Posted by: absolutevoid | സെപ്റ്റംബര്‍ 5, 2008

ഗൂഗിൾ ജീവിക്കുന്നത്‌ അപ്പം കൊണ്ടല്ല

അറിവ്‌ ആയുധമായ സമൂഹത്തിൽ ജ്ഞാനവ്യാപനത്തിന്റെ പ്രധാന വാഹനമായ ഇന്റർനെറ്റ്‌ നിയന്ത്രിക്കുന്നവർ ലോകത്തെ നിയന്ത്രിക്കുമെന്ന്‌ ഊഹിക്കാം.  ഇന്റർനെറ്റിനെ ആർ നിയന്ത്രിക്കും എന്നതാണ്‌ ഇപ്പോഴത്തെ ചോദ്യം.  ലോകത്തിലെ ഏറ്റവും വലിയ സോഫ്‌ട്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റും ഏറ്റവും വലിയ സേർച്ച്‌ എഞ്ചിൻ കമ്പനിയായ ഗൂഗിളും തമ്മിൽ നടക്കുന്ന മത്സരം വേറൊന്നുമല്ല.

മൈക്രോസോഫ്റ്റിനെതിരെ ഇതേവരെ പൊരുതി നിന്നിരുന്നത്‌ ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനായിരുന്നു. ലിനക്സ്‌ കെർണൽ അടിസ്ഥാനമാക്കി ഓപ്പൺ സോഴ്‌സ്‌ ആയി വികസിപ്പിച്ച ഗ്നൂ/ലിനക്സ്‌ വിതരണങ്ങളായിരുന്നു അവരുടെ ആയുധം. എന്നാൽ അങ്ങേയറ്റം ക്യാപ്പിറ്റലിസ്റ്റായ മൈക്രോസോഫ്റ്റിന്റെ കമ്പോള പങ്കാളിത്തത്തിൽ വലിയ ഇളക്കമൊന്നും സൃഷ്ടിക്കാൻ എഫ്‌എസ്‌എഫിന്‌ കഴിഞ്ഞില്ല. തുറന്ന അറിവ്‌ എന്ന തത്വശാസ്ത്രം മുന്നോട്ട്‌ വയ്ക്കാൻ അവർക്കായി എന്നതു മറന്നുകൊണ്ടല്ല, ഈ വിലയിരുത്തൽ.

എന്നാൽ ഗൂഗിൾ മൈക്രോസോഫ്റ്റിന്റെ ശത്രുപക്ഷത്തുവന്നതോടെ കളിക്കളം മാറുകയാണ്‌.  ഇന്റർനെറ്റിലെ പരസ്യവരുമാനത്തിന്റെ ഭൂരിഭാഗവും കവരുന്ന കമ്പനിയാണ്‌ ഗൂഗിൾ. പ്രതിവർഷം 40 ബില്യൻ ഡോളർ (1,75,126 കോടി രൂപ) മൂല്യമുള്ള വ്യവസായമാണിത്‌. ഗൂഗിളിന്റെ മുന്നേറ്റം മൈക്രോസോഫ്റ്റിനെ വെകിളിപിടിപ്പിക്കുന്നതിൽ അത്ഭുതമില്ല. ഗൂഗിളിനെ നേരിടാനാണ്‌ നേരത്തെ യാഹൂവിനെ വൻ വിലകൊടുത്ത്‌ വാങ്ങാൻ മൈക്രോസോഫ്റ്റ്‌ ഒരു ശ്രമംനടത്തിയത്‌. യാഹൂവിന്റെ ഓഹരികൾക്ക്‌ 72% പ്രീമിയത്തിൽ 47.5 ബില്യൻ ഡോളർ (2,07,964 കോടി രൂപ) നൽകാമെന്നായിരുന്ന മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം. എന്നാൽ യാഹൂ ഓഹരിഉടമകളുടെ എതിർപ്പിനെ തുടർന്ന്‌ അവർക്ക്‌ പിന്മാറേണ്ടിവന്നു. ഒട്ടും സമയം പാഴാക്കാതെ യാഹൂവുമായി തന്ത്രപരമായ പരസ്യ സഹകരണ കരാറിലേർപ്പെടുകയാണ്‌ ഗൂഗിൾ ചെയ്തത്‌. ടാർഗെറ്റഡ്‌ അഡ്വർടൈസ്‌മന്റ്‌ ബിസിനസ്സ്‌ വിപുലപ്പെടുത്താനായി ഗൂഗിൾ 3.1 ബില്യൻ ഡോളറിന്‌ (135,72 കോടി രൂപ) ഡബിൾ ക്ലിക്ക്‌ എന്ന കമ്പനി ഏറ്റെടുക്കുകയുമുണ്ടായി.

മൈക്രോസോഫ്റ്റ്‌ മറുപടി പറഞ്ഞത്‌ ബ്രൗസറിലൂടെയാണ്‌. കോൺടക്സ്റ്റ്‌ സെൻസിറ്റീവ്‌ സേർച്ചിലൂടെയാണ്‌ ഗൂഗിൾ ഉപയോക്താക്കളുടെ താത്പര്യമനുസരിച്ചുള്ള പരസ്യം നൽകുന്നത്‌. പരസ്യത്തിൽ വീഴുന്ന ക്ലിക്കുകൾക്കാണ്‌ വില. പിൻവാതിലിലൂടെ ഉപയോക്താവിന്റെ പ്രിയവിഷയങ്ങൾ തിരിച്ചറിയുന്നതുമൂലമാണ്‌ ഗൂഗിളിന്‌ ഇതിനുകഴിയുന്നത്‌. ആ വഴിയങ്ങടയ്ക്കുകയാണ്‌ മൈക്രോസോഫ്റ്റ്‌ ചെയ്തത്‌. ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ഇന്റർനെറ്റ്‌ എക്സ്പ്ലോറർ 8ന്റെ പരീക്ഷണറിലീസിലാണ്‌ പോൺമോഡ്‌ എന്ന്‌ വിളിപ്പേരുള്ള ഇൻപ്രൈവറ്റ്‌ എന്ന സൗകര്യം മൈക്രോസോഫ്റ്റ്‌ ഉൾപ്പെടുത്തിയത്‌. ഇതിലൂടെ ഉപയോക്താവ്‌ ഏതൊക്കെ സൈറ്റുകളാണ്‌ സന്ദർശിക്കുന്നത്‌, ഏതൊക്കെ വിഷയങ്ങളാണ്‌ തെരയുന്നത്‌, തുടങ്ങിയ വിവരങ്ങളൊന്നും രഹസ്യ കുക്കികളും ബോട്ടുകളും മറ്റുമുപയോഗിച്ച്‌ മറ്റാർക്കും കണ്ടെത്താനാവില്ല. താത്പര്യമില്ലാത്തവിഷയങ്ങളിലെ പരസ്യം കണ്ടാൽ തന്നെയും ഉപയോക്താവ്‌ അതിൽ ക്ലിക്ക്‌ ചെയ്യാൻ സാധ്യതകുറവാണെന്നതുകൊണ്ടുതന്നെ ഗൂഗിളിന്‌ വരുമാനമായി മാറില്ല.

ഈ സാഹചര്യത്തിലാണ്‌ പൂഴിക്കടകൻ അടവുമായി ഗൂഗിൾ രംഗത്തെത്തിയത്‌.  ക്രോം എന്ന സ്വന്തം ബ്രൗസർ പ്രഖ്യാപിക്കുകയാണ്‌ ഗൂഗിൾ ചെയ്തത്‌. തന്നെയുമല്ല, മൈക്രോസോഫ്റ്റിനെ ഞെട്ടിച്ചുകൊണ്ട്‌ ഇൻപ്രൈവറ്റ്‌ സൗകര്യത്തിന്‌ സമാനമായ ഇൻകൊഗ്നീഷ്യോ സൗകര്യം ക്രോമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്‌. ‘വിവരം ചുരണ്ടിയെടുക്കുന്നവർ’ എന്ന ആക്ഷേപം തങ്ങളെ കേൾപ്പിക്കാൻ മൈക്രോസോഫ്റ്റ്‌ ചെയ്ത കുസൃതിയായിരുന്നു ഇൻപ്രൈവറ്റ്‌ എന്നറിയാതെയല്ല, ഗൂഗിളിന്റെ ഈ ചെയ്തി. അത്തരം വിവരശേഖരണത്തിലൂടെയല്ല, തങ്ങൾ നിലനിൽക്കുന്നതെന്ന പ്രഖ്യാപനം കൂടിയാണത്‌. ഗൂഗിളിന്റെ പുതിയ ബ്രൗസറിന്റെ ബീറ്റ പതിപ്പ്‌ വെബ്ബിൽ ലഭ്യമാണ്‌.

ഗൂഗിളും ഒരു ബ്രൗസറിറക്കുന്നു എന്ന്‌ ഇതിന്‌ കുറച്ചുകാണേണ്ട കാര്യമില്ല. മൾട്ടിപ്പിൾ വിൻഡോകളും ടാബുകളും ഓപ്പൺ ചെയ്യുമ്പോൾ ആവശ്യത്തിന്‌ മെമ്മറിയില്ലാതെ ബ്രൗസർ ഹായ്ങ്ങാവുന്നത്‌ സാധാരണമാണ്‌. പല സൈറ്റുകളിലുമുള്ള ജാവസ്ക്രിപ്റ്റും ഇതര ആപ്‌ലെറ്റുകളും ഫ്ലാഷ്‌ വീഡിയോകളും മറ്റുമാണ്‌ പ്രശ്നകാരികൾ. മോസില്ലഫയർഫോക്സിലും മറ്റും ലഭ്യമായ ചില പ്ലഗ്‌ ഇന്നുകളെങ്കിലും സിസ്റ്റം റിസോഴ്സ്‌ നീതീകരണമില്ലാതെ ഉപയോഗിച്ചു തീർക്കുന്നവയാണ്‌.  ഇന്റർനെറ്റ്‌ വളർന്നതിനൊപ്പം ബ്രൗസറുകൾ പ്രവർത്തിക്കുന്ന രീതി മാറാഞ്ഞതാണ്‌ ഇതിന്‌ കാരണം.

ഇവിടെ ക്രോം ബ്രൗസർ ചെയ്യുന്നത്‌, ഓരോ ടാബും ഓരോ പ്രോസസ്‌ ആയി ട്രീറ്റ്‌ ചെയ്യുകയാണ്‌. അതുപോലെ ഓരോ ആപ്‌ലെറ്റും, പ്ലഗ്‌ ഇന്നും, വീഡിയോയും ഓഡിയോയും മറ്റുംമറ്റും ഓരോ പ്രോസസ്‌ ആണ്‌.  ഇവ മാനേജ്‌ ചെയ്യാനായി ക്രോമിനൊപ്പം പ്രോസസ്‌ മാനേജറുമുണ്ട്‌. സിസ്റ്റം റിസോഴ്സ്‌ അധികമായി ഉപയോഗിക്കുന്നത്‌ ഏതു സൈറ്റാണെന്നോ ആപ്ലിക്കേഷനാണെന്നോ നോക്കി അതിനെ മാത്രമായി അടയ്ക്കാനുള്ള സൗകര്യമാണിത്‌. കൂടാതെ മെമ്മറി ഫ്രാഗ്മെന്റേഷൻ മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും വഴികളുണ്ട്‌.

ചുരുക്കത്തിൽ ഒരു ഓപ്പറേറ്റിങ്‌ സിസ്റ്റം വിവിധ പ്രോഗ്രാമുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ, അതേപോലെയാണ്‌ ക്രോം വിവിധ സൈറ്റുകളേയും ആപ്ലിക്കേഷനുകളേയും കൈകാര്യം ചെയ്യുന്നത്‌. ഇത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം നിർമ്മാണത്തിലേക്കുള്ള ഗൂഗിളിന്റെ ആദ്യ ചുവടുവയ്പാണോ എന്ന സംശയം ഇതിനോടകം തന്നെ പല ടെക്നോളജി ബ്ലോഗുകളിലും പ്രകടിപ്പിച്ചുകഴിഞ്ഞു.

മൈക്രോസോഫ്റ്റിന്റെ പ്രൊപ്രൈറ്ററി ബിസിനസ്‌ മോഡലിന്റെ സ്ഥാനത്ത്‌ പൂർണ്ണമായും സുതാര്യമായ ഓപ്പൺ സോഴ്സ്‌ ബിസിനസ്‌ മോഡലാണ്‌ ഗൂഗിളിന്റേത്‌. രഹസ്യം സൂക്ഷിക്കാൻ ഏറ്റവും നല്ലവഴി പരസ്യമായി സൂക്ഷിക്കുകയാണെന്ന പഴമോഴിയെ ഓർമ്മിപ്പിക്കും പോലെയാണ്‌ അവരുടെ പ്രവർത്തനം. ഓപ്പൺസോഴ്സ്‌ സോഫ്റ്റ്‌വെയറുകളായ ആപ്പിളിന്റെ വെബ്‌കിറ്റും സൺ മൈക്രോസിസ്റ്റത്തിന്റെ ജാവയും മോസില്ല ഫൗണ്ടേഷന്റെ ഫയർഫോക്സും ഉപയോഗിക്കുന്ന കോഡ്‌ പങ്കുവച്ചുകൊണ്ടാണ്‌ ക്രോമിന്റെ പ്രവർത്തനം തുടങ്ങുന്നത്‌ തന്നെ. തങ്ങളുടെ ബ്രൗസറും ഓപ്പൺസോഴ്സ്‌ ആയിരിക്കുമെന്ന്‌ ഗൂഗിൾ പ്രഖ്യാപിക്കുകയും ചെയ്‌തു.

വിവരസാങ്കേതികവിദ്യാ രംഗത്ത്‌ ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന വിപ്ലവകരമായ നീക്കമാണ്‌ ഗൂഗിൾ നടത്തുന്നത്‌. ഗൂഗിളിന്റെ ഇതേവരെയുള്ള പ്രോഡക്ടിന്റെ നിലവാരം വച്ചുനോക്കിയാൽ ക്രോമിന്റെ സ്റ്റേബിൾ എഡിഷൻ മോശമാകാൻ തരമില്ല. ഇമെയിൽ ഉപയോഗത്തിന്റെ രീതിയെ തന്നെ മാറ്റിമറിക്കാൻ ജിമെയിലിലൂടെ ഗൂഗിളിന്‌ കഴിഞ്ഞിരിക്കെ ക്രോം പരാജയപ്പെടാൻ സാധ്യത വളരെ കുറവാണ്‌.

എന്നാൽ കമ്പനികൾ എന്തൊക്കെ ചെയ്താലും ഡിജിറ്റൽ ഡിവൈഡ്‌ നിലനിൽക്കുന്നേടത്തോളം കാലം ഇന്റർനെറ്റ്‌ നിയന്ത്രിച്ചതുകൊണ്ട്‌ മാത്രം ലോകം നിയന്ത്രിക്കാനാവില്ല.  ആ തിരിച്ചറിവും ഗൂഗിളിനുണ്ട്‌. സോഫ്റ്റ്‌വെയറുകളുടെ കാര്യത്തിൽ പങ്കാളിത്തവികസനത്തിന്റെ വഴി തേടുന്ന ഗൂഗിൾ ഇന്റർനെറ്റ്‌ വ്യാപനത്തിന്റെ കാര്യത്തിലും ആക്ടിവിസത്തിന്റെ വഴിയേ തന്നെയാണ്‌.

യുഎസിൽ ‘ഫ്രീ ദ എയർവേവ്സ്‌’ ക്യാമ്പയിന്‌ തുടക്കമിട്ടിരിക്കയാണ്‌ ഗൂഗിൾ.  “വൈറ്റ്‌ സ്പേസസ്‌” ജനറേറ്റ്‌ ചെയ്യുകയാണ്‌ ലക്ഷ്യം.  ഉപയോഗിക്കാതെ കിടക്കുന്ന ടിവി സ്പെക്ട്രം ബ്രോഡ്‌ബാൻഡിനായി തുറന്നുകൊടുക്കണം എന്നതാണ്‌ ഗൂഗിളിന്റെ ആവശ്യം. ഇതിനായി ഓഗസ്റ്റ്‌ പാതിമുതൽ ഓൺലൈൻ പെറ്റീഷൻ സ്വീകരിച്ചുതുടങ്ങിയിരിക്കയാണ്‌ കമ്പനി.

“ഡിജിടൽ ഡിവൈഡിനെ നേരിടാൻ അവശേഷിക്കുന്ന മികച്ച പാത, താങ്ങാവുന്നതും വ്യാപകവുമായ സാർവ്വത്രിക ബ്രോഡ്‌ബാൻഡ്‌ വയർലെസ്‌ കവറേജ്‌ യുഎസിൽ ഉറപ്പുവരുത്തുകയാണ്‌. അതിന്‌ ഉപയോഗിക്കാതെ കിടക്കുന്ന ടിവി സ്പെക്ട്രം തുറന്നുനൽകണം,” പെറ്റീഷനിൽ ആവശ്യപ്പെടുന്നു. “ദശലക്ഷങ്ങളെ ഇന്റർനെറ്റുമായി കണക്ട്‌ ചെയ്യാൻ പ്രാപ്തമാക്കുന്ന ഈ അപൂർവ്വ അവസരം വിനിയോഗിക്കാൻ തയ്യാറാകണം.”

ഓൺലൈൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കി പെറ്റീഷൻ അഞ്ച്‌ എഫ്സിസി കമ്മിഷണർമാർക്ക്‌ കൈമാറാനാണ്‌ ഗൂഗിളിന്റെ തീരുമാനം.  ഇന്ത്യയിലെ ട്രായ്‌ പോലെയുള്ള സ്വതന്ത്ര അധികാരമുള്ള റെഗുലേറ്ററി ബോഡിയാണ്‌ എഫ്സിസി.  ഇവരാണ്‌ വർഷാവസാനം നടക്കുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത്‌. എഫ്സിസിയുടെ കീഴിലുള്ള ഓഫീസ്‌ ഓഫ്‌ എഞ്ചിനീറിങ്‌ ആൻഡ്‌ ടെക്നോളജിയുടെ (ഒഇടി) ഉപദേശമനുസരിച്ചാവും നയതീരുമാനം.

വൈറ്റ്‌ സ്പേസസ്‌ ബ്രോഡ്‌ബാൻഡ്‌ പ്രശ്നം ഏതാനും വർഷങ്ങളായി സജീവമാണെങ്കിലും ഇതേവരെ അതിനെ പിന്തുണയ്ക്കുന്നവർ ശാസ്ത്രം നിശ്ചയിക്കട്ടെ എന്ന അഭിപ്രായക്കാരായിരുന്നു. എന്നാൽ ഇതാദ്യമായാണ്‌ ഒരു വമ്പൻ കോർപ്പറേറ്റ്‌ തന്നെ സമ്മർദ്ദതന്ത്രവുമായി രംഗത്തുവന്നത്‌.  ടെലിവിഷൻ സംപ്രേഷകരും വയർലെസ്‌ മൈക്രോഫോൺ നിർമ്മാതാക്കളും വാദിക്കുന്നത്‌, ഇത്‌ തങ്ങളുടെ സിഗ്നലുകൾക്ക്‌ തടസ്സമുണ്ടാക്കുമെന്നാണ്‌.

ഒഇടി രണ്ടുതവണ സ്പെക്ട്രം പരീക്ഷിച്ചുനോക്കിക്കഴിഞ്ഞു. ഇരുപക്ഷത്തിനും സ്വീകാര്യമായ രീതിയിൽ അഴകൊഴമ്പൻ റിപ്പോർട്ട്‌ മാത്രമേ അവർ നൽകാൻ സാധ്യതയുള്ളു. എഫ്സിസി കമ്മിഷണർമാർ തന്നെയാവും നയതീരുമാനം കൈക്കൊള്ളുക എന്നിരിക്കെ ഗൂഗിളിന്റെ നീക്കം സാങ്കേതികം എന്നതിനേക്കാൾ രാഷ്ട്രീയവുമാണ്‌. അമേരിക്ക ഓൺലൈൻ (എഒഎൽ-ടൈംവാർണർ) എന്ന കമ്പനിക്കാണ്‌ ഇപ്പോൾ യുഎസിലെ ഇന്റർനെറ്റ്‌ വിതരണത്തിൽ ആധിപത്യം. തുറന്ന സ്പെക്ട്രം കിട്ടുന്നതോടെ അവിടേക്ക്‌ സൗജന്യ സേവനവുമായി ഗൂഗിളിന്‌ കടന്നുകയറാം. എഒഎല്ലും മൈക്രോസോഫ്റ്റും തമ്മിലുള്ള സഖ്യത്തിന്‌ ഇത്‌ കനത്ത വെല്ലുവിളിയാണുയർത്തുക. ബ്രോഡ്‌കാസ്റ്റിങ്‌ രംഗത്തും യൂടൂബിലൂടെയും ഗൂഗിൾ വീഡിയോസിലൂടെയും ഗൂഗിൾ നടത്തുന്ന കടന്നുകയറ്റം ചെറുതല്ലെന്ന്‌ അറിയുക.

എല്ലാം സ്വന്തമാക്കി വയ്ക്കുന്ന ഒരു ബിസിനസ്‌ മോഡലിനെതിരെ കോർപ്പറേറ്റ്‌ രംഗത്തെ ഭീമൻ തന്നെ എല്ലാം പങ്കുവയ്ക്കുന്ന മധുരമനോഹരസ്വപ്നവുമായി അശ്വമേധം തുടങ്ങുകയാണ്‌. ആരു ജയിക്കുമെന്നു് കാത്തിരുന്നു കാണാം.


പ്രതികരണങ്ങള്‍

  1. നല്ല ലേഖനം. ഒരു പാടു വിവരങ്ങള്‍ പുതിയതായി അറിയാന്‍ കഴിഞ്ഞു.
    ബ്രൌസര്‍ യുദ്ധം കൊണ്ട് മൈക്രോസോഫ്‌റ്റിന്റെ ആധിപത്യത്തിന് ഇളക്കം സംഭവിച്ചേക്കാമെങ്കിലും, ഓപ്പണ്‍സോഴ്സെന്നു പറയുമ്പോഴും ഗൂഗിള്‍ ഉപഭോക്താവിന്റെ സ്വകാര്യതയിലേക്കു കടന്നു കയറിയാണല്ലോ ലാഭം കൊയ്യുന്നത്. വേറെ പോവഴികളില്ലാത്തിടത്തോളം ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാതെ വയ്യ.

  2. നല്ല ലേഖനം.. ആശംസകള്‍

  3. ക്രോം,പേക്രോം എന്നു കാണുന്നതല്ലാതെ അതിന്റെ ഫീച്ചറുകളല്ലാതെ രാഷ്ട്രീയമെടുത്തലക്കിയ പോസ്റ്റ്,കൊള്ളാം സെബിനപ്പാ,ആശംസകൾ…

    കോർപ്പറേറ്റ് ഐടി മേഖലയിലെ കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു..!

  4. ക്രോമിന്റെ രാഷ്ട്രീയവും ബിസിനസ്സും എന്നതിനപ്പുറം, എങ്ങനെയാണ് മള്‍ട്ടിപ്പള്‍ പ്രൊസസ്സുകള്‍ ഉണ്ടാക്കുമ്പോള്‍ റിസോഴ്സ് ഉപയോഗം കുറയുന്നത് എന്ന് മാത്രമാണ് എനിക്കു മനസ്സിലാവാഞ്ഞത്. റിസോഴ്സ് ഉപയോഗത്തിലെ കുറവല്ല, അവ തമ്മില്‍ വലിയ അന്തരമില്ലാതിരിക്കുമ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പാരലല്‍ പ്രോസസ്സിങ്ങ് സങ്കേതങ്ങള്‍ സ്വയം ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ജോലി ചെയ്യേണ്ട ബ്രൌസറിനും ലഭ്യമാക്കുകയുമാണ് ഗൂഗ്ളിന്റെ ലക്ഷ്യമെന്നു തോന്നുന്നു.

    ഒരു പത്ത് ടാബ് തുറന്ന് ക്രോം ഓടിച്ചാല്‍ അറിയാം സ്പീഡ് ഇമ്പ്രൂവ്മെന്റ് എത്രമാത്രമുണ്ടെന്ന്. പക്ഷെ, ഒരു വെബ്സൈറ്റ് ക്രാഷ് ചെയ്യുന്നതുകൊണ്ട് ബ്രൌസര്‍ ക്രാഷ് ചെയ്യുന്ന അവസ്ഥ ഉണ്ടാവാറില്ല എന്നുള്ള ഗുണമുണ്ട്.

    വിവരങ്ങള്‍ക്ക് വളരെ നന്ദി.

  5. ithu nokku:

    http://googlenewsblog.blogspot.com/2008/09/google-news-in-malayalam.html

    http://news.google.com/news?ned=ml_in

    onashamsakal!


ഒരു അഭിപ്രായം ഇടൂ

വിഭാഗങ്ങള്‍