Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

ചൈന ലോകത്തിന്റെ പുതിയ ഫിസിക്സ്‌ പവർ ഹൗസ്‌ ?

ശാസ്ത്രസമൂഹം കാതുകൂർപ്പിക്കുന്നത്‌ ചൈനയിലേക്കാണോ? സംശയം വെറുതെയല്ല.  അന്താരാഷ്ട്ര ഭൗതികശാസ്ത്ര ജേണലുകളിൽ ചൈനീസ്‌ ശാസ്ത്രജ്ഞരുടെ പ്രബന്ധങ്ങളുടെ എണ്ണം ഗണ്യമായി കൂടുന്നു.  ചൈന ലോകത്തെ പ്രധാനപ്പെട്ട സയന്റിഫിക്‌ പവർ ഹൗസ്‌ ആയി മാറുകയാണെന്ന്‌ ഫിസിക്സ്‌ വേൾഡ്‌ എന്ന ജേണലിന്റെ ഓഗസ്റ്റ്‌ ലക്കത്തിൽ മൈക്കൽ ബാങ്ക്സ്‌ പറയുന്നു.  ചൈനയുടെ സയന്റിഫിക്‌ ഔട്ട്പുട്ടിലുള്ള ഈ വർധനയ്ക്ക്‌ അനുസൃതമായ നിലവാരം പ്രബന്ധങ്ങളിലുണ്ടോ എന്ന അന്വേഷണമാണ്‌ നടത്തുന്നത്‌.

സൂക്ഷ്മശാസ്ത്രം (നാനോസയൻസ്‌), ക്വാണ്ടം കമ്പ്യൂട്ടിങ്‌, താപോന്നതിയിലെ അതിചാലകത്വം (ഹൈ ടെമ്പറേച്ചർ സൂപ്പർ കണ്ടക്ടിവിറ്റി) എന്നീ മൂന്ന്‌ മേഖലകളിലെ ഗവേഷണത്തിലാണ്‌ ചൈനയിൽ നിന്ന്‌ വൻതോതിൽ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്‌.  സൂക്ഷ്മശാസ്ത്രത്തിൽ മാത്രം ചൈനയിൽ നിന്ന്‌ ഒരു സഹരചയിതാവെങ്കിലുമുള്ള ജേണൽ ആർട്ടിക്കിളിന്റെ എണ്ണം 2007ൽ 10,500 കവിഞ്ഞു. ചൈനയിൽ നിന്നുള്ള സംഭാവനയുടെ കാര്യത്തിൽ സഹസ്രാബ്ദപ്പിറവിക്ക്‌ ശേഷം പത്ത്മടങ്ങ്‌ വർധനയാണ്‌ ഈ ഒറ്റ ശാസ്ത്രശാഖയിൽ മാത്രമുള്ളത്‌.

പ്രസിദ്ധീകരിക്കപ്പെട്ട ഫിസിക്സ്‌ പേപ്പറുകളുടെ എണ്ണത്തിൽ ഇതിനോടകം തന്നെ യുകെ, ജർമ്മനി എന്നീ രാജ്യങ്ങളെ പിന്തള്ളിക്കഴിഞ്ഞ ചൈന യുഎസിന്‌ തൊട്ടുപിന്നാലെയാണ്‌. ഇതേ രീതിയിൽ തുടർന്നാൽ 2012 ആകുമ്പോഴേക്കും ഫിസിക്സിൽ – ഒരുപക്ഷെ എല്ലാ ശാസ്‌ത്ര ശാഖകളിലും – യുഎസിനേക്കാൾ കൂടുതൽ പ്രബന്ധങ്ങൾ എഴുതപ്പെടുക ചൈനയിൽനിന്നാവും.

എണ്ണംമാത്രം പോരല്ലോ. മറ്റ്‌ അക്കാദമീഷ്യന്മാരുടെ പ്രബന്ധങ്ങളിൽ മുമ്പ്‌ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പ്രബന്ധം എത്രതവണ സൈറ്റേഷനായി കടന്നുവന്നു എന്നതിനെ ആശ്രയിച്ചാണ്‌ ഒരു പ്രബന്ധത്തിന്റെ നിലവാരം അളക്കപ്പെടുക. നിർഭാഗ്യവശാൽ ദേശീയ സൈറ്റേഷൻ ടോപ്‌ സ്പോട്ടിൽ കുവൈറ്റിന്റെ തൊട്ടുമുമ്പിൽ കേവലം 65-​‍ാം സ്ഥാനത്താണ്‌ ചൈനയുടെ സ്ഥാനം.  പ്രസിദ്ധീകൃതമായ ഓരോ പ്രബന്ധത്തിനും ശരാശരി 4.12 സൈറ്റേഷനുകൾ മാത്രം.

ചൈന ബൃഹത്തായ ശാസ്ത്ര പഠനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടേയുള്ളുവെന്നതിനാൽ ഈ കുറഞ്ഞ സൈറ്റേഷൻ ആനുപാതിക പ്രതികരണമാണെന്ന്‌ കരുതാനാവില്ല.  ഫിസിക്സ്‌ വേൾഡ്‌ ആർട്ടിക്കിളിന്‌ വേണ്ടി ബിബ്ലിയോമെട്രിക്‌ പഠനം നടത്തിയ ജർമ്മനിയിലെ സ്റ്റുഗേർട്ടിലുള്ള മാക്സ്‌ പ്ലാങ്ക്‌ ഇൻസ്റ്റിട്യൂട്ട്‌ ഫോർ സോളിഡ്‌ സ്റ്റേറ്റ്‌ റിസർച്ചിലെ ഇൻഫർമേഷൻ സയന്റിസ്റ്റായ വെർനർ മാർക്ക്സിന്റെ അഭിപ്രായത്തിൽ ഈ എണ്ണം വളരെ ഇമ്പ്രസീവ്‌ ആണ്‌. ഏതാനും വർഷങ്ങൾക്കകം സൈറ്റേഷനുകളുടെ എണ്ണം ഗണ്യമായി കൂടും.

ഗവേഷണത്തിൽ ലോകനായകപദവി നേടാനുള്ള ചൈനയുടെ സാധ്യത കൂടുന്നതായാണ്‌ എല്ലാ സൂചനകളും.  ഇക്കഴിഞ്ഞ മാർച്ചിൽ 26 കെൽവിനിലും താഴേക്ക്‌ തണുപ്പിച്ചാൽ യാതൊരു പ്രതിരോധവുമില്ലാതെ വൈദ്യുതി കടത്തിവിടാനാവുന്ന ഇരുമ്പ്‌ അടിസ്ഥാനമാക്കിയുള്ള അതിചാലക വസ്തു ജപ്പാനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരുന്നു.  തുടർന്ന്‌ വസ്തുവിന്റെ വൈദ്യുതപ്രതിരോധകശേഷി പൂർണ്ണമായും കൈവിടുന്ന പ്രസരണതാപനില 52 കെൽവിനിലേക്ക്‌ ഉയർത്താൻ ചൈനീസ്‌ ശാസ്ത്രജ്ഞർക്ക്‌ കേവലം ഒരുമാസമേ വേണ്ടിവന്നുള്ളൂ.

“ശാസ്ത്രഭൂമികയിൽ ചൈന പ്രത്യേകം ശ്രദ്ധിക്കേണ്ട ഘടകമായി മാറിയിട്ടുണ്ട്‌. സാധാരണഗതിയിൽ ശാസ്ത്രീയ വികാസത്തിന്റെ കാര്യത്തിൽ പല രാഷ്ട്രങ്ങളും ചൈനയെപ്പോലെ ശക്തിമത്തായ വേഗത പ്രകടമാക്കില്ല. അതുകൊണ്ട്‌ തന്നെ ഇത്‌ ഭാവിയിൽ എങ്ങനെ പ്രതികരിക്കുമെന്നോ വികസിക്കുമെന്നോ പ്രവചിക്കാനുമാവില്ല,” വെർനർ മാക്സ്‌ പറഞ്ഞു.

Advertisements

Responses

  1. ചൈനയില്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍ക്കുന്നത് ആരാണ്? ഗവേഷകര്‍ സ്വയം കണ്ടെത്തേണ്ടതുണ്ടോ?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: