Posted by: absolutevoid | സെപ്റ്റംബര്‍ 5, 2008

വളയുന്ന വെള്ളിത്തിര

വലിച്ചുകെട്ടിയ തിരശീലയുടെ സ്ഥാനത്ത്‌ വളയ്ക്കാവുന്നതും നേർത്തതുമായ പുതിയ നാനോ സ്ക്രീൻ വിഭ്രമിപ്പിക്കുന്ന സയൻസ്‌ ഫിക്‌ഷൻ കഥകൾ യാഥാർത്ഥ്യമാക്കുന്നു

ചലനരഹിതപ്രതലങ്ങൾ ഇല്ലാത്ത ഇടമായാണ്‌ 2002ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പിൽബർഗിന്റെ ‘മൈനോരിറ്റി റിപ്പോർട്ട്‌’ എന്ന ചലച്ചിത്രം ഭാവിയെ വരച്ചുകാട്ടിയത്‌. വായനക്കാരുടെ കൈകളിലിരുന്ന്‌ സ്വയം അപ്‌ഡേറ്റ്‌ ചെയ്യപ്പെടുന്ന ദിനപത്രങ്ങൾ, വഴിപോക്കരോട്‌ സംസാരിക്കുന്ന പരസ്യങ്ങൾ, എന്തിന്‌ പത്തായങ്ങൾ പോലും അനിമേറ്റഡായിരുന്നു.  പ്ലാസ്റ്റിക്‌ അധിഷ്ഠിത ഇലക്ട്രോണിക്സിലെ മുന്നേറ്റങ്ങളാണ്‌ ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്‌.

അത്തരം ഗാഡ്ജറ്റ്സും ഡിസ്‌പ്ലേകളും സിലിക്കൺ അധിഷ്ഠിത ഇലക്ട്രോണിക്സിനെ അപേക്ഷിച്ച്‌ പലതരത്തിലും മേൽക്കൈ അവകാശപ്പെടാവുന്നതാണ്‌. ചെലവുകുറവുംഊർജ്ജക്ഷമത കൂടുതലുമാണവയ്ക്ക്‌.

ഇലക്ട്രോണിക്സ്‌ കൺസൽട്ടിങ്‌ കമ്പനിയായ ഐഡിടെക്‌എക്‌സിന്റെ കണക്കനുസരിച്ച്‌ 2015-ഓടെ 30 ബില്യൺ ഡോളറിന്റെ (ഏകദേശം 1,26,719 കോടി രൂപ) മൂല്യമുള്ള വ്യവസായമാകും പ്ലാസ്റ്റിക്‌ ഇലക്ട്രോണിക്സ്‌ ഇൻഡുസ്ട്രി. 2025 ആകുമ്പോഴേക്കും ഇത്‌ 250 ബില്യൺ ഡോളറായി (10,56,000 കോടി രൂപ) വർധിക്കുമെന്നാണ്‌ പ്രവചനം.

‘പ്ലാസ്റ്റിക്‌ ഇലക്ട്രോണിക്സ്‌ യൗവനപ്രാപ്തിയിലെത്തുന്നതോടെ ഇന്നവേറ്റീവ്‌ ആയ ഒരു വലിയ പങ്ക്‌ ആപ്ലിക്കേഷനുകൾ പ്രതീക്ഷിക്കാ’മെന്ന്‌ ഭൗതികശാസ്ത്ര ജേണലായ ഫിസിക്സ്‌ വേൾഡ്‌  പ്രഖ്യാപിക്കുന്നു.

ജൈവ ടെലിവിഷനുകൾ വരുന്നു

വിഷ്വൽ ഡിസ്‌പ്ലേകൾ മുതൽ ആംബിയന്റ്‌ ലൈറ്റിങ്‌ വരെ ദൃശ്യപ്രപഞ്ചത്തെയാകെ മാറ്റിമറിക്കാനുതകുന്ന കണ്ടുപിടുത്തമാണ്‌ ഓർഗാനിക്‌ ലൈറ്റ്‌ എമിറ്റിങ്‌ ഡയോഡ്‌. എല്ലാ ജൈവവസ്‌തുക്കളെയും പോലെ കാർബൺ അധിഷ്ഠിതമായതിനാലാണ്‌ ജൈവ എൽഇഡി എന്ന്‌ അവയെ വിശേഷിപ്പിക്കുന്നത്‌.

ഓരോ ജൈവ എൽഇഡി പിക്സലും സ്വയം ജ്വലിക്കും. ഇത്‌ വസ്‌തുക്കളും ഊർജ്ജവും സ്ഥലവും ലാഭിക്കുകയും കൂടുതൽ നേർത്ത ഇലക്ട്രോണിക്‌ ഉപകരണങ്ങളുണ്ടാവാൻ ഇടവരുത്തുകയും ചെയ്യും. വിവിധ ആംഗിളുകളിൽ നിന്ന്‌, ചിലപ്പോൾ ഇരുവശത്തുനിന്നും കാണാനുതകുംവിധം ഫ്ലെക്സിബിലിറ്റിയും ഒഎൽഇഡി സ്ക്രീനുകൾക്കുണ്ടാവും.

ജൈവ എൽഇഡി സ്ക്രീനുകളിൽ പല നിറങ്ങളുടെ പിക്സലുകൾ പലയളവിൽ തേഞ്ഞു തീരുന്നത്‌ പ്രശ്നമാണ്‌. എന്നാലിത്‌ മറികടക്കാൻ കഴിയുമെന്നായിട്ടുണ്ട്‌.

ജനുവരിയിൽ സോണി ആദ്യ ഒഎൽഇഡി ടിവി യുഎസിൽ പുറത്തിറക്കി. മൂന്ന്‌ മില്ലിമീടാർ കനവും 11 ഇഞ്ച്‌ വീതിയു മുള്ള ടെലിവിഷന്‌ 2500 ഡോളറായിരുന്നു വില. എൽസിഡികളുടെ ഉപയോഗകാലാവധിയുടെ പകുതിയോളം – ഏകദേശം 30,000 മണിക്കൂർ – തടസ്സമില്ലാതെ പ്രവർത്തിക്കാൻ ഈ കുഞ്ഞുടിവിക്ക്‌ കഴിയും.

ഏതാനും വർഷങ്ങൾക്കകം ഉപയോഗശേഷം ചുരുട്ടിവയ്ക്കാവുന്ന ഭീമൻ ഹൈഡെഫനിഷൻ ടെലിവിഷനുകളുടെ ഒരു തലമുറ വരുമെന്നാണ്‌ പ്രതീക്ഷ.  ഭിത്തികളിൽ പതിപ്പിച്ച നേർത്ത പ്ലാസ്റ്റിക്‌ ഷീറ്റുകൾ മോണിറ്ററായും പ്രവർത്തിക്കും.
ജൈവഎൽഇഡി വോൾ പേപ്പർ ഉപയോഗിച്ച്‌ ഒരു മുറിമുഴുവനായും പ്രകാശിതമാക്കാം.

ഏതുപ്രതലത്തിലും പറ്റിച്ചേരാനാവുന്ന ജൈവഎൽഇഡിമെച്ചപ്പെട്ട ജംഗമസ്വഭാവവും  വൻവിപണന സാധ്യതയും നൽകുന്നു.  സെൽ ഫോണിലും പിഡിഎകളിലും ഒഎൽഇഡി സ്ക്രീനുകൾ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്‌.

സേനയ്ക്കും ചങ്ങാതി

ന്യൂ ജേഴ്സിയിലെ യൂണിവേഴ്സൽ ഡിസ്പ്ലേ കോർപ്പറേഷൻ യുഎസ്‌ പ്രതിരോധവകുപ്പുമായി ചേർന്ന്‌ ‘യൂണിവേഴ്സൽ കമ്മ്യൂണിക്കേഷൻ ഡിവൈസ്‌’ എന്ന ഉപകരണം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്‌. കമ്പനിയുടെ ടെക്നോളജി കൊമേഴ്സ്യലൈസേഷന്റെ ചുമതലയുള്ള വൈസ്‌ പ്രസിഡന്റ്‌ ജാനിസ്‌ മാഹോൻ ഉപകരണത്തെ വിശേഷിപ്പിക്കുന്നത്‌ ചുരുൾനിവരുന്ന സ്‌ക്രീനോടുകൂടിയ ഒരു ഐഫോണെന്നാണ്‌. ഭാരമേറിയ ഭൂപടങ്ങളുടെ സ്ഥാനത്ത്‌   ഒരു ചെറുഉപകരണം മത​‍ിയാകുമെന്നത്‌ സൈനികർക്ക്‌ വലിയ ആശ്വാസമാവും.

മിനിസ്ക്രീനിനെ വെല്ലുന്ന പുസ്തകങ്ങൾ

സംസ്കാരവികാസത്തെ അനിമേറ്റഡ്‌ പ്രതലങ്ങളിലേക്ക്‌ നയിക്കുകയാണ്‌ ഇ-പേപ്പർ. ആമസോണിന്റെ കിൻഡൽ എന്ന ഇലക്ട്രോണിക്‌ ബുക്ക്‌ റീഡറാണ്‌ ഉദാഹരണം. പേജ്‌ മറിക്കാൻ വേണ്ടിമാത്രമാണ്‌, ഈ ഉപകരണം ഊർജ്ജം ഉപയോഗിക്കുക. ടെക്സ്റ്റ്‌ സെറ്റ്‌ ചെയ്താൽ പിന്നെ ഊർജ്ജംആവശ്യമില്ല. കേംബ്രിഡ്ജ്‌ കേന്ദ്രമാക്കിയ ഇ-ഇങ്ക്‌ എന്ന ഇലക്ട്രോണിക്‌ പേപ്പർ ഡിസ്‌പ്ലേ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ (മാർക്കറ്റിങ്‌) ശ്രീരാം പെരുവെമ്പ പറയുന്നത്‌ കമ്പോളത്തിൽ ഇതിനകം തന്നെ 10 വ്യത്യസ്ത ഇ-റീഡറുകളുള്ളതായും രണ്ടോ മൂന്നോ എണ്ണംകൂടി ഉടൻ പുറത്തിറങ്ങുമെന്നുമാണ്‌. ഇപ്പോഴുള്ള പല ഇ-റീഡറുകളും ഘനമേറിയ ഉപകരണങ്ങളാണെങ്കിലും അവ അതിവേഗം ഫ്ലെക്സിബിൾ പ്രതലങ്ങൾക്ക്‌ വഴിമാറുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

പോളിമർ വിഷൻ കഴിഞ്ഞ മേയിൽ റേഡിയസ്‌ എന്ന ആദ്യ പോക്കറ്റ്‌ ഇറീഡർ പുറത്തിറക്കിയിരുന്നു. മടക്കാവുന്ന സ്ക്രീനും ഇ-മെയിൽ പരിശോധിക്കാനുള്ള സൗകര്യവും അടങ്ങിയതായിരുന്നു ഉപകരണം. എപ്സണും എൽജി ഡിസ്പ്ലേയും വലിയ ദിനപത്രത്തിന്റെ വലിപ്പമുള്ള നിറത്തോടുകൂടിയ ഇ-പേപ്പർ പ്രോട്ടോടൈപ്പ ​‍്തയ്യാറാക്കിയിട്ടുണ്ട്‌.

‘ചത്ത കടലാസിന്റെ’ പരിമിതികൾ മറികടന്ന്‌ എല്ലാ ‘സ്മാർട്ട്‌ സർഫേസി’ലും ഇ-ഇങ്ക്‌ ഉപയോഗിക്കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ പെരുവെമ്പ പറയുന്നു. വരിക്കാർക്ക്‌ അവർ തിരഞ്ഞെടുത്ത വാർത്താ പത്രങ്ങളുടെ ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റ്‌ ഉൾപ്പടെ യഥാസമയം കാണാനാകുന്ന ഉപകരണമാണ്‌ ശ്രീരാമിന്റെ സ്വപ്നം.

പുസ്തകങ്ങൾക്കായി 9.5 കോടി മരങ്ങളാണ്‌ ഒരുവർഷം മുറിക്കേണ്ടിവരുന്നത്‌.  മാസികകൾ ഇലക്ട്രോണിക്കലായി വിതരണം ചെയ്യാനായാൽ വർഷം തോറും 3.5 കോടി മരങ്ങളെയെങ്കിലും മഴുവിൽനിന്ന്‌ രക്ഷിക്കാം. സാങ്കേതികവിദ്യ വൃക്ഷസൗഹൃദസമൂഹമാക്കി ലോകത്തെ മാറ്റും.

ഉടുപ്പിലും സൗരോർജ്ജ പാളി

പ്ലാസ്റ്റിക്‌ ഇലക്ട്രോണിക്സിന്റെ വിപ്ലവകരമായ മറ്റൊരു തുറവിടം താങ്ങാനാവുന്ന സൗരോർജ്ജ പാളികളുടെ ഉത്പാദനമാണ്‌. സിലിക്കോൺ അധിഷ്ഠിത സോളാർ പാനലുകളുടെ ഇൻസ്റ്റാളേഷൻ ചെലവ്‌ തിരിച്ചുപിടിക്കാൻ ഇപ്പോൾ 10 വർഷമെങ്കിലും വേണമെന്നാണ്‌ രസതന്ത്രത്തിനുള്ള 2000 ലെ നോബേൽ സമ്മാന ജേതാവും യൂണിവേഴ്സിറ്റി ഓഫ്‌ കാലിഫോർണിയയിലെ ഭൗതികശാസ്ത്ര പ്രൊഫസറുമായ അലൻ ഹീഗർ പറയുന്നത്‌.

ചെലവേറിയ സിലിക്കൺ സൗരോർജ്ജ പാളികളുടെ സ്ഥാനത്ത്‌ ജൈവ സൗരോർജ്ജ പാളികൾ വികസിപ്പിക്കാൻ കൊണാർക എന്ന കമ്പനിയെ സഹായിക്കുന്നുണ്ട്‌, ഹീഗർ. അവയുടെ നിർമ്മാണച്ചെലവ്‌ ഗണ്യമായി കുറയ്ക്കാനാവുന്ന സാങ്കേതികവിദ്യ ആവശ്യമാണെന്ന്‌ ഹീഗർ പറയുന്നു.

പ്ലാസ്റ്റിക്‌ പാനലുകൾ ഒടിച്ചുവളയ്ക്കാമെന്നതിനാൽ മേൽക്കൂരയിൽ പാകുന്ന ഓടുകളിലും എന്നുംകൊണ്ടുനടക്കുന്ന ബാഗുകളിലും എന്തിന്‌, വസ്ത്രങ്ങളിൽ പോലും തുന്നിപ്പിടിപ്പിക്കാനാവുമെന്ന്‌ ഹീഗർ ചൂണ്ടിക്കാട്ടി. നാളെയോരുവേള, നിങ്ങളുടെ തോൾസഞ്ചിയിലെ പ്ലാസ്റ്റിക്‌ സോളാർ പാനലിൽ നിന്ന്‌ സെൽഫോൺ ചാർജ്ജ്‌ ചെയ്യുന്ന കാലം വിദൂരമല്ല.

നേർത്ത സ്ക്രീനുകൾ, വീർത്ത കമ്പോളം

‘കൂൾ ഫാക്ടർ’ മാറ്റിനിർത്തിയാൽ പ്ലാസ്റ്റിക്‌ അധിഷ്ഠിത ഇലക്‌ട്രോണിക്സിന്റെ പ്രധാന മെച്ചം അവയുടെ നിർമ്മാണത്തിലെ ‘എളുത’യാണ്‌.

അസംസ്കൃത വസ്തുക്കൾ അധികമില്ലെന്നതാണ്‌ പ്രധാന അനുഗ്രഹം. ഫലത്തിൽ എൽസിഡി ഡിസ്പ്ലേ പോലെ കൂടുതൽ സമയവും ഊർജ്ജവും ചെലവഴിച്ച്‌ ചെറുചെറുഭാഗങ്ങൾ കൂട്ടിച്ചേർത്ത്‌ നിർമ്മിക്കുന്ന രീതിക്ക്‌ പകരം ഇലക്ട്രോണിക്സ്‌ ദിനപത്രംപോലെ റോളുകളായി ‘അച്ചടിക്കാം’. ഈ ഗുണം ഒഎൽഇഡിയുടെ നിർമ്മാണച്ചെലവ്‌ ഭാവിയിൽ ഗണ്യമായി കുറയ്ക്കും.

വ്യത്യസ്തപ്രതലങ്ങളിൽ ചെലവുകുറച്ചും കാര്യക്ഷമതയോടെയും നിറംവിതറാവുന്ന ഒരു ‘നോസിൽ പ്രിന്റർ’ കറതീർത്തിറക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു, വർഷങ്ങളായി, തങ്ങളെന്ന്‌ കാലിഫോർണിയയിലെ സാന്റ മോണിക്കയിലുള്ള ഡ്യുപോണ്ട്‌ ഒഎൽഇഡീസ്‌ ഗ്ലോബൽ ബിസിനസ്‌ ഡയറക്ടർ വില്യം ഫീഹെരി പറഞ്ഞു.

അപ്പോൾ വെളിച്ചമുണ്ടായി

യുഎസിൽ ഊർജ്ജോപഭോഗത്തിന്റെ എട്ട്‌ ശതമാനവും വൈദ്യുതോപഭോഗത്തിന്റെ 22 ശതമാനവും ഉപയോഗിക്കുന്നത്‌ വൈദ്യുത വിളക്കുകൾ തെളിക്കാനാണ്‌. ഈ പശ്ചാത്തലത്തിൽ വേണം ജൈവഎൽഇഡി ലൈറ്റിങ്‌ പാനലുകൾ വികസിപ്പിക്കാനായി യൂണിവേഴ്സൽ ഡിസ്‌പ്ലേയുമായി 2 മില്യൻ ഡോളറിന്റെ (8.4 കോടിരൂപ) ദ്വിവർഷ കരാറിൽ ഏർപ്പെട്ട യുഎസ്‌ ഊർജ്ജ വകുപ്പിന്റെ നടപടിയെ കാണാൻ.

കോംപാക്ട്‌ ഫ്ലൂറസന്റ്‌ ലൈറ്റുകളേക്കാൾ നേർത്തതും ശേഷിയേറിയതും ഏത്‌ പ്രതലത്തിലും പിടിപ്പിക്കാനോ അച്ചടിക്കാനോ കഴിയുന്നതുമാകും അവ.

പകൽ സുതാര്യവും രാത്രിയിൽ പ്രകാശം പുറപ്പെടുവിക്കുന്നതുമായ ജനാലപ്പാളികൾ വലിയ താമസമില്ലാതെ യാഥാർത്ഥ്യമാകുമെന്നാണ്‌ പ്രതീക്ഷ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: