Posted by: absolutevoid | ഓഗസ്റ്റ് 26, 2008

കൃത്രിമ ചോര വികസിപ്പിച്ച‍ു

ശോണകോശങ്ങളെ കൃത്രിമമായി
ഉത്പാദിപ്പിക്കാൻ ശാസ്ത്രജ്ഞർക്കായി.
കോശങ്ങൾ അണുകേന്ദ്രത്തെ പുറന്തള്ളുന്ന

ജൈവപ്രക്രിയയും പുനഃസൃഷ്ടിക്കാനായതോടെ
രക്തദാതാക്കളുടെ സഹായമില്ലാതെ
സുരക്ഷിതവും ഫലപ്രദവുമായി
രക്തമാറ്റം നടത്താനാവും

രക്തദാനം ഓർമ്മയാകുന്നു. ഇതാദ്യമായി ശോണകോശങ്ങളെ കൃത്രിമമായി ലാബിൽ സൃഷ്ടിക്കാമെന്ന്‌ തെളിയിച്ചിരിക്കയാണ്‌ ശാസ്ത്രജ്ഞർ.

മനുഷ്യഭ്രൂണകോശങ്ങളെ (ഹ്യൂമൻ എംബ്രിയോണിക്‌ സ്റ്റെം സെൽസ്‌ – ഇഎസ്‌സി) ഉപയോഗിച്ചാണ്‌ ചുവന്ന രക്താണുക്കളെ സൃഷ്ടിച്ചത്‌.

“കുറവുകളെപ്രതി ആശങ്ക വേണ്ട. എത്രവേണമോ, അത്രത്തോളം നിർമ്മിക്കാനാവും,” മസാച്ചുസെട്സിലെ വോർസെസ്റ്റെറിലുള്ള അഡ്വാൻസ്‌ഡ് സെൽ ടെക്നോളജിയിലെ ചീഫ്‌ സയന്റിസ്റ്റ്‌ റോബർട്ട്‌ ലാൻസ പറയുന്നു.

ഏതൊരാൾക്കും സുരക്ഷിതമായി സ്വീകരിക്കാവുന്ന ‘യൂണിവേഴ്സൽ ഡോണർ’ ഗണത്തിൽ പെട്ട ‘ഒ നെഗറ്റീവ്‌” രക്തം സൃഷ്ടിക്കുകയാണ്‌ അടുത്ത വലിയ വെല്ലുവിളി. ലോകത്ത്‌ വളരെ കുറച്ചുമാത്രമുള്ള രക്തഗ്രൂപ്പാണിത്‌. കൊക്കേഷ്യൻസിൽ 8% പേർക്കും ഏഷ്യക്കാരിൽ 0.3% പേർക്കും മാത്രമാണ്‌ ഈ അപൂർവ്വ രക്തഗ്രൂപ്പ്‌ ഉള്ളത്‌.

അനവധി ദാതാക്കളിൽ നിന്നായി ശേഖരിക്കുന്നതിന്‌ പകരം കുറച്ച്‌ ഇഎസ്‌സികളിൽ നിന്ന്‌ ആവശ്യത്തിന്‌ രക്തം ഉത്പാദിപ്പിക്കുന്നത്‌ പലവിധ രോഗങ്ങൾ തടയാനും ഉപകാരപ്പെടും. ലാബിലെ രക്തം മയക്കുമരുന്ന്‌ കുത്തിവയ്ക്കുകയോ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യാത്തതിനാൽ രക്തമാറ്റത്തിലൂടെ എച്ച്‌ഐവിയോ ഹെപ്പറ്റൈറ്റിസോ ബാധിക്കില്ല.

ഹ്യൂമൻ എംബ്രിയോണിക്‌ സ്റ്റെം സെല്ലുകളുടെ കലകളെ ചില പോഷകങ്ങളും വളർച്ചാ ഘടകങ്ങളുമായി സമ്പർക്കത്തിലാക്കുകയാണ്‌ ലാൻസയും സഹപ്രവർത്തകരായ മിനെസോട്ടയിലെ റോഷെസ്റ്ററിലുള്ള മയോ ക്ലിനിക്കിലേയും ഷിക്കാഗോയിലെ യൂണിവേഴ്സിറ്റി ഓഫ്‌ ഇല്ലിനോയിസിലേയും ശാസ്ത്രജ്ഞരും ചെയ്തത്‌. അങ്ങനെ അവയെ ശോണകോശങ്ങളുടെ ആദിമരൂപമായ ഹീമാൻജിയോബ്ലാസ്റ്റ്സ്‌ ആയും തുടർന്ന്‌ പക്വമായ ചുവന്ന രക്താണുക്കളായും മാറ്റി.

സംഘത്തിന്റെ പ്രധാന വിജയം കോശങ്ങളെ അവയുടെ ന്യൂക്ലിയസ്‌ പുറത്തുകളയാൻ സജ്ജമാക്കിയിടത്തായിരുന്നു. ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന അതേ പ്രവർത്തനമാണിത്‌. “ഇത്‌ അസാധ്യമെന്നായിരുന്നു വിദഗ്ധരുടെ പ്രലപനം. അതിനു കഴിഞ്ഞപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു പോയി,” ലാൻസ പറയുന്നു.

അണുകേന്ദ്രം നിലനിൽക്കുന്ന പക്ഷം കോശങ്ങൾ നിയന്ത്രണരഹിതമായി വിഭജിച്ച്‌ പെരുകി അർബുധമാകും. മജ്ജയ്ക്കിടയിലെ കോശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കുന്ന ‘സ്ട്രോമൽ സെല്ലിൽ’ നിന്നാണ്‌ ശരീരത്തിൽ ശോണകോശങ്ങൾ ഉത്പാദിപ്പിക്കുന്നത്‌.  അതുപയോഗിച്ച്‌ കൃത്രിമ രക്തോത്പാദനം നടത്താനായതോടെയാണ്‌ അണുകേന്ദ്രത്തെ പുറന്തള്ളാൻ കഴിഞ്ഞത്‌.

ദാതാക്കളിൽ നിന്ന്‌ സ്വീകരിച്ച ചുവന്ന രക്താണുക്കളെ പോലെതന്നെ ഫലപ്രദമായി ഇതരകോശങ്ങളിലേക്ക്‌ ജീവവായു എത്തിക്കാൻ കൃത്രിമ ശോണകോശങ്ങൾക്കാകുമെന്ന്‌ തെളിയിച്ചുകഴിഞ്ഞു.  ഒറ്റയടിക്ക്‌ പതിനായിരം കോടി ചുവന്ന രക്താണുക്കളെ കൂട്ടമായി സൃഷ്ടിക്കാനും ശാസ്ത്രജ്ഞർക്കായി.

ഭ്രൂണകോശങ്ങളിലെ ജീനുകളാണ്‌ ഒരു വ്യക്തിയുടെ രക്തഗ്രൂപ്പ്‌ നിർണ്ണയിക്കുക. ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ടതോ ഗർഭഛിദ്രത്തിന്‌ വിധേയമായതോ ആയ ഭ്രൂണങ്ങളിൽ നിന്നാണ്‌ ഗവേഷണത്തിന്‌ ആവശ്യമായ കോശങ്ങൾ ലഭിക്കേണ്ടത്‌. ഇതിന്‌  ഭരണകൂട അനുമതി ആവശ്യമാണ്‌.

യുഎസിൽ പരീക്ഷണങ്ങൾക്കായി അനുമതി ലഭിച്ച ഭ്രൂണകോശങ്ങളൊന്നും തന്നെ ‘ഒ നെഗറ്റീവ്” അല്ല. സ്റ്റെം സെൽ റിസർച്ചിനെതിരെ ക്രിസ്ത്യൻ മതമൗലികവാദികൾ ഉയർത്തുന്ന പ്രതിഷേധത്തോട്‌ ബുഷ്‌ ഭരണകൂടം അനുകൂലമായി പ്രതികരിച്ചതിന്റെ അനന്തര ഫലമാണിതെന്നാണ്‌ ശാസ്ത്രസമൂഹത്തിന്റെ ആരോപണം.

അനുമതി ലഭിക്കും വരെ ശസ്ത്രക്രിയാ മേശയിൽ ചോരവാർന്ന്‌ മരിക്കുന്നവരോട്‌ ‘അസൗകര്യങ്ങൾക്ക്‌ ക്ഷമാപണം’ പറഞ്ഞ്‌ ആശുപത്രി ബില്ലിൽ ഡിസ്കൗണ്ട്‌ വാങ്ങാമെന്നാണ്‌ ഡെയ്‌ലി ഗ്യാലക്‌സി എന്ന ശാസ്ത്ര പോർട്ടലിൽ പ്രമുഖ സയൻസ്‌ ജേണലിസ്റ്റ്‌ ലൂക്‌ മക്‌കിനി പരിഹസിച്ചത്‌. ന്യൂ സന്റിസ്റ്റിലടക്കം കടുത്ത വിമർശനങ്ങളാണ്‌ യുഎസ്‌ നിലപാടിനെതിരെ ഉയർന്നിരിക്കുന്നത്‌.

വിഡ്ഢികൾ വിളയുന്നിടത്ത്‌ ശാസ്ത്രം മറ്റുവഴിതേടും. സാധാരണ ത്വക്‌ കോശങ്ങളിൽ നിന്നും ഇൻട്യൂസ്ഡ്‌ പ്ലൂറിപൊട്ടന്റ്‌ സ്റ്റെം സെല്ലുകളുടെ (iPSC) സഹായത്തോടെ ഏതുതരം കോശങ്ങളും ഉത്പാദിപ്പിക്കാമെന്ന്‌ വൈറ്റ്ഹെഡ്‌ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ബയോമെഡിക്കൽ റിസർച്ചിലെ ഗവേഷകർ കണ്ടെത്തി.  ജനിതക എഞ്ചിനീറിങ്‌ വിരുദ്ധർക്കുള്ള ശാസ്ത്രത്തിന്റെ മറുപടിയാണിത്‌.

ഒ നെഗറ്റീവ്‌ ഗ്രൂപ്പിലുള്ള ഭ്രൂണകോശം ലാബിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചില്ലെങ്കിലും ത്വക്‌ കോശങ്ങളിൽ നിന്ന്‌ ഒ നെഗറ്റീവ് ശോണകോശങ്ങൾ ഉത്പാദിപ്പിക്കുന്ന കാലം വിദൂരത്തല്ല.  മിത്ര വൈറസുകളെ ഉപയോഗിച്ച്‌ പക്വമായ കോശങ്ങളെ റീപോഗ്രാം ചെയ്ത്‌ ഭ്രൂണാവസ്ഥയിലേക്ക്‌ മാറ്റാമെന്നും കോശങ്ങളുടെ വികാസ ചരിത്രം മായിക്കാൻ പ്രാപ്തമായ ജീനുകളെ കൂട്ടിച്ചേർക്കാമെന്നും മുൻ ഗവേഷണം തെളിയിച്ചിരുന്നു. ഇതിലൂടെ ഭ്രൂണകോശത്തെ ഏതുതരം കോശമായും മാറ്റാം.

ഐപിഎസ്‌സികൾക്ക്‌ ഭ്രൂണം ആവശ്യമില്ലാത്തതിനാൽ സ്വയംപ്രഖ്യാപിത ധർമ്മസംരക്ഷകരുടെ ‘നൈതിക’ ഇടപെടലുകളെ പേടിക്കാതെ തന്നെ ഏതു ഗ്രൂപ്പിലും പെട്ട ശോണകോശങ്ങളെ ഉത്പാദിപ്പിക്കാനാവും.  ഭ്രൂണഹത്യ​‍ ആരോപണം ഉയരുകയുമില്ല. അമേരിക്കൻ റെഡ്‌ ക്രോസ്‌ ഗവേഷണത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌.

Advertisements

Responses

  1. മായം ചേര്‍ക്കാതിരിക്കാന്‍ റേഷന്‍ മണ്ണെണ്ണക്ക് നീല നിറം കൊടുത്ത പോലെ കൃ ത്രിമ ചോരക്കും കളര്‍ വേറെ കൊടുക്കുന്നതായിരിക്കും ബുദ്ധി.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: