Posted by: absolutevoid | സെപ്റ്റംബര്‍ 3, 2008

ഗൂഗിളിനെ പൂട്ടാൻ മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസർ

കാൽപ്പാടുകൾ മായിക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസർ ഗൂഗിളിന്റെ പരസ്യവരുമാനത്തെ ഗണ്യമായി ബാധിക്കുമെന്ന്‌ ആശങ്ക.

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ബ്രൗസറായ ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ 8 ൽ “പോൺ മോഡ്‌” എന്ന വിളിപ്പേരിൽ ഉൾപ്പെടുത്തിയ ഇൻപ്രൈവറ്റ്‌ എന്ന ഫീച്ചറാണ്‌ ഒരു ബട്ടൺ ക്ലിക്‌ ചെയ്‌താൽ തങ്ങൾ സന്ദർശിച്ച വെബ്‌സൈറ്റുകൾ മറ്റു പ്രോഗ്രാമുകളിൽ നിന്നും വ്യക്തികളിൽ നിന്നും മറച്ചുവയ്ക്കാൻ ഉപ​യോക്താക്കളെ അനുവദ​‍ിക്കുന്നത്‌.

ഒരിക്കൽ ഈ സെറ്റിങ്‌ തെരഞ്ഞെടുത്താൽ അതേ കമ്പ്യൂട്ടർ ഉപയോഗിച്ച്‌ വെബ്‌ ബ്രൗസ്‌ ചെയ്യുന്ന മറ്റൊരാൾക്ക്‌ പോലും ആദ്യത്തേയാൾ സന്ദർശിച്ച സൈറ്റുകളേതൊക്കെയെന്ന്‌ കണ്ടെത്താനാവില്ല. മറ്റ്‌ ബ്രൗസറുകൾക്ക്‌ സമാനമായ സംവിധാനങ്ങളുണ്ടെങ്കിലും ഐഇ 8-ലേത് വളരെ മേധാവിത്വം പുലർത്തുന്നതാണ്‌.  സാധാരണ ഉപയോക്താവിന്‌ സേർച്ച്‌ ഹിസ്റ്ററി കാണാനാവില്ലെങ്കിലും പോലീസ്‌ അടക്കമുള്ള അധികാരികൾക്ക്‌ പക്ഷെ ഇത്‌ കണ്ടെത്താനാവും.

സ്വകാര്യതയ്ക്ക്‌ വേണ്ടി നിലകൊള്ളുന്നവർക്ക്‌ സോഫ്റ്റ്‌വെയർ വൻവിജയമായി ചൂണ്ടിക്കാട്ടാനാവുമെങ്കിലും മൈക്രോസോഫ്‌റ്റിന്റെ പ്രധാനപ്പെട്ട എതിരാളിയായ ഗ‍ൂഗിളിന്‌ ഇതൊരു വലിയ വെല്ലുവിളിയാണ്‌. മുമ്പ്‌ ഇന്റർനെറ്റ്‌ ഉപയോക്താക്കളുടെ പ്രിയ ബ്രൗസറായിരുന്ന നെറ്റ്‌സ്കേപ്പ്‌ നാവിഗേറ്ററിനെ പൂട്ടാൻ വിൻഡോസ്‌ 95യ്‌ക്കൊപ്പം ഇന്റർനെറ്റ്‌ എക്സ്പ്ലോറർ 3 സൗജന്യമായി കൊടുത്തുതുടങ്ങിയതുപോലെ ഒരു തന്ത്രമാണ്‌ മൈക്രോസോഫ്റ്റ്‌ ഇക്കാര്യത്തിലും പുലർത്തുന്നത്‌.  നെറ്റ്‌സ്കേപ്പ്‌ പൂട്ടിപ്പോയെങ്കിലും അതേ കോഡുകളുപയോഗിച്ചാണ്‌ പിന്നീട്‌ മോസില്ല ഫൗണ്ടേഷൻ ‘ഫയർഫോക്സ്‌’ എന്ന ഓപ്പൺ കമ്മ്യൂണിറ്റി ബ്രൗസർ വികസിപ്പിച്ചതു് എന്നതു ചരിത്രം.

കോൺഡക്സ്റ്റ്‌ സെൻസിറ്റീവ്‌ സേർച്ചിലൂടെ ഉപയോക്താവ്‌ സാധാരണയായി ബ്രൗസ്‌ ചെയ്യുന്ന സൈറ്റുകളും ഇഷ്ടവിഷയങ്ങളും സേവനങ്ങളും വസ്‌തുക്കളും സംബന്ധിച്ച വിവരം ശേഖരിച്ച്‌ അതിനനുസൃതമായ പരസ്യം നൽകുന്നതിലൂടെയാണ്‌ ഇന്റർനെറ്റ്‌ അഡ്വർടൈസിങ്ങിലൂടെ തങ്ങളുടെ പ്രവർത്തനച്ചെലവും ലാഭവും കണ്ടെത്താൻ ഗൂഗിളിന്‌ കഴിയുന്നത്‌. ഇങ്ങനെ ചെയ്യുമ്പോൾ പരസ്യം ടാർഗെറ്റഡ്‌ ആവുന്നതിനാൽ പരസ്യത്തിൽ കൂടുതൽ ക്ലിക്കുകൾ കിട്ടാൻ ഇടയാകും. ക്ലിക്കനുസരിച്ചാണ്‌ പരസ്യവരുമാനം നിശ്ചയിക്കപ്പെടുന്നത്‌ എന്നതുകൊണ്ടുതന്നെ ബ്രൗസിങ്‌ ഹിസ്റ്ററി മായ്‌ക്കപ്പെടുന്നപക്ഷം ഗൂഗിളിന്‌ അത്‌ വലിയ വരുമാനനഷ്‌ടത്തിനിടയാക്കും.

പ്രതിവർഷം 40 ബില്യൻ ഡോളർ  (1,75,126 കോടി രൂപ) മൂല്യമുള്ള ഇന്റർനെറ്റ്‌ അഡ്വർടൈസിങ്‌ ബിസിനസ്സിൽ മുന്തിയ പങ്ക്‌ കൈക്കലാക്കാൻ ഗൂഗിൾ, യാഹൂ, മൈക്രോസോഫ്റ്റ്‌ എന്നീ കമ്പനികൾ മത്സരിക്കുകയാണ്‌. ഗൂഗിളിനെ മറികടക്കാനായി യാഹൂവിനെ വിഴുങ്ങാൻ ഇടയ്‌ക്ക്‌ മൈക്രോസോഫ്റ്റ്‌ ശ്രമം നടത്തിയെങ്കിലും യാഹൂ ഓഹരിഉടമകളുടെ എതിർപ്പിനെ തുടർന്ന്‌ പിന്മാറേണ്ടിവന്നു. യാഹൂവിന്റെ ഓഹരികൾക്ക്‌ 72% പ്രീമിയത്തിൽ 47.5 ബില്യൻ ഡോളർ (2,07,964 കോടി രൂപ) നൽകാമെന്നായിരുന്ന മൈക്രോസോഫ്റ്റിന്റെ വാഗ്‌ദാനം. തുടർന്ന്‌ പരസ്യവരുമാനം പങ്കുവയ്‌ക്കുന്ന കാര്യത്തിൽ യാഹൂവും ഗൂഗിളുമായി ധാരണയാകുകയും കൂടി ചെയ്തത്‌ മൈക്രോസോഫ്റ്റിന്‌ വൻ തിരിച്ചടയായിരുന്നു.

ടാർഗെറ്റഡ്‌ അഡ്വർടൈസ്‌മന്റ്‌ ബിസിനസ്സ്‌ വിപുലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഗൂഗിൾ ഈ വർഷം 3.1 ബില്യൻ ഡോളറിന്‌ (135,72 കോടി രൂപ) ഡബിൾ ക്ലിക്ക്‌ എന്ന കമ്പനി ഏറ്റെടുത്തത്‌. ഗൂഗിളിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന വ്യക്തികളെ കുറിച്ച‍്‌ അവർ ശേഖരിക്കുന്ന വിവരങ്ങളുടെ വ്യാപ്തി വളരെയധികം വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു.  ഡിസ്പ്ലേ അഡ്വർടൈസിങ്ങിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക്‌ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അവര്‍.

“സ്വകാര്യതാവാദം വ്യാപകമാകുന്ന പക്ഷം കൂടുതൽപേർ  പോൺമോഡ്‌ ബട്ടൺ അമർത്താൻ സാധ്യതയുണ്ട്‌. ക്ലിക്ക്‌-ത്രൂ പരസ്യങ്ങളുടെ കാര്യത്തിൽ ഇത്‌ വലിയ അപകടമാണ്‌,” ഓവം ഇൻഫർമേഷൻ ടെക്‌നോളജി ഏജൻസിയുടെ ഡേവിഡ്‌ മിച്ചൽ അഭിപ്രായപ്പെട്ടു.

ഇന്റർനെറ്റിലെ വ്യക്തിസ്വകാര്യത സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കിടയിലാണ്‌ മൈക്രോസോഫ്‌റ്റിന്റെ പോൺ മോഡ്‌ ബട്ടൺ രംഗപ്രവേശം ചെയ്യുന്നത്‌. മനുഷ്യാവകാശ പ്രവർത്തകരെ ചൈനീസ്‌ സർക്കാരിന്‌ ഒടിക്കൊടുത്തുവെന്ന പേരിൽ ഓൺലൈൻ സേർച്ച്‌ എഞ്ചിനായ യാഹൂ ഏറെ പഴികേട്ടിരുന്നു. യാഹൂ കൈമാറിയ വിവരം പല എഴുത്തുകാരുടെയും വിമതരുടെയും അറസ്റ്റിന്‌ കാരണമായിരുന്നു.  ഒരു ജേണലിസ്റ്റിന്റെ ഇമെയിലും ഐപി വിലാസവും യാഹൂ ചൈനീസ്‌  സർക്കാരിന്‌ കൈമാറിയതിനെ തുടർന്ന്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ 10 വർഷത്തെ ജയിൽശിക്ഷയ്‌ക്ക്‌ അയച്ച സംഭവം വരെയുണ്ടായി.

അധികൃതരുമായി സഹകരിക്കുകയല്ലാതെ തങ്ങൾക്ക്‌ വേറെ മാർഗ്ഗം ഇല്ലായിരുന്നുവെന്നാണ്‌ അന്ന്‌ യാഹൂ പ്രതികരിച്ചത്‌. ഐഇ 8 ബീറ്റാ വേർഷൻ ഇപ്പോൾ ലഭ്യമാണ്‌. വിൻഡോസിന്റെ പുതിയ പതിപ്പിൽ ഐഇ 8 ഉണ്ടാവും.

Advertisements

Responses

  1. the new browser: Google Chrome has the same facility, where you have the option of keeping the details private (by using their incognito window). so if this browser gains popularity, google may still be collecting information 😉

  2. ഓഗസ്റ്റ് 30നു് പുറത്തിറങ്ങിയ ന്യൂഏജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതാണു് ഈ പോസ്റ്റ്. അന്നു് ക്രോം പുറത്തിറക്കുന്ന കാര്യം ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഗൂഗിളിന്റെ പ്രസ്താവന വന്നതിന്റെ പിറ്റേന്നു് തന്നെ അതിനെക്കുറിച്ചു് വിശദമായി പത്രത്തില്‍ എഴുതിയിരുന്നു. കൂടാതെ ഗൂഗിള്‍ – മൈക്രോസോഫ്റ്റ് യുദ്ധത്തെക്കുറിച്ചു് ഒരു അനലറ്റിക്കല്‍ ലേഖനവും എഴുതിയിരുന്നു. ഇവ രണ്ടും സമയം കിട്ടുന്ന മുറയ്ക്കു് ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതായിരിക്കും.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

വിഭാഗങ്ങള്‍

%d bloggers like this: