Posted by: absolutevoid | ഓഗസ്റ്റ് 27, 2008

ബയോബാറ്ററി വരുന്നു

വൈറസിൽ നിന്ന്‌ വരുംതലമുറ ബാറ്ററി

പോളിമർ അടരുകൾക്കുമേൽ സ്വയം ക്രമീകരിക്കുന്ന വൈറസുകൾ ആനോഡ്‌ ആയി പ്രവർത്തിക്കും.  തുടർന്ന്‌ കോബാൾട്ട്‌ ഓക്സൈഡിൽ നിന്ന്‌ തന്മാത്രകൾ സ്വീകരിച്ച്‌ മാംസ്യത്താൽ തങ്ങളെത്തന്നെ പൊതിയും. ഇതോടെ വളരെ നേർത്ത വയർ ആയി പ്രവർത്തിക്കാൻ ഇവയ്ക്ക്‌ കഴിയും. ജനിതകഘടനയിൽ വരുത്തിയ മാറ്റമാണ്‌ വൈറസിനെ ഇതിന്‌ പ്രാപ്തമാക്കുന്നത്‌.

പൗല ടി ഹാമോണ്ട്‌ പരീക്ഷണശാലയിൽ

പൗല ടി ഹാമോണ്ട്‌ പരീക്ഷണശാലയിൽ

ബാറ്ററിക്ക്‌ എത്രമാത്രം ചെറുതാകാനാകും? കടുകുമണിയോളം?  എങ്കിൽ കേട്ടോളൂ, മസാച്ചുസെറ്റ്സ്‌ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ ഗവേഷക സംഘം വികസിപ്പിച്ച വരുംതലമുറ ബാറ്ററിയുടെ വലിപ്പം നമ്മുടെ കോശങ്ങളുടെ പാതി മാത്രം.  നാളത്തെ ഇത്തിരിക്കുഞ്ഞൻ ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ചാർജ്ജ്‌ ചെയ്യാൻ ഈ പുതിയ ബാറ്ററിയാകും ഉപയോഗപ്പെടുക എന്നാണ്‌ ഗവേഷക സംഘത്തിന്റെ ‘പ്രഖ്യാപനം’.

മൈക്രോ ബാറ്ററികൾ ഒറ്റയടിക്ക്‌ സൃഷ്ടിക്കാനും പ്രവർത്തനനിരതമാക്കാനും കഴിയുന്ന സങ്കേതം എംഐറ്റി എഞ്ചിനിയർമാർ വികസിപ്പിച്ചെടുത്തു. ജനിതകമാറ്റം വരുത്തിയ വൈറസിനെ ഉപയോഗിച്ചാണ്‌ ഈ ചെറുബാറ്ററി നിര്‍മ്മിച്ചിരിക്കുന്നത്‌. എം13 എന്നാണ്‌ ഈ ജിഎം വൈറസിന്‌ നൽകിയിരിക്കുന്നപേര്‌. ഋണാത്മകമായ അമീനോ ആസിഡ്‌ ആണ്‌ വൈറസിന്റെ ഉപരിഭാഗം. കോബാൾട്ടിനോട്‌ അടുപ്പം കാട്ടുന്ന സ്വഭാവമാണ്‌ ഇതിനുള്ളത്‌. ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന മൂലകമാണ്‌ കോബാൾട്ട്‌. ഓഗസ്റ്റ്‌ 18ന്‌ പുറത്തിറങ്ങിയ പ്രോസീഡിംഗ്സ്‌ ഓഫ്‌ ദ നാഷണൽ അക്കാദമി ഓഫ്‌ സയൻസസിൽ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

“ഞങ്ങളുടെ അറിവിൽ പെട്ടിടത്തോളം, ഇതാദ്യമായാണ്‌ മൈക്രോബാറ്ററി ഇലക്‌ട്രോഡുകളുടെ സ്ഥാനം നിശ്ചയിക്കാനും സ്വഭാവം മാറ്റാനും മൈക്രോ കോൺടാക്ട്‌ പ്രിന്റിങ്‌ ഉപയോഗിക്കുന്നതും അതിനുവേണ്ടി വൈറസ്‌ അധിഷ്ഠിത ഘടന സ്വീകരിക്കുന്നതും,” എംഐറ്റി പ്രൊഫസർമാരായ പൗല ടി ഹാമോണ്ടും ഏയ്ഞ്ചലാ എം ബെൽഷറും യെറ്റ്‌ മിങ്‌ ചിയാങ്ങും സഹപ്രവർത്തകരും എഴുതി.

ഈ സങ്കേതം തന്നെ “ഒരു വിലയേറിയ ഉപകരണവും ഉപയോഗിച്ചല്ലെന്ന്‌ മാത്രമല്ല, അന്തരീക്ഷ താപനിലയിൽ പ്രവർത്തിക്കുകയും ചെയ്യും,” മെറ്റീരിയൽ സയൻസ്‌ ആൻഡ്‌ എഞ്ചിനീറിങ്ങിലും ബയോളജിക്കൽ എഞ്ചിനീറിങ്ങിലും പ്രൊഫസറായ ബെൽഷർ പറയുന്നു.

ഇലക്ട്രോലൈറ്റിനാൽ വിഭജിതമായ ആനോഡ്‌, കാതോഡ്‌ എന്നീ വിരുദ്ധ ധ്രുവങ്ങളടങ്ങിയതാണ്‌ ഓരോ ബാറ്ററിയും. എംഐടി സംഘം വൈറസ്‌ ബാറ്ററിയിൽ ആനോഡും ഇലക്ട്രോലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ഒരു ചിപ്പിൽ ഒതുക്കാവുന്ന ലബോറട്ടറി മുതൽ ശരീരത്തിൽ ഇംപ്ലാന്റ്‌ ചെയ്യാവുന്ന മെഡിക്കൽ സെൻസറുകൾ വരെ നിർമ്മിക്കാൻ പുതിയ കണ്ടെത്തൽ സഹായകമാകുമെന്നാണ്‌ എംഐടിയിൽ കെമിക്കൽ എഞ്ചിനീറിങ്ങിലെ ബേയർ പ്രൊഫസറായ പൗല ടി ഹാമോണ്ട്‌ പറയുന്നത്‌.

നൈമിഷികമായ ആയുസ്സുള്ള വൈറസ്‌ എങ്ങനെയാണ്‌ ആനോഡ്‌ ആയി പ്രവർത്തിക്കുക എന്ന സംശയം ഉണ്ടാവാം. ബെൽഷർ പറയുന്നത്‌ വൈറസുകൾ വെറും താത്‌കാലിക നിലപ്പലക മാത്രമാണെന്നാണ്‌.  എല്ലാത്തിനും അരങ്ങൊരുക്കി കഴിഞ്ഞാൽ പിന്നെ അവകൊണ്ടുള്ള ആവശ്യം കഴിഞ്ഞു.  ഭിത്തിക്ക്‌ ചായം തേക്കുമ്പോൾ ഉപയോഗിക്കുന്ന കുതിര പോലെ “ചെറുഘടകങ്ങൾ നിരത്താനും വളർത്താനുമുള്ള ഒരു രാസത്വരകം എന്നതിനപ്പുറം അവ ജൈവഘടകമായി ഇവിടെ പ്രവർത്തിക്കുന്നേയില്ല. അജൈവ ഘടകം വൈറസിന്റെ ഉപരിതലത്തിലാണ്‌ എന്നുമാത്രമല്ല, ഒരു വർഷത്തേക്ക്‌ സ്ഥായിയായി നിൽക്കുകയും ചെയ്യും,” ബെൽഷർ വിശദീകരിച്ചു.

സോഫ്റ്റ്‌ ലിത്തോഗ്രഫി എന്ന സാധാരണ രീതി ഉപയോഗിച്ച്‌ റബ്ബറിന്റെ സ്വഭാവമുള്ള ഒരു ശുദ്ധപ്രതലത്തിൽ ചെറു പോസ്റ്റുകളുടെ ഒരു ശൃംഖല തീർക്കുകയാണ്‌ ആദ്യ ഘട്ടം. (കണക്ഷൻ ഉണ്ടാക്കുന്നതിന്‌ വൈദ്യുതോപകരണങ്ങളിൽ സൗകര്യാർത്ഥം ഘടിപ്പിക്കുന്ന ലോഹത്തരികളെയാണ്‌ പോസ്റ്റ്‌ എന്ന്‌ ഇവിടെ പറയുന്നത്‌.  ഇവയ്ക്ക്‌ ഒരു മീറ്ററിന്റെ 40 – 80 ലക്ഷത്തിലൊന്ന്‌ വ്യാസമേ കാണൂ.) അവയ്ക്ക്‌ മുകളിൽ രണ്ടിനം പോളിമറുകളുടെ പല തട്ടുകൾ നിക്ഷേപിക്കുകയാണ്‌ അടുത്തപടി. ഈ പോളിമറുകളാണ്‌ ഖരരൂപത്തിൽ ഇലക്ട്രോലൈറ്റ്‌ ആയും ബാറ്ററി സെപ്പറേറ്റർ ആയും പ്രവർത്തിക്കുക.

പോസ്റ്റിനുമുകളിലെ പോളിമർ അടരുകൾക്കുമേൽ സ്വയം ക്രമീകരിക്കുന്ന വൈറസുകൾ തുടർന്ന്‌ ആനോഡ്‌ ആയി പ്രവർത്തിക്കും.  വൈറസുകൾ കോബാൾട്ട്‌ ഓക്സൈഡിൽ നിന്ന്‌ തന്മാത്രകൾ സ്വീകരിച്ച്‌ മാംസ്യത്താൽ സ്വയം പൊതിയും. ഇതോടെ വളരെ നേർത്ത വയർ ആയി പ്രവർത്തിക്കാൻ ഇവയ്ക്ക്‌ കഴിയും.  ജനിതകഘടനയിൽ വരുത്തിയ മാറ്റമാണ്‌ വൈറസിനെ ഇതിന്‌ പ്രാപ്തമാക്കുന്നത്‌.

ഈ പ്രവർത്തനത്തിന്റെ ഫലമായി ലഭിക്കുന്ന ഇലക്ട്രോഡ്‌ അറകൾ പൂർണ്ണമായ ഇലക്ട്രോ കെമിക്കൽ പ്രവർത്തനപരത പ്രദർശിപ്പിക്കും. ഇവയെ ജൈവപദാർത്ഥങ്ങളുമായി ഒത്തുപോകാൻ പരുവപ്പെടുത്തുകയാണ്‌ അടുത്ത ലക്ഷ്യം.

ബയോ-ബാറ്ററി ടെക്നോളജി വൻ സാധ്യതകളുള്ള പുതിയ ശാസ്ത്രശാഖയ്ക്ക്‌ തുടക്കമിടുകയാണ്‌.  യുഎസിലെ ആർമി റിസർച്ച്‌ ഓഫീസ്‌ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ സോൾജിയർ നാനോ ടെക്നോളജീസ്‌ ഈ പഠനത്തെ സാമ്പത്തികമായി സഹായിച്ചിരുന്നു.  സൈന്യത്തിന്‌ ഇത്തരം ഗവേഷണങ്ങളിൽ താത്പര്യമുണ്ടെന്നതിന്റെ സൂചനയായാണ്‌ ഈ സഹായം വിലയിരുത്തപ്പെടുന്നത്‌.  ജീവിവർഗ്ഗങ്ങളിലേക്ക്‌ ബാറ്ററികൾ ഇഴുകിച്ചേർക്കുന്നതിലൂടെ നേടാവുന്ന ഗുണങ്ങളെക്കുറിച്ച്‌ വന്യമായ ആലോചനകൾ നടത്താമെന്ന്‌ മാത്രമേ നമുക്ക്‌ പറയാൻ കഴിയൂ.  ഊർജ്ജം ആവശ്യമായി വരുന്ന മെഡിക്കൽ ഉപകരണങ്ങളിൽ ബയോകമ്പാറ്റിബിൾ ബാറ്ററികൾ ഉപയോഗിക്കാനാവുമോ എന്നാണ്‌ ഇപ്പോൾ ഗവേഷകസംഘം പരിശോധിക്കുന്നത്‌. കോശങ്ങളിൽ ബാറ്ററി ഉൾപ്പെടുത്താനാവുമോ എന്ന്‌ ഇനിയും തെളിയേണ്ടിയിരിക്കുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: