗമിക്കുന്നതിൽ അൽപ്പമെങ്കിലും നിയന്ത്രണം കൊണ്ടുവരുന്ന ഗ്ലേസിയർ ‘ബെഡ്‌ റോക്കി’ലെ കുപ്പിക്കഴുത്തുകൾ – കൃത്യമായി കണ്ടെത്തി രേഖപ്പെടുത്തി.

“ഗ്രീൻലാൻഡിൽ നിന്ന്‌ മാത്രം 2100ഓടെ 2 മീറ്റർ ജലനിരപ്പുയർത്താൻ പാകത്തിന്‌ മഞ്ഞുരുകി കടലിലെത്തണമെങ്കിൽ ഇതേവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഏറ്റവും വേഗതയേറിയ നിർഗമനകവാടങ്ങളേക്കാൾ മൂന്നിരട്ടി വേഗതയിൽ നിലവിലുള്ള എല്ലാ ഗ്ലേസിയർ ഔട്ട്‌ലെറ്റുകളും ജലം പുറത്തേക്ക്‌ വിടണം. അവയുടെ ഇപ്പോഴത്തെ ശരാശരി അളവിനേക്കാൾ 70 ഇരട്ടി വേഗത ആവശ്യമാണെന്ന്‌ സാരം,” പ്ഫെഫർ പറയുന്നു. “തന്നെയുമല്ല, ആ നീക്കം ഇന്നുമുതൽ തുടങ്ങണം, ഇന്നേക്ക്‌ പത്തുവർഷം കഴിഞ്ഞുതുടങ്ങിയാൽ പോര. ഒരു സങ്കൽപ്പശാസ്ത്രവുമല്ല, ലളിതമായ നിരീക്ഷണം മാത്രമാണിത്‌.”

അന്റാർട്ടിക്കയിലാവട്ടെ, സമുദ്രത്തിലെത്തിപ്പെടുന്ന ഭൂരിഭാഗം ഐസും അന്റാർട്ടിക്‌ പെനിൻസുലയിൽ നിന്നും പൈൻ ദ്വീപിൽ നിന്നും ത്വൈറ്റീസ്‌ ഗ്ലേസിയറുകളിൽ നിന്നുമാണ്‌. പശ്ചിമ അന്റാർട്ടിക്കയിലെ ഭൂരിഭാഗം സമുദ്രാധിഷ്ഠിത ഐസും റോസ്സ്‌, ഫിൽഷർ റോണി ഐസ്‌ ഷെൽഫുകൾക്ക്‌ പിന്നിലാണ്‌. കാലാവസ്ഥാ വ്യതിയാനം മൂലമോ സ്വാഭാവിക കടൽനിയമങ്ങളാലോ ഒരു നൂറ്റാണ്ടിനകം ഇവ ഇവിടെനിന്ന്‌ നീങ്ങാൻ യാതൊരു സാധ്യതയുമില്ല.

മേൽപ്പറഞ്ഞ മൂന്നിടങ്ങളിൽ നിന്നുമുള്ള ഐസുരുക്കം കണക്കാക്കാൻ വ്യത്യസ്ത ഗ്ലേസിയർ വെലോസിറ്റിയാണ്‌ ഗവേഷകർ കണക്കിലെടുത്തത്‌.

ലോകത്തെ പല ചെറുകിട ഗ്ലേസിയറുകളിൽനിന്നും ഐസ്‌ ക്യാപ്പുകളിൽ നിന്നും സമുദ്രജലത്തിലേക്കുണ്ടാവുന്ന കലർപ്പിനെക്കുറിച്ച്‌ 2007ൽ സർവ്വകലാശാലയടെ ബൗൾഡർ ടീം 2007 ജൂലൈയിൽ സയൻസ്‌ ജേണലിലെഴുതിയ പ്രബന്ധത്തിലെ കണക്കുകളും സംഘം പരിഗണിച്ചു. മഞ്ഞുരുകൽ മൂലം സമുദ്രത്തിലെത്തുന്ന ജലത്തിന്റെ 60% സംഭാവന ചെയ്യുന്നതു് ഇത്തരം ഇടങ്ങളാണെന്ന്‌ പഴയ പഠനം സ്ഥിരീകരിച്ചിരുന്നു. ഈ സംഭാവനത്തോത്‌ വർധിച്ചുവരികയുമാണ്‌.

എന്നാൽ സമുദ്രനിരപ്പുയർത്തുന്നതിൽ പ്രധാന കാരണമാകുന്ന എല്ലാ സോഴ്സുകളും പരിഗണിച്ച്‌ ഗവേഷകർ എത്തിച്ചേർന്ന നിഗമനമനുസരിച്ചുള്ള സമുദ്രനിരപ്പിലെ മൂന്ന്‌-ആറ്‌ അടി വർധന പോലും ലോകത്തിലെ താഴ്‌ന്നുകിടക്കുന്ന പല തീരദേശങ്ങൾക്കും അപകടകരം തന്നെയാമെന്ന്‌ പ്ഫെഫർ പറഞ്ഞു.

ഗ്രീൻലാൻഡിലും അന്റാർട്ടിക്കയിലും തുടരുന്ന ‘വാമിങ്‌ ട്രെൻഡ്സ്‌’ കണക്കിലെടുത്താൽ അന്തരീക്ഷ ഊഷ്മാവ്‌ 2100ഓടെ നാല്‌ ഡിഗ്രി ഫാരൺഹീറ്റ്‌ കണ്ട്‌ ഉയരുമെന്ന്‌ ചില ശാസ്ത്രജ്ഞർ കണക്കാക്കുന്നു.
ഇതിനുമുമ്പ്‌ 1,25,000 വർഷം മുമ്പ്‌ കഴിഞ്ഞ ഇന്റർഗ്ലേസിയൽ പീരിഡിലാണ്‌ മഞ്ഞുരുകൽ മൂലം സമുദ്രനിരപ്പിൽ അസാധാരണമായ വർധനയുണ്ടായത്‌. അന്ന്‌ സമുദ്രങ്ങളിലെ ജലനിരപ്പ്‌ 12-20 അടിയിൽ കൂടുതൽ ഉയർന്നിരുന്നു.

പക്ഷെ അതിനെടുത്ത സമയം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ലെന്നും ആയിരം വർഷങ്ങളിലേറെ വേണ്ടിവന്നിരിക്കണമെന്നുമാണ്‌ പ്ഫെഫറിന്റെ അഭിപ്രായം.

“ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സമുദ്രനിരപ്പ്‌ 20-30 അടി ഉയരുമെന്ന വാദങ്ങൾ യാതൊരു ഗ്ലേസിയോളജിക്കൽ തെളിവുകളും ഇല്ലാതെയുള്ളതാണ്‌,” പ്ഫെഫർ പറയുന്നു.

ലോകമെങ്ങുമുള്ള സമൂഹങ്ങൾക്കും നഗരങ്ങൾക്കും രാഷ്ട്രങ്ങൾക്കും ഫലപ്രദമായി പദ്ധതികൾ തയ്യാറാക്കാൻ ആവണമെങ്കിൽ സമുദ്രനിരപ്പിലെ വർധന നയരൂപീകരണം നടത്തുന്നവർക്ക്‌ കൃത്യമായി അറിയാനാകണമെന്ന്‌ അദ്ദേഹം തുടർന്നു.

“ആറടി ജലനിരപ്പുയരുമെന്ന്‌ കരുതി പദ്ധതികൾ നടപ്പാക്കുകയും രണ്ടടി മാത്രം ഉയരുകയും ചെയ്താലും തിരിച്ച്‌ സംഭവിച്ചാലും നമ്മൾ ശരിയല്ലാത്ത ഒരു പ്രശ്നത്തിന്‌ വേണ്ടി ശതകോടിക്കണക്കിന്‌ ഡോളർ വെറുതെ ചെലവഴിക്കുകയാവും ചെയ്യുക.”

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: