Posted by: absolutevoid | ഓഗസ്റ്റ് 27, 2008

കാന്തംപിടിപ്പിച്ച കന്നുകൾ!

  • പശുക്കൾ കൂട്ടം ചേർന്ന്‌ മേയുന്നത്‌ ഉത്തരദക്ഷിണ ധ്രുവങ്ങളിലേയ്ക്ക്‌ നോക്കിയാവുമെന്ന്‌ പഠനം.

  • ഗൂഗിളിന്റെ ഉപഗ്രഹ ചിത്രങ്ങൾ തെളിവ്‌

ദക്ഷിണായനം

ദക്ഷിണായനം

ലോകത്ത്‌ ഏറ്റവും ഗന്ധവാഹിയായ കാന്തങ്ങളാവുമവ. പുൽമേടുകളിൽ മേയാനിറങ്ങുന്ന പൈക്കൾ ഇരുധ്രുവങ്ങളിലേതിലേക്കെങ്കിലുമാവും മുഖം തിരിച്ചിരിക്കുക. ലോകത്തിന്റെ പല ഭാഗത്തുള്ള 308 പൈങ്കൂട്ടങ്ങളുടെ മേച്ചിൽ സ്വഭാവം ഗൂഗിൾ സാറ്റലൈറ്റ്‌ ഫോട്ടോസ്‌ ഉപയോഗിച്ച്‌ പഠിച്ചപ്പോഴാണ്‌ ഈ ‘കാന്തികരഹസ്യം’ വെളിവായത്‌.

കന്നുകാലികളുടെ ഈ ‘ദിശാബോധം’ ദേശാടനപ്പക്ഷികളുടെയും കടലാമകളുടെയും ചക്രവർത്തിപ്പൂമ്പാറ്റകളുടെയും മറ്റും കാര്യത്തിലെന്നപോലെ ഭൂമിയുടെ കാന്തിക മണ്ഡലങ്ങളിൽ ആകൃഷ്ടമായി സംഭവിക്കുന്നതാവുമെന്ന്‌ ജർമ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ്‌ ഡുയിസ്ബർഗ്‌-എസനിൽ ബയോളജിസ്റ്റായ ഹൈനക്‌ ബർദ പറയുന്നു.

‘മുമ്പേ ഗമിക്കുന്ന ഗോവുതന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്ന്‌ ലോകത്തെവിടെയുമുള്ള യാദവകുമാന്മാർക്ക്‌ (കൗബോയ്സ്‌) അറിയാം. കൂട്ടമായി മേയുന്ന കന്നുകാലികളെല്ലാം പ്രായേണ ഒരേ ദിശയിലേക്ക്‌ തന്നെയാവും നടക്കുക. സൂര്യതാപം ആസ്വദിക്കാനോ പരസ്പരം ചൂടുപകരാനോ ആവും മൃഗങ്ങൾ  ഇങ്ങനെ ഒരേ ദിശയിലേക്ക്‌ കൂട്ടമായി ചരിക്കുക എന്നാണ്‌ അന്വേഷികൾ കരുതിയിരുന്നത്‌. എങ്കിലും 10,000 വർഷത്തെ മൃഗപരിപാലന ഉദ്യമങ്ങൾക്കിടയിലൊന്നും ഒരു കുതൂഹലത്തിനു പുറത്തുപോലും ആരും ഇവയുടെ ഭൗമകാന്തിക ലക്ഷ്യബോധം രേഖപ്പെടുത്തുകയോ ഒരു പക്ഷേ ശ്രദ്ധിക്കുകയോ പോലുമുണ്ടായില്ല.

ആറ്‌ ഭൂഖണ്ഡങ്ങളിലായി 8,000 കന്നുകളെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച്‌ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ്‌ ബർദയും സഹപ്രവർത്തകരും ഈ നിഗമനത്തിലെത്തിയത്‌.  വടക്കുനോക്കിയന്ത്രം ഉപയോഗിച്ച്‌ ഇവയുടെ അയനപാത പഠിച്ചതോടെ വെളിവായ രഹസ്യം ഇവ ഉത്തരദക്ഷിണ ധ്രുവങ്ങളിൽ നിന്ന്‌ അഞ്ച്‌ ഡിഗ്രി വശത്തേക്കാണ്‌ മുഖം തിരിക്കുന്നത്‌ എന്നാണ്‌. നൂറുകണക്കിന്‌ മാൻകൂട്ടങ്ങളെ നേരിൽ നിരീക്ഷിച്ചപ്പോഴും അവയുടെ മഞ്ഞിൽപ്പതിഞ്ഞ കാൽപ്പാടുകൾ പരിശോധിച്ചപ്പോഴും ഇതേ മാതൃകയാണ്‌ കണ്ടത്‌.

ഭൗമികധ്രുവവും കാന്തികധ്രുവവും തമ്മിൽ ഏറ്റവുമധികം വ്യത്യാസപ്പെട്ടിരിക്കുന്ന ഇടങ്ങളിൽ –  അങ്ങേ അക്ഷാംശങ്ങളിലും ഭൗമികത ശക്തമായ കാന്തമണ്ഡലങ്ങളെ സൃഷ്ടിക്കുന്നയിടങ്ങളിലും – പൈക്കൾ കാന്തികധ്രുവങ്ങൾക്കനുസൃതമായി അണിനിരക്കുകയും ഭൗമിക ധ്രുവങ്ങളിൽ നിന്ന്‌ അകലം പാലിക്കുകയും ചെയ്യും. ഉദാഹരണത്തിന്‌ ഒറിഗോണിൽ മേയുന്ന പശുക്കൾ താരതമ്യേന ഫാർ നോർത്തിലേക്ക്‌ മുഖം തിരിക്കുകയും ശക്തമായ കാന്തിക മണ്ഡലത്തിന്റെ പ്രഭാവത്തിൽ ശരിയായ ഉത്തരദേശത്തുനിന്നും 17.5 ഡിഗ്രി ചെരിവിലേക്ക്‌ അടുക്കുകയും ചെയ്യും.

“ഇത്‌ വളരെയധികം ജിജ്ഞാസയുണർത്തുന്ന പ്രതിഭാസമാണ്‌,” ഫ്രാങ്ക്ഫർട്ടിലെ യോഹാൻ വൂൾഫ്‌ഗാങ്ങ്‌ ഗോയ്‌ഥെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകൻ വൂൾഫ്ഗാങ്ങ്‌ വിൽഷ്ച്കോ  പറയുന്നു. “ലക്ഷ്യവേധിത്വവും സഞ്ചാരവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവോ എന്ന്‌ നിശ്ചയമില്ല.”

ക്ഷീണസ്വഭാവം പുലർത്തുന്ന മൃഗങ്ങൾക്ക്‌ ആന്തരികമായ ഈ വടക്കുനോക്കിയന്ത്രത്തിന്റെ ആവശ്യമെന്താണ്‌? “ഇവ ഒരു കാലത്ത്‌ കൊടുംകാടുകളിലും ഇടതൂർന്ന പുൽമേടുകളിലും വന്യനദീതടങ്ങളിലും വൃക്ഷരഹിതമായ പുറംമേടുകളിലും ചൂടുകൂടിയ അടിക്കാടുകളിലും ഏതെങ്കിലും തരത്തിൽ ദിശ തിരിച്ചറിയാനാകുന്ന നാഴികക്കല്ലുകളില്ലാത്ത വനാന്തരങ്ങളിലും ജീവിച്ചിരുന്ന മൃഗങ്ങളാണ്‌,” ബർദ പറയുന്നു.

മൃഗങ്ങൾ എങ്ങനെയാണ്‌ ഭൂമിയിലെ അതിലോലമായ  കാന്തിക മണ്‌ഡലത്തെ തിരിച്ചറിയുന്നത്‌ എന്ന കാര്യവും കൗതുകമുണർത്തുന്നു.  ചിലയിനം പക്ഷികളുടെ കൊക്കുകളിൽ ഇരുമ്പ്‌ പരലുകൾ കാണാം. ഈച്ചകളിൽ ചിലവയ്‌ക്ക്‌ നീല വെളിച്ചം തിരിച്ചറിയുന്ന മാംസ്യമുണ്ടാവും. എന്നാൽ പശുക്കളുടെ കാര്യത്തിൽ “എനിക്കൊരു പിടിത്തവുമില്ല,” അദ്ദേഹം തുടരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: