Posted by: absolutevoid | സെപ്റ്റംബര്‍ 5, 2008

വേരിറങ്ങുന്ന കൃത്രിമ അസ്ഥികൾ

ഇനി ധൈര്യമായി മുട്ടുചിരട്ട മാറ്റിവയ്ക്കാം

സ്വാഭാവിക അസ്ഥികളെ പോലെ സംയോജകകലകളും സ്നായുക്കളുമായി (ടെൻഡൻസും ലിഗമെന്റ്സും) സ്വമേധയാ ബന്ധമുണ്ടാക്കാൻ കഴിയുന്ന കൃത്രിമ അസ്ഥികൾ വികസിപ്പിച്ചു. മാംസത്തെയും അസ്ഥിയേയും പരസ്‌പരം അടുപ്പിച്ചുനിർത്തുന്നത്‌ സ്നായുക്കളും സംയോജകകലകളുമാണ്‌. ജോർജിയ ടെക്കിലെ എഞ്ചിനീയർമാരാണ്‌ ചര്‍മ്മകോശങ്ങളുപയോഗിച്ച്‌ സ്വാഭാവിക അസ്ഥികളെ അനുകരിക്കുന്ന കൃത്രിമ അസ്ഥികൾ നിർമ്മിച്ചത്‌. ശരീരവുമായി എല്ലുകൾക്ക്‌ നന്നായി ഇഴുകിച്ചേരാനും ഫലപ്രദമായി ഭാരം താങ്ങാനും ഇതുമൂലം സാധിക്കും.

“റീജനറേടീവ്‌ മെഡിസിന്റെ പ്രധാന വെല്ലുവിളി ക്രമാനുഗതമായ വളർച്ച ഉറപ്പുവരുത്തുകയാണ്‌, കാരണം, ശരീരത്തിലെ ഭൂരിഭാഗം കലകളും വളരുന്നത്‌ അങ്ങനെയാണ്‌. ഇത്തരം ക്രമാനുഗതത്വം കൂടുതൽ ഇഴയടുപ്പവും ഭാരോദ്വഹനശേഷിയും നൽകുമെന്ന്‌ ചില പഠനങ്ങൾ പറയുന്നു,” ജോർജ്ജ്‌ ഡബ്ല്യൂ വുഡ്‌റഫ്‌ സ്കൂൾ ഓഫ്‌ മെക്കാനിക്കൽ എഞ്ചിനീറിങ്ങിലെ പ്രൊഫസർ ആന്ദ്രേസ്‌ ഗാർസിയ പറയുന്നു.

ഗാർസിയയും മുൻ ബിരുദവിദ്യാർത്ഥിയായിരുന്ന ജെന്നിഫർ ഫിലിപ്സും റിസർച്ച്‌ ടെക്നീഷ്യൻ കെല്ലീ ബേൺസും സഹപ്രവർത്തകരായ ജോസഫ്‌ ലെ ഡൗക്സും റോബർട്ട്‌ ഗുൽഡ്‌ബെർഗും ഉൾപ്പെടുന്ന ഗവേഷണ സംഘത്തിന്‌ തരളകലകളുമായി ഇഴുകിച്ചേരുന്ന കൃത്രിമഅസ്ഥി നിർമ്മിക്കാൻ മാത്രമല്ല, അത്‌ വിജയകരമായി ശരീരത്തിൽ സ്ഥാപിക്കാനും ആഴ്ചകളോളം വിജയകരമായി നിരീക്ഷിക്കാനുമായി.

റൺഎക്സ്‌2 എന്ന ഒരു പുനരാലേഖന സന്ദേശകനെ ഉള്‍ക്കൊള്ളുന്ന ത്രിമാന പോളിമർ നിലപ്പലകകളാൽ പൊതിഞ്ഞ കലയെ സൃഷ്ടിക്കുകയാണ്‌ ശാസ്ത്രജ്ഞർ ആദ്യം ചെയ്തത്‌.

(കൃത്രിമമായും സൃഷ്ടിക്കാവുന്ന ഭീമൻ തന്മാത്രകളാണ്‌ പോളിമറുകൾ. പ്ലാസ്റ്റിക്‌, കൃത്രിമ റബ്ബർ തുടങ്ങിയവ പോളിമറുകൾക്ക്‌ ഉദാഹരണമാണ്‌. ക്രോമസോമിലെ ഡിഎൻഎ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ജനിതകവിവരങ്ങളെ സന്ദേശക ആർഎൻഎയിലേക്ക്‌ പകർത്തുന്ന പ്രക്രിയയാണ്‌ പുനരാലേഖാനം അഥവാ ട്രാൻസ്ക്രിപ്ഷൻ.)

അതിനുശേഷം നിലപ്പലകയുടെ ഒരറ്റത്ത്‌ റൺഎക്സ്‌2-ന്റെ കനത്ത സാന്നിധ്യം ഉറപ്പാക്കുകയും മറുവശത്തേക്ക്‌ ക്രമാനുഗതമായി കുറച്ചുകൊണ്ടുവന്ന്‌ ഒട്ടുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇതിലൂടെ കൃത്യമായും നിയന്ത്രിത അളവിൽ തട്ടുതട്ടായി റൺഎക്സ്‌2 സാന്നിധ്യം ഉറപ്പാക്കി. അടുത്ത പടി ചർമ്മ ഫൈബ്രോബ്ലാസ്റ്റുകളെ ഒരേയളവിൽ നിലപ്പലകയ്ക്കുമേൽ പാകുകയായിരുന്നു. കശേരുക്കളിലെ സംയോജകകലകളിലുടനീളം കാണുന്ന നക്ഷത്രാകൃതിയുള്ള കോശങ്ങളാണ്‌ ഫൈബ്രോബ്ലാസ്റ്റുകൾ. സംയോജക കലകളിലെ കോളാജൻ നാരുകളും മ്യൂക്കോപോളിസാക്കറൈഡുകളും ഉത്പാദിപ്പിക്കുന്നത്‌ ഇവയാണ്‌.

റൺഎക്സ്‌2-ന്റെ അധിക സാന്നിധ്യം ഉള്ള ഭാഗത്തെ ചർമ്മകോശങ്ങൾ അസ്ഥിയായി രൂപാന്തരപ്പെടുകയും നിലപ്പലകയുടെ മറ്റേയറ്റത്തുള്ള റൺഎക്സ്‌2 തീരെയില്ലാത്ത ഭാഗത്തെ ചർമ്മകോശങ്ങൾ തരളകലകളായി മാറുകയും ചെയ്തു. സംയോജകകലകളും സ്നായുക്കളുമടക്കമുള്ള തരളകലകളിലേക്ക്‌ ക്രമാനുഗതമായി വികസിക്കുന്ന കൃത്രിമ അസ്ഥിയായിരുന്നു ഫലം.

സാങ്കേതികവിദ്യ കൂടുതൽ പരീക്ഷണങ്ങളിലൂടെ വികസിപ്പിക്കാനായാൽ മുട്ടുചിരട്ട മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അടക്കമുള്ള പല സങ്കീർണ്ണ ശസ്ത്രക്രിയകളുടെയും വിജയസാധ്യത ഗണ്യമായി വർധിക്കും. പലപ്പോഴും അസ്ഥിയും സ്നായുക്കളുമായി ബന്ധിപ്പിക്കുന്നതിൽ വരുന്ന പരാജയം നിമിത്തമാണ്‌ ആന്റീരിയർ ക്രൂഷിയേറ്റ്‌ ലിഗമെന്റ്‌ സർജറി പരാജയപ്പെടുന്നത്‌. എന്നാൽ ക്രമാനുഗതമായി സ്നായുക്കളിലേക്ക്‌ വളരുന്ന കൃത്രിമ മുട്ടുചിരട്ട സ്ഥാപിക്കാനായാൽ രോഗികൾക്ക്‌ വളരെ ആശ്വാസമാകും.

“ശരീരത്തിലെ എല്ലാ അവയവങ്ങളും സങ്കീർണ്ണവും വൈവിധ്യവുമാർന്ന ഘടകങ്ങളാൽ നിർമ്മിതമാണ്‌. അതുകൊണ്ടുതന്നെ ഇത്തരം സ്വാഭാവിക ആർക്കിടെക്ചറുകളെ സൂക്ഷ്മമായി പകർത്തുന്ന കലകൾ വളർത്തുന്നത്‌  ടിഷ്യൂ എഞ്ചിനീറിങ്ങിലെ പ്രധാനവെല്ലുവിളിയാണ്‌,” എമോറി സർവ്വകലാശാലയിൽ ഡെവലപ്‌മന്റൽ ബയോളജിയിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെലോയായ ഫിലിപ്സ്‌ പറയുന്നു.

ജീവനുള്ള ശരീരത്തിൽ കലകൾ ആഴ്ചകളോളം ഇംപ്ലാന്റ്‌ ചെയ്യാമെന്ന്‌ തെളിയിച്ച സ്ഥിതിക്ക്‌ ഗവേഷക സംഘത്തിന്റെ അടുത്ത ലക്ഷ്യം ഈ കലകൾക്ക്‌ കൂടുതൽ കാലം ഭാരംതാങ്ങാനാവുമെന്ന്‌ കൂടി കാട്ടുകയാണ്‌. പ്രോസീഡിങ്സ് ഓഫ്‌ ദ നാഷണൽ അക്കാദമി ഓഫ്‌ സയൻസസിന്റെ ഓഗസ്റ്റ്‌ 26നിറങ്ങിയ ലക്കത്തിലാണ്‌ ഗവേഷണത്തെ കുറിച്ചുള്ള വിവരങ്ങളുള്ളത്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: