Posted by: absolutevoid | ഓഗസ്റ്റ് 25, 2008

തലച്ചോറിന്റെ കണക്ടിവിറ്റി കൂട്ടാനൊരു പ്രോട്ടീൻ

മസ്തിഷ്ക യൗവനം നിലനിർത്തുന്ന പ്രോട്ടീൻ കണ്ടെത്തി

സ്കിസോഫ്രീനിയ മുതൽ ഓട്ടിസം വരെ പരിഹരിക്കാം
സ്ട്രോക്കിൽ നിന്നും കരകയറാം

മസ്തിഷ്കത്തിന്റെ പഠിക്കാനുള്ള കഴിവിനെ – കുട്ടിക്കാലത്തെ സ്പോഞ്ച്‌ സമാനമായ അതിന്റെ ശേഷിയെ – പ്രായാധിക്യത്തിലും നിലനിർത്താൻ സഹായകമായ മാർഗ്ഗങ്ങൾ ദീർഘകാലത്തെ ഗവേഷണവിഷയമാണ്‌. അതിന്‌ സഹായിക്കുന്ന മാംസ്യം കണ്ടെത്തിയതായി  ബോസ്റ്റൺ ചിൽഡ്രൻസ്‌ ഹോസ്പിറ്റലിലെ നാഡീശാസ്ത്രകാരന്മാർ സെൽ എന്ന ജേണലിന്റെ ഓഗസ്റ്റ്‌ ലക്കത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ അവകാശപ്പെടുന്നു. ഒടിഎക്സ്‌2 എന്ന പ്രോട്ടീനാണ്‌ നായകൻ.

മനുഷ്യന്‌ സവിശേഷമായ ഭാഷയേയും ഏകാഗ്രതയേയും ഓർമ്മകളേയും നിയന്ത്രിക്കുന്ന തലച്ചോറിലെ കോർട്ടക്സിലുള്ള പ്രധാനകോശത്തെ ഉദ്ദീപിപ്പിക്കാൻ കഴിയുന്ന മാംസ്യമാണ്‌ ഒടിഎക്സ്‌2. തലച്ചോറിന്‌ സംവേദനക്ഷമതയുടെ (കണക്ടിവിറ്റി) കാലയളവ്‌ വർധിപ്പിക്കാൻ ഒടിഎക്സ്‌2 മൂലം സാധ്യമാകുന്നവെന്നാണ്‌ വിലയിരുത്തൽ. തലച്ചോറിന്‌ പലരീതിയിലൂടെ സംവേദനക്ഷമത വർധിപ്പിക്കാൻ കഴിയുന്ന കാലത്തെയാണ്‌ ‘നിർണ്ണായകകാലം’ (ക്രിട്ടിക്കൽ പീരിഡ്‌) എന്ന്‌ ന്യൂറോ സയന്റിസ്റ്റുകൾ വിളിക്കുന്നത്‌. ഈ നിർണ്ണായകകാലം വർധിപ്പിക്കാൻ കഴിയുമെന്നതാണ്‌ ഒടിഎക്സ്‌2ന്റെ സവിശേഷത.

ബ്രെയിൻ പ്ലാസ്റ്റിസിറ്റി എന്ന അവസ്ഥയുടെ ദൈർഘ്യം വർധിപ്പിക്കാനാവശ്യമായ സമയജാലകം തുറന്നിടുകയാണ്‌ മാംസ്യം ചെയ്യുക. കേൾവിയും ബാലൻസുമായി ബന്ധപ്പെട്ട ഓഡിറ്ററി ഞരമ്പ്‌, ഗന്ധവുമായി ബന്ധപ്പെട്ട ഓൾഫാക്ടറി ഞരമ്പ്‌, ഇതര ഇന്ദ്രിയ സംവിധാനങ്ങൾ എന്നിവയും ഈ സമയനിർണ്ണായകത്വത്തെ പിന്തുണയ്ക്കുന്നുണ്ടാവാം എന്ന്‌ ഗവേഷണം നയിച്ച തകാഓ ഹെൻഷ്‌ പറയുന്നു.

‘നിർണ്ണായക കാല’ത്തിന്റെ ദൈർഘ്യം അനുചിതമായി നീളുകയോ കുറുകുകയോ ചെയ്യുന്ന അവസ്ഥയാണ്‌ ഓട്ടിസത്തിന്‌ കാരണമെന്നാണ്‌ കരുതപ്പെടുന്നത്‌. അതുകൊണ്ടുതന്നെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ‘നിർണ്ണായക കാലങ്ങളെ’ നിയന്ത്രിക്കാനായാൽ ഇത്തരം വളർച്ചാ തകരാറുകളെ ഭേദമാക്കാനാവും. ചില പ്രത്യേക നിർണ്ണായക കാലങ്ങൾ വീണ്ടും ഉണർത്താനായാൽ ശൈശവത്തിന്‌ ശേഷവും എളുപ്പത്തിൽ പുതിയ ഭാഷ പഠിക്കാനും സംഗീതം അഭ്യസിക്കാനും സ്ട്രോക്കിൽ നിന്നോ ബ്രെയിൻ ഇഞ്ചുറിയിൽ നിന്നോ കരകയറാനും സാധിക്കും.
നേത്രവ്യവസ്ഥയുടെ നിർണ്ണായകകാലത്തെ ഉണർത്തുന്ന മസ്തിഷ്ക കോശങ്ങൾ (പർവാൽബുമീൻ സെൽസ്‌) സ്വയം ഒടിഎക്സ്‌2 സൃഷ്ടിക്കുന്നില്ലെന്ന്‌ ഹെൻഷും സഹപ്രവർത്തകരും കണ്ടെത്തി. പകരം നേത്രപടലമാണ്‌ ഈ ജോലി ചെയ്യുക. ഫലത്തിൽ കണ്ണുകൾ തയ്യാറാണെന്നും ശരിയായി കാണുന്നുണ്ടെന്നും അതിനനുസൃതമായി കാര്യങ്ങൾ ക്രമീകരിക്കാമെന്നും മസ്തിഷ്കത്തോട്‌ കണ്ണുകൾ തന്നെ പറഞ്ഞുകൊടുക്കുകയാണ്‌.

“മസ്തിഷ്ക ഘടികാരം സ്വയം പ്രവർത്തിപ്പിക്കുന്നതിന്‌ പകരം, എപ്പോഴാണ്‌ തലച്ചോർ പ്ലാസ്റ്റിക്‌ സ്വഭാവം പൂകേണ്ടതെന്ന്‌ കണ്ണ്‌ മസ്തിഷ്കത്തോട്‌ പറയുകയാണ്‌,” ഹാർവാഡ്‌ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ മോളിക്യുളാർ & സെല്ലുലാർ ബയോളജിയിലും ഹാർവാഡ്‌ മെഡിക്കൽ സ്കൂളിലും പ്രൊഫസർ കൂടിയായ ഹെൻഷ്‌ പറയുന്നു. “ഈ അവസ്ഥയിലുള്ള തന്മാത്രാ സന്ദേശകൻ കോശത്തിൽ നിന്നും കോശത്തിലേക്ക്‌ സന്ദേശം കൈമാറുകയാണെന്ന ആശയം കോശ ജൈവശാസ്ത്രത്തിൽ പരമ്പരാഗതമല്ലാത്ത അറിവാണ്‌.” പാരീസിലെ ഇകോളി നോർമലെ സുപ്പീരിയറെയിലും കോളജ്‌ ദെ ഫ്രാൻസിലും ഫാക്കൽറ്റിയായ ഡോ അലെയ്ൻ പ്രോഷിയാന്റസ്‌ ഏറെക്കാലമായി പങ്കുവയ്ക്കുന്ന ആശയം കൂടിയാണിത്‌.

കോശവിഭജനസമയത്ത്‌ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന മാംസ്യമാണ്‌ ഒടിഎക്സ്‌2. എലികളിൽ ഈ ഘട്ടത്തിൽ ഒടിഎക്സ്‌2 ഉത്ഭവിച്ചില്ലെങ്കിൽ അവയ്ക്ക്‌ ശിരസ്സുണ്ടാവില്ല. ഇവയുടെ ഉത്പാദനം പിന്നീട്‌ നിലയ്ക്കും. ജനനത്തിന്‌ ശേഷം ദിവസങ്ങൾക്കകം ഇവ പർവാൽബുമീൻ കോശങ്ങളിൽ പുനരവതരിക്കും. “ബ്രെയിൻ പ്ലാസ്റ്റിസിറ്റി ഉറപ്പാക്കാൻ നാഡീവ്യവസ്ഥ തന്നെ എംബ്രിയോണിക്‌ ഫാക്ടറിനെ പ്രത്യാനയിക്കുകയാണ്‌,” – ഹെൻഷ്‌ ചൂണ്ടിക്കാട്ടുന്നു.

നേത്രപടലത്തിൽ നിന്ന്‌ കോർട്ടെക്സിലേക്ക്‌ ഒടിഎക്സ്‌2നെ കൈമാറുന്ന സംവിധാനം കൂടുതൽ പഠനത്തിന്‌ വിധേയമാക്കിയാൽ പല രോഗങ്ങൾക്കും ശമനം കണ്ടെത്താൻ സാധിക്കുമെന്ന വിശ്വാസത്തിലാണ്‌ ഗവേഷകർ. പർവാൽബുമീൻ കോശങ്ങൾ ശരിയാംവണ്ണം പക്വമാകാത്ത സ്കിസോഫ്രീനിയ പോലെയുള്ള മസ്തിഷ്ക തകരാറുകൾ പരിഹരിക്കാൻ ഒരുപക്ഷെ കണ്ണിലൊഴിക്കാവുന്ന മരുന്നുകൊണ്ട്‌ കഴിഞ്ഞേക്കാം എന്നാണ്‌ ശാസ്ത്രജ്ഞരുടെ അനുമാനം.

സ്ട്രാറ്റ്സ്ബർഗിലെ ഹ്യൂമൻ ഫ്രോണ്ടിയേഴ്സ്‌ സയൻസ്‌ പ്രോഗ്രാം, ഫൌണ്ടേഷൻ പോർ ലാ റിഷേർഷേ മെഡികെയ്‌ല്‌, ജപ്പാനിലെ റികെൻ, ജാപ്പനീസ്‌ മിനിസ്ട്രി ഓഫ്‌ ശയൻസ്‌, എജ്യൂക്കേഷൻ ആൻഡ്‌ ടെക്നോളജി എന്നിവർ സംയുക്തമായാണ്‌ പഠനം സംഘടിപ്പിച്ചത്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

വിഭാഗങ്ങള്‍

%d bloggers like this: