പ്രധാനമായും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളെ ലക്ഷ്യമാക്കി തയ്യാറാക്കിയ വിതരണമാണു് കൊങ്കണി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന ഈ ഡിസ്‌ട്രോയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ അംഗീകരിച്ച ലൈസന്‍സ് പ്രകാരമുള്ളവയൊഴികെ ഒരു പ്രോഗ്രാമും ഉള്‍പ്പെടുത്തില്ല.
കൊങ്കണി ലിനക്സിനു് പുതിയ പാക്കേജ് മാനേജര്‍
പ്രധാനമായും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളെ ലക്ഷ്യമാക്കി തയ്യാറാക്കിയ വിതരണമാണു് കൊങ്കണി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന ഈ ഡിസ്‌ട്രോയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ അംഗീകരിച്ച ലൈസന്‍സ് പ്രകാരമുള്ളവയൊഴികെ ഒരു പ്രോഗ്രാമും ഉള്‍പ്പെടുത്തില്ല.
Posted in Product News, technology
ഗൂഗിള്‍ ഒഎസ് ഒടുവില്‍ യാഥാര്‍ത്ഥ്യമാവുന്നു

Posted in Product News, Web, technology
ഉബുണ്ടുവിലൂടെ ഫ്രഞ്ച് പൊലീസ് ലാഭിച്ചതു് കോടികള്‍
ഫ്രാൻസിലെ ദേശീയ പൊലീസ് സേന 2004 മുതൽ ഓപ്പൺ സോഴ്സ് സ്വീകരിക്കുകയും സ്ഥാപനത്തിന്റെ വർക്സ്റ്റേഷനുകളിൽ ഒരു ഭാഗം ഉബുണ്ടു ലിനക്സിലേക്ക് മാറ്റുകയും ചെയ്തതിലൂടെ 50 മില്യൻ യൂറോ (343 കോടി രൂപ) എങ്കിലും ലാഭിച്ചതായി റിപ്പോർട്ടുകൾ. 2015-ഓടെ അവരുടെ 90,000 വർക്സ്റ്റേഷനുകളിലും ഈ ഗ്നൂ/ലിനക്സ് വിതരണം ആക്കാനാണ് പദ്ധതി.
ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയർ ഇൻഫ്രാസ്ട്രക്ചർ മൈക്രോസോഫ്റ്റ് വിൻഡോസിൽ നിന്ന് ഉബുണ്ടു ലിനക്സ് വിതരണത്തിലേക്ക് മാറ്റുക വഴി തങ്ങൾ കോടികൾ ലാഭമുണ്ടാക്കിയതായി ഫ്രാൻസിലെ ദേശീയ പൊലീസ് സേനയായ ജെൻഡാർമെറീ നേഷനെലീ അവകാശപ്പെടുന്നു.
സേനയിലുടനീളം ഉപയോഗത്തിലിരുന്നിരുന്ന മൈക്രോസോഫ്റ്റ് ഓഫീസിന് പകരം ഓപ്പൺ ഓഫീസ് വിന്യസിച്ചതിലൂടെ 2005ലാണ് ജെൻഡാർമെറി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കുള്ള പരിണാമം ആരംഭിച്ചത്. സാങ്കേതിക മേന്മ മാത്രമല്ല, മൈക്രോസോഫ്റ്റ് ഓഫീസിന്റെ ലൈസൻസിന് വേണ്ടിവരുന്ന ഭീമമായ ചെലവും ഇതിന് പ്രേരകമായി. സാങ്കേതിക കാരണങ്ങളാൽ സേന പിന്നീട് ഫയർഫോക്സും തണ്ടർബേഡും അടക്കം ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകങ്ങളും ഘട്ടംഘട്ടമായി സ്വീകരിച്ചു.
2006ലെ വിൻഡോസ് വിസ്റ്റയുടെ ലോഞ്ച് ആണ് മൈക്രോസോഫ്റ്റിന് ഏറ്റവും വലിയ അടിയായത്. വിസ്റ്റയുടെ സാങ്കേതികപ്പിഴവുകൾ പൊലീസ് സേനയെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തിലും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതോടെ പല ഘട്ടങ്ങളായി വിൻഡോസിൽ നിന്ന് പൂർണ്ണമായും പുറത്തുകടക്കാനും പകരം ഉബുണ്ടുവിലേക്ക് പരിവർത്തനം ചെയ്യാനും തീരുമാനിക്കുകയായിരുന്നു.
മൈക്രോസോഫ്റ്റ് എക്സ്പിയിൽ നിന്ന് വിസ്റ്റയിലേക്ക് മാറുന്നത് സേനയ്ക്ക് പറയത്തക്ക മെച്ചങ്ങളൊന്നും നൽകില്ലെന്ന് അവർ വിലയിരുത്തി. തന്നെയുമല്ല, അതിന് ഉപയോക്താക്കളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. അതേ സമയം എക്സ്പിയിൽ നിന്നു ഉബുണ്ടുവിലേക്കുള്ള മാറ്റം തീർത്തും സുഗമമായിരുന്നു.
ഇതിനോടകം, സേന ഉപയോഗിക്കുന്ന 5,000 വർക്സ്റ്റേഷനുകളിൽ ഉബുണ്ടുവാണ് ഒഎസ്. ഈ പൈലറ്റ് ഘട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ ഈ വർഷം അവസാനത്തോടെ 15,000 വർക്സ്റ്റേഷനുകൾ കൂടി ഉബുണ്ടുവിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 2015-ഓടെ സ്ഥാപനം പൂർണ്ണമായും ലിനക്സ് വിതരണത്തിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. 90,000 വർക്സ്റ്റേഷനുകളിൽ അപ്പോഴേക്കും ഉബുണ്ടുവാകും റൺ ചെയ്യുക.
യൂറോപ്യൻ കമ്മിഷന്റെ ഓപ്പൺ സോഴ്സ് ഒബ്സർവേറ്ററി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ജെൻഡാർമെറി ലഫ്റ്റൻന്റ് കേണൽ ക്സേവ്യർ ഗൂയ്മാർഡ് നടത്തിയ ഒരു പ്രസന്റേഷന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ അദ്ദേഹം അവകാശപ്പെടുന്നത്, തങ്ങളുടെ ശേഷിയിൽ യാതൊരു കുറവും വരുത്താതെ തന്നെ വാർഷിക ഐടി ബജറ്റ് 70% കുറയ്ക്കാൻ ജെൻഡാർമെറിക്ക് കഴിഞ്ഞതായാണ്.
മൈഗ്രേഷൻ സ്ട്രാറ്റജിയുടെ ഫലമായി 2004 മുതൽ ലൈസൻസിങ്, മെയിന്റനൻസ് കോസ്റ്റ് എന്നീ ഇനങ്ങളിൽ ജെൻഡാർമെറിക്ക് 50 മില്യൻ യൂറോ (343 കോടി രൂപ) ലാഭിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറയുന്നു. സേന വിൻഡോസ് വിസ്റ്റ സ്വീകരിച്ചിരുന്നെങ്കിൽ അഭിമുഖീകരിക്കേണ്ടി വരുമായിരുന്ന വെല്ലുവിളികളുമായി താരതമ്യം ചെയ്യുമ്പോൾ എക്സ്പിയിൽ നിന്ന് ഉബുണ്ടുവിലേക്കുള്ള മാറ്റം വളരെ കുറച്ച് പ്രശ്നങ്ങൾ മാത്രമേ ഉണർത്തിയുള്ളൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. “ഇരു ഒഎസുകളും തമ്മിലുള്ള രണ്ട് പ്രധാന വ്യത്യാസങ്ങൾ ഐക്കണുകളും ഗെയിമുകളുമാണ്. ഗെയിയുമകൾ ഞങ്ങളുടെ മുൻഗണനയല്ല,” ഗൂയ്മാർഡ് പറയുന്നു.
തുറന്ന മാനകങ്ങൾക്കുള്ള (ഓപ്പൺ സ്റ്റാൻഡേർഡ്സ്) പിന്തുണ ജെൻഡാർമെറിയുടെ ഐടി നയത്തിന്റെ കാതലായ ഭാഗമാണ്. മാനകാധിഷ്ഠിത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ വെൻഡറെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന് തന്നെയല്ല, സർക്കാരിന്റെ ഇതര നെറ്റ്‌വർക്കുകളുമായി ഇന്റർഓപ്പറേറ്റ് ചെയ്യാനും ഇതുമൂലം അനായാസം കഴിയും. തുറന്ന മാനകങ്ങൾ കൂടുതൽ ഫലപ്രദമായി സ്വീകരിക്കുകയും കൈകാര്യ ചെയ്യുകയും ചെയ്യുന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയർ വിതരണങ്ങളാണെന്നത് സുവിദിതമാണ്. ലിനക്സ് ആവട്ടെ, റിമോട്ട് മെയിന്റനൻസ് ടാസ്കുകൾ ഏറെക്കുറെ ലളിതമാക്കിയിട്ടുമുണ്ട്.
ഫ്രാൻസിലെ മറ്റ് പല സർക്കാർ ഏജൻസികളും ഗ്നൂ/ലിനക്സ് അഡോപ്റ്റ് ചെയ്തു കഴിഞ്ഞു. ഫ്രഞ്ച് നാഷണൽ അസംബ്ലി 1,000 വർക്സ്റ്റേഷനുകളിൽ ഉബുണ്ടുവാണ് റൺ ചെയ്യുന്നത്. കാർഷിക മന്ത്രാലയം മാൻഡ്രിവ ലിനക്സ് ഉപയോഗിക്കുന്നു.
ഫ്രഞ്ച് ദേശീയ പൊലീസ് സേനയുടെ ഉബുണ്ടുവിലേക്കുള്ള മൈഗ്രേഷന്റെ വിജയം ഐടിയിലെ എമേർജിങ് ട്രെൻഡുകളുടെ പ്രതിഫലനമാണ്. കമ്മ്യൂണിറ്റി-ഡ്രിവൺ വിതരണങ്ങളുടെ വർധിക്കുന്ന സ്വാധീനമാണ് അവയിലൊന്ന്. അത്തരം വിതരണങ്ങൾ അഡോപ്റ്റ് ചെയ്യുന്ന സ്ഥാപനങ്ങൾ ഇന്റേണലായി തന്നെ അവയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുമുണ്ട്. വാർഷിക കൊമേഴ്സ്യൽ സപ്പോർട്ട് കോൺട്രാക്ടുകളുള്ള റെഡ് ഹാറ്റ് പോലത്തെ പരമ്പരാഗത എന്റർപ്രൈസ് ലിനക്സ് വിതരണങ്ങളെക്കാൾ മെയിന്റനൻസ് ചെലവുകുറവാണെന്നത് കമ്മ്യൂണിറ്റി – ഡ്രിവൺ ഡിസ്ട്രോകൾക്ക് മുൻഗണന ലഭിക്കാൻ ഇടയാക്കുന്നതായി അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ സ്വീകരിക്കുന്നതിലൂടെ സർക്കാരുകൾക്ക് ലഭിക്കാവുന്ന പ്രസക്തമായ കോസ്റ്റ് സേവിങ്സിനെ കുറിച്ചും ജെൻഡാർമെറീ മൈഗ്രേഷൻ തെളിവ് തരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ബജറ്റിൽ സമ്മർദ്ദങ്ങളുയർത്തവെ ഐടി കോസ്റ്റ് വെട്ടിച്ചുരുക്കാനുള്ള മാർഗ്ഗങ്ങളിലൊന്നായി ഗവൺമെന്റുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കൂടുതലായി കണ്ടെന്ന് വരാം. കാനഡയും യുകെയും ഈ ദിശയിലുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
Posted in technology | Tags: e-governence, french police, police computerisation, ubuntu
4ജി അനന്തര ശൃംഖലാ ഗവേഷണത്തിൽ വൻ മുന്നേറ്റം
അതിവേഗ വിവരവിനിമയത്തിന് മൈക്രോവേവ് ഫോട്ടോണിക്സ്
മൊബൈൽ ലോകത്തിന്റെ വലിയ പങ്കും ഇനിയും മൂന്നാം തലമുറ മൊബൈൽ കമ്മ്യൂണിക്കേഷൻസിലേക്ക് മാറാനിരിക്കെ യൂറോപ്യൻ ഗവേഷകർ ഇതിനകം തന്നെ പ്രതിനിമിഷം 12.5 ജിബി ഡേറ്റ വയർലെസായി ഡെലിവർ ചെയ്യാൻ കഴിയുന്ന നാലാംതലമുറയും കടന്നുള്ള നൂതനസാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തിരക്കിലാണ്.
മില്ലിമീറ്റർ വേവ് എന്നും മൈക്രോവേവ് ഫോട്ടോണിക്സ് എന്നും പേരുള്ള ഈ പുതിയ ടെക്നോളജിക്ക് ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ മാത്രമല്ല, ഇൻസ്ട്രമെന്റേഷൻ, റഡാർ, സെക്യൂരിറ്റി, റേഡിയോ ആസ്ട്രോണമി തുടങ്ങിയ ഇതരമേഖലകളിലും വാണിജ്യാടിസ്ഥാനത്തിലുള്ള വമ്പൻ പ്രയോഗ സാധ്യതകളാണുള്ളത്.
എംഎം-വേവ് കമ്പോണന്റുകൾ ഉത്പാദിപ്പിക്കാനായി ഏറ്റവും ആധുനികമായ റേഡിയോ, ഒപ്ടിക്സ് സാങ്കേതികവിദ്യകൾ ഒരുമിച്ച് പ്രയോഗിച്ച് നേടിയ പ്രവർത്തന മികവിലെ വമ്പൻ കുതിപ്പിന്റെ ഗുണഫലങ്ങൾ സാധാരണക്കാർക്ക് കൂടി ലഭ്യമാവാൻ ഏതാനും വർഷങ്ങൾ കൂടി കാത്തിരുന്നാൽ മതിയാകും. യൂറോപ്യൻ യൂണിയൻ ഫണ്ട് ചെയ്യുന്ന IPHOBAC എന്ന പ്രോജക്ടിനാണ് ഇതിന് നന്ദി പറയേണ്ടത്. എംഎം വേവ് ആപ്ലിക്കേഷനുകൾക്കായി കമ്പോണന്റുകളുടെയും സിസ്റ്റങ്ങളുടെയും പുതിയ ക്ലാസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക് ലോകവും വ്യവസായ വൃത്തങ്ങളും തമ്മിലുള്ള പങ്കാളിത്തം യാഥാർത്ഥ്യമാക്കിയ പദ്ധതി കൂടിയാണിത്.
റേഡിയോ സ്പെക്ട്രത്തിലെ അത്യധികം ഉയർന്ന ഫ്രീക്വൻസിയിലുള്ള ബാൻഡ് ആണ് എംഎം വേവ്. 30-300 ജിഗാഹേർട്സിനിടയിലാണ് 1-10 എംഎം തരംഗദൈർഘ്യമുള്ള ഈ ബാൻഡ് ഉൾപ്പെടുന്നത്. അധികം വികസനങ്ങളൊന്നും നടന്നിട്ടില്ലാത്ത മേഖലയാണിത്. അതുകൊണ്ടു തന്നെ അൽപ്പമാത്രവും ഏറെ ആവശ്യകതയും ഉള്ള ഈ സ്പെക്ട്രത്തെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ഗവേഷണമാണ് പുതിയ സാങ്കേതിക വിദ്യ മുമ്പോട്ട് നയിക്കുന്നത്.
സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന വെറുമൊരു പേപ്പർ പ്രോജക്ട് അല്ല IPHOBAC. പകരം ‘മെയ്ഡ് ഇൻ യൂറോപ്പ്’ ലേബലുള്ള നിലവാരമേറിയ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാനും വാണിജ്യോപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള വളരെ പ്രായോഗികമായ പ്രയത്നം കൂടിയാണത്. ജപ്പാനിലെയും യുഎസിലെയും പല കമ്പനികളും ഒപ്ടിക്കൽ, റേഡിയോ ഫ്രീക്വൻസി സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിൽ മുഴുകുന്നുണ്ടെങ്കിലും ഈ മേഖലയിലുള്ള ആദ്യ പൂർണ്ണമായ ഇന്റഗ്രേറ്റഡ് എഫർട്ട് ആണ് ധാരാളം കമ്പനികളുടെ പങ്കാളിത്തമുള്ള IPHOBAC പ്രോജക്ട്. 2009ന് അവസാനിക്കുന്ന ത്രൈവാർഷിക പ്രോജക്ടിന്റെ ഭാഗമായി ഇതിനകം തന്നെ ധാരാളം നേട്ടങ്ങൾ അവർ നേടിക്കഴിഞ്ഞു.
ഗവേഷകർ അടുത്തിടെ വികസിപ്പിച്ച ഒരു ചെറുകമ്പോണന്റ് ആണ് എടുത്തുപറയേണ്ട നേട്ടം. എംഎം വേവ് ബാൻഡ് പൂർണ്ണമായും അതിനപ്പുറവും ഉപയോഗിച്ച് തുടർച്ചയായി സിഗ്നൽ ട്രാൻസ്മിറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ട്രാൻസ്മിറ്ററാണ് ഇത്. അതിന്റെ ഫുൾ റേഞ്ച് 30-325 ജിഗാഹേർട്സാണ്. അതിനേക്കാൾ കൂടിയ ഫ്രീക്വൻസിയിലുള്ള പ്രവർത്തനവും പരീക്ഷണദശയിലാണ്. ഈ റേഞ്ചിലുള്ള പെർഫോമൻസ് ഡെലിവർ ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യ കമ്പോണന്റ് എന്ന നിലയിൽ ഇത് കമ്മ്യൂണിക്കേഷൻസ് സിസ്റ്റത്തിലും റഡാർ സിസ്റ്റത്തിലും ഒരേ പോലെ ഉപയുക്തമാകും.
ഈ ട്രാൻസ്മിറ്റർ കൂടാതെ 110 ജിഗാഹേർട്സ് മോഡുലേറ്ററുകൾ, 110 ജിഗാഹേർട്സ് ഫോട്ടോ ഡിറ്റക്ടറുകൾ, 300 ജിഗാഹേർട്സ് ഡ്യൂയൽ മോഡ് ലേസറുകൾ, 60 ജിഗാഹേർട്സ് മോഡ്-ലോക്ക്ഡ് ലേസറുകൾ, 60 ജിഗാഹേർട്സ് ട്രാൻസീവറുകൾ എന്നിവയും ഈ പ്രോജക്ടിന്റെ ഭാഗമായി വികസിപ്പിച്ചുകഴിഞ്ഞു.
ഇലക്ട്രോണിക്സിലൂടെ സാധ്യമല്ലാത്ത അൾട്രാ-വൈഡ് ട്യൂണബിളിറ്റി, ലോ-ഫേസ് നോയിസ് തുടങ്ങിയ വ്യതിരിക്തമായ ശേഷിയുള്ള മില്ലിമീറ്റർ വേവ് ഫോട്ടോണിക്സ് ഹൈ ഫ്രീക്വൻസി ആപ്ലിക്കേഷനുകൾക്ക് വേണ്ടിയുള്ള ‘ഹൈലി ഡിസ്‌റപ്ടീവ്’ ആയ ടെക്നോളജി ആണെന്ന് പ്രോജക്ട് കോർഡിനേറ്റർ ആൻഡ്രിയാസ് സ്റ്റോഹർ പറയുന്നു.
ടെലികമ്മ്യൂണിക്കേഷൻസ് ശൃംഖലകളിലൂടെ അൾട്രാ ഫാസ്റ്റ് വയർലെസ് ഡേറ്റ ട്രാൻസ്ഫർ സാധ്യമാകുമെന്നത് മാത്രമല്ല ഇതിന്റെ പ്രായോഗികവശം. അതിനുമപ്പുറം ഒട്ടേറെ പുതിയ ആപ്ലിക്കേഷനുകളും സാധ്യമാകും. http://www.iphobac-survey.org എന്ന വെബ്സൈറ്റിൽ ഇതേക്കുറിച്ച് വിശദവിവരങ്ങളുണ്ട്.
ലയോണിൽ നടന്ന ഐസിടി 2008 എക്സിബിഷനിൽ ടോപ് ടെൽ ബെസ്റ്റ് എക്സിബിറ്റ്സ് പട്ടികയിൽ ഇടം നേടിയ 60 ജിഗാഹേർട്സ് ഫോട്ടോണിക് വയർലെസ് സിസ്റ്റം ആണ് ഒരു ഉദാഹരണം. വീട്ടിനുള്ളിൽ ഉപയോഗിക്കുന്ന സെറ്റ് ടോപ് ബോക്സ്, ടെലിവിഷൻ, പേഴ്സണൽ കമ്പ്യൂട്ടർ, മൊബൈൽ ഡിവൈസസ് തുടങ്ങിയ വിവിധ ഉപകരണങ്ങൾക്കിടയിൽ ഫുൾ ഹൈ ഡഫനിഷൻ വയർലെസ് കണക്ടിവിറ്റി അനുവദിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഫുൾ വയർലെസ് എച്ച്ഡിക്ക് ആവശ്യമായ മൂന്ന് ജിഗാബൈറ്റ്സ് പെർ സെക്കൻഡ് വരെയുള്ള വേഗത കൈവരിച്ച ആദ്യ ഹോം ഏരിയ നെറ്റ്‌വർക്ക് ആയിരുന്നു, അത്.
നടന്നുകൊണ്ടിരിക്കുന്ന ഇവന്റുകളുടെ മൾട്ടിക്യാമറ കവറേജ് എച്ച്ഡിയിൽ നൽകാനും ഈ സിസ്റ്റം ഉപയോഗിക്കാം. “എല്ലാ ക്യാമറയിൽ നിന്നുമുള്ള ലൈവ് ഫീഡ് കണ്ടാൽ മാത്രമേ അവയിലേതാണ് ഉപയോഗിക്കേണ്ടതെന്ന് സംവിധായകന് തീരമാനിക്കാനാവൂ. അപ്പോൾ പിന്നെ സിഗ്നലുകൾ കംപ്രസ് ചെയ്യാൻ സമയമില്ല. കംപ്രസ് ചെയ്യാത്ത ഹൈ ഡെഫനിഷൻ വീഡിയോ/ഓഡിയോ സിഗ്നലുകൾ അത്ര വേഗത്തിൽ ട്രാൻസ്മിറ്റ് ചെയ്യാൻ കഴിവുറ്റ ഡേറ്റ ട്രാൻസ്ഫർ നിരക്ക് നൽകാൻ നിലവിൽ സാധ്യമായ ഏക സാങ്കേതിക വിദ്യ ഞങ്ങളുടേതാണ്,” സ്റ്റോഹ്ര് പറയുന്നു.
ആക്സസ് ടെലികോം ശൃംഖലയിൽ ഇതേ സാങ്കേതികവിദ്യ ഡെമോൺസ്ട്രേറ്റ് ചെയ്തപ്പോൾ സാധ്യമായ ഡേറ്റ റേറ്റ്സ് ലോക റെക്കോഡ് ആണ്. ഷോർട്ട് – ടു – മീഡിയം വയർലെസ് സ്പാൻസിൽ 12.5 ജിബി/സെക്കൻഡ് വേഗതയാണ് കൈവരിക്കാനായത്. ഇത് വരാനിരിക്കുന്ന നാലം തലമുറ (4ജി) മൊബൈൽ നെറ്റ്‌വർക്കിനേക്കാൾ 1500 മടങ്ങ് അധികമാണ്.
ചുരുങ്ങിയ കാലപരിധിക്കുള്ളിൽ ഈ സാങ്കേതിക വിദ്യ വിന്യസിക്കാനാവുന്നതെങ്ങനെയെന്നും സ്റ്റോഹ്ര് വിശദീകരിക്കുന്നു. വളരെ റിമോട്ട് ആയ പ്രദേശങ്ങളിൽ വളരെ വേഗതയേറിയ ബ്രോഡ്ബാൻഡ് വയർലെസായി സപ്പോർട്ട് ചെയ്യാം എന്നതാണ് ആശയം. “സെക്കൻഡിൽ 10 ജിബി ഡെലിവർ ചെയ്യാനാവുന്ന ഫൈബർ നിങ്ങൾക്ക് ഭൂമിക്കടിയിലിടാം. എന്നാൽ ഫൈബറിന്റെ സാന്നിദ്ധ്യമില്ലാത്ത ഉൾപ്രദേശങ്ങളിലേക്ക് വായുവിലൂടെ ബ്രോഡ്ബാൻഡ് ഡെലിവർ ചെയ്യാനും ഫൈബർ നെറ്റ്‌വർക്കുകൾക്കിടയിലെ വിടവുകൾ നികത്താനും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാം,” അദ്ദേഹം പറയുന്നു.
യൂറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്ന് ബഹിരാകാശ യത്നങ്ങൾക്ക് ആവശ്യമായ പ്രവർത്തകങ്ങളും പ്രോജക്ടിന്റെ ഭാഗമായി വികസിപ്പിക്കുന്നു. 100 ജിഗാഹേർട്സ് ബാൻഡിലാവും ഇവ പ്രവർത്തിക്കുക. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കിയിട്ടില്ല.
പ്രീ കൊമേഴ്സ്യൽ ഘട്ടം വരെയെത്തിയ ചില കമ്പോണന്റുകൾ ഇതിനകം തന്നെ ഈ പ്രോജക്ടിന്റെ ഭാഗമായുണ്ട്. സീമെൻസ്, എറിക്സൺ, തെയ്‌ല്സ് കമ്മ്യൂണിക്കേഷൻസ്, മലേഷ്യ ടെലികോം തുടങ്ങി ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ വമ്പന്മാരുമായി ചർച്ചകളും നടക്കുന്നു. ” ഏതാനും വർഷത്തിനുള്ളിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ IPHOBAC പ്രോജക്ടിന്റെ ഗുണഫലങ്ങൾ വീട്ടിലും റേഡിയോ ആസ്ട്രോണമിയിലും ബഹിരാകാശത്തും അടക്കം എല്ലാവർക്കും കാണാൻ സാധിക്കും. വൈദ്യ രംഗത്ത് അടക്കം ഒട്ടേറെ പുതിയ പ്രയോഗ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന പുത്തൻ സാങ്കേതികവിദ്യയാണിത്. സ്കിൻ ക്യാൻസർ കണ്ടെത്താൻ എംഎം-വേവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരീക്ഷണഘട്ടത്തിലാണ്,” സ്റ്റോഹ്ര് പറയുന്നു.
Posted in Science, technology | Tags: microwave photonics, millimeter wave
പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് ‘കൂറുമാറ്റം’
സംഗതി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നറിയില്ല. ഏതായാലും ഇന്ത്യന്‍ പ്രധാനമന്ത്രികാര്യാലയം ഇതേ വരെ ഉപയോഗിച്ച് പോന്ന പ്രൊപ്രൈറ്ററി മെയില്‍ ക്ലയന്റായ മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് എക്സ്പ്രസ് ഉപേക്ഷിച്ച് പൂര്‍ണ്ണമായും ഗ്നൂ ജിപിഎല്‍ ലൈസന്‍സിലെത്തുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്ക്വിരല്‍മെയ്‌ല് (http://www.squirrelmail.org/) സ്വീകരിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുമയൊന്നുമല്ലെങ്കിലും ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ എന്നും ആവശ്യപ്പെടുന്നതുപോലെ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരിലൊന്നുമല്ല, ഈ ‘കൂറുമാറ്റം’. എഫ്‌എസ്‌എഫിന്റെ നിലപാടിന് തീര്‍ത്തും ഭിന്നമായി കേവലം ഒരു ടെക്നോളജിക്കല്‍ ചോയിസ് ആയിരുന്നു അത്. അതിന് പ്രേരകമായതോ? മൂന്ന് മാസത്തോളം പ്രധാനമന്ത്രിയുടെ ഓഫീസിനെ വലച്ച വൈറസ് ബാധയും!
പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് അയയ്ക്കുന്ന ഇമെയ്‌ലുകള്‍ പലതും ലക്ഷ്യസ്ഥാനത്തെത്താതെ അപ്രത്യക്ഷമാവുകയും പലതിനും മറുപടി ലഭിക്കാതിരിക്കയും ചെയ്തതോടെയാണ് മെയില്‍ ക്ലയന്റില്‍ കമ്പ്യൂട്ടര്‍ വൈറസ് കടന്നുകൂടിയതായി തിരിച്ചറിയുന്നത്. അപ്പോഴേക്കും മൂന്നുമാസത്തോളം കടന്നുപോയിരുന്നു എന്നതാണ് സങ്കടകരമായ വസ്തുത. ഫെബ്രുവരി 2008 മുതല്‍ ഏപ്രില്‍ 2008 വരെയായിരുന്ന വൈറസ് പ്രധാനമന്ത്രിയുടെ ഇമെയ്‌ല് സിസ്റ്റത്തെ കടപുഴക്കിയത്.
ജോലിയില്‍ നിന്ന് വിരമിച്ച മുന്‍ എയര്‍ കോമഡോര്‍ ലോകേശ് ബത്ര പ്രധാനമന്ത്രിക്ക് അയച്ച ഇമെയ്‌ലും വൈറസ് ആക്രമണത്തില്‍ നഷ്ടമായിരുന്നു. വിവരാവകാശ നിയമത്തിന്റെ ഹിന്ദി പരിഭാഷയിലെ തെറ്റുകളെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാതി. എന്നാല്‍ തന്റെ കത്തിന് മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹം വിവരാവകാശ നിയമപ്രകാരം സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷനെ (സിഐസി) സമീപിച്ചു. സിഐസിയുടെ വാദം കേള്‍ക്കലില്‍ പ്രധാനമന്ത്രികാര്യാലയം തങ്ങളുടെ സാങ്കേതിക പിഴവ് സമ്മതിച്ചുകൊണ്ട് ഇങ്ങനെ അറിയിച്ചു: “അയച്ചതായി പറയപ്പെടുന്ന പല മെയ്‌ലുകളും ഔട്ട്ലുക്ക് എക്സ്പ്രസില്‍ ലഭിച്ചില്ല. അതിനാല്‍ ഔട്ട്ലുക്ക് എക്സ്പ്രസ് (ഉപയോഗം) നിര്‍ത്തലാക്കി പകരം സ്ക്വിരല്‍മെയ്‌ല് ഉപയോഗിക്കാന്‍ തുടങ്ങി.”
എച്ച്ടിഎംഎല്‍ 4.0 മാനകമനുസരിച്ച് റെന്‍ഡര്‍ ചെയ്യുന്ന പിഎച്ച്പി പ്രോഗ്രാമാണ് സ്ക്വിരല്‍മെയ്‌ല്. ഐഎംഎപി, എസ്‌എംടിപി എന്നീ മാനകങ്ങളേയും അത് പിന്തുണയ്ക്കുന്നു. 1999 മുതല്‍ ഘട്ടംഘട്ടമായി വികസിച്ചുവന്ന സ്ക്വിരല്‍മെയ്‌ല് പ്രോജക്ട് ഗ്നൂ ജനറല്‍ പബ്ലിക് ലൈസന്‍സ് പ്രകാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.
ഔട്ട്‌ലുക്കില്‍ നിന്ന് ഓപ്പണ്‍സോഴ്സിലേക്കുള്ള മാറ്റം മൈക്രോസോഫ്റ്റിന് കണ്ണുകടിയാവുമെങ്കിലും ഇവിടെ മറ്റൊരു ചോദ്യം അവശേഷിക്കുന്നു. പ്രധാനമന്ത്രി ശരിക്കും ഇമെയ്‌ല് ഉപയോഗിക്കുന്നുണ്ടാവുമോ അതോ ഈ അക്കൗണ്ട് വെറുതെ ഒരു കാട്ടിക്കൂട്ടാണോ എന്നതാണത്. അല്ലെങ്കില്‍ പിന്നെ ഇതുപോലെ ഒരു പ്രധാനപ്പെട്ട പ്രശ്നം ശ്രദ്ധയില്‍ പെടാന്‍ മൂന്നുമാസമെടുത്തതിന് ന്യായീകരണമില്ലാതെയാവും.
വൈറസ് ബാധ എത്രമാത്രം മാരകമായിരുന്നു എന്ന് കണക്കുകൂട്ടിയിട്ടില്ല. സ്ക്വിരല്‍ മെയ്‌ലിന്റെ വെബ്സൈറ്റിലേക്ക് പ്രവേശിച്ചാല്‍ അവര്‍ ‘Webmail for Nuts’ (വട്ടന്മാര്‍ക്കുള്ള വെബ്മെയ്‌ല്) എന്ന് സ്വയം വിശേഷിപ്പിക്കുന്നത് കാണാം. ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയെ ലാക്കാക്കി എഴുതിയതല്ല, ഈ വരികള്‍ എന്ന് എടുത്തുപറയട്ടെ!
ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറാണ് ഇതെങ്കിലും പ്രധാനമന്ത്രിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തോട് ഒരു മമതയുണ്ടെന്ന് ഇതിലൂടെ കരുതാനാവുമോ? കാത്തിരുന്നു കാണാം.
Posted in Web, technology | Tags: choice, free software, technology, web mail
ഡെബിയൻ ലെന്നി റിലീസ് ചെയ്തു
22 മാസത്തെ യത്നത്തിനൊടുവിൽ ലെന്നി എന്ന് കോഡ്നെയിം നൽകിയ ഡെബിയൻ ഗ്നൂ/ലിനക്സ് വേർഷൻ 5.0 പുറത്തിറങ്ങി. പന്ത്രണ്ട് വിവിധ പ്രോസസർ ആർക്കിടെക്ചറുകളെ സപ്പോർട്ട് ചെയ്യുന്ന ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമാണ് ഡെബിയൻ. കെഡിഇ, ഗ്നോം, എക്സ്‌എഫ്സിഇ, എൽഎക്സ്ഡിഇ എന്നീ ഡെസ്ക്ടോപ്പ് എൻവയൺമെന്റുകളാണ് ഡെബിയൻ പിന്തുണയ്ക്കുന്നത്. FHS v2.3, LSB v3.2യ്ക്കായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ എന്നിവയുമായി കമ്പാറ്റിബിളാണിത്.
പാംടോപ്പുകളും ഹാൻഡ്ഹെൽഡ് സിസ്റ്റങ്ങളും മുതൽ സൂപ്പർകമ്പ്യൂട്ടറുകൾ വരെയുള്ള കമ്പ്യൂട്ടറുകൾ റൺ ചെയ്യാൻ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഡെബിയൻ ഗ്നൂ/ലിനക്സ്. സൺ സ്പാർക്, എച്ച്പി ആൽഫ, മോട്ടറോള / ഐബിഎം പവർപിസി, ഇന്റൽ ഐഎ-32 (ഐ386), ഐഎ-64, എച്ച്പി പിഎ-ആർഐഎസ്സി (എച്ച്പിപിഎ), എംഐപിഎസ് (മിപ്സ്, മിപ്സെൽ), എആർഎം (ആം, ആമെൽ), ഐബിഎം എസ്/390, എഎംഡി 64, ഇന്റൽ ഇഎം64ടി എന്നീ ആർക്കിടെക്ചറുകളാണ് സപ്പോർട്ട് ചെയ്യുന്നത്.
പല സ്റ്റോറേജ് ഡിവൈസുകളിലും ഉപയോഗിക്കുന്ന മാർവെല്ലിന്റെ ഒറിയോൺ പ്ലാറ്റ്ഫോമിനെ ഡെബിയൻ ഗ്നൂ/ലിനക്സ് 5.0 ലെന്നി പിന്തുണയ്ക്കുന്നു. QNAP ടർബോ സ്റ്റേഷൻ സീരീസ്, എച്ച്പി മീഡിയ വോൾട്ട് എംവി2120, ബഫലോ കുറോബോക്സ് പ്രൊ എന്നീ സ്റ്റോറേജ് ഡിവൈസുകളെയും ലെന്നി സപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ അസൂസ് ഈൗ പിസി അടക്കം വിവിധ നെറ്റ്ബുക്കുകളും ലെന്നിയിൽ സുഗമമായി പ്രവർത്തിക്കും. എംബഡ് ചെയ്ത എആർഎം സിസ്റ്റങ്ങൾക്കായി ഡെബിയൻ സോഴ്സ് പാക്കേജുകൾ ക്രോസ്-ബിൽറ്റ് ചെയ്ത് വലിപ്പം കുറയ്ക്കാൻ അനുവദിക്കുന്ന എംഡെബിയൻ എന്ന ബിൽഡ് ടൂൾസും ലെന്നിയോടൊപ്പം എത്തുന്നു.
പുതിയ ARM EABI പോർട്ട് ആയ ആർമെൽ ലെന്നിയിൽ ചേർത്തതിനാൽ ഇപ്പോഴത്തേതും ഭാവിയിൽ വരാനിരിക്കുന്നതുമായ എആർഎം പ്രോസസറുകൾ കൂടുതൽ ഫലപ്രദമായി റൺ ചെയ്യാനാവും. സ്വഭാവികമായും ഉപയോഗമില്ലാതായ പഴയ എആർഎം പോർട്ട് (ആം) ഉപേക്ഷിച്ചു.
ഈ റിലീസിൽ നിരവധി അപ്ഡേറ്റഡ് സോഫ്റ്റ്‌വെയർ പാക്കേജുകളുണ്ട്. സ്റ്റെബിലിറ്റി കണക്കിലെടുത്ത് ഗ്രാഫിക്കൽ യൂസർ ഇന്റർഫെയ്സായി കെ ഡെസ്ക്ടോപ്പ് എൻവയൺമെന്റ് 3.5.10 ആണ് ഉപയോഗിക്കുന്നത്. കെഡിഇയുടെ ഏറ്റവും പുതിയ വേർഷനായ 4.2 ലെന്നിയ്ക്കൊപ്പം ലഭിക്കില്ലെന്ന് സാരം. എന്നാൽ ഡെബിയൻ ലെന്നിയുടെ ഡീഫോൾട്ട് ജിയുഐ ഗ്നോം ഡെസ്ക്ടോപ്പ് എൻവയൺമെന്റ് 2.22.2 ആണ്. Xfce 4.4.2, LXDE 0.3.2.1, ഗ്നൂസ്റ്റെപ്പ് ഡെസ്ക്ടോപ്പ് 7.3, X.Org 7.3 എന്നിവയാണ് ലഭ്യമായ മറ്റ് ജിയുഐകൾ. ഓപ്പൺഓഫീസ് 3.0 ലഭ്യമാണെങ്കിലും ലെന്നിയിൽ 2.4.1 ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്നൂ ഇമേജ് മാനിപ്പുലേഷൻ പ്രോഗ്രാം (ജിമ്പ്) 2.4.7 ആണുള്ളത്. ഡീഫോൾട്ട് ബ്രൗസർ മൊസില്ല ഫയർഫോക്സിന്റെ അൺബ്രാൻഡഡ് വേർഷനായ ഐസ്‌വീസൽ 3.0.6 ആണ്. ഡീഫോൾട്ട് ഇമെയ്‌ല് യൂട്ടിലിറ്റിയായി മൊസില്ല തണ്ടർബേഡിന്റെ അൺബ്രാൻഡഡ് വേർഷനായ ഐസ്ഡോവ് 2.0.0.19 ഉപയോഗിച്ചിരിക്കുന്നു. PostgreSQL 8.3.6, MySQL 5.0.51a, GNU Compiler Collection 4.3.2, Linux kernel version 2.6.26, Apache 2.2.9, Samba 3.2.5, Python 2.5.2 and 2.4.6, Perl 5.10.0, PHP 5.2.6, Asterisk 1.4.21.2, Emacs 22, Inkscape 0.46, Nagios 3.06, Xen Hypervisor 3.2.1 (dom0 as well as domU support), OpenJDK 6b11 തുടങ്ങിയ 23,000ൽ ഏറെ റെഡി-ടു-യൂസ് സോഫ്റ്റ്‌വെയർ പാക്കേജുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
എക്സ്.ഓർഗ് 7.3 ഇന്റഗ്രേറ്റ് ചെയ്തതോടെ എക്സ് സെർവർ മിക്ക ഹാർഡ്‌വെയറുമായും ഓട്ടോകോൺഫിഗർ ചെയ്യും. പുതുതായി ഉൾപ്പെടുത്തിയ പാക്കേജുകൾ എൻടിഎഫ്‌എസ് ഫയൽ സിസ്റ്റത്തിന് പൂർണ്ണ പിന്തുണ നൽകുകയും മിക്ക മൾട്ടിമീഡിയ കീകളും ഉപയോഗക്ഷമമാക്കുകയും ചെയ്തിരിക്കുന്നു. swfdec, ഗ്നാഷ് പ്ലഗ് ഇന്നുകളിലൂടെ അഡോബി ഫ്ലാഷ് ഫോർമാറ്റിലുള്ള ഫയലുകൾ സപ്പോർട്ട് ചെയ്യുന്നു. സിപിയു ഫ്രീക്വൻസി സ്കെയിലിങ് അടക്കം നോട്ട്ബുക്കുകൾക്ക് വേണ്ടി പല മെച്ചപ്പെടുത്തലുകളും വരുത്തിയിട്ടുണ്ട്. വിനോദത്തിനായി പല പുതിയ ഗെയ്മുകളും ചേർത്തിരിക്കുന്നു. പുതുതായി ഉൾപ്പെടുത്തിയ ഗോപ്ലേ എന്ന ഗ്രാഫിക്കൽ ഗെയിംസ് ബ്രൗസർ ഡെബിയനിലെ ഗെയിമുകൾക്ക് ആവശ്യമായ ഫിൽറ്ററുകളും സേർച്ച് സൗകര്യവും സ്ക്രീൻഷോട്ടുകളും വിവരണങ്ങളും നൽകും.
ഓപ്പൺജെഡികെ, ഗ്നൂ ജാവ കമ്പൈലർ, ഗ്നൂ ജാവ ബൈറ്റ്കോഡ് ഇന്റർപ്രെറ്റെർ, ക്ലാസ്പാത്ത് തുടങ്ങി സൺ ജാവ ടെക്നോളജിയുടെ സ്വതന്ത്ര വേർഷനുകൾ ലെന്നിയിൽ ലഭ്യമായതിനാൽ ഡെബിയന്റെ പ്രധാന റെപ്പോസിറ്ററിയിൽ ഇനി മുതൽ ജാവ-അധിഷ്ഠിത പ്രവർത്തകങ്ങളും ലഭിക്കും.
ബിറ്റ് ടോറന്റ് വഴി ലെന്നി സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ടോറന്റുകൾ ഉപയോഗിച്ച് പരിചയമില്ലാത്തവർക്ക് എച്ച്ടിടിപി വഴിയും ജിഗ്ഡോ വഴിയും ഇമേജ് സിഡികൾ ആക്സസ് ചെയ്യാം. ഡിവിഡി, സിഡി-റോം, ബ്ലൂ-റേ ഡിസ്ക് തുടങ്ങിയ ഫോർമാറ്റുകളിൽ അധികം താമസിയാതെ ലെന്നി ലഭ്യമാകും. ഡെബിയൻ എച്ചിൽ നിന്ന് ലെന്നിയിലേക്ക് ഓട്ടോമാറ്റിക് അപ്ഗ്രഡേഷൻ ആപ്റ്റിട്യൂട് പാക്കേജ് മാനേജർ ഉപയോഗിച്ച് നടക്കും.
2008 ഡിസംബർ 26ന് കാർ അപകടത്തിൽ കൊല്ലപ്പെട്ട ഡെബിയൻ ഡെവലപ്പറും എംഐപിഎസ് ആർക്കിടെക്ചറിന്റെയും ലിനക്സ് കെർണലിന്റെ എംഐപിഎസ് പോർട്ടിന്റെയും മറ്റും പ്രധാന സപ്പോർട്ടറുംആയിരുന്ന തീമോ സീഫെറിനാണ് (Thiemo Seufer) ഡെബിയൻ കുടുംബം ലെന്നി സമർപ്പിച്ചിരിക്കുന്നത്.
ലെന്നിയിൽ മികച്ച മലയാളം സപ്പോർട്ടും
ഡെബിയൻ ഗ്നൂ/ലിനക്സ് 5.0 ലെന്നിയുടെ ഇൻസ്റ്റോളർ മലയാളം അടക്കം 63 ഭാഷകളിൽ ലഭ്യമാണ്. എച്ച് മുതൽ തന്നെ മലയാളം ഇന്റർഫേസ് ഉണ്ടെങ്കിലും ഇത്തവണ പിഴവറ്റ റെൻഡറിങ് ആണ് ഉള്ളത്. ഡെബ്കോൺഫ് ടെംപ്ലേറ്റുകൾ 85 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. അതിൽ തന്നെ 14 ഭാഷകളിൽ പകുതിയിലധികം ഫയലുകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് ഒഴികെയുള്ള ഏതെങ്കിലും ഭാഷയിലേക്ക് എല്ലാ ഡെബ്കോൺഫ് ടെംപ്ലേറ്റുകളും പരിഭാഷപ്പെടുത്തിയ ആദ്യ തവണയാണിത്. ഫ്രെഞ്ച്, ജർമ്മൻ, പോർച്ചുഗീസ് ഭാഷകളാണ് ഈ നേട്ടം കൊയ്തത്. ഒൻപതു ഭാഷകളിൽ 75%ന് മേൽ പരിഭാഷ നടന്നിട്ടുണ്ട്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സ്വീഡിഷ് ഭാഷ 100% തികച്ചതായാണ് അറിവ്. ഡെബിയന്റെ വെബ്സൈറ്റ് 36 ഭാഷകളിൽ ലഭ്യമാണ്.
ലെന്നി അനൗൺസ്മെന്റ് 20 ഭാഷകളിലേക്കും റിലീസ് നോട്ട്സ് 18 ഭാഷകളിലേക്കും ഇൻസ്റ്റളേഷൻ ഗൈഡ് 15 ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി. പാക്കേജ് ഡിസ്ക്രിപ്ഷനുകളും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഏതെങ്കിലും ഒരിന്ത്യൻ ഭാഷയിൽ റിലീസ് നോട്ട്സ് പരിഭാഷപ്പെടുത്തുന്നത്. അത് മലയാളമാണ് താനും. http://www.debian.org/releases/lenny/releasenotes എന്ന വിലാസത്തിൽ റിലീസ് നോട്ട്സ് ലഭിക്കും.
Posted in Uncategorized
വെബ് 2.0 തരംഗത്തിൽ ഇന്ത്യൻ രാഷ്ട്രീയവും
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഒബാമയുടെ വിജയത്തിന് സഹായിച്ച ഘടകങ്ങളിലൊന്ന് ഇന്ററാക്ടീവ് വെബ്ബിന്റെ ഉപയോഗമായിരുന്നു. വെബ് 2.0 എന്നറിയപ്പെടുന്ന ഈ സോഷ്യൽ വെബ്ബിനെ കൈപ്പിടിയിലൊതുക്കിയാൽ ഉപരിമധ്യവർഗ്ഗത്തെയും അഭിപ്രായ രൂപീകരണം നടത്താൻ കെൽപ്പുള്ളവരെയും സ്വാധീനിക്കാം എന്ന് ഇന്ത്യൻ രാഷ്ട്രീയക്കാർക്കും തോന്നിത്തുടങ്ങിയതിൽ അത്ഭുതമുണ്ടോ? ബച്ചൻ മുതൽ മമ്മൂട്ടി വരെയുള്ള സിനിമക്കാർ സുലേഖ മുതൽ ബ്ലോഗർ വരെയുള്ള പ്ലാറ്റ്ഫോമുകളിൽ സ്വന്തം ബ്ലോഗുകളുമായി പ്രത്യക്ഷപ്പെടുമ്പോൾ രാഷ്ട്രീയക്കാർ മാത്രം അതിൽ നിന്ന് വിട്ടുനിന്നാലെങ്ങനെ?
മലയാളം ബൂലോഗത്ത് അടുത്തകാലത്തായി ഇതിന്റെ അനുരണനങ്ങൾ വളരെ ശക്തമാണ്. പ്രധാനമായും സിപിഐ(എം)നെയും സംഘപരിവാർ സംഘടനകളെയും പിന്തുണയ്ക്കുന്ന നിരവധി ബ്ലോഗുകളും സോഷ്യൽ നെറ്റ്‌വർക്കുകളുമാണ് മലയാളത്തിൽ ഉള്ളത്. കോൺഗ്രസിനും പ്രാതിനിധ്യമുണ്ടെന്ന് മാത്രം.
മലയാളം ബ്ലോഗോസ്ഫിയറല്ലല്ലോ, ഇന്ത്യൻ രാഷ്ട്രീയ ഭൂമിക. അവിടെ ഇടപെടണമെങ്കിൽ ദേശീയ നേതാക്കന്മാർ തന്നെ വേണം. സിപിഎം അടക്കമുള്ള പാർട്ടികൾ പാർട്ടി കമ്മ്യൂണിക്കേകൾ റിലീസ് ചെയ്യാൻ കാലങ്ങളായി വെബ്സൈറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും മാസ് ക്യാമ്പെയ്നിങ്ങിനും സപ്പോർട്ടർ മൊബിലൈസേഷനും വെബ് ഉപയോഗിച്ചിരുന്നില്ല. യൂസർ ജനറേറ്റഡ് കണ്ടന്റിന് സ്ഥാനമില്ലാത്ത ഒന്നാം തലമുറ വെബ്ബിലാണ് ഇപ്പോഴും സിപിഎം ദേശീയ നേതൃത്വത്തിന്റെ കളി.
എന്നാൽ ഇന്ററാക്ടീവ് സോഷ്യൽ വെബ്ബിനെ ആദ്യമായി ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങുന്നത് ബിജെപിയാണ്. എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എൽകെ അദ്വാനിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി അദ്ധ്യക്ഷൻ വികെ മൽഹോത്രയുടെയും ബ്ലോഗുകൾ ഇന്ത്യൻ സൈബർ സ്പേസിനെ ഇളക്കിമറിക്കുന്നു.
ഗൂഗിൾ ആഡ്സെൻസ് എനേബിൾ ചെയ്തിട്ടുള്ള സൈറ്റുകളിൽ ഇന്ത്യൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഉള്ള പേജുകളിലെല്ലാം ഗൂഗിളിന്റെ കോൺടസ്റ്റ് സെൻസിറ്റീവ് ആഡ് സർവീസ് അദ്വാനിയുടെ ബ്ലോഗ് പരസ്യം പ്രദർശിപ്പിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയവുമായും ഭരണവുമായും തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട പോസ്റ്റുകളിലും ബിജെപി എന്ന പ്രയോഗമുള്ള പോസ്റ്റുകളിലും, അത് ബിജെപിയെ വിമർശിക്കുന്ന പോസ്റ്റാണെങ്കിൽ കൂടിയും, ആ സൈറ്റുടമയ്ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഗൂഗിൾ ആഡ് സെൻസ് ഉള്ള പക്ഷം അദ്വാനിയുടെ ബ്ലോഗിന്റെ പരസ്യം വന്നിരിക്കും എന്നതാണ് അവസ്ഥ. പ്രമുഖ പത്രങ്ങളുടെ വെബ് സൈറ്റുകളിലടക്കം ഈ പരസ്യങ്ങൾ പറന്നുകളിക്കുകയാണ്. ജിമെയ്‌ല് എടുത്താൽ അവിടെയും ഇടതുവശത്ത് അദ്വാനിയുടെ ബ്ലോഗിലേക്കുള്ള ലിങ്ക് പ്രത്യക്ഷപ്പെടുന്നു.
പ്രമുഖ വിദേശ മാധ്യമ സൈറ്റുകളടക്കം ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ സാധാരണ സന്ദർശിക്കുന്ന ഏകദേശം 2,000 വെബ്സൈറ്റുകളിൽ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി അവരുടെ 81-കാരനായ നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ സന്ദേശങ്ങൾ പരസ്യം ചെയ്യുകയാണ്. ‘Advani for PM’ എന്ന പരസ്യപ്പലക പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്ത വിദേശ സൈറ്റുകളിൽ പാകിസ്ഥാനിലെ ‘ദ ഡോൺ’ ദിനപത്രത്തിന്റെ സൈറ്റും പെടും. യുഎസിലെ വാഷിങ്ടൺ പോസ്റ്റ്, ന്യൂ യോർക്ക് ടൈംസ്, യുകെയിലെ ഗാർഡിയൻ ഓൺലൈൻ തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളിലും ബിജെപിയുടെ പരസ്യം നിറയുകയാണ്. ദ ഡോൺ കൂടാതെ പാകിസ്ഥാനി ദിനപത്രമായ ദ നേഷന്റെ ഓൺലൈൻ എഡിഷനിലും പാക്ട്രിബ്യൂൺ എന്ന പ്രമുഖ വെബ്സൈറ്റിലും ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആക്സസ് ചെയ്യപ്പെടുന്ന വിദേശ മാധ്യമ സൈറ്റുകളെ കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ചാണ് ഈ സൈറ്റുകൾ തിരഞ്ഞെടുത്തതെന്ന് ബിജെപിയുടെ ഐടി കാര്യങ്ങൾക്കുള്ള ദേശീയ കൺവീനർ പ്രൊദ്യുത് ബോറ പറയുന്നു. ഇതിലെ രസകരമായ വസ്തുത, ഈ സൈറ്റുകളിൽ ഇന്ത്യയിൽ നിന്ന് ലോഗിൻ ചെയ്യുന്നവർക്ക് മാത്രമേ ഈ പരസ്യങ്ങൾ ദൃശ്യമാവുകയുള്ളൂ എന്നതാണ്. ഐപി അഡ്രസ് ട്രാക്ക് ചെയ്ത് പരസ്യം പ്രദർശിപ്പിക്കുന്ന ടാർഗെറ്റ് സെല്ലിങ് ടെക്നിക് ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. എൻ ആർ ഐകളെയല്ല, ഇന്ത്യയിലെ വോട്ടർമാരെ തന്നെയാണ് ബിജെപി ലക്ഷ്യമാക്കുന്നത് എന്നർത്ഥം.
എന്നാൽ ഓൺലൈൻ പരസ്യങ്ങൾക്കായി ബിജെപി ചെലവഴിക്കുന്ന തുകയെക്കുറിച്ച് വെളിപ്പെടുത്താൻ ബോറ തയ്യാറായില്ല. ഇതിനായി കണ്ടുവച്ച സൈറ്റുകളിൽ 99%-വും ഇന്ത്യൻ സൈറ്റുകളാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
സ്വാമി രംഗനാഥാനന്ദയുടെ പാദങ്ങളിൽ, ഗുജറാത്ത് വൈബ്രന്റ് ആയതെങ്ങനെ, നവീൻ ചൗളയെ മാറ്റണമെന്ന സിഇസി നിർദ്ദേശം എന്തുകൊണ്ട് അംഗീകരിക്കണം തുടങ്ങി ഒരുപിടി പോസ്റ്റുകൾ അദ്വാനിയുടേതായി ബ്ലോഗിൽ നൽകിയിട്ടുണ്ടെങ്കിലും പരസ്യങ്ങളിൽ മുൻതൂക്കം നൽകിയിരിക്കുന്നത് ‘അണ്ടർസ്റ്റാൻഡിങ് ജനുവിൻ സെക്കുലറിസം’ എന്ന പോസ്റ്റിനാണ്. അമിത് മെഹ്‌റ എന്ന ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ അടങ്ങിയ ഒരു കോഫിടേബിൾ ബുക്കിന് ആമുഖമായി മാർക് ടുള്ളി എന്ന ബിബിസി കറസ്പോണ്ടന്റ് എഴുതിയ വരികളിൽ നിന്നാണ് ഈ പോസ്റ്റ് തുടങ്ങുന്നത്. മനോഹരമായ പോസ്റ്റെന്ന് പറഞ്ഞേ തീരു. എന്നാൽ ഈ മനോഹാരിത തീരുന്നത് മതേതരത്വത്തെ കുറിച്ച് അദ്വാനിയുടേതായി നാം മനസ്സിലാക്കിയ വീക്ഷണത്തെ ഇന്ത്യൻ പൊതുമനസാക്ഷിക്ക് അനുസൃതമായി തിരുത്തിയെഴുതിയിരിക്കുന്നത് കണ്ടുകൊണ്ടാണ്. അതോടെ രഥയാത്രയുടെ ചരിത്രവും ബാബറി മസ്ജിദിന്റെ വർത്തമാനവും അൽപ്പസമയത്തേയ്ക്കെങ്കിലും മറക്കാൻ ഇന്ത്യൻ മധ്യവർഗ്ഗം തയ്യാറാവുമെന്നും മധുരമനോഹരവും സർവ്വമതാശ്ലേഷിയുമായ ഇന്ത്യൻ മതേതരത്വം പടിഞ്ഞാറൻ മതനിരാസത്തിന് വിരുദ്ധമാണെന്ന ഗാന്ധിയൻ തത്വചിന്തയുടെ പ്രയോക്താവാണ് താനെന്ന് ജനം വിശ്വസിക്കുമെന്നും അദ്വാനി കരുതുന്നുണ്ടാവണം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ നിർണ്ണായകമായി സ്വാധീനിച്ച, ഇപ്പോഴും സ്വാധീനിക്കുന്ന സ്യൂഡോ സെക്കുലറിസം (കപട മതേതരത്വം) എന്ന പ്രയോഗം നടത്തിയ നേതാവിൽ നിന്ന് ഇങ്ങനെ തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്?
അങ്ങനെ തികച്ചും ഇന്ത്യയുടെ ഭാവിക്ക് ചേർന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് ലാൽ കൃഷ്ണ അദ്വാനി എന്ന ബോധം ഇന്ത്യൻ ഇന്റർനെറ്റ് ഉപയോക്താക്കളിൽ പാകാൻ http://blog.lkadvani.in/ എന്ന ഈ ബ്ലോഗും ഇതിലെ പോസ്റ്റുകളും ഇടയാക്കുന്നു. ബ്ലോഗിൽ കമന്റ് ചെയ്യാൻ അനുമതിയുള്ളതിനാൽ യൂസർ പാർട്ടിസിപ്പേഷൻ നന്നായി നടക്കുന്നു. ഇത് മുമ്പെങ്ങുമില്ലാത്തവണ്ണം ഇന്ത്യൻ ഡിജിറ്റൽ ഹാവ്സിനെ രാഷ്ട്രീയ പ്രക്രിയയുമായി അടുപ്പിക്കുന്നു.
എന്നാൽ അദ്വാനിയുടെ പ്രചാരണം ബ്ലോഗിലൊതുങ്ങുന്നു എന്ന് ധരിക്കേണ്ടതില്ല. http://lkadvani.in/ എന്ന പ്രധാന സൈറ്റിന് ഇംഗ്ലീഷ്, ഹിന്ദി വേർഷനുകളുണ്ട്. കൂടാതെ ബ്ലോഗുകളിൽ പ്രദർശിപ്പിക്കാൻ ‘ബ്ലോഗേഴ്സ് ഫോർ അദ്വാനി’ എന്ന ബട്ടൺ, ചർച്ചകൾ തുടങ്ങിവയ്ക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമായി ഓൺലൈൻ ഫോറം, അപ്ഡേറ്റുകൾ ലഭിക്കാനായി ഫീഡ് സബ്സ്ക്രിപ്ഷൻ, രാജ്യത്ത് പല ഭാഗങ്ങളിലുമായി ‘ഫ്രണ്ട്സ് ഓഫ് ബിജെപി മീറ്റ്’, ക്യാമ്പെയ്ൻ ട്രെയ്‌ല് സംബന്ധിച്ച വിവരങ്ങൾ, യൂടൂബ് ചാനൽ, ഓർക്കുട്ട്, ഫേസ്ബുക്ക് എന്നീ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഔദ്യോഗിക സപ്പോർട്ട് ഗ്രൂപ്പുകൾ, ട്വിറ്റർ, ഐഡന്റിക്ക പോലെയുള്ള മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമുകളിൽ അനൗദ്യോഗികമായ പ്രചാരണങ്ങൾ എന്നിങ്ങനെ ഓൺലൈൻ സമൂഹത്തെ കഴിയുന്നത്ര ഇന്ററാക്ടീവ് രീതികളിലൂടെ കയ്യിലെടുക്കുകയാണ് അദ്വാനിയും ബിജെപിയും.
ഇതിനേക്കാളേറെ പ്രധാനം, കാവിവൽക്കരണം എന്ന അജണ്ട മാറ്റിവച്ച് സാമ്പത്തിക പ്രതിസന്ധിയാണ് അദ്വാനി പ്രചാരണ മുദ്രാവാക്യമായി ഉയർത്തിക്കാട്ടുന്നത് എന്നതാണ്. സാമ്പത്തിക പ്രതിസന്ധി മൂലം വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായവർക്ക് അങ്ങനെയൊന്നില്ലെന്ന് കണ്ണടയ്ക്കുന്ന സർക്കാരിനെതിരെ എഴുതാൻ സൈറ്റിൽ ഇടവും നൽകിയിരിക്കുന്നു. തൊഴിലില്ലായ്മ കാട്ടുതീപോലെ പടരുകയാണെന്ന് സൈറ്റിൽ നൽകിയിരിക്കുന്ന പരസ്യം ഉദ്ഘോഷിക്കുന്നു. കർഷകർക്ക് ബിജെപി നൽകുന്ന പത്തിന വാഗ്ദാനങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നു. പ്രധാന വിഷയങ്ങളിൽ അദ്വാനി നടത്തിയ പ്രസംഗങ്ങളുടെ പത്ര റിപ്പോർട്ടുകളും സൈറ്റിൽ നിന്ന് ലഭിക്കും.
ഇടക്കാല ബജറ്റ് ദീർഘകാലയളവിൽ നേട്ടം തന്നെ
സഭയുടെ കാലാവധി തീരാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കുകയും തിരഞ്ഞെടുപ്പിനെ നേരിടാൻ സർക്കാർ സജ്ജമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത സാമ്പത്തിക വർഷത്തിലെ സർക്കാരിന്റെ മുൻഗണനകൾ പരിപൂർണ്ണമായും തീരുമാനിക്കാൻ നിലവിലുള്ള സർക്കാരിന് നിയമപ്രകാരം കഴിയില്ല. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ഗവൺമെന്റ് നിലവിൽ വരുംവരെയുള്ള കാലത്തേക്ക് ആവശ്യമായ ചെലവ് വോട്ട് ഓൺ അക്കൗണ്ടിലൂടെ സഭയുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതുണ്ട്. അടുത്ത നാലുമാസത്തേക്കുള്ള സർക്കാരിന്റെ ചെലവുകൾക്കുള്ള മുൻകൂർ അംഗീകാരമാണ് അങ്ങനെ ഇടക്കാല ബജറ്റിലൂടെ ധനകാര്യമന്ത്രി പ്രണാബ് മുഖർജി സഭയിൽ നിന്ന് വാങ്ങുന്നത്.
തെരെഞ്ഞെടുപ്പ് പൂർവ്വ ബജറ്റ് എന്ന നിലയിൽ എല്ലാ മേഖലകളെയും തഴുകുന്നതാവും ഈ ഇടക്കാല ബജറ്റ് എന്ന പ്രതീക്ഷയോടെയാണ് വ്യവസായ ലോകം കാത്തിരുന്നത്. എന്നാൽ സർക്കാരാവട്ടെ, കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത് സോഷ്യൽ സെക്ടറിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം കെടുതിയനുഭവിക്കുന്ന വ്യാവസായിക ഇന്ത്യയുടെ വർത്തമാനങ്ങളേക്കാൾ രാഷ്ട്രത്തിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനാണ് യുപിഎ മുൻതൂക്കം കൊടുക്കുന്നത് എന്ന രാഷ്ട്രീയ പ്രസ്താവനയാണ് ഇതിലൂടെ ധനകാര്യമന്ത്രി നടത്തുന്നത്. ഗുജറാത്ത് മോഡൽ വികസനമല്ല ഇന്ത്യയുടെ ഭാവിക്ക് അഭികാമ്യം എന്ന ഈ ഓർമ്മപ്പെടുത്തൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസന സങ്കൽപ്പത്തിന് എതിരെയുള്ള വെല്ലുവിളി കൂടിയാണ്. ഒപ്പം മുംബൈ ഭീകരാക്രമണം ഉണർത്തിയ ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സുരക്ഷാ ഭീതിയെ തൃപ്തിപ്പെടുത്താൻ പ്രതിരോധ മേഖലയ്ക്ക് നീക്കിവച്ച ബജറ്റ് വിഹിതത്തിൽ മുൻ വർഷത്തേക്കാൾ 35% വർധനയാണ് വരുത്തിയിരിക്കുന്നത്. ദേശീയതാവികാരം രാഷ്ട്രീയ ആയുധമാക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ തടയുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നേടാൻ ശ്രമിക്കുന്നത്.
സാങ്കേതികവിദ്യാ മേഖലയിൽ പ്രത്യേകിച്ച് ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി സെക്ടറിൽ പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല എന്ന വിലയിരുത്തലാണ് പൊതുവെ വ്യവസായ ലോകത്തിനുള്ളത്. പ്രധാനമായും രണ്ട് പ്രതീക്ഷകളായിരുന്നു ഈ മേഖല മുന്നോട്ടുവച്ചിരുന്നത്. ടെക്നോളജി പാർക്കുകൾക്കും 100% കയറ്റുമതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കും നൽകിയിരുന്ന നികുതിയിളവ് 2010 മാർച്ചിൽ അവസാനിക്കാനിരിക്കെ ഇത് കൂടുതൽ കാലത്തേക്ക് നീട്ടുമെന്ന പ്രതീക്ഷയായിരുന്ന ഐടി കമ്പനികൾ വച്ചുപുലർത്തിയിരുന്നത്. യുഎസിലെ ബാങ്ക് തകർച്ചകൾ ഇന്ത്യൻ ബിപിഒ മേഖലയ്ക്ക് പ്രത്യേകിച്ചും, ഐടി മേഖലയ്ക്ക് പൊതുവിലും ക്ഷീണമുണ്ടാക്കിയ പശ്ചാത്തലത്തിൽ ഈ പ്രതീക്ഷയ്ക്ക് കാരണമുണ്ടായിരുന്നു. എന്നാൽ ഒരുവശത്ത് സബ്സിഡികളും മറ്റും കുറയുമ്പോൾ തന്നെ ഗ്രാമീണമേഖലയ്ക്ക് നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം ഗണ്യമായി വർധിക്കുന്നതിലൂടെ സർക്കാരിന്റെ ചെലവ് ഉയരുകയും വരവ് വർധിക്കാതിരിക്കുകയും ചെയ്യുന്നത് ആശാസ്യമല്ല എന്ന വിലയിരുത്തൽ മൂലം ഇത്തരമൊരു നീക്കത്തിന് സർക്കാർ മുതിർന്നില്ല.
വൻകിട ഐടി കമ്പനികൾ സെസ് നിയമപ്രകാരം പ്രത്യേക സാമ്പത്തിക മേഖലകളിൽ ആരംഭിച്ച ഐടി യൂണിറ്റുകൾക്ക് 100% നികുതിയിളവ് (ടാക്സ് ഹോളിഡേ) ലഭിക്കുമെന്ന പ്രതീക്ഷയും വെള്ളത്തിലായി. ഈ യൂണിറ്റുകൾ നിലവിൽ ഇത്രയും ഇളവ് അനുഭവിക്കുന്നില്ല.
എന്നാൽ ഇത് വോട്ട് ഓൺ അക്കൗണ്ട് മാത്രമായിരുന്നതിനാൽ ഇടക്കാല ബജറ്റിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കാതെ ഇരുന്നവരും കുറവല്ല. അവർ എടുത്തുപറയുന്നത് രണ്ട് നേട്ടങ്ങളെയാണ്. ഉന്നതവിദ്യാഭ്യാസത്തിന് നൽകിയിരിക്കുന്ന ഊന്നലാണ് അവയിൽ ആദ്യത്തേത്. ഐടി വ്യവസായം ഉന്നതവിദ്യാഭ്യാസത്തെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഇത് സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന അഭിപ്രായം ശക്തമാണ്. കൂടാതെ നഗരാസൂത്രണത്തിന് (അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ്) നൽകുന്ന നീക്കിയിരുപ്പ് തുക ഇരട്ടിച്ചിട്ടുണ്ട്. ഇതും ഐടി വ്യവസായത്തിന് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
യുപിഎ സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനത്തിന്റെ സ്വയം വിലയിരുത്തലായിരുന്നു ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. പുതിയ വകയിരുത്തലുകളേക്കാൾ സർക്കാരിന്റെ പ്രോഗ്രസ് കാർഡ് എന്ന നിലയിൽ തന്നെയാണ് ഇതിന് സ്ഥാനം. സാങ്കേതിക വിദ്യാ മേഖലയ്ക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതര മേഖലകൾക്കും ലഭിച്ച നേട്ടങ്ങളെയും തുടങ്ങിവച്ച പദ്ധതികളെയും പ്രസംഗത്തിൽ എടുത്തുപറയുന്നു. കാർഷിക മേഖലയിൽ നടപ്പാക്കിയ ‘പ്രോജക്ട് ആരോ’ എന്ന പദ്ധതിയെക്കുറിച്ചാണ് ഇതിൽ ആദ്യ പരാമർശം. എൻആർഇജിഎസ് പോലെയുള്ള സാമൂഹ്യ മേഖലയിലെ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിനും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ സേവനങ്ങളെ തപാൽ ഓഫീസുകളിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ഈ പദ്ധതിയുടെ പങ്കിനെ ധനകാര്യമന്ത്രി ശ്ലാഘിക്കുന്നു.
യുപിഎ സർക്കാരിന് കീഴിൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ബജറ്റ് പ്രസംഗം എണ്ണിപ്പറയുന്നു. സെക്കണ്ടറിതല വിദ്യാഭ്യാസം സാർവ്വജനീനമാക്കാൻ 2008-09ൽ തുടങ്ങിവച്ച കേന്ദ്രാവിഷ്കൃത പദ്ധതിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വിദ്യാഭ്യാസ രംഗത്തെ അവതരിപ്പിക്കുന്നത് തന്നെ. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഉന്നതവിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പ് ഒൻപതുമടങ്ങ് (900%) വർധിച്ചതായി മുഖർജി പറയുന്നു. ഓർഡിനൻസിലൂടെ 15 പുതിയ കേന്ദ്ര സർവ്വകലാശാലകൾക്ക് അനുമതി നൽകി. ഇതിനുപുറമേ 2008-09ൽ ആറ് പുതിയ ഐഐടികൾ ബീഹാർ, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഒറീസ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ചതായും 2009-10ൽ മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രണ്ട് ഐഐടികൾ കൂടി നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഭോപ്പാലിലും തിരുവനന്തപുരത്തും പ്രവർത്തനക്ഷമമായി. വിജയവാഡയിലും ഭോപ്പാലിലും പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ രണ്ട് പുതിയ സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു. പതിനൊന്നാം പദ്ധതിയിൽ പ്രഖ്യാപിച്ചിരുന്ന ആറ് പുതിയ ഐഐഎമ്മുകളിൽ നാലെണ്ണത്തിൽ 2009-10ൽ ക്ലാസ്സുകൾ ആരംഭിക്കും. ഹരിയാന, രാജസ്ഥാൻ, ഝാർക്കണ്ട്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ അനുവദിച്ച മാനേജ്മെന്റ് ഇൻസ്റ്റിട്യൂട്ടുകളാണ് ഉടൻ പ്രവർത്തനം തുടങ്ങുക.
വിദ്യാഭ്യാസ വായ്പാ പദ്ധതിയിൽ വരുത്തിയ ഭേദഗതിയിലൂടെ ഗുണഭോക്താക്കളുടെ എണ്ണം 3.19 ലക്ഷത്തിൽ നിന്ന് 14.09 ലക്ഷമായി ഉയർന്നു. വിദ്യാഭ്യാസ വായ്പയായി നൽകിയിരിക്കുന്ന തുക 2004 മാർച്ച് 31ലെ 4500 കോടിയിൽ നിന്ന് സെപ്തംബർ 30, 2008ൽ 24,260 കോടി രൂപയായി വർധിച്ചു. 500 ഐടിഐകൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തി. ആയിരം കോടി രൂപയുടെ കോർപ്പസ് ഫണ്ട് സഹിതം 2008 ജൂലായിൽ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ സ്ഥാപിച്ചു.
സാമൂഹ്യമേഖലയിലെ പദ്ധതികളിലും വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളെ പരിഗണിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ കുട്ടികൾക്ക് നൽകിവരുന്ന പ്രീ-മെട്രിക് സ്കോളർഷിപ്പിന്റെ വ്യാപ്തി വർധിച്ചതായും സ്കോളർഷിപ്പ് നിരക്കുകൾ 2008-09ൽ ഇരട്ടിച്ചതായും മുഖർജി പറഞ്ഞു. വാർഷിക അഡ്-ഹോക് ഗ്രാന്റ് മുൻവർഷത്തെ അപേക്ഷിച്ച് 50% വർധിച്ചു. ഗ്രാമീണ സ്ത്രീകൾക്ക് തൊഴിലും ഉപജീവനവും ഉറപ്പാക്കാനായി പ്രിയദർശിനി പ്രോജക്ട് എന്ന പുതിയ പദ്ധതി ആരംഭിക്കും. ബീഹാറിലെ മധുബനി, സീതാമാർഹി, യുപിയിലെ ശ്രാവഷ്ഠി, ബറേചി, റായ് ബറേലി, സുൽത്താൻപൂർ എന്നീ ജില്ലകളിലാവും പൈലറ്റ് പ്രോജക്ട് നടപ്പാക്കുക. ഐടിഐകളിലും വനിത ഐടിഐകളും സ്ത്രീകൾക്കായുള്ള ദേശീയ / പ്രാദേശിക ഐടിഐകളിലും 18നും 40 വയസ്സിനുമിടയിൽ പ്രായമുള്ള വിധവകൾക്ക് പ്രവേശനത്തിന് മുൻഗണന നൽകും. അവരുടെ പരിശീലനത്തിനുള്ള ചെലവ് സർക്കാർ വഹിക്കുന്നതോടൊപ്പം 500 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും അനുവദിക്കും.
ഭരണനവീകരണ നടപടികളിലേക്കും ബജറ്റ് പ്രസംഗം കടക്കുന്നു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും നടപ്പാക്കിയ വിവരാവകാശ നിയമം പൊതുസേവകർക്ക് വർധിച്ച ഉത്തരവാദിത്വം ഉറപ്പാക്കുന്നു. ആറാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കിയതിലൂടെ ഡിഫൻസ് ഫോഴ്സസും പാരാമിലിറ്ററിയും അടക്കം 45 ലക്ഷം കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കും 38 ലക്ഷം പെൻഷൻകാർക്കും ഗുണമുണ്ടായതായും മുഖർജി എടുത്തുപറയുന്നു.
2008-09 വർഷത്തെ അപേക്ഷിച്ച് 2009-10 വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിൽ ഗ്രാമവികസന വകുപ്പ്, ഉപരിതലഗതാഗതവും പെരുമ്പാതയും, റെയിൽവെ, ആഭ്യന്തരം, വ്യാവസായിക നയവും വികസനവും, വിവരസാങ്കേതികവിദ്യാ വകുപ്പ് തുടങ്ങിയവയ്ക്ക് നൽകിയിരിക്കുന്ന ബജറ്ററി സപ്പോർട്ട് ഗണ്യമായി വർധിച്ചിട്ടുണ്ട്. ഗ്രാമീണ വികസനവും ഇൻഫ്രാസ്ട്രക്ചർ വികസനവുമാണ് ഇതിലൂടെ ലക്ഷ്യമാക്കിയിരിക്കുന്നത്. ഇവയെല്ലാം പൊതുവിൽ ഐടി വ്യവസായത്തിന് ഗുണകരമാണെന്ന് കാണാം. ഇതുകൂടാതെ യുവജനക്ഷേമം, കായികം, സാംസ്കാരികം എന്നീ വകുപ്പുകൾക്ക് നീക്കിവയ്ക്കുന്ന വിഹിതത്തിലും വർധനയുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 2009-10ൽ 30,100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2008-09ൽ 3.51 ഭവനങ്ങളിലായി 138.76 കോടി തൊഴിൽ ദിനങ്ങൾ ഇതുപ്രകാരം സൃഷ്ടിക്കപ്പെട്ടിരുന്നു.
സാർവ്വത്രിക പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള സർവശിക്ഷാഅഭിയാൻ പദ്ധതി 98% ജനപഥങ്ങളിലും നടപ്പാക്കി. ഈ പദ്ധതിക്ക് നീക്കിവയ്ക്കുന്ന തുകയിൽ 2003-04നെ അപേക്ഷിച്ച് 2008-09ൽ 571% വർധനയാണ് വന്നിട്ടുള്ളത്. 2009-10 വർഷത്തേക്ക് 13,100 കോടിയാണ് മാറ്റിവച്ചിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്പ്മെന്റ് സ്കീമിന് 6,705 കോടി രൂപയും സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 8,000 കോടി രൂപയും നീക്കിവച്ചു. ഐസിഡിഎസ് പ്രകാരമുള്ള ശിശുക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ലോകാരോഗ്യസംഘടനയുടെ ശിശു വളർച്ചാ മാനകങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചു.
തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും ഗ്രാമീണവികസനം യാഥാർത്ഥ്യമാക്കാനും യത്നിക്കുന്ന ബജറ്റാണിത്. പൊതുവിൽ ഇന്ത്യൻ ജനതയുടെ ജീവിതനിലവാരത്തോത് ഉയർത്താൻ ബജറ്റ് കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് വ്യവസായ മേഖലയെ നേരിട്ട് ശക്തിപ്പെടുത്തുന്നില്ലെങ്കിലും ജനതയുടെ വാങ്ങൽ ശേഷി ഗണ്യമായി ഉയർത്താനും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നൽകുന്നതിലൂടെ മെച്ചപ്പെട്ട തൊഴിൽസേനയെ സംഭാവന ചെയ്യാനും ഇടയാക്കും. ഇവ ആത്യന്തികമായി വ്യവസായ മേഖലയ്ക്ക് ഗുണകരമാകുമെന്നതിൽ സംശയം വേണ്ട.
Posted in Uncategorized | Tags: Budget
നിയമജ്ഞര്ക്കു് സഹായകമായി ഇന്ത്യന്‍ കാനൂന്‍
സേര്‍ച്ച് എഞ്ചിനുകള്‍ക്കു് ഇന്റര്‍നെറ്റില്‍ പഞ്ഞമില്ല. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്റെ വ്യാപകമായ ഉപയോഗം നിമിത്തം സേര്‍ച്ചിങ്ങിനെ ഗൂഗിളിങ് എന്നു വരെ വിളിച്ചു തുടങ്ങി. യാഹൂ സേര്‍ച്ചും മൈക്രോസോഫ്റ്റ് ലൈവ് സേര്‍ച്ചും ഒന്നും നിന്നുപോയിട്ടില്ല. ഇന്ത്യന്‍ ഭാഷകള്‍ക്കായി ഒപ്‌റ്റിമൈസ് ചെയ്ത ഗുരുജി പോലെയുള്ള സേര്‍ച്ച് എഞ്ചിനുകളുമുണ്ടു്.
എന്നാല്‍ ഒരു പ്രത്യേക മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കു് അതുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ മാത്രമാവും എപ്പോഴും തിരയേണ്ടി വരിക. ഉദാഹരണത്തിനു് ഒരു ഫാര്‍മസിസ്റ്റിനെ സംബന്ധിച്ചിടത്തോളം പുതിയ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ എപ്പോഴും അറിഞ്ഞുകൊണ്ടിരിക്കുക എന്നതാവും ആവശ്യം. ഇങ്ങനെ ഒരു മേഖലയെ മാത്രം കേറ്റര്‍ ചെയ്യുന്ന സേര്‍ച്ച് എഞ്ചിനുകള്‍ താരതമ്യേന കുറവാണു്. കസ്റ്റമൈസ്ഡ് സേര്‍ച്ച് ഏറ്റവും അധികം ആവശ്യം വരുന്ന ഒരു മേഖലയാണു് നിയമം. അഭിഭാഷകര്‍ക്കു് കോടതിയില്‍ തിളങ്ങണമെങ്കില്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതു് താന്‍ ഏറ്റെടുത്ത കേസിനു് സമാനമായ സാഹചര്യങ്ങളില്‍ നേരത്തെ ഏതെങ്കിലും കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന അറിവാണു്. അതറിയുന്ന പക്ഷം എത്രയും പെട്ടെന്നു് ആ കേസിന്റെ വിശദവിവരങ്ങള്‍ തപ്പിയെടുത്തു് ക്വോട്ട് ചെയ്യണം. ഇതിനു് സഹായിക്കുന്ന സൈറ്റാണു് http://indiankanoon.org/
ഇന്ത്യയിലെ അഭിഭാഷകര്‍ക്കു് വളരെയധികം സഹായകമാകുന്ന സൈറ്റാണു് ഇന്ത്യന്‍ കാനൂന്‍. എന്താണു് ഇതിലെ പ്രത്യേകത എന്നല്ലേ? ഇന്ത്യന്‍ നിയമങ്ങള്‍, കോടതി വിധികള്‍, ട്രൈബ്യൂണല്‍ വിധികള്‍, ലോ ജേണലുകള്‍ എന്നിവ ഈ സൈറ്റില്‍ നിന്നു് സേര്‍ച്ച് ചെയ്യാം. വിധികള്‍ ബ്രൌസ് ചെയ്തു് കണ്ടെത്താനും കഴിയും. തന്നെയുമല്ല, തിരയാന്‍ നല്‍കിയ വിഷയത്തില്‍ പുതിയ വിധിതീര്‍പ്പുകള്‍ വരുന്ന പക്ഷം ആര്‍എസ്എസ് ഫീഡായി അതു് നിങ്ങളുടെ ഫീഡ് റീഡറിലോ മെയില്‍ബോക്സിലോ എത്തിക്കാനും ഇവിടെ സംവിധാനമുണ്ടു്. നിയമവും നിയമവ്യാഖ്യാനങ്ങളും വിധിതീര്‍പ്പുകളും മറ്റും ഏതൊരാള്‍ക്കും പ്രാപ്യമാക്കുന്നു എന്നതാണു് ഈ സൈറ്റിന്റെ മെച്ചം. ഇതു് അഭിഭാഷകര്‍ക്കു് മാത്രമല്ല, ജേണലിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അടക്കം ഉപകാരപ്പെടുന്ന സേവനമാണു്.
ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വക്തമാക്കാം. മംഗലാപുരത്തു് ഇക്കഴിഞ്ഞ ആഴ്‌ച ശ്രീരാമസേനയുടെ പ്രവര്‍ത്തകര്‍ ചില പബ്ബുകളില്‍ കടന്നുകയറി സ്ത്രീകളെ ആക്രമിച്ചല്ലോ. ഇതിനു് കാരണമായി അവരുന്നയിക്കുന്നതു് പെണ്‍കുട്ടികള്‍ ഇതരമതസ്ഥരായ ആണ്‍കുട്ടികള്‍ക്കൊപ്പം മദ്യശാല സന്ദര്‍ശിക്കുന്നതു് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണു്. ഇവിടെ ഈ വാദത്തിന്റെ നിലനില്‍പ്പു് പരിശോധിക്കാനായി മതവികാരങ്ങള്‍ വ്രണപ്പെട്ടതുമായി ബന്ധപ്പെട്ടു് ഇന്ത്യന്‍ കോടതികളില്‍ നിന്നുണ്ടായിട്ടുള്ള വിധികളും പരാമര്‍ശങ്ങളും പരിശോധിക്കണമെന്നു് ഒരു പത്രപ്രവര്‍ത്തനു് തോന്നുകയാണെന്നു വയ്ക്കുക. നേരെ മേല്‍പ്പറഞ്ഞ സൈറ്റിലെത്തി religious sentiments എന്ന പദം സേര്‍ച്ച് ചെയ്യുക. ആകെ 873 ഫലങ്ങള്‍ കാണാം. അതില്‍ തന്നെ വിധികള്‍ മാത്രമായി വേര്‍തിരിച്ച് കാണാനും ഏറ്റവും അടുത്തകാലത്തുണ്ടായ വിധികളും ഏറെ പണ്ടുണ്ടായ വിധികളും വെവ്വേറെ പരിശോധിക്കാനും ഒക്കെ സംവിധാനമുണ്ടു്. സൈറ്റേഷന്‍ എത്ര എളുപ്പമാണെന്നു നോക്കൂ.
അഭിഭാഷകര്‍ ഏതായാലും ഈ സൈറ്റ് കണ്ടാല്‍ തുള്ളിച്ചാടുമെന്നു് നൂനം. ഇവിടെ ഇപ്രകാരം ലിസ്റ്റ് ചെയ്യുന്ന വിധിപ്പകര്‍പ്പുകള്‍ ഇതര കേസുകളില്‍ എത്ര തവണ ഉദ്ധരിച്ചിട്ടുണ്ടെന്നുള്ള വിവരവും സൈറ്റില്‍ നിന്നു് തന്നെ ലഭിക്കും. വിധിയുടെ പ്രാധാന്യം വിലയിരുത്താന്‍ ഇതും സഹായകമാകുമല്ലോ.
Posted in Web
മൈക്രോസോഫ്റ്റ് ടാഗ്: പുതിയ 2ഡി ബാർകോഡ്
മൈക്രോസോഫ്റ്റിന് സ്വന്തമായി ബാർകോഡ് ടെക്നോളജി കൂടി ഇല്ലെങ്കിൽ മോശമല്ലേ? ഈ ആലോചനയാണ് കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ മൈക്രോസോഫ്റ്റ് ടാഗ് ബീറ്റ വേർഷൻ അനൗൺസ് ചെയ്യാൻ പ്രേരകം. ക്യൂആർ കോഡ് തുടങ്ങിയ പ്രബലമായ ഇതര ദ്വിമാന ബാർകോഡ് സാങ്കേതികവിദ്യകളെ പോലെ മൈക്രോസോഫ്റ്റ് ടാഗും ഗ്രാഫിക്കൽ ബിറ്റ്മാപ് ആയി ഡേറ്റ സൂക്ഷിക്കാൻ അനുവദിക്കുന്നു. വിവിധ രൂപങ്ങളും നിറങ്ങളുമാണ് ഇതിനുപയോഗിക്കുന്നത്, ചെറിയ വ്യത്യാസത്തോടെ.

QR Codeന്റെ തനിപ്പകര്‍പ്പാണു് മൈക്രോസോഫ്റ്റ് ടാഗ് എന്നു് കരുതിയെങ്കില്‍ തെറ്റി. അങ്ങനെ ആലോചിക്കുന്നതിന് പോലും നാണം വേണം. മൈക്രോസോഫ്റ്റിലെ ഗവേഷണവിഭാഗം വികസിപ്പിച്ച ഹൈ കപ്പാസിറ്റി കളർ ബാർകോഡ്സ് (HCCBs) എന്ന പുത്തൻപുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണ് മൈക്രോസോഫ്റ്റ് ടാഗ്. ചതുര പിക്സലുകൾക്ക് പകരം ത്രികോണാകൃതികളും നിറങ്ങളും ഉപയോഗിച്ച് വിവരം സംഭരിക്കുന്നു എന്നതിലാണ് വ്യത്യാസം.
മറ്റ് ടാഗ് ടെക്നോളജികളിൽ നിന്ന് വിഭിന്നമായി മൈക്രോസോഫ്റ്റ് ടാഗുകൾ യഥാർത്ഥത്തിൽ വിവരം സൂക്ഷിക്കുന്നില്ല. പകരം അവയാകെ ചെയ്യുന്നത് യുണീക്ക് ആയ ഒരു ഐഡി സൂക്ഷിക്കുകയാണ്. അത് പിന്നീട് മൈക്രോസോഫ്റ്റ് സർവറുകളിലേക്ക് അയയ്ക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെ അധികം വിവരങ്ങൾ, വിവിധ തരം വിവരങ്ങൾ രേഖപ്പെടുത്താനാവും. അതായത് ടാഗിൽ നേരിട്ട് വിവരം രേഖപ്പെടുത്തുന്നതിന് പകരം സർവറിൽ വിവരം രേഖപ്പെടുത്തുകയും ടാഗിൽ നിന്ന് സർവറിലെ എൻട്രിയിലേക്ക് ഒരു യുണീക്ക് ഐഡി വഴി ലിങ്ക് ചെയ്യുകയുമാണ് രീതി. എന്നാൽ ഇതിന് ഒരു സൈഡ് ഇഫക്ടുമുണ്ട് : എത്ര തവണ ഈ വിവരങ്ങൾ ആക്സസ് ചെയ്തിട്ടുണ്ട് എന്ന റിപ്പോർട്ട് പ്രസാധകന് ശേഖരിക്കാൻ കഴിയും.
ഈ ടാഗുകൾ വായിക്കാൻ മൈക്രോസോഫ്റ്റ് വിവിധ മൊബൈൽ പ്ലാറ്റ്ഫോമുകളിലേക്ക് ഡൗൺലോഡ് ചെയ്യാവുന്ന വെവ്വേറെ പ്രവർത്തകങ്ങൾ ലഭ്യമാക്കുന്നുമുണ്ട്. വിൻഡോസ് മൊബൈൽ, J2ME, ഐഫോൺ, ബ്ലാക്ക്ബെറി, സിംബിയൻ എസ്60 ഫോണുകളിൽ ഈ ആപ്ലിക്കേഷനുകൾ റൺ ചെയ്യാം. ഒരു ക്യാമറയും ഇന്റർനെറ്റ് കണക്ഷനും ആവശ്യമാണെന്ന് മാത്രം. ആപ്ലിക്കേഷൻ ലഭിക്കാനായി ഫോണിന്റെ ബ്രൌസറില്‍ http://gettag.mobi എന്ന യുആര്‍എല്‍ രേഖപ്പെടുത്തുക.
സാമാന്യം നല്ല അകലത്തിൽ നിന്നും സൈഡ് ആങ്കിളിൽ നിന്നും അൽപ്പം മറഞ്ഞിരിക്കയാണെങ്കിൽ പോലും മൈക്രോസോഫ്റ്റ് ടാഗുകൾ റീഡ് ചെയ്യാനാവും എന്നതാണ് ഇതര ദ്വിമാന ബാർകോഡുകളെ അപേക്ഷിച്ച് ഈ വിദ്യയുടെ ഒരു മെച്ചം. ഡവലപ്പർ ടൂൾസ് ലഭ്യമല്ലാത്ത മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോം ആയി ഇത് മാറുകയില്ലെന്നുമാണ് അറിയുന്നത്. അതുകൊണ്ടാവാം, കഴിഞ്ഞ ദിവസം മുതൽ “ടാഗ് മേക്കർ” സേവനം ലഭ്യമാണ്. അതുപയോഗിച്ച് ആർക്കും സ്വന്തമായി ടാഗുകൾ ഉണ്ടാക്കാം. നിലവിൽ ഇത് സൗജന്യസേവനമാണെങ്കിലും ബീറ്റയിൽ നിന്ന് പുറത്തുവന്നാൽ ഇതാകും മിക്കവാറും മൈക്രോസോഫ്റ്റ് ഇനി പണമുണ്ടാക്കാൻ പോകുന്ന സാങ്കേതികവിദ്യ.
Posted in Uncategorized