Posted by: absolutevoid | സെപ്റ്റംബര്‍ 4, 2008

മാലിന്യസംസ്കരണത്തില്‍നിന്നു് ലാന്‍ഡ്‌ഫില്‍ മൈനിങ്ങിലേയ്ക്കു്

വറ്റുന്ന പെട്രോളിയം സ്രോതസ്സ്‌ പെട്ടെന്ന്‌ മൂല്യമുയർത്തിയ ഒരുവസ്തുവുണ്ട്‌ : പഴയ പ്ലാസ്റ്റിക്‌. കാലങ്ങളായുള്ള മനുഷ്യന്റെ ത്രോ-എവേ കൾച്ചർ പരിസ്ഥിതിക്ക്‌ വൻ കോട്ടം സമ്മാനിച്ചെങ്കിൽ ഇന്ന്‌ അതേ കാര്യം ചില മാലിന്യസംസ്കരണ കമ്പനികൾക്ക്‌ അക്ഷയഖനികളെ നൽകിയിരിക്കുന്നു.  ചറവുകൂനകളിൽ കുഴിച്ചുമൂടിയ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ തേടിയിറങ്ങിരിക്കയാണ്‌, ഈ കമ്പനികൾ. നികത്തിയ ചതുപ്പുകളും ചെരിവിടങ്ങളും വൻ സാധ്യതകളാണ്‌ ഉണർത്തുന്നത്‌.

“2020-ഓടെ ഭൂമിയിൽ 900 കോടി ജനങ്ങളുണ്ടാവും. ദശലക്ഷക്കണക്കിന്‌ കാറുകൾ ഓടിക്കുന്ന വമ്പിച്ച മദ്ധ്യവർത്തിസമൂഹമാകും ഭൂരിപക്ഷം. പെട്രോൾ വില കുതിച്ചുയരുകയും ലിബിയയിലും റഷ്യയിലും സൗദിയിലും മറ്റും പെട്രോളിയം ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിസ്ഥാനാവശ്യങ്ങൾക്ക്‌ ദാഹിക്കുന്ന ജനതയാകും അത്‌,” വെയ്സ്റ്റ്‌ മാനേജ്‌മന്റ്‌ രംഗത്ത്‌ ബ്രിട്ടനിലെ വിദഗ്ദ്ധരിലോരാളായ പീറ്റർ ജോൺസ്‌ പറയുന്നു.

“ഈ ഡ്രൈവർമാരും സാഹചര്യങ്ങളുമാണ്‌ നികത്തുഭൂമി ഖാനനത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നത്‌. ”

വിദഗ്ദ്ധർ പറയുന്നത്‌ ബ്രിട്ടനിൽ മാത്രം നിലംനികത്തിയ ഇടങ്ങളിൽ നിന്ന്‌ 4,82,979 കോടി രൂപ മതിപ്പുവിലയുള്ള 2000 ലക്ഷം ടൺ പഴയ പ്ലാസ്റ്റിക്‌  കണ്ടെത്തി ഉപയോഗയുക്തമാക്കുകയോ ഇന്ധനമായി പരിവർത്തനം ചെയ്യുകയോ ആവാമെന്നാണ്‌.

എണ്ണവില ബാരലിന്‌ 100നു മുകളിൽ തുടരുമെന്ന്‌ അനലിസ്റ്റുകൾ ഉറപ്പുപറയുന്നതിനാൽ അമേരിക്ക, യൂറോപ്പ്‌, ഏഷ്യ വൻകരകളിലുള്ള ചവർസംസ്കരണ വിദഗ്ദ്ധർ പഴയ പ്ലാസ്റ്റിക്കിനെയും മറ്റ്‌ മാലിന്യങ്ങളേയും എങ്ങനെ പുനഃരുപയോഗിക്കാം എന്ന്‌ പരിശോധിച്ചുവരികയാണ്‌.

ഹൈഡെൻസിറ്റി പോളിഎത്തിലീൻ പോലെയുള്ള ഗുണമേന്മയുള്ള പ്ലാസ്റ്റിക്കിന്റെ വില രണ്ടിരട്ടിയിലേറെയാണ്‌ വർധിച്ചത്‌. ഒരു വർഷം മുമ്പ്‌ ടണ്ണിന്‌ 100 പൗണ്ടിന്‌ (8,038 രൂപ) ലഭ്യമായിരുന്ന എച്ച്ഡിപിക്ക്‌ ഇപ്പോൾ 200-300 പൗണ്ട്‌ (16,079-24,118 രൂപ) ആണ്‌ വില.

ഇക്കാര്യങ്ങൾ വിസ്തരിക്കാനായി മാലിന്യ സംസ്കരണ രംഗത്തെ വമ്പൻ കമ്പനികൾ ഒക്ടോബറിൽ ലണ്ടനിൽ ആദ്യത്തെ ആഗോള ലാൻഡ്‌ഫിൽ മൈനിങ്‌ കോൺഫറൻസ്‌ ചേരുകയാണ്‌.

“ഒരിക്കൽ മണ്ണിനടിയിൽ പ്ലാസ്റ്റിക്‌ പെട്ടുപോയാൽ ഒന്നും സംഭവിക്കാതെ അതവിടെത്തന്നെ കിടക്കും.  ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഭൂമി കുഴിച്ച്‌ അതുവീണ്ടെടുക്കാം,” സമ്മേളനത്തിൽ പ്രാസംഗികനായി തീരുമാനിക്കപ്പെട്ട ന്യൂ ഏർത്ത്‌ സൊലൂഷൻസ്‌ എന്ന വെയ്സ്റ്റ്‌ ആൻഡ്‌ റീസൈക്ലിങ്‌ കമ്പനിയുടെ ഡയറക്ടർ പീറ്റർ മിൽസ്‌ അഭിപ്രായപ്പെട്ടു.

“പ്ലാസ്റ്റിക്‌ നിർമ്മിക്കുന്നത്‌ എണ്ണയിൽ നിന്നായതിനാൽ എണ്ണവില കൂടുന്നതിനൊപ്പം അതിൽ നിന്നുളവാകുന്ന എല്ലാ വസ്തുക്കളുടെയും വിലയും കൂടും.”

വീടുകളിൽ നിന്ന്‌ പുറന്തള്ളുന്ന ചവറിന്റെ അളവ്‌ ലോകമാകമാനം 2005ലെ പ്രതിവർഷം 160 കോടി ടൺ – പ്രതിദിനം ആളോഹരി ഒരു കിലോഗ്രാം – എന്ന നിലവിട്ട്‌ 2030 ആകുമ്പോഴേക്കും പ്രതിവർഷം 300 കോടി ടൺ ആയി ഉയരുമെന്നാണ്‌ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക്‌ കോഓപ്പറേഷൻ ആൻഡ്‌ ഡെവലപ്‌മന്റ്‌ (ഒഇസിഡി) പറയുന്നത്‌.  ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിൽ പലതും അവയിൽ പകുതിയും നിലംനികത്തുന്നതിനാണ്‌ ഉപയോഗിക്കുന്നത്‌.  എന്നാൽ ലോഹം, ഗ്ലാസ്‌, കടലാസ്‌ എന്നിവയുടെ പുനരുപയോഗം ഭരണകൂടം പ്രോത്സാഹിപ്പിക്കുമെന്നതിനാൽ 2030-ഓടെ ഇത്‌ 40% ആയി കുറയുമെന്ന്‌ ഒഇസിഡി പറയുന്നു.  മാലിന്യം താപമോ വൈദ്യുതിയോ ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചുകൂടായ്കയുമില്ല.

“നീണ്ട കാലമായി കിട്ടുന്നതെന്തും നികത്തുഭൂമിയിൽ കുഴിച്ചുമൂടുന്ന പ്രവണത നമുക്കുണ്ടായിരുന്നു. അതിനാൽ തന്നെ ഇവിടങ്ങളിൽ മൂല്യവത്തായ വിഭവങ്ങളുണ്ട്‌,” ഓർക്കിഡ്‌ എൻവയൺമെന്റലിന്റെ സ്റ്റീവ്‌ വാട്മോർ പറഞ്ഞു.

“എവിടെയോക്കെ വിഭവങ്ങളുണ്ടോ, അവിടെയോക്കെ അവ വീണ്ടെടുക്കുന്നത്‌ ലാഭകരമാണോ എന്ന പരിശോധനയും ഉണ്ടാകും.  തത്വം ലളിതമാണ്‌, പ്രായാഗികത സങ്കീർണ്ണവുമാണ്‌. അവ സാമ്പത്തികമായി സാധ്യമാണോ എന്ന കാര്യവും നോക്കണം.”

ലാൻഡ്‌ഫിൽ മൈനിങ്‌ – വിലപിടിപ്പുള്ള വസ്തുക്കൾക്കായി ചവറുകൂനയിലെ തെരച്ചിൽ – പുതിയ ആശയമല്ല. ഇന്ത്യയടക്കം ഏഷ്യയിലും സൗത്ത്‌ അമേരിക്കയിലുമുള്ള പല ദരിദ്ര രാഷ്ട്രങ്ങളും മാലിന്യത്തിൽ പണംനേടാനുണ്ടെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. ഫലവൃക്ഷ തോട്ടങ്ങളിലെ മണ്ണിന്റെ ഗുണം വർധിപ്പിക്കാനായി 1950കളിൽ ഇസ്രായേൽ ഡമ്പിങ്‌ സൈറ്റിൽ ഖാനനം നടത്തി ജൈവമാലിന്യം കലർന്ന മണ്ണ്‌ വീണ്ടെടുത്ത സംഭവം സ്വീഡനിലെ കൽമാർ യൂണിവേഴ്‌സിറ്റിയിൽ എൻവയൺമെന്റൽ എഞ്ചിനീറിങ്‌ & റിക്കവറി പ്രോഫസർ വില്യം ഹോഗ്ലാൻഡ്‌ ചൂണ്ടിക്കാട്ടുന്നു. യുഎസിലെ ചില സ്റ്റേറ്റുകളും 1980കളിൽ ലാൻഡ്‌ഫിൽ മൈനിങ്‌ നടത്തി മാലിന്യത്തിൽ നിന്ന്‌ ഊർജ്ജോത്പാദനം നടത്തിയിട്ടുണ്ട്‌.

“പല യൂറോപ്യൻ രാഷ്ട്രങ്ങളിലും ചൈന, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിലും ഇതിനായി സാധ്യതാപഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നു. ”

ആഗോള ചവർ വിദഗ്ധർക്ക്‌ എല്ലാവരുടെയും മാലിന്യം ഒരുപോലെയല്ല: വിവിധ സ്ഥലങ്ങൾക്ക്‌ വിവിധ സാധ്യതകളാണ്‌. ഒരു രാജ്യത്തെയോ പ്രദേശത്തെയോ പ്രത്യേകമായ സ്വഭാവസവിശേഷത – സംസ്കാരം, വികസന ചരിത്രം, സാമ്പത്തിക കാലാവസ്ഥ എന്നിവ – അവിടെ കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങളുടെ പ്രാതിനിധ്യപഠനത്തിൽ നിന്ന്‌ മനസ്സിലാക്കാം.
“ഉദാഹരണത്തിന്‌ സ്വീഡനിലെ 1960കളിലെ ലാൻഡ്‌ഫില്ലുകൾ പരിശോധിച്ചാൽ അക്കാലത്തെ കൺസ്ട്രക്ഷൻ ബൂം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ധാരാളം ബിൽഡിങ്‌ വേസ്റ്റ്‌ കാണാം,” ഹോഗ്ലാൻഡ്‌ പറയുന്നു.  “മറ്റു ലാൻഡ്‌ഫില്ലുകൾക്ക്‌ വളരെ വ്യത്യസ്തമായ ഘടനയാകും – ഉദാഹരണത്തിന്‌ വണ്ടി പൊളിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന ഗുജറി കമ്പോളങ്ങൾക്ക്‌ സമീപം അലൂമിനിയവും ചെമ്പും ഇരുമ്പും മറ്റും ധാരാളമുണ്ടാകും. ഈ വസ്തുക്കളുടെ മൂല്യം ആഗോള വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾക്കനുസരിച്ച മാറിമറിയും. ”

ബ്രിട്ടനിൽ ലക്ഷക്കണക്കിന്‌ ടൺ പ്ലാസ്റ്റിക്കാണ്‌ പുനഃരുപയോഗം തുടങ്ങുന്നതിന്‌ മുമ്പുള്ള കാലത്ത്‌ ജനം വലിച്ചെറിഞ്ഞത്‌. ഈ അറിവാണ്‌ ബ്രിട്ടനെ പ്ലാസ്റ്റിക്‌ വെയ്സ്റ്റിന്റെ അക്ഷയഖനിയാക്കി മാറ്റുന്നതും.

പ്ലാസ്റ്റിക്‌ ബോട്ടിലുകൾ ഫുഡ്‌ ഗ്രേഡിൽ റീസൈക്കിൾ ചെയ്യാൻ പാങ്ങുള്ള ബ്രിട്ടനിലെ ആദ്യ ‘ക്ലോസ്‌ഡ് ലൂപ്‌’ റീസൈക്ലിങ്‌ പ്ലാന്റിന്റെ എംഡി ക്രിസ്‌ ഡൗവിന്‌ ഈ പ്ലാസ്റ്റിക്‌ ഖാനിയുടെ സാധ്യതയിൽ പുവർണ്ണവിശ്വാസമാണ്‌. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആറു കമ്പനികളിലോന്നാണ്‌ ഡൗവിന്റേത്‌. ഓസ്ട്രിയ, ജർമ്മനി, മെക്സിക്കോ, സ്വിറ്റ്സർലാൻഡ്‌, യുഎസ്‌ എന്നിവിടങ്ങളിലാണ്‌ ഇതേ പോലത്തെ മറ്റ്‌ പ്ലാന്റുകളുള്ളത്‌. വർഷം 35,000 ടൺ പ്ലാസ്റ്റിക്‌ റീസൈക്കിൾ ചെയ്യാൻ ക്രിസ്‌ ഡൗവിന്റെ പ്ലാന്റിനാവും. കുടിവെള്ളവും മറ്റുപാനീയങ്ങളും നിറയ്ക്കാനുപയോഗിക്കുന്ന പോളിയെത്തിലീൻ ടെറാഫ്തലേറ്റ്‌ പ്ലാസ്റ്റിക്‌, ഹായ്‌ഡെൻസിറ്റി പോളിഎത്തിലീൻ എന്നിവ സംസ്കരിക്കാനുള്ള ശേഷി ഇവർക്കുണ്ട്‌.

പുനഃരുപയോഗ ഭ്രാന്തനായ ഡൗവിന്‌ പക്ഷെ കൂടുതൽ പ്ലാസ്റ്റിക്‌ വലിച്ചെറിഞ്ഞുകളയുന്നതിൽ നിന്ന്‌ ജനത്തെ പിന്തിരിപ്പിക്കുന്നതിന്‌ പകരം അങ്ങനെ കളഞ്ഞ പ്ലാസ്റ്റിക്‌ വീണ്ടെടുക്കാനായി സാങ്കേതികവിദ്യയ്ക്ക്‌ പണം മുടക്കുന്നതിനോട്‌ കനത്ത എതിർപ്പാണ്‌.  “നികത്തുഭൂമികളിൽ മണ്ണടിഞ്ഞ വിഭവങ്ങളുടെ മൂല്യം അളവറ്റതാണ്‌. പക്ഷെ ദിവസവും ടൺകണക്കിന്‌ പ്ലാസ്റ്റിക്‌  ചവറുകൂനകളിലേയ്ക്ക്‌ കുന്നുകൂട്ടിക്കൊണ്ടിരിക്കെ  – പരിസ്ഥിതിക്കെതിരായ കലാപമാണത്‌ – മണ്ണിനടിയിൽ കിടക്കുന്നതു വീണ്ടെടുക്കാൻ കോടികൾ ചെലവഴിക്കുന്നത്‌ തനിഭ്രാന്താണ്‌,” ഡൗ പറയുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: