Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

ഭാഷയുടെ പദമുദ്ര

ഭാഷാസ്നേഹികൾക്കൊരു സന്തോഷവാർത്ത. മലയാളത്തിൽ ഒരു സമ്പൂർണ്ണ ഓൺലൈൻ നിഘണ്ടു തയ്യാറായി വരുന്നു. http://www.padamudra.com എന്നതാണ്‌ ഇതിന്റെ വിലാസം.

വെബ്ബിൽ ലഭ്യമായ ആദ്യ മലയാളം നിഘണ്ടുവല്ല, ‘പദമുദ്ര’. മഷിത്തണ്ടും മറ്റും നേരത്തെ തന്നെ ഇത്തരം സംരംഭത്തിൽ ഏർപ്പെട്ടിട്ടുണ്ട്‌. ഡവലപ്പർമാരൊഴികെ മറ്റാർക്കും പദങ്ങൾ ചേർക്കാനോ തിരുത്താനോ അനുമതിയില്ലായിരുന്നതിനാൽ അവയുടെ ഉപയോഗം പരിമിതമായിരുന്നു. ഉപയോക്താക്കൾക്ക്‌ സ്വയം പദങ്ങളും അർത്ഥങ്ങളും ചേർക്കാവുന്ന മലയാളത്തിലെ ആദ്യ സാമൂഹ്യനിഘണ്ടുവാകും പദമുദ്ര.

യൂണിക്കോഡ്‌ പ്രചാരകനായ നിഷാദ്‌ ഹുസൈൻ കൈപ്പള്ളിയും ബ്ലോഗ്‌ സുഹൃത്ത്‌ സജിത്ത്‌ യൂസഫുമാണ്‌ PHP/MySQL ഉപയോഗിച്ച്‌ ഒരുമാസം മുമ്പ്‌ പദമുദ്രയുടെ പ്രവർത്തനരൂപവും വിവരശേഖരണസംവിധാനവും രൂപകൽപ്പന ചെയ്‌തത്‌.

ബൈബിൾ പൂർണ്ണമായി യൂണിക്കോഡിൽ എൻകോഡ്‌ ചെയ്ത്‌ വെബ്ബിൽ സൗജന്യമായി ലഭ്യമാക്കിയ വ്യക്തിയാണ്‌ കൈപ്പള്ളി. ഇന്റർനെറ്റിലെ മലയാളത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചവരിൽ ഒരാൾ. കുട്ടിക്കാലം തൊട്ടേ, ഗൾഫിൽ ജീവിച്ച ഇദ്ദേഹം മലയാളം പഠിച്ചിട്ടേയില്ല എന്നറിയുമ്പോഴാണ്‌ ഈ വിദേശമലയാളിയുടെ ഇക്കാര്യത്തിലുള്ള ആത്മസമർപ്പണം എത്രമാത്രം വലുതാണെന്ന്‌ പിടികിട്ടുക. തിരുവനന്തപുരമാണ്‌ നിഷാദിന്റെ നാട്‌. കൈപ്പള്ളി എന്ന പേര്‌ മലയാള ബൂലോഗത്തിന്‌ സുപരിചിതം.

തെസൊറസ്‌ ആയികൂടി പ്രവർത്തിക്കാവുന്ന ഒരു ഓൺലൈൻ ലെക്‌സിക്കൺ എന്ന ആശയുമായി സിദ്ധാർത്ഥ്‌ എന്ന സജിത്ത്‌ യൂസഫ്‌ നടക്കാൻ തുടങ്ങിയിട്ട്‌ നാളേറെയായി. മലയാളത്തിൽ ഇന്ന്‌ നിത്യോപയോഗത്തിൽ നിന്ന്‌ പുറത്തുപോയ പതിനായിരക്കണക്കിന്‌ വാക്കുകൾ ഇന്റർനെറ്റിലൂടെ പുനർജനിക്കുന്നതും കാത്തിരിക്കുന്ന സജിത്ത്‌ ഷാർജ്ജയിലാണ്‌ ജോലി ചെയ്യുന്നത്‌.

സാധാരണ പത്തോ ഇരുപതോ വർഷം കൊണ്ട്‌ തയ്യാറാവുന്ന ഒരു നിഘണ്ടുവിന്റെ സ്ഥാനത്ത്‌ ഇൻർനെറ്റിൽ മലയാളം ഉപയോഗിക്കാനറിയാവുന്നവരുടെ സഹകരണത്തിലൂടെ അതിലും വേഗത്തിലും ആഴത്തിലും ചിലപ്പോൾ അഞ്ചോ ആറോ വർഷം കൊണ്ട്‌ ഇത്‌ പൂർത്തിയായേക്കും എന്നാണ്‌ പദമുദ്രയുടെ പിന്നണിപ്രവർത്തകർ പ്രതീക്ഷിക്കുന്നത്‌. നിലവിൽ പരിമിതമായ വാക്കുകൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ജൂൺ 16ന്‌ ഈ നിഘണ്ടു പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

സാമൂഹികമായി തിരുത്താവുന്ന വിക്ഷനറി എന്ന വിക്കി പ്രോജക്‌ടിന്റെ ചില അടിസ്ഥാന സംവിധാനങ്ങൾ പദമുദ്രയിലും സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ wiktionaryയിൽ ഇല്ലാത്ത പല സവിശേഷതകളും പദമുദ്രയിലുണ്ട്‌. പരിശീലനം കൂടാതെ തന്നെ പദമുദ്രയിൽ പദങ്ങളും അർത്ഥങ്ങളും എഴുതിച്ചേർക്കാം. അർത്ഥ സംവർഗ്ഗങ്ങൾക്കും ചട്ടങ്ങൾക്കും സമ്പ്രദായങ്ങൾക്കും വ്യക്തമായ ചിട്ടകളേർപ്പെടുത്തിയിരിക്കുന്നു.

രജിസ്റ്റാർ ചെയ്യുന്ന അംഗങ്ങൾക്കാണ്‌ പദം ചേർക്കാൻ അനുമതിയുള്ളത്‌. നിഘണ്ടു ഉപയോഗിക്കാൻ അംഗമാകേണ്ട കാര്യമില്ല. ഒരാൾ കൊടുത്ത അർത്ഥം മറ്റൊരംഗത്തിന്‌ തിരുത്താൻ ആവില്ല. എന്നാൽ വോളന്റിയർ എഡിറ്റർമാർക്ക്‌ സാധിക്കും. എഡിറ്റർ ആകാൻ സന്നദ്ധതയുള്ളവരെ കാത്തിരിക്കുകയാണ്‌ പദമുദ്ര ടീം.

ക്രിയേറ്റീവ്‌ കോമൺസ്‌ നോൺ കൊമേഴ്സ്യൽ ലൈസൻസ്‌ പ്രകാരം സൗജന്യമായി നൽകുന്ന ഈ സേവനം ഒരു വ്യക്തിയുടേയും സംഘടനയുടേയും സ്വത്തല്ല. ഇതിൽനിന്ന്‌ സാമ്പത്തികലാഭമുണ്ടാക്കാൻ ആർക്കും അനുമതിയില്ല. അതായത്‌, ഡിക്ഷനറിയുടെ ഉള്ളടക്കം വിൽക്കാനാവില്ല. ഈ നിഘണ്ടു അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ടെക്‌നോളജിയും അതിന്റെ പിൽക്കാല വികസനങ്ങളും സൗജന്യമായിരിക്കുകയും വേണം. എന്നാൽ ടെക്നോളജിയുടെ ഉപയോഗത്തിലൂടെ പണം ഉണ്ടാക്കാൻ തടസ്സമില്ല.

ദിവസവും വരുത്തുന്ന തിരുത്തലുകൾ സഹിതം ആർ.എസ്‌.എസ്‌ ഫീഡ്‌ ലഭ്യമാണ്‌. ഇപ്പോഴും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നിഘണ്ടുവിന്‌ ഭാവിയിൽ പല സവിശേഷതകളും കൂട്ടിച്ചേർത്തേക്കും.

ഒരു പദത്തിന്‌ ഒന്നിലധികം വിഭാഗങ്ങളിൽ പെട്ട ഒന്നിലധികം അർത്ഥങ്ങളുണ്ടാകാം. അർത്ഥങ്ങളെ വിവരിക്കാനായി 14 പ്രദേശങ്ങളും 113 അർത്ഥ സംവർഗ്ഗങ്ങളും 25 ഉത്പത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. അർത്ഥങ്ങളോടൊപ്പം പദച്ഛേദം, ആംഗലേയ അർത്ഥം, പര്യായം, വിപരീതം, എതിർലിംഗം, മറ്റ്‌ വിവരങ്ങൾ എന്നിവയും ശേഖരിക്കുന്നുണ്ട്‌. ഓരോ അർത്ഥവും അംഗങ്ങൾക്ക്‌ ചർച്ച ചെയ്യാനുള്ള സൗകര്യവുമുണ്ട്‌.

ഒരു സാധാരണ ഉപയോക്താവിന്‌ ഇത്തരം തരംതിരിവിൽ വലിയ കാര്യമില്ലെങ്കിലും അത്‌ നൽകുന്ന സാങ്കേതിക മേന്മ വിലമതിക്കാനാവാത്തതാണ്‌. നിഘണ്ടു അടിസ്ഥാനമാക്കി സ്പെൽ ചെക്ക്‌, കോണ്ടക്സ്റ്റ്‌ സെൻസിറ്റീവ്‌ അഡ്വർടൈസ്‌മന്റ്‌ എഞ്ചിൻ തുടങ്ങിയ എക്‌സ്റ്റേണൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ ഇത്‌ സഹായകമാകും. സങ്കീർണ്ണമായ ലിപിസഞ്ചയമുള്ള മലയാളമടക്കമുള്ള ഇൻഡിക്‌ ഭാഷകളിൽ ഗൂഗിൾ ആഡ്‌ സേൻസ്‌ പോലുള്ള സേവനങ്ങൾ വരാത്തതിന്‌ കാരണം ഈ ഭാഷകൾക്ക‍ായി കോണ്ടക്‌സ്റ്റ്‌ സെൻസിടീവ്‌ സേർച്ച്‌ സൗകര്യം നിലവിലില്ല എന്നതാണ്‌.
ബ്ലോഗ്‌ എഴുത്തുകാർക്കും പോർട്ടൽ നടത്തിപ്പുകാർക്കും മറ്റും സ്വന്തം വെബ്ബിടത്തിൽ പരസ്യം നൽകി വരുമാനം ഉറപ്പാക്കുന്ന സേവനമാണ്‌ ഗൂഗിൾ ആഡ്‌ സെൻസ്‌. ലേഖനത്തിന്റെ വിഷയമനുസരിച്ചുള്ള പരസ്യമാകും ഗൂഗിൾ നൽകുക. അതിൽ ലഭിക്കുന്ന ഓരോ ക്ലിക്കുകളും സൈറ്റ് ഉടമയ്ക്ക്‌ വരുമാനമായി മാറും. പദങ്ങൾക്ക്‌ പ്രയോഗം അനുസരിച്ച്‌ അർത്ഥം മാറുമെന്നതിനാൽ അത്തരം ഒരു സേർച്ച്‌ സൗകര്യം ഭാഷയിൽ ലഭ്യമായാൽ മാത്രമേ ആഡ്‌ സെൻസ്‌ പോലെയുള്ള സേവനങ്ങളും ഫലപ്രദമാകൂ.

Advertisements

Responses

  1. An excellent report. I couldn’t have put in better words. Thank you

  2. […] detailed description about this project is available (in Malayalam) from Here and Here. Tagged as: Bible, kerala, language, Malayalam, […]


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: