Posted by: absolutevoid | സെപ്റ്റംബര്‍ 5, 2008

മല്ലന്മാരെ പൂട്ടാൻ ക്രോം ബ്രൗസറുമായി ഗൂഗിൾ

ബ്രൌസ്രർ യുദ്ധം പാരമ്യത്തിലെത്തിക്കാനുറച്ച്‌ ഓപ്പൺ സോഴ്സ്‌ വെബ്‌ ബ്രൗസറുമായി ഗൂഗിൾ രംഗത്തെത്തി. ക്രോം ബ്രൗസറിന്റെ ബീറ്റ വേർഷൻ ചൊവ്വാഴ്ച പുറത്തിറങ്ങി. സ്റ്റേബിൾ വേർഷൻ എന്ന്‌ പുറത്തിറങ്ങുമെന്ന്‌ ഗൂഗിള്‍ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട പ്രഖ്യാപനത്തിലില്ല.

അസാധാരണവും പുതുമയാർന്നതുമായ ഒട്ടനേകം പ്രത്യേകതകളുമായാണ്‌ ക്രോം വരുന്നത്‌. ഇണയത്തെ (ഇന്റർനെറ്റ്) മുമ്പോട്ട്‌ നയിക്കാൻ ശേഷിയുള്ള പുതുബ്രൗസർ വികസിച്ചുവരുന്ന പുതിയ വെബ്‌ മാനകങ്ങൾക്ക്‌ അനുഗുണമായ ശക്തമായ അടിത്തറയാകുമെന്ന്‌ ഗൂഗിൾ അവകാശപ്പെടുന്നു.

“ലളിതമായ ടെക്സ്റ്റ്‌ മെസേജുകിൽ നിന്ന്‌ സമ്പുഷ്ടമായ ഇന്ററാക്ടീവ്‌ ആപ്ലിക്കേഷനുകളിലേക്ക്‌ വെബ്‌ പരിണമിച്ചുകഴിഞ്ഞതിനാൽ ബ്രൗസറിനെ കുറിച്ച്‌ പുനരാലോചിക്കണമെന്ന്‌ ഞങ്ങൾ തിരിച്ചറിഞ്ഞു,” പ്രോഡക്ട്‌ മാനേജ്‌മന്റിന്റെ ചുമതലയുള്ള ഗൂഗിൾ വൈസ്‌ പ്രസിഡന്റ്‌ സുന്ദർ പിച്ചായി ഗൂഗിൾ ബ്ലോഗിൽ എഴുതി. “ഞങ്ങൾക്ക്‌ വേണ്ടിയിരുന്നത്‌ വെറുമൊരു ബ്രൗസറായിരുന്നില്ല, വെബ്‌ പേജുകൾക്കും ആപ്ലിക്കേഷനുകൾക്കും ആവശ്യമായ പുതിയ അടിത്തറയുമായിരുന്നു.”

ആപ്പിളിന്റെ ഓപ്പൺസോഴ്സ്‌ സോഫ്റ്റ്‌വെയറായ ‘വെബ്‌കിറ്റ്‌’ എച്ച്ടിഎംഎൽ റെൻഡറിങ്‌ എഞ്ചിൻ ഉപയോഗിച്ചാണ്‌ ക്രോം ബ്രൗസർ രൂപകൽപ്പന ചെയ്തിരിക്കുന്നത്‌. ക്ലിഷ്ടതയില്ലാത്ത ശുദ്ധമായ കോഡ്‌ ബേസിനും പ്രവർത്തനക്ഷമതയ്ക്കും വിവിധ വെബ്‌ സ്റ്റാൻഡേർഡുകളോട്‌ ഒത്തുപോകുന്നതിനും പ്രശസ്തമാണ്‌ ഈ ലളിതമായ റെൻഡറർ. പ്രവർത്തകങ്ങളിൽ സുഗമമായി എംബഡ്‌ ചെയ്യാനാകുമെന്നതുകൊണ്ടുതന്നെ ആൻഡ്രോയിഡ്‌ ടെക്നോളജിയിലടക്കം ‘വെബ്‌കിറ്റ്‌’ ഉപയോഗിക്കുന്നു. സൺ മൈക്രോസിസ്റ്റം ഓപ്പൺ സോഴ്സ്‌ ആയി വികസിപ്പിച്ച ജാവ സ്ക്രിപ്റ്റ്‌ വെർച്വൽ മെഷീന്റെ ഗൂഗിൾ ഭാഷ്യമായ ‘V8’ പതിപ്പും ബ്രൗസർ കോഡായി ഉപയോഗിച്ചിട്ടുണ്ട്‌. മോസില്ല  ഫയർ ഫോക്സിന്റെ ചില കോഡുകളും ഉപയോഗിച്ചിരിക്കുന്നു. സഫാരിയും ഫയർഫോക്സും പോലെ ക്രോമും ഓപ്പൺസോഴ്സായി എത്തുന്നതോടെ പ്രോപ്രൈറ്ററി ബ്രൗസറായ ഇന്റർനെറ്റ്‌ എക്സ്പ്ലോററിനെ നേർക്കുനേർ നിന്ന്‌ വെല്ലുവിളിക്കാനാണ്‌ ഗൂഗിളിന്റെ പദ്ധതി എന്ന്‌ വെളിവാകുന്നു. സ്വന്തം ബ്രൗസർ നിലവിൽ വന്നാലും 2011 വരെ മോസില്ല ഫൗണ്ടേഷനുള്ള ഔദ്യോഗിക പിന്തുണ തുടരുമെന്ന്‌  ഗൂഗിൾ അറിയിച്ചിട്ടുണ്ട്‌.

ക്രോമിലൂടെ ഗൂഗിൾ അവതരിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ അതിന്റെ മൾട്ടിപ്രോസസ്‌ ഡിസൈനാണ്‌. ക്രോമിൽ ഓരോ ടാബും ഓരോ പ്രോസസ്‌ ആയാണ്‌ റൺ ചെയ്യുന്നത്‌. ഒരു ഓപ്പറേടിങ്‌ സിസ്റ്റം ഒരേ സമയം വിവിധ പ്രോഗ്രാമുകൾ റൺ ചെയ്യുമ്പോൾ അവ വെവ്വേറെ കൈകാര്യം ചെയ്യുന്നതുപോലെയാണ്‌ ക്രോം വിവിധ ടാബുകളെയും വിൻഡോകളേയും കൈകാര്യം ചെയ്യുന്നത്‌. ഏതെങ്കിലും വെബ്‌ പേജിലുള്ള കുഴപ്പം മൂലം  ബ്രൗസർ റീസ്റ്റാർട്ട്‌ ചെയ്യേണ്ടിവരുന്നത്‌ സാധാരണ പ്രശ്നമാണ്‌. ഇതിന്‌ പരിഹാരമാണ്‌ മൾട്ടിപ്രോസസ്‌ ഡിസൈൻ. ഇവിടെ പ്രശ്നകാരിയായ ടാബ്‌ മാത്രമായി ക്ലോസ്‌ ചെയ്യാനും മറ്റുള്ളവ സാധാരണപോലെ കാണാനും സാധിക്കും. ഒരു ടാബ്‌ അടയ്ക്കുമ്പോൾ ആ ടാബിനുവേണ്ടി നീക്കിവച്ചിരുന്ന മെമ്മറി മറ്റാവശ്യങ്ങൾക്കായി എടുക്കാനും സാധിക്കും.

ബ്രൗസറിലെ ഓരോ സൗകര്യങ്ങൾക്കുമായി നീക്കിവയ്ക്കുന്ന മെമ്മറിയുടെ തോത്‌ അറിയാനും മൾട്ടിപ്രോസസ്‌ ഡിസൈൻ മൂലം സാധിക്കും. ക്രോമിനൊപ്പം ലഭിക്കുന്ന പ്രോസസ്‌ മാനേജർ ഉപയോഗിച്ചാണ്‌ ഇത്‌ സാധ്യമാവുക. സിസ്റ്റം ഏതെങ്കിലും വിധേന അനങ്ങാതായാൽ ബ്രൗസറിലെ ഏത്‌ ടാബാണ്‌/ ആപ്ലിക്കേഷനാണ്‌ / പ്ലഗ്‌ ഇൻ ആണ്‌ യഥാർത്ഥ പ്രതിയെന്ന്‌ ഉപയോക്താവിന്‌ എളുപ്പത്തിൽ തിരിച്ചറിയാനാകും. അനാവശ്യ ‘കുക്കി’കളും മറ്റും തൂത്തുവാരി മെമ്മറി കൺസപ്‌ഷൻ കുറയ്ക്കു ന്ന തന്ത്രവും ക്രോമിലുണ്ടാവും.

അടിത്തട്ടിലോടുന്ന സിസ്റ്റത്തിന്റെ പ്രവർത്തകസംവിധാനത്തിൽ കുരുത്തംകെട്ട സോഫ്റ്റ്‌വെയറുകൾ (മാൽവെയർ) കടന്നുകൂടുന്നത്‌ ഒഴിവാക്കാൻ സങ്കീർണ്ണമായ സാൻഡ്‌ബോക്സിങ്‌ സിസ്റ്റവും പുതിയ ബ്രൗസറിലുണ്ട്‌. പ്രശ്നകാരിയായ സൈറ്റ്‌ സന്ദർശിക്കുമ്പോൾ ഉപയോക്താവിന്‌ മുന്നറിയിപ്പ്‌ നൽകാനായി  ‘മാൽവെയർ കരിമ്പട്ടിക’ പുതുക്കുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്‌.

ഓട്ടോകംപ്ലീഷൻ, ഗൂഗിളിന്റെ മറ്റ്‌ സേവനങ്ങളുമായുള്ള സമഗ്രമായ ഇണക്കം, പ്രിസം പോലെയുള്ള സൈറ്റ്‌-സ്പെസിഫിക്‌ ആയ ബ്രൗസർ ഫ്രേംവർക്ക്‌, ഇന്റർനെറ്റ്‌ എക്സ്പ്ലോറർ 8നായി പ്രഖ്യാപിച്ച ഇൻപ്രൈവറ്റ്‌ സൗകര്യത്തെ അനുകരിക്കുന്ന ഇൻകോഗ്നിറ്റോ ഫങ്ങ്ഷണാലിറ്റി തുടങ്ങി പല സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.

ക്രോമിന്റെ വിൻഡോസ്‌  ടെസ്റ്റ്‌ വേർഷൻ ആണു് പുറത്തിറങ്ങിയതു്. ഗ്നൂ ലിനക്സ്‌, മാക്‌ ഒ എസ്‌ എക്സ്‌ പതിപ്പുകൾ ഉടനുണ്ടാവും. ബ്രൗസറിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച്‌ സ്കോട്ട്‌ മക്ക്ലൗഡ്‌ രചിച്ച 38 പേജ്‌ നീളുന്ന കോമിക്‌ സ്ട്രി പ്പും അപ്ലോഡ്‌ ചെയ്തിട്ടുണ്ട്‌.

Advertisements

Responses

  1. നന്ദി, മലയാളം ടൈപ്പിംഗില്‍ പോരായ്മയുണ്ട്. എങ്കിലും കൊള്ളാം


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: